സുഡാന്റെ ആകാശത്തിലൂടെ ഇപ്പോള്‍ വെടിയുണ്ടകള്‍ പറക്കുകയാണ്.. അധികാരത്തിന് വേണ്ടി 'അവര്‍' തമ്മില്‍തല്ലുമ്പോള്‍ ഇരകളായി മരിച്ചുവീഴുന്നത് പാവങ്ങളായ സാധാരണക്കാര്‍ കൂടിയാണ്.  ഈ പോരാട്ടം എവിടെ ചെന്നെത്തും!?

സുഡാനില്‍ നടക്കുന്ന അധികാരത്തര്‍ക്കത്തിനിടെ ആക്രമണത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് പൗരന്മാരിലൊരാള്‍ സമൂഹമാധ്യമത്തില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. പൗരന്മാരുടെ സ്വൈര്യജീവിതത്തെ തകര്‍ത്തുകൊണ്ട്, ജനാധിപത്യ സംവിധാനത്തിലേക്ക് മാറാനുള്ള ഒരു ജനതയുടെ ആഗ്രഹങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ട് എന്താണ് സുഡാനില്‍ സംഭവിക്കുന്നത്? രാജ്യം നേരിടുന്ന രാഷ്ട്രീയ-സാമൂഹിക പ്രതിസന്ധി എന്താണ്? 

To advertise here,

അധികാരത്തിന് വേണ്ടി സൈന്യവും അര്‍ധസൈന്യവും തമ്മിലുള്ള പോരാട്ടം..! സുഡാനിലെ സംഭവവികാസങ്ങളെ ലളിതമായി ഇങ്ങനെ പറയാം. തലസ്ഥാനമായ ഖാര്‍ത്തൂമിലാണ് ആക്രമണം രൂക്ഷമായിരിക്കുന്നത്. ജനറല്‍ മുഹമ്മദ് ഹമദാന്‍ ഡഗാലോ നയിക്കുന്ന ആര്‍.എസ്.എഫ്(റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസ്) എന്ന പാരാമിലിട്ടറി സംഘവും ലഫ്റ്റനന്റ് ജനറല്‍ അബ്ദുള്‍ ഫത്താ അബ്ദുള്‍റഹ്‌മാന്‍ അല്‍ ബുര്‍ഹാന്‍ നയിക്കുന്ന മിലിട്ടറി സംഘവും തമ്മിലാണ് പോരാട്ടം. പരസ്പരമുള്ള വെടിവെപ്പിലും ആക്രമണത്തിലും നൂറുകണക്കിന് സാധാരണക്കാരാണ് ഇതുവരെ കൊല്ലപ്പെട്ടത്. മലയാളിയായ ആല്‍ബര്‍ട്ട് അഗസ്റ്റിനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സുഡാനിലെ ഒരു കമ്പനിയില്‍ സെക്യൂരിറ്റി മാനേജറായി ജോലി ചെയ്യുകയായിരുന്നു കണ്ണൂര്‍ സ്വദേശിയായ ആല്‍ബര്‍ട്ട്. മരണത്തിന് പുറമേ ആയിരക്കണക്കിന് ആളുകള്‍ക്ക് ഗുരുതരമായി പരിക്കുകളേറ്റിട്ടുമുണ്ട്. 

placeholder
ഖാർത്തൂമിലൂടെ റോന്തു ചുറ്റുന്ന സായുധസംഘം

ആര്‍എസ്എഫ്- സൈന്യത്തിന്റെ മിത്രം, ശത്രു

ആക്രമണം രൂക്ഷമായത് ഇപ്പോഴാണെങ്കിലും അതിലേക്ക് നയിച്ച കാരണങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന്  സുഡാനിലെ ഏകാധിപതിയായിരുന്ന ഉമർ അല്‍ ബാഷിറിന് 2019-ലാണ് അധികാരം നഷ്ടമായത്. പ്രക്ഷോഭം രൂക്ഷമായപ്പോള്‍ അദ്ദേഹത്തെ സൈനിക ജനറല്‍മാര്‍ ഭരണത്തലപ്പത്തുനിന്ന് പുറത്താക്കി. ബാഷിറിന് അധികാരം പോയിട്ടും പ്രക്ഷോഭം അവസാനിച്ചില്ല. ജനാധിപത്യപരമായി തിരഞ്ഞെടുപ്പ് നടത്തി ജനകീയ സര്‍ക്കാര്‍ അധികാരത്തിലേറണമെന്നായിരുന്നു അവരുടെ ആവശ്യം. പ്രക്ഷോഭം തുടരുന്നതിനിടെ സൈന്യവും രാഷ്ട്രീയ നേതാക്കളും തമ്മില്‍ അധികാരം പങ്കിടുന്നതു സംബന്ധിച്ച് കരാറിലേര്‍പ്പെട്ടു. നേതാക്കള്‍ക്കും സൈനിക ഓഫീസര്‍ക്കും തുല്യസ്ഥാനമുള്ള പരമാധികാര കൗണ്‍സില്‍ (സോവെറിന്‍ കൗണ്‍സില്‍) രൂപീകരിക്കാനും 2023 അവസാനത്തോടെ രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താനുമായിരുന്നു കരാര്‍. കരാര്‍ രൂപീകരിച്ചതിനൊപ്പം അബ്ദല്ല ഹംഡോക്ക് എന്ന രാഷ്ട്രീയ നേതാവിനെ ഇടക്കാല പ്രധാനമന്ത്രിയായും 11 അംഗ സോവെറിന്‍ കൗണ്‍സില്‍ തിരഞ്ഞെടുത്തിരുന്നു. വിമതരുമായി സുഡാന്‍ സമാധാനക്കരാറിൽ ഏര്‍പ്പെട്ടതും ഇസ്രയേലുമായി നയതന്ത്രബന്ധം സുഗമമാക്കിയതുമെല്ലാം സോവെറിന്‍ കൗണ്‍സില്‍ ഭരണകാലത്താണ്. 

കരാര്‍ രൂപീകരിച്ചെങ്കിലും ജനകീയ പ്രതിഷേധം അവസാനിച്ചില്ല. അട്ടിമറി നടത്തിയ സൈന്യവുമായി അധികാരം പങ്കിട്ടതില്‍ പ്രതിഷേധിച്ച് ജനം തെരുവിലിറങ്ങി. പ്രതിഷേധം രൂക്ഷമാവുന്നതിനിടെ 2021-ല്‍ ഹംഡോക്കിനെ സൈന്യം പുറത്താക്കി. അന്ന് ആര്‍.എസ്.എഫ്. സൈന്യത്തിന്റെ സഖ്യകക്ഷിയായിരുന്നു. ഒട്ടേറെ ജനകീയ നേതാക്കളെ ഇവര്‍ തടവിലാക്കി. അധികാരം കിട്ടിയ സൈന്യം അബ്ദുള്‍റഹ്‌മാന്‍ അല്‍ ബുര്‍ഹാനെ രാജ്യത്തിന്റെ പ്രധാന നേതാവായും മുഹമ്മദ് ഹമദാന്‍ ഡഗാലോയെ ഭരണസമിതിയുടെ വൈസ് പ്രസിഡന്റായും സെക്കന്റ് ഇന്‍ കമാന്‍ഡ് ആയും നിയമിച്ചു. 2023-ല്‍ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ രാജ്യത്തെ സൈന്യം ഭരിക്കുമെന്ന് ബുര്‍ഹാന്‍ പ്രഖ്യാപിച്ചു. 

placeholder
ആര്‍.എസ്.എഫ് അംഗങ്ങള്‍ | Getty Images

തര്‍ക്കം തുടങ്ങുന്നു

2021-ലെ അട്ടിമറിക്ക് പിന്നാലെയാണ് സൈന്യവും ആര്‍.എസ്.എഫും തമ്മിലുള്ള തര്‍ക്കങ്ങള്‍ ആരംഭിക്കുന്നത്. സൈനിക മേധാവി ബുര്‍ഹാനും ആര്‍.എസ്.എഫ്. തലവന്‍ ഡഗാലോയും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് രാഷ്ട്രീയപ്രതിസന്ധി രൂക്ഷമാക്കിയതും പരസ്പരമുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചതും. സൈന്യം ഉണ്ടാക്കിയ കരാറിലെ സുപ്രധാന നിര്‍ദേശങ്ങളിലൊന്നായിരുന്നു സേനകളുടെ ലയനം. എന്നാല്‍, സൈന്യവുമായി ലയിക്കണമെന്ന തീരുമാനത്തോട് ഡഗാലോയ്ക്ക് കടുത്ത എതിര്‍പ്പാണുണ്ടായിരുന്നത്. എതിര്‍പ്പ് പ്രകടമായതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഇരുസേനാവിഭാഗങ്ങളും തമ്മില്‍ അധികാരം സംബന്ധിച്ച് ഭിന്നിപ്പുണ്ടായി. ഇതോടെ സൈന്യം ഉണ്ടാക്കിയ കരാറിനും ആയുസ്സില്ലാതായി. 

2013-ലാണ് ആര്‍.എസ്.എഫ്. രൂപീകരിക്കപ്പെട്ടത്. നൂറിലധികം പ്രതിഷേധക്കാരെ കൊലപ്പെടുത്തിയതും മനുഷ്യാവകാശലംഘനവും ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ നേരിടുന്ന സംഘടനയാണ് ആര്‍.എസ്.എഫ്. പതിനായിരത്തിലേറെ അംഗങ്ങളുള്ള ആര്‍.എസ്.എഫിനെ എങ്ങനെയാണ് സൈന്യവുമായി സംയോജിപ്പിക്കുക, ആര്‍ക്കാണ് മേല്‍ക്കൈ ഉണ്ടാവുക തുടങ്ങിയ കാര്യങ്ങളിലാണ് ഡഗാലോ വിയോജിപ്പ് അറിയിച്ചിരിക്കുന്നത്. സൈന്യവും ആര്‍.എസ്.എഫും തമ്മില്‍ ചേരുന്നത് അടുത്ത പത്ത് വര്‍ഷത്തേക്ക് വേണ്ടതില്ലെന്ന നിലപാടാണ് ഡഗാലോ സ്വീകരിച്ചതെങ്കില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അത് നടക്കുമെന്നാണ് ബുര്‍ഹാന്‍ നയിക്കുന്ന സൈന്യം പറയുന്നത്. ലയനം സംബന്ധിച്ച ശീതയുദ്ധം തുടരുന്നതിനിടെയാണ് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് തലസ്ഥാനമായ ഖാര്‍ത്തൂമിലുള്‍പ്പെടെ ആര്‍.എസ്.എഫ്. തങ്ങളുടെ സൈനികരെ വിന്യസിച്ചത്. സൈനിക വിന്യാസത്തെ പ്രകോപനമായി കണ്ട സൈന്യം ഇതിനെതിരെ രംഗത്തിറങ്ങിയതോടെ ശനിയാഴ്ച ആക്രമണം പൊട്ടിപ്പുറപ്പെടുകയായിരുന്നു. 

placeholder
ഖാര്‍ത്തൂമിലെ ആക്രമണത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റുന്നു | Photo: AP

വെടിവെപ്പാണ്, മരണഭീതിയിലാണ്, പക്ഷെ പോകാന്‍ ഇടമില്ല

"തലസ്ഥാന നഗരത്തിലെ തെരുവുകളില്‍ മൃതദേഹങ്ങള്‍ അലക്ഷ്യമായി കിടക്കുകയാണ്. അവ സംസ്‌കരിക്കാന്‍ പോലും സാധിക്കില്ല, പുറത്തിറങ്ങിയാല്‍ ഏത് നിമിഷവും വെടിയുണ്ടകള്‍ ശരീരത്തിലേക്ക് തുളച്ചുകയറും. വെടിയൊച്ച നിലച്ച സമയമില്ല. പരിക്കുകളേറ്റവര്‍ക്ക് ആംബുലന്‍സ് ലഭിക്കുന്നില്ല. രക്തം വാര്‍ന്ന് ആരോഗ്യം ഗുരുതരാവസ്ഥയിലായവരുണ്ട് ചുറ്റും. ഭക്ഷണത്തിന് പോലും ക്ഷാമമുണ്ട്." ഖാര്‍ത്തൂമിലെ താമസക്കാരിലൊരാളായ 75 വയസ്സുകാരി സാമിയ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത് ഇങ്ങനെയായിരുന്നു. 

ആഭ്യന്തര കലാപം തുടരുന്നതിനിടെ മൂന്ന് ദിവസത്തിനുള്ളില്‍ 185 മരണങ്ങളാണ് സുഡാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. രണ്ടായിരം പേര്‍ക്ക് പരിക്കുകളേറ്റതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മരണപ്പെട്ടവരില്‍ ഐക്യരാഷ്ട്രസംഘടനയുടെ സന്നദ്ധ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനേക്കാള്‍ കൂടുതല്‍ മരണം നടന്നിരിക്കാമെന്നാണ് ഖാര്‍ത്തൂമില്‍ നിന്നുള്ളവര്‍ പറയുന്നത്. ഏതാനും ആശുപത്രികളും നിരവധി വീടുകളും സ്‌ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. പല ആശുപത്രികളും ഇപ്പോള്‍ ആളുകള്‍ക്ക് വേണ്ടിയുള്ള താല്‍ക്കാലിക സുരക്ഷാതാവളങ്ങളായിരിക്കുകയാണ്. ആളുകള്‍ പലയിടത്തും കുടുങ്ങിക്കിടക്കുകയാണ്. എംബസികള്‍ക്ക് നേരെ പോലും ആക്രമണമുണ്ടായി.  കലാപം  രൂക്ഷമായതിനെ തുടര്‍ന്ന് യു.എന്‍. ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ സമാധാനത്തിന് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും നാലാം ദിനവും സംഘര്‍ഷം തുടരുകയാണ്. 

placeholder
വിമാനത്താവളത്തിലെ ആക്രമണത്തില്‍ കത്തിക്കരിഞ്ഞ യാത്രാവിമാനം | Photo: AP

ഖാര്‍ത്തൂമിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരം തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ആര്‍.എസ്.എഫ്. അവകാശപ്പെട്ടിരുന്നു. കൊട്ടാരത്തിനു ചുറ്റും കവചിത വാഹനങ്ങളിലും പിക്കപ്പ് ട്രക്കുകളിലും ഘടിപ്പിച്ച യന്ത്രത്തോക്കുപയോഗിച്ച് ഇരുകൂട്ടരും പരസ്പരം വെടിവെപ്പ് നടത്തി. പലയിടത്തും സ്‌ഫോടനവും റിപ്പോര്‍ട്ടു ചെയ്തു. ഒംദുര്‍മാനിലെ ആര്‍.എസ്.എഫ്. താവളങ്ങള്‍ പിടിച്ചെടുത്തതായി സൈന്യമറിയിച്ചു. ഇവിടെ അര്‍ധസൈനിക പോസ്റ്റുകള്‍ക്കുനേരെ കനത്ത വ്യോമാക്രമണമുണ്ടായി. ഖാര്‍ത്തൂം, മര്‍വ, അല്‍ അബൈദ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണമേറ്റെടുത്തതായി സേന അറിയിച്ചതോടെ, അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പലതും റദ്ദാക്കി. ആര്‍.എസ്.എഫ്. വിമതസേനയാണെന്ന് പ്രഖ്യാപിച്ച സൈന്യം അവരുമായി സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്ന് പ്രസ്താവനയിലൂടെ അറിയിച്ചു. സുഡാന്‍ സൈനികമേധാവിയെ ക്രിമിനലെന്ന് വിശേഷിപ്പിച്ച് ആര്‍.എസ്.എഫ്. തലവനും തിരിച്ചടിച്ചു. ഇതോടെ ഇരുകൂട്ടരും തമ്മില്‍ വാക്‌പോരും രൂക്ഷമായി.

ഖാര്‍ത്തൂമിനു പുറത്ത് പലയിടങ്ങളിലും വ്യോമാക്രമണമുണ്ടായി. ഇരുസേനകളുടെയും യുദ്ധ ടാങ്കുകളും പീരങ്കികളും അണിനിരന്നതോടെ പല തെരുവുകളും പോര്‍ക്കളമായി. ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് ഇരുസേനകളോടും യു.എന്‍. ആവശ്യപ്പെട്ടെങ്കിലും പലയിടത്തും ആരോഗ്യപ്രവര്‍ത്തകര്‍ ബുദ്ധിമുട്ടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖാര്‍ത്തൂമില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ച ഒമ്പത് ആശുപത്രികളില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തതയുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. രക്തബാങ്കുകളിലും ആവശ്യത്തിന് രക്തമില്ലെന്നാണ് റിപ്പോര്‍ട്ട്. 

placeholder
ലഫ്. ജനറല്‍ അബ്ദുള്‍ ഫത്താ അബ്ദുള്‍റഹ്‌മാന്‍ അല്‍ ബുര്‍ഹാനും സംഘവും

സുഡാന്റെ ജനാധിപത്യ സ്വപ്‌നം പൊഴിയുന്നോ? 

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മൂന്നാമത്തെ വലിയ രാജ്യമാണ് സുഡാന്‍. 2019-ലെ സൈനിക അട്ടിമറിക്ക് ശേഷം ജനാധിപത്യ ഭരണം ആവശ്യപ്പെട്ട് നിരവധി ജനകീയ പ്രക്ഷോഭങ്ങളാണ് സുഡാനില്‍ അരങ്ങേറിയത്. പ്രതിഷേധങ്ങള്‍ അനുകൂല സൂചനയിലേക്ക് അടുക്കുന്നതിനിടെയാണ് ശനിയാഴ്ച മുതല്‍ സൈന്യവും ആര്‍.എസ്എഫും തമ്മില്‍ ഏറ്റുമുട്ടാന്‍ ആരംഭിച്ചത്. ആഭ്യന്തരകലാപം ജനാധിപത്യത്തിലേക്കുള്ള സുഡാന്റെ മാറ്റത്തെ കൂടുതല്‍ ദുഷ്‌കരമാക്കിയേക്കാമെന്നാണ്  വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക തകര്‍ച്ചയിലേക്ക് വരെ ഇത് നയിച്ചേക്കാമെന്നും അവര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. 

''നമ്മുടെ രാജ്യം ഒരു നിര്‍ണായക ഘട്ടത്തിലാണുള്ളത്. ആരും ജയിക്കാത്ത യുദ്ധമാണ് ഇവിടെ നടക്കുന്നത്. അമിതമായ പണപ്പെരുപ്പത്താലും വിദേശ സാമ്പത്തിക ബാധ്യതയാലും ഇതിനകം തളര്‍ന്നിരിക്കുന്ന സമ്പദ് വ്യവസ്ഥയെ ഈ ആക്രമണം എന്നെന്നേക്കുമായി നശിപ്പിക്കും' എന്നാണ് ആഭ്യന്തര കലാപത്തെക്കുറിച്ച് ജനകീയ പ്രക്ഷോഭകരുടെ സംഘടന അഭിപ്രായപ്പെട്ടത്. 

ജനങ്ങള്‍ക്കൊപ്പം നിലകൊള്ളണമെന്ന് യു.എന്‍.

സുഡാനിലെ അതിക്രമങ്ങളെ ഐക്യരാഷ്ട്ര സംഘടനയും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെ പല രാജ്യങ്ങളും അപലപിച്ചിട്ടുണ്ട്. നിബന്ധനകളില്ലാതെ പോരാട്ടം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഇരുകൂട്ടരോടും സംസാരിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജനാധിപത്യ ഭരണം വേണമെന്ന സുഡാനിലെ ജനങ്ങളുടെ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്ന ചര്‍ച്ചകളിലേക്ക് മടങ്ങുക എന്നതാണ് ഇരുകൂട്ടര്‍ക്കും മുന്നിലുള്ള ഫലവത്തായ ഏക പോംവഴിയെന്നാണ്‌ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍  പറഞ്ഞത്. 

വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് യൂറോപ്യന്‍ യൂണിയനും അറബ് ലീഗും ഏറ്റുമുട്ടലിനെ അപലപിച്ചു. ഖത്തര്‍, ഈജിപ്ത്, സൗദി അറേബ്യ, യു.എ.ഇ. എന്നീ രാജ്യങ്ങള്‍ ഇരുകൂട്ടരോടും ആവശ്യപ്പെട്ടു. ഇരുസേനകളുടെയും മനുഷ്യത്വമില്ലാത്ത പെരുമാറ്റം കടുത്തനിരാശയുണ്ടാക്കിയെന്നാണ് യു.എന്‍. മനുഷ്യാവകാശ സംഘടന തലവന്‍ വോള്‍ക്കര്‍ ടുര്‍ക്ക് പ്രതികരിച്ചത്. 

സുഡാനിലെ പകുതിയോളം ആളുകള്‍ യു.എന്നിന്‍റെ സഹായം ലഭിക്കുന്നവരാണ്. എന്നാല്‍, കഴിഞ്ഞ ദിവസം യു.എന്‍. പ്രതിനിധി ആക്രമിക്കപ്പെട്ടതോടെ സഹായം മരവിപ്പിക്കുമെന്ന് യു.എന്‍. അറിയിച്ചിട്ടുണ്ട്. തലസ്ഥാനമായ ഖാര്‍ത്തൂമില്‍ സേനകള്‍ തമ്മില്‍ കനത്തപോരാട്ടം നടക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഇന്ത്യക്കാരോട് പുറത്തിറങ്ങരുതെന്ന് സുഡാനിലെ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിട്ടുണ്ട്. ഞായറാഴ്ചയുണ്ടായ ആക്രമണത്തില്‍ മലയാളിയായ ആല്‍ബര്‍ട്ട് ആന്റണി കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് തിങ്കളാഴ്ച എംബസി മുന്നറിയിപ്പു നല്‍കിയത്. ഖാര്‍ത്തൂമിലെ സംഘര്‍ഷം വലിയ ആശങ്കയുണ്ടാക്കുന്നുവെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ പ്രതികരിച്ചിരുന്നു.