4145 കോടിയുടെ ആസ്തി, യുവസംരംഭകന്‍; യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒരു കൈ നോക്കാന്‍ 'മലയാളി'


അഖില്‍ ശിവാനന്ദ് | akhilsivanand@mpp.co.in



നിലവിലുള്ള പ്രസിഡന്റിന്റെ കാലാവധി കഴിയുന്നതിന് ഒരു വര്‍ഷംമുമ്പ് തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ച് തുടങ്ങും. ഏതാണ്ട് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. ആദ്യം പാര്‍ട്ടി മെമ്പര്‍മാരുടെ പിന്തുണ തേടണം.

Premium

Vivek GRamaswamy| Photo: twitter.com/VivekGRamaswamy

2024-ലെ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച്‌ മത്സരരംഗത്ത് ഒരു 'മലയാളി' ഉണ്ടാകുമോ? സാധ്യതകള്‍ തള്ളിക്കളയാനാകില്ല. യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചവരില്‍ കേരളത്തിൽ വേരുകളുള്ള യുവസംരംഭകനും സാമൂഹിക പ്രവര്‍ത്തകനുമായ വിവേക് രാമസ്വാമിയുമുണ്ട്. യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാന്‍ വിവേകും മത്സരിക്കുന്നുണ്ട്. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വിവേക് തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. 'അമേരിക്ക സ്വത്വപ്രതിസന്ധിക്ക് നടുവിലാണ്. അത് തിരികെ പിടിക്കേണ്ടതുണ്ട്. ഈ രാജ്യത്ത് അതിന്റെ ആദര്‍ശങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയാണെന്ന് പറയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ജീവിതത്തിന്റെ ഓരോ നിമിഷത്തിലും അമേരിക്കയെ തിരികെ കൊണ്ടുവരുന്നതിനായിരിക്കണം മുന്‍ഗണന.' സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ശേഷം വിവേക് പറഞ്ഞു.

2024-ല്‍ നടക്കുന്ന യു.എസ്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍നിന്നു സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചവരു
ടെ എണ്ണം ഇതോടെ മൂന്നായി. അതില്‍ രണ്ട് പേര്‍ ഇന്ത്യന്‍ വംശജരും. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇന്ത്യന്‍ വംശജയും ഐക്യരാഷ്ട്രസഭയിലെ യു.എസിന്റെ മുന്‍ സ്ഥാനപതിയുമായിരുന്ന നിക്കി ഹേലി എന്നിവരാണ് വിവേകിന് മുമ്പേ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. കഴിഞ്ഞ നവംബറില്‍തന്നെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് ട്രംപാണ് ആദ്യം രംഗത്ത് വന്നത്. ട്രംപിനെ വെല്ലുവിളിച്ചുകൊണ്ട് കഴിഞ്ഞയാഴ്ചയാണ് നിക്കി ഹേലി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ്, മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, മുന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ തുടങ്ങിയവരും മത്സരംഗത്തുണ്ടായേക്കുമെന്നാണ് കരുതുന്നത്.

നിലവിലുള്ള പ്രസിഡന്റിന്റെ കാലാവധി കഴിയുന്നതിന് ഒരു വര്‍ഷം മുമ്പ് തിരഞ്ഞെടുപ്പ് രംഗം ചൂട് പിടിച്ചു തുടങ്ങും. ഏതാണ്ട് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. ആദ്യം പാര്‍ട്ടി മെമ്പര്‍മാരുടെ പിന്തുണ തേടണം. ആരാകണം പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി എന്ന കാര്യത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിയിലും പൊതുജനങ്ങള്‍ക്കിടയിലും ഇതിനകം ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. നിലവിലെ പ്രസിഡന്റ് ജോ ബൈഡണും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രസിഡന്റാകേണ്ടതില്ല എന്നാണ് അമേരിക്കക്കാരുടെ വികാരമെന്ന തരത്തില്‍ സര്‍വേ ഫലങ്ങള്‍ വന്നതും അടുത്തിടെയാണ്. വര്‍ഷങ്ങളോളം രാഷ്ട്രീയക്കാരായി ഇരിക്കുന്നവരുടെ കുത്തകയല്ല അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് എന്നത് വിവേകിന് പ്രതീക്ഷ നല്‍കുന്നതാണ്. ഡൊണാള്‍ഡ് ട്രംപും നിക്കി ഹാലിയും മൈക്ക് പോംപിയോയുമെല്ലാം അണിനിരക്കുന്ന മത്സരത്തിലേക്കാണ് വിവേക് രാമസ്വാമി കാലെടുത്തുവെച്ചിരിക്കുന്നത്.

വിവേക് രാമസ്വാമി | Photo: twitter.com/VivekGRamaswamy

ആരാണ് വിവേക് രാമസ്വാമി?

യുവസംരംഭകനും സാമൂഹ്യപ്രവര്‍ത്തകനും എഴുത്തുകാരനുമാണ് മുപ്പത്തേഴുകാരനായ വിവേക് രാമസ്വാമി. ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോയിവന്റ് സയന്‍സിന്റെ സ്ഥാപകനും സ്‌ട്രൈവ് അസറ്റ് മാനേജ്‌മെന്റിന്റെ സഹസ്ഥാപകനുമാണ് അദ്ദേഹം. തെക്കുപടിഞ്ഞാറന്‍ ഒഹായോയിലാണ് താമസം. പാലക്കാട് വടക്കഞ്ചേരി ബാലവിഹാറില്‍ സി.ആര്‍. ഗണപതി അയ്യരുടെ മകന്‍ വി.ജി. രാമസ്വാമിയാണു വിവേകിന്റെ അച്ഛന്‍. അമ്മ ഗീത രാമസ്വാമി തൃപ്പൂണിത്തുറക്കാരിയാണ്. യു.പി.സ്വദേശിനിയാണ് വിവേകിന്റെ ഭാര്യ ഡോ. അപൂര്‍വ തിവാരി. മൂന്നു വയസ്സുള്ള കാര്‍ത്തിക്കും ഒന്നര വയസ്സുള്ള അര്‍ജനുമാണ് മക്കള്‍. സഹോദരന്‍ ശങ്കര്‍ രാമസ്വാമി യു.എസ്സിലെ കാലിഫോര്‍ണിയയില്‍ ബിസിനസ് ചെയ്യുന്നു.

ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് അനുസരിച്ച് 2016-ല്‍ 40 വയസിന് താഴെയുള്ള അമേരിക്കയിലെ ഏറ്റവും സമ്പന്നരായ സംരംഭകരില്‍ ഒരാളായിരുന്നു വിവേക്. 50 കോടി ഡോളറിലേറെയാണ് (ഏകദേശം 4145 കോടി രൂപ) ഇദ്ദേഹത്തിന്റെ സ്വത്തെന്ന് കണക്കാക്കുന്നു. യു.എസ്..ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരം ലഭിച്ച അഞ്ചെണ്ണമുള്‍പ്പെടെ വിവിധ മരുന്നുകള്‍ വിവേകിന്റെ കമ്പനി വികസിപ്പിച്ചിട്ടുണ്ട്. ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ നല്‍കിയ സംഭാവന പരിഗണിച്ച് 2015-ല്‍ വിവേക് രാമസ്വാമിയെ ഫോര്‍ബ്സ് മാസിക അവരുടെ കവര്‍ ചിത്രമാക്കിയിരുന്നു.

വിവേക് രാമസ്വാമിയുടെ അച്ഛൻ വി.ജി. രാമസ്വാമിയും അമ്മ ഡോ. ഗീത രാമസ്വാമിയും ഒരാഴ്ച മുമ്പ് നാട്ടിലെത്തിയപ്പോൾ, വിവേക് രാമസ്വാമി 2003-ൽ വടക്കഞ്ചേരിയിലെത്തിയപ്പോൾ അമ്മ ഡോ. ഗീത, അനുജൻ ശങ്കർ രാമസ്വാമി എന്നിവർക്കൊപ്പം എടുത്ത ചിത്രം

പാലക്കാട് വേരുകള്‍, ജനനം സിന്‍സിനാറ്റിയില്‍

കേരളത്തില്‍ വേരുകളുണ്ടെങ്കിലും വിവേക് രാമസ്വാമി ജനിച്ചതും വളര്‍ന്നതും ഒഹായോയിലെ സിന്‍സിനാറ്റിയിലാണ്. 1985 ഓഗസ്റ്റ് ഒന്‍പതിനാണ് വിവേകിന്റെ ജനനം. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കള്‍. വടക്കഞ്ചേരി ഗ്രാമത്തിലെ ബാലവിഹാറാണ് വിവേക് രാമസ്വാമിയുടെ അച്ഛന്‍ വി.ജി. രാമസ്വാമിയുടെ കുടുംബവീട്. അരനൂറ്റാണ്ടു മുമ്പാണ് വി.ജി. രാമസ്വാമിയും കുടുംബവും യു.എസിലെ ഒഹായോയിലേക്ക് ചേക്കേറിയത്. യു.എസ്സിലെ ജനറല്‍ ഇലക്ട്രിക് കമ്പനിയില്‍നിന്ന് എയര്‍ക്രാഫ്റ്റ് എന്‍ജിന്‍ ഡിസൈനറായി വിരമിച്ചയാളാണ് അച്ഛന്‍ വി.ജി.രാമസ്വാമി.

2003-ല്‍ സിന്‍സിനാറ്റിയിലെ സെന്റ് സേവ്യര്‍ ഹൈസ്‌കൂളില്‍ നിന്നാണ് വിവേക് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സ്‌കൂള്‍ കാലഘട്ടത്തില്‍ മികച്ച വിദ്യാര്‍ഥിയായിരുന്നു വിവേക്. ഒപ്പം ദേശീയതലത്തിലടക്കം ശ്രദ്ധിക്കപ്പെട്ട ജൂനിയര്‍ തലത്തിലെ ടെന്നീസ് കളിക്കാരനും ഒരു മികച്ച പിയാനിസ്റ്റുമായിരുന്നു അദ്ദേഹം. 2007-ല്‍ രാമസ്വാമി ഹാര്‍വാര്‍ഡ് കോളേജില്‍നിന്നു ജീവശാസ്ത്രത്തില്‍ ബിരുദം നേടി. പഠനകാലത്തുതന്നെ വാഗ്മിയെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടയാളായിരുന്നു വിവേക്. അമേരിക്കയിലെ യേല്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുമ്പോള്‍ സ്റ്റുഡന്റ്സ് യൂണിയന്റെ പ്രസിഡന്റായിരുന്ന വിവേക് ആ സമയത്തുതന്നെ സെനറ്റ് അംഗങ്ങളുമായും മറ്റും അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു.

2007-ല്‍ കാമ്പസ് വെഞ്ച്വര്‍ നെറ്റ്​വര്‍ക്ക് എന്ന ടെക്‌നോളജി കമ്പനിയുടെ സഹസ്ഥാപകനായും പ്രസിഡന്റുമായാണ് അദ്ദേഹത്തിന്റെ തുടക്കം. സംരംഭകര്‍ക്ക് സോഫ്റ്റ്​വെയറും നെറ്റ്​വർക്കിങ് വിഭവങ്ങളും നല്‍കുന്നതായിരുന്നു വിവേകും ട്രാവിസ് മേയും ചേര്‍ന്ന് സ്ഥാപിച്ച കാമ്പസ് വെഞ്ച്വര്‍ നെറ്റ്​വർക്ക് എന്ന സംരംഭം. രണ്ട് വര്‍ഷത്തിന് ശേഷം ഈ കമ്പനി എവിങ് മരിയോണ്‍ കോഫ്മാന്‍ ഫൗണ്ടേഷന്‍ ഏറ്റെടുത്തു. പിന്നീട് ക്യു.വി.ടി. ഫിനാന്‍ഷ്യല്‍സില്‍ പാര്‍ട്ണറായും അവരുടെ ബയോടെക് പോര്‍ട്ട് ഫോളിയോയുടെ കോ-മാനേജരായും വിവേക് പ്രവര്‍ത്തിച്ചിരുന്നു. 2007 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തിലായിരുന്നു ഇത്. ഇതേസമയം തന്നെ 2010-2013 വരെ യേല്‍ ലോ സ്‌കൂളില്‍ ചേര്‍ന്ന് പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു.

2014-ലാണ് ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോയിവന്റ് സയന്‍സ് വിവേക് സ്ഥാപിക്കുന്നത്. മരുന്ന് വികസനത്തില്‍ സാങ്കേതികവിദ്യ പ്രയോഗിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയായിരുന്നു റോവന്റ് സയന്‍സസ്. വിവിധ മരുന്നുകള്‍ വിവേകിന്റെ കമ്പനി വികസിപ്പിച്ചിട്ടുണ്ട്. ഇതില്‍ അഞ്ചെണ്ണത്തിന് യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. 2021 വരെയാണ് റോയിവന്റ് സയന്‍സിന്റെ സിഇഒ ആയി വിവേക് രാമസ്വാമി പ്രവര്‍ത്തിച്ചത്. 2021-ന്റെ തുടക്കത്തില്‍ സ്ഥാനം ഒഴിഞ്ഞ ശേഷമാണ് അദ്ദേഹം 'വോക് ഇന്‍കോര്‍പ്പറേറ്റ്' എന്ന പുസ്തകം എഴുതുന്നത്. ഇതിന് പുറമേ 'നേഷന്‍ ഓഫ് വിക്ടിംസ്' എന്ന പുസ്തകവും എഴുതിയിട്ടുണ്ട്. നിലവില്‍ സ്‌ട്രൈവ് അസറ്റ് മാനേജ്‌മെന്റിന്റെ സഹസ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം.

നിക്കി ഹേലി | Photo: WIN MCNAMEE / GETTY IMAGES NORTH AMERICA / Getty Images via AFP

ട്രംപ്, ഹേലി... എതിരാളികള്‍ ശക്തര്‍

2024-ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആദ്യം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്. റിപ്പബ്ലിക്കന്‍ പ്രതിനിധിയായി മൂന്നാം തവണയാണ് 76-കാരനായ ട്രംപ് ഈ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് അദ്ദേഹം മത്സരിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ഫെഡറല്‍ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ സ്ഥാനാര്‍ഥിത്വത്തിനുള്ള രേഖകളും അദ്ദേഹം സമര്‍പ്പിച്ചിരുന്നു. അമേരിക്കയുടെ തിരിച്ചുവരവിനും രാജ്യം കൂടുതല്‍ മഹത്തരമാവാനും തന്റെ തിരിച്ചുവരവ് അനിവാര്യമാണെന്നായിരുന്നു സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്. ഇന്ത്യന്‍ വംശജ നിക്കി ഹേലിയാണ് രണ്ടാമത് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ട്രംപിനെ വെല്ലുവിളിച്ച് ഹേലി സൗത്ത് കാരലിനയിലെ ചാള്‍സ്റ്റണില്‍ തന്റെ ആദ്യ പ്രചാരണ പരിപാടിയും നടത്തിയിരുന്നു.

അമേരിക്കന്‍ രാഷ്ട്രീയരംഗത്ത് ഏറെക്കാലമായി നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വമായിരുന്നു ഹേലി. 2010-ല്‍, അവര്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗവര്‍ണറും സൗത്ത് കരോലിനയെ നയിക്കുന്ന ആദ്യത്തെ വനിതയും വെള്ളക്കാരിയല്ലാത്ത ആദ്യത്തെ വ്യക്തിയുമായിരുന്നു. ഡൊണാള്‍ഡ് ട്രംപിനും നിക്കി ഹേലിയ്ക്കും പുറമേ ഇതുവരെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാത്ത റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തന്നെ ജനകീയനായ ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസും ട്രംപ് ഭരണകൂടത്തില്‍ വൈസ് പ്രസിഡന്റായിരുന്ന മൈക്ക് പെന്‍സുമെല്ലാം സ്ഥാനാര്‍ത്ഥിത്വത്തില്‍ വിവേകിന് വെല്ലുവിളിയായേക്കും. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്കുള്ളില്‍ ട്രംപിനെക്കാള്‍ പിന്തുണ ഡിസാന്റ്റീസിനെന്നാണ് സര്‍വേഫലങ്ങള്‍. ഇവര്‍ അണിനിരക്കുന്ന മത്സരത്തില്‍ മുന്നിലെത്തുക എന്നത് വിവേകിന് വെല്ലുവിളിയായേക്കും.

വിവേക് രാമസ്വാമി തന്നെ പിന്തുണയ്ക്കുന്നവർക്കൊപ്പം | Photo: twitter.com/VivekGRamaswamy

വെല്ലുവിളികള്‍ ഏറെ

രാഷ്ട്രീയ പാരമ്പര്യമില്ലെങ്കിലും ഇതിനകം തന്നെ അമേരിക്കയില്‍ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമാണ് വിവേക്. എന്നാല്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ അതു മാത്രം മതിയായേക്കില്ല. എതിരാളികളില്‍നിന്ന് കടുത്ത മത്സരം തന്നെ അദ്ദേഹത്തിന് നേരിടേണ്ടിവന്നേക്കും. നിക്കി ഹേലിയാകും വിവേക് രാമസ്വാമിയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന മറ്റൊരാള്‍. രണ്ടുതവണ സൗത്ത് കരോലിന ഗവര്‍ണറായും ഐക്യരാഷ്ട്രസഭയുടെ യു.എസ്. അംബാസഡറായും പ്രവര്‍ത്തിച്ചിട്ടുണ്ട് 51-കാരിയായ ഹേലി. 1972-ല്‍ സൗത്ത് കരോലിനയില്‍ സിഖ് ദമ്പതിമാരായ അജിത് സിങ് രണ്‍ധാവയുടെയും രാജ്കൗര്‍ രണ്‍ധാവയുടെയും മകളായാണ് നിക്കി ജനിച്ചത്.

''കറുപ്പിനും വെളുപ്പിനുമിടയില്‍ ജനിച്ചുവളര്‍ന്ന തവിട്ടുനിറമുള്ള പെണ്‍കുട്ടിയാണ് ഞാന്‍. ആനിലയ്ക്ക് അമേരിക്ക നല്‍കിയ വാഗ്ദാനങ്ങള്‍ പരുവപ്പെടുന്നത് എന്റെ കണ്‍മുന്നിലാണ്'' എന്നാണ് യു.എസ്. പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന പ്രഖ്യാപനത്തിനുശേഷം നടന്ന ആദ്യ പൊതുപരിപാടിയില്‍ നിക്കി ഹേലി പറഞ്ഞത്. ഇന്ത്യന്‍ പാരമ്പര്യം മുറുകെപ്പിടിച്ചുകൊണ്ടാണ് ഹേലി പരിപാടിയില്‍ പ്രസംഗിച്ചത്. ഇന്ത്യയില്‍നിന്ന് കുടിയേറിയവര്‍ എന്ന നിലയില്‍ യു.എസിലെ കുട്ടിക്കാലവും യു.എന്‍. അംബാസഡറായ കാലത്തെ അനുഭവവും പങ്കുവെച്ചുകൊണ്ടാണ് അവര്‍ ചടങ്ങില്‍ സംസാരിച്ചത്.

2024 നവംബര്‍ അഞ്ചിനാണ് യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ്. അടുത്തവര്‍ഷം ജനുവരിയില്‍ തുടങ്ങുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രൈമറി വോട്ടെടുപ്പില്‍ ജയിക്കുന്നയാളാകും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പ്രതിനിധാനംചെയ്യുക. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ വലിയ നിര നേതാക്കള്‍ അണിനിരക്കുന്ന മത്സരത്തിലേക്കാണ് വിവേക് രാമസ്വാമി പ്രവേശിക്കുന്നത്. തഴക്കം വന്ന ഈ നേതാക്കളെ മറികടന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ വിവേക് രാമസ്വാമിക്ക് കഴിയുമോ എന്നാണ് അറിയേണ്ടത്.

Content Highlights: Who is Vivek Ramaswamy, Indian-American businessman Running For US Presidential Elections 2024

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
tapsee pannu

1 min

തപ്‌സി ഡയറ്റിനായി ഒരു മാസം ചിലവഴിയ്ക്കുന്നത് ഒരു ലക്ഷം രൂപ

Mar 18, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023


rahul gandhi

1 min

രാഹുലിനെ പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യിക്കാന്‍ ബിജെപി നീക്കം; പുറത്താക്കാന്‍ കത്തു നല്‍കി

Mar 17, 2023

Most Commented