വാഷിങ്ടൺ: അമേരിക്കയിലെ പ്രാദേശിക ഭരണസംവിധാനത്തിലേക്കും ജുഡീഷ്യൽ പദവികളിലേക്കും നടന്ന തിരഞ്ഞെടുപ്പുകളിൽ ശ്രദ്ധേയമായ വിജയം നേടി മൂന്ന് മലയാളികൾ. കാഞ്ഞിരപ്പള്ളി സ്വദേശിയായ മാർട്ടിൻ ജോൺ, കാസർകോട് സ്വദേശിയായ സുരേന്ദ്രൻ കെ. പട്ടേൽ, തിരുവല്ല സ്വദേശിയായ ജൂലി എ. മാത്യു എന്നിവരാണ് തിരഞ്ഞെടുപ്പിൽ വിജയിച്ചത്.

To advertise here,

ഫോർട്ട് ബെൻഡ് സെൻട്രൽ അപ്രൈസൽ ഡിസ്ട്രിക്റ്റിന്റെ ഡയറക്ടർ ബോർഡിലേക്കാണ് മാർട്ടിൻ ജോൺ തിരഞ്ഞെടുക്കപ്പെട്ടത്. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥികളായി മത്സരിച്ച സുരേന്ദ്രൻ കെ. പട്ടേൽ 240-ാമത് ജുഡീഷ്യൽ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജിയായും ജൂലി എ. മാത്യു കൗണ്ടി കോർട്ട് അറ്റ് ലോ ജഡ്ജിയായും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

കാഞ്ഞിരപ്പള്ളി കാളകെട്ടി സ്വദേശിയായ മാർട്ടിൻ ജോൺ 1.22 ലക്ഷം വോട്ടുകൾ (57.68%) നേടി 32,515 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പാലാ സെന്റ് തോമസ് കോളേജ് യൂണിയൻ മുൻ ചെയർമാനായിരുന്ന ഇദ്ദേഹം എം.ജി സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയശേഷം 2000-ലാണ് കുടുംബത്തോടൊപ്പം യു.എസിലേക്ക് കുടിയേറിയത്.

കാസർകോട് സ്വദേശിയായ സുരേന്ദ്രൻ കെ. പട്ടേൽ 1.59 ലക്ഷം വോട്ടുകൾ (59.89%) നേടിയാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ആശാ റെഡ്ഡിയെ പരാജയപ്പെടുത്തിയത്. കോഴിക്കോട് സർവകലാശാലയിൽ നിന്ന് നിയമബിരുദം നേടി ഹൊസ്ദുർഗ് കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത ശേഷമാണ് 2007-ൽ സുരേന്ദ്രൻ അമേരിക്കയിലേക്ക് കുടിയേറിയത്.

തിരുവല്ല വെണ്ണിക്കുളം സ്വദേശിയായ ജൂലി എ. മാത്യു 1.68 ലക്ഷം വോട്ടുകൾ (60.10%) നേടിയാണ് കൗണ്ടി കോർട്ട് അറ്റ് ലോ ജഡ്ജി പദവി നിലനിർത്തിയത്. റിപ്പബ്ലിക്കൻ സ്ഥാനാർഥി ജെസ്സിക്ക ജാരാമിയോയെ പരാജയപ്പെടുത്തിയായിരുന്നു വിജയം. 1986-ൽ മാതാപിതാക്കൾക്കൊപ്പം അമേരിക്കയിലെത്തിയ ഇവർ, 2018-ൽ ഫോർട്ട് ബെൻഡ് കൗണ്ടിയിൽ ബെഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഏഷ്യൻ വംശജയായ ജഡ്ജിയായും അമേരിക്കയിൽ നീതിപീഠത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വംശജയായ വനിതയായും ചരിത്രം കുറിച്ച വ്യക്തിയാണ്.