
800 കോടി ഡോളര്‍. ഏകദേശം 66,000 കോടി രൂപ. സൂയസ് കനാല്‍ കടന്നുപോയ കപ്പലുകള്‍ കഴിഞ്ഞ വര്‍ഷം നല്‍കിയ ടോള്‍ തുകയാണിത്. നിര്‍മ്മിതി കൊണ്ട് മാത്രമല്ല ഈ കനാല്‍ ഒരു മനുഷ്യാത്ഭുതമാണെന്ന് പറയുന്നത്. എന്‍ജിനീയറിങ് ബുദ്ധിയുടേയും ദീര്‍ഘവീക്ഷണത്തിന്റെയും അടയാളമാണ് സൂയസ് കനാല്‍. നെപ്പോളിയന്‍ കണ്ട സ്വപ്‌നങ്ങളില്‍ നടക്കാതെ പോയ ഒന്നും സൂയസ് കനാലാണ്.
23,851 കപ്പലുകളാണ് കഴിഞ്ഞ വര്‍ഷം സൂയസ് കടന്നുപോയത്. ഒരു കപ്പല്‍ തന്നെ ഓരോ തവണ കനാല്‍ കടക്കുമ്പോഴും ടോള്‍ കൊടുക്കണം. കഴിഞ്ഞ വര്‍ഷം മാത്രം രണ്ട് തവണ നിരക്ക് കൂട്ടി. വഹിക്കുന്ന ഭാരവും കണ്ടെയ്‌നറും കണക്കുകൂട്ടിയാണ് നിരക്ക് നിശ്ചയിക്കുക. ഇങ്ങനെ 2022-ല്‍ സൂയസ് കനാല്‍ അതോറിറ്റിക്ക് ലഭിച്ച വരുമാനമാണ് 800 കോടി ഡോളര്‍. 2008 കാലത്ത് 53 കോടി ഡോളറായിരുന്നു വാര്‍ഷിക വരുമാനം. ശരാശരി ഒരു കപ്പലിന് 250 ഡോളറായിരുന്നു അക്കാലത്ത് ടോള്‍. 2020 ആയപ്പോഴേക്കും 561 കോടി ഡോളറായി ടോള്‍ വരുമാനം കൂടി. അതായത് ശരാശരി ദിവസം ഒന്നരക്കോടി ഡോളര്‍. 2021-ല്‍ അത് 630 കോടി ഡോളറിലെത്തി ഏറ്റവും ഒടുവില്‍ കഴിഞ്ഞ വര്‍ഷം അത് 800 കോടി ഡോളര്‍ കടന്നു.
യന്ത്രങ്ങളുടെ കാര്യമായ സഹായമോ സാങ്കേതിക വിദ്യയുടെ പിന്തുണയോ ഇല്ലാതിരുന്ന കാലത്ത്, 153 വര്‍ഷം മുമ്പ് വെട്ടിയ കനാല്‍ ഇക്കാലം കൊണ്ട് ഈജിപ്തിന് നേടിക്കൊടുത്ത വരുമാനം എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇന്ന് കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നത് സൂയസ് കനാല്‍ അതോറിറ്റിയാണ്. പഴയ സൂയസ് കനാല്‍ കമ്പനിയെ ദേശസാത്കരിച്ചാണ് അതോറിറ്റിയാക്കിയത്. ഇന്നത്തെ ആഗോളവ്യാപാരത്തിന്റെ 12 ശതമാനവും കണ്ടയ്‌നര്‍ ട്രാഫിക്കിന്റെ 30 ശതമാനം സൂയസ് വഴിയാണ്. പ്രതിവര്‍ഷം മൂന്നു ലക്ഷം കോടി ഡോളറിന്റെ ചരക്കാണ് സൂയസ് കടന്നുപോകുന്നത്.
യൂറോപ്പില്‍നിന്ന് ഏഷ്യയിലേക്കുള്ള കുറുക്കുവഴിക്കായി 19-ാം നൂറ്റാണ്ട് മുതല്‍തന്നെ സായിപ്പന്മാര്‍ ആലോചന തുടങ്ങിയിരുന്നു. നൈല്‍ നദിയുമായി ബന്ധിപ്പിച്ച് ഒരു കനാല്‍ വെട്ടുകയും ചെയ്തു. എന്നാല്‍, അത് വൈകാതെ മണ്‍മറഞ്ഞു. ആഫ്രിക്കന്‍ മുനമ്പ് ചുറ്റി വേണമായിരുന്നു അക്കാലത്ത് ഏഷ്യയിലെത്താന്‍. നെപ്പോളിയന്റെ പടയോട്ട കാലത്താണ് കനാല്‍ എന്ന ആശയം വീണ്ടും സജീവമായത്. ഒരു കനാല്‍ ഉണ്ടാക്കിയാല്‍ സമയലാഭത്തിനൊപ്പം തന്ത്രപ്രധാന കപ്പല്‍പാതയാക്കി അത് മാറുമെന്നും നെപ്പോളിയന്‍ കണക്കുകൂട്ടി. എന്‍ജിനീയറിങ് വിദഗ്ധരെ ഇതിനായി നിയോഗിച്ചു. അവര്‍ നടത്തിയ പഠനത്തില്‍ ചെങ്കടലിലേയും മെഡിറ്ററേനിയനിലേയും ജലനിരപ്പിലെ വ്യതിയാനം കാരണം കനാല്‍ പ്രായോഗികമല്ലെന്ന് അവര്‍ റിപ്പോര്‍ട്ട് നല്‍കി. കനാല്‍ വെട്ടിയാലും ലോക്കില്ലാതെ കപ്പല്‍പാതയാക്കാനാകില്ലെന്നും അങ്ങനെ ചെയ്താല്‍ അത് വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും നെപ്പോളിയനെ ധരിപ്പിച്ചു. യഥാര്‍ഥത്തില്‍, കണക്കുകൂട്ടിയതില്‍ സംഭവിച്ച പിഴവായിരുന്നു അന്ന് ആ കനാല്‍ പദ്ധതി മുടങ്ങാന്‍ കാരണമായത്. ഫെര്‍ഡിനാന്‍ഡ് ഡി ലെസ്സപ്‌സ് എന്ന ഫ്രഞ്ച് നയതന്ത്രജ്ഞനാണ് ഇന്നത്തെ സൂയസ് കനാലിന്റെ ബുദ്ധികേന്ദ്രം. കനാല്‍ എന്ന ആശയം 1853-ല്‍ ഈജിപ്ത് ഭരിച്ചിരുന്ന സയിദ് പാഷയെ അദ്ദേഹം ധരിപ്പിച്ചു. അതുവഴി ഉണ്ടാകുന്ന നേട്ടങ്ങളും ഈജിപ്തിന് ലോകഭൂപടത്തില്‍ കിട്ടുന്ന തന്ത്രപ്രധാന മേല്‍കൊയ്മയും തിരിച്ചറിഞ്ഞ പാഷ പദ്ധതിക്ക് കൈകൊടുത്തു.
ഏത് രാജ്യത്തിന്റെ കപ്പലിനും ടോള്‍ നല്‍കി കടന്നുപോകാവുന്ന ജലപാതയായിട്ടാണ് സൂയസ്സിനെ ലെസ്സപ്‌സ് വിഭാവനം ചെയ്തത്. അതിനായി സൂയസ് കനാല്‍ കമ്പനി രൂപൂകരിച്ചു. എന്നാല്‍, ബ്രിട്ടന്‍ തുടക്കത്തിലെ ഉടക്ക് വച്ചു. ഫ്രാന്‍സിന്റെ വരവ് ഏഷ്യയിലെ ബ്രിട്ടന്റെ കോളനി വാഴ്ചയ്ക്ക് ഭീഷണിയാകുമെന്ന് അവര്‍ കരുതി. ഫ്രാന്‍സ് ഒഴികെ ഒരു രാജ്യവും കനാല്‍ നിര്‍മാണത്തിന് പണം മുടക്കാന്‍ തയ്യാറായില്ല. ഒടുവില്‍ ഓഹരികള്‍ വിറ്റ് പണം സമാഹരിക്കാന്‍ തീരുമാനിച്ചു. ഫ്രാന്‍സിന് 50 ശതമാനവും സയിദ് പാഷയ്ക്ക് 44 ശതമാനവും മറ്റ് സ്വകാര്യ നിക്ഷേപകരുടെ വക ആറ് ശതമാനവും. അങ്ങനെയായിരുന്നു ഓഹരി വിഹിതം. 99 വര്‍ഷത്തേക്കായിരുന്നു കരാര്‍.
ഒരു വശത്ത് ചെങ്കടല്‍. മറുവശം മെഡിറ്ററേനിയന്‍. കടലിനിടയില്‍ പൊഴിപോലെ കിടന്ന ഭൂപ്രദേശം കനാലിനായി തെരഞ്ഞെടുത്തു. മെഡിറ്ററേനിയനേക്കാള്‍ 33 അടി മുകളിലാണ് ചെങ്കടല്‍. ആറ് വര്‍ഷം കൊണ്ട് തീര്‍ക്കാമെന്ന് കണക്കുകൂട്ടി 1859-ലാണ് കനാലിന്റെ പണിതുടങ്ങിയത്. കോളറക്കാലമായിരുന്നു. ആയിരങ്ങള്‍ നിര്‍മ്മാണത്തിനിടെ മരിച്ചുവീണു. അടിമവേലയുടെ ഇരുണ്ട കാലവും ആ ചരിത്രത്തിന്റെ ഭാഗമാണ്. മണ്‍വെട്ടി, പിക്കാസ് എന്നിവയായിരുന്നു ആകെയുണ്ടായിരുന്ന ഉപകരണങ്ങള്‍. പണിപാതി എത്തിയ കാലത്ത് ആവിയിലും കല്‍ക്കരിയിലും പ്രവര്‍ത്തിക്കുന്ന മണ്ണുമാന്തി യന്ത്രങ്ങള്‍ സഹായത്തിന് കിട്ടി. എല്ലാത്തിനും ഒടുവില്‍ 10 വര്‍ഷമെടുത്തു നിര്‍മ്മാണം തീരാന്‍. 7.2 കോടി ചതുരശ്ര അടി മണ്ണ് നീക്കിയെന്നാണ് കണക്ക്. അങ്ങനെ 1869 നവംബറില്‍ 163 കിലോ മീറ്റര്‍ നീളത്തില്‍ വെട്ടിയ കനാല്‍ കപ്പലുകള്‍ക്കായി തുറന്നുകൊടുത്തു. ഇരുകടലുകളും സംഗമിച്ചു. യൂറോപ്-ഏഷ്യ യാത്രാദൂരം ഗണ്യമായി കുറഞ്ഞു. 26 ദിവസത്തെ യാത്ര. 12- 14 ദിവസമായി ചുരുങ്ങി. അങ്ങനെ സൂയസ് കനാല്‍ കപ്പല്‍ഗതാഗതത്തിലും രാജ്യാന്തര വ്യാപാരത്തിലും മുഖ്യകണ്ണിയുമായി.
വടക്ക് അറ്റ്‌ലാന്റിക്കില്‍നിന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് നേരിട്ടുള്ള പാതയായി കനാല്‍. തുടക്കത്തില്‍ ആഴം കുറവായിരുന്നു കനാലിന്. ആദ്യമൊക്കെ പ്രതീക്ഷിച്ച വരുമാനവും ലഭിച്ചില്ല. കടമെടുത്ത ഈജിപ്ത് ഭരണാധികാരി ഇടക്കാലത്തുണ്ടായ മാന്ദ്യത്തില്‍ ആകെ പ്രതിസന്ധിയിലായി. ആദ്യം കൈമലര്‍ത്തിയ ബ്രിട്ടന്‍ കനാല്‍ ഒരു ചാകരയാണെന്ന് തിരിച്ചറിഞ്ഞ് ആ ഓഹരി ഒന്നാകെ വാങ്ങി. അങ്ങനെ കനാല്‍ ഫ്രഞ്ച്-ബ്രിട്ടീഷ് അധീനതയിലായി. ഈജിപ്തില്‍ ഇത് വലിയ എതിര്‍പ്പിനിടയാക്കി. ബ്രിട്ടനെതിരായ വികാരം ശക്തമായി. അധിനിവേശത്തിലൂടെയാണ് ബ്രിട്ടന്‍ മറുപടി നല്‍കിയത്. രണ്ടാം ലോകമഹായുദ്ധ കാലത്തു ഫ്രാന്‍സ്-ബ്രിട്ടന്‍ സഖ്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു കനാല്‍. ഇറ്റലിയും ജര്‍മനിയും ചേര്‍ന്ന് കനാല്‍ പിടിച്ചെടുത്ത് ബ്രിട്ടനിലേക്കുള്ള ചരക്ക് ഗതാഗതം തടയാന്‍ പദ്ധതിയിട്ടു. അമേരിക്കന്‍ ഇടപെടലില്‍ അത് പൊളിഞ്ഞു.
99 വര്‍ഷത്തെ പാട്ടക്കാലാവധി തീര്‍ന്നപ്പോള്‍ ഏവരേയും ഞെട്ടിച്ചുകൊണ്ട് സൂയസ് കനാലും അനുബന്ധ സ്വത്തുക്കളും ഈജിപ്ത് ദേശസാത്കരിച്ചു നിയന്ത്രണത്തിലാക്കി. 1956-ലായിരുന്നു പ്രസിഡന്റ് ഗമാല്‍ അബ്ദേല്‍ നാസ്സറിന്റെ ചരിത്രപ്രസിദ്ധമായ ആ പ്രഖ്യാപനം. അതോടെ കനാലും ആസ്തികളും അതിലുള്ള അവകാശവും ഈജിപ്തില്‍ നിക്ഷിപ്തമായി. ഓഹരി ഉടമകള്‍ക്ക് നഷ്ടപരിഹാരവും വാഗ്ദാനം ചെയ്തു. ഒരിക്കല്‍ കൈവിട്ട കനാലിനെ അങ്ങനെ അവര്‍ തിരിച്ചുപിടിച്ചു. ബ്രിട്ടനും ഫ്രാന്‍സിനും അത് വലിയ ആഘാതമായി. ഈജിപ്തിനെ ഞെരുക്കാന്‍ അവര്‍ പല മാര്‍ഗവും നോക്കി. 1963 ജനുവരി ഒന്നിന് നഷ്ടപരിഹാരം കൃത്യമായി കൈമാറി. സ്വന്തമാക്കിയ സൂയസിലൂടെ ഇസ്രയേല്‍ കപ്പലുകളുടെ യാത്ര ഈജിപ്ത് വിലക്കി. ഇത് ഇസ്രയേല്‍-ഈജിപ്ത് യുദ്ധത്തിലാണ് കലാശിച്ചത്. ഒടുവില്‍ യു.എന്‍. ഇടപെടലിലാണ് സന്ധിയുണ്ടായത്. 1967-ല്‍ ഇസ്രയേല്‍ സിനായി പ്രദേശം വീണ്ടും പിടിച്ചെടുത്തു. സൂയസ് കനാല്‍ പിടിച്ചെടുത്ത് ഈജിപ്തിനെ അധീനതയിലാക്കാനുള്ള ഇസ്രയേല്‍ നീക്കം തിരിച്ചറിഞ്ഞ് അറ്റകൈ പ്രയോഗമാണ് ഈജിപ്ത് നടത്തിയത്.
കനാലിന്റെ ഇരുകവാടങ്ങളിലും കപ്പലുകള്‍ മുക്കിയും മൈനുകള്‍ സ്ഥാപിച്ചുമാണ് ഈജിപ്ത് ഇസ്രയേലിനെ തടുത്തത്. ഇരുകവാടങ്ങളും കെണിയാക്കി ഈജിപ്ത് മാറ്റിയെടുത്തപ്പോള്‍ അതിനിടയില്‍ പെട്ടത് 15 കപ്പലുകളും അതിലെ ജോലിക്കാരുമാണ്. യുദ്ധം ഒന്നും രണ്ടുമല്ല എട്ട് വര്‍ഷം നീണ്ടു. കനാല്‍ ഇക്കാലമത്രയും അടഞ്ഞുകിടന്നു. വീണ്ടും യു.എന്‍. ഇടപെടലില്‍ 1973-ല്‍ യുദ്ധത്തിന് വിരാമമായി പക്ഷേ, തകര്‍ന്ന കപ്പലുകളും മൈനുകളും നീക്കി കനാല്‍ സുഗമമാക്കാന്‍ പിന്നെയും രണ്ട് വര്‍ഷമെടുത്തു. 1975-ല്‍ സൂയസ് വീണ്ടും തുറക്കപ്പെട്ടു. കനാലില്‍ കുടുങ്ങിയ കപ്പലുകള്‍ പലതും അതിനകം തുരുമ്പെടുത്ത് തുടങ്ങിയിരുന്നു. ആത്യന്തികമായി ഈജിപ്ത് പ്രസിഡന്റ് ഗമാല്‍ അബ്ദേല്‍ നാസ്സറിന്റെ വിജയമായി യുദ്ധം ആഘോഷിക്കപ്പെട്ടു. രാജ്യത്തിന്റെ ഹീറോയായി. യുദ്ധത്തിനൊടുവില്‍ ഇസ്രയേലിന് കനാലില്‍ സ്വാതന്ത്ര്യം കിട്ടിയില്ലെങ്കിലും കപ്പലുകള്‍ തടയില്ല എന്ന ഉറപ്പുനേടാനായി. ബ്രിട്ടനും ഫ്രാന്‍സിനും നഷ്ടക്കച്ചവടമായി. മധ്യപൂര്‍വദേശത്തെ അവരുടെ സ്വാധീനം ഇടിഞ്ഞു.
ആദ്യകാലത്ത് ഇരുവശത്തേക്കും ഒരേസമയം കപ്പലുകള്‍ കടത്തിവിട്ടിരുന്നില്ല. ഇടയ്ക്ക് പാസിങ് ബേയില്‍ നിര്‍ത്തി ഒരുവശത്തേക്കുള്ളത് കടന്നുപോയ ശേഷമായിരുന്നു മറുവശത്തേക്കുള്ള യാത്ര. ഇത് ഏറെ സമയം അപഹരിച്ചു. എന്നാല്‍, 1939 ആകുമ്പോഴേക്ക് ഏറെ മെച്ചപ്പെട്ടു. 1947-ലാണ് കോണ്‍വോയ് രീതി തുടങ്ങിയത്. 2015-ലാണ് കനാലിന്റെ വികസന പദ്ധതി നടപ്പാക്കി. 35 കിലോ മീറ്റര്‍ സമാന്തര പാതയൊരുക്കി. അതോടെ ഇരുവശത്തേക്കും ഒരേ സമയം കപ്പലുകളുടെ യാത്ര സാധ്യമായി. അതുപോലെ പ്രധാന കനാലിന്റെ ആഴം കൂട്ടുകയും ചെയ്തു. 35 കിലോ മീറ്റര്‍ നീളം കൂട്ടിയതോടെ കനാലിന്റെ നീളം ഇപ്പോള്‍ 193 കിലോമീറ്ററും 205 മീറ്റര്‍ വീതിയുമായി. വിപുലപ്പെടുത്തിയതോടെ 49-ന്റെ സ്ഥാനത്ത് 97 കപ്പലുകള്‍ക്ക് വരെ ഒരു ദിവസം കടന്നുപോകാന്‍ കഴിയും.
ഏകദേശം 820 കോടി മുടക്കി രണ്ട് വര്‍ഷം കൊണ്ടായിരുന്നു നിര്‍മ്മാണം. കോണ്‍വോയിയായി പോകുമ്പോള്‍ കപ്പലുകള്‍ക്ക് നങ്കൂരമിടാനോ പുറപ്പെടാനോ മുമ്പ് കഴിയില്ലായിരുന്നു. പുതിയ സൈഡ് ചാനല്‍ പാത കൂടി തുറന്നതോടെ അതും സാധ്യമായി. ഏകദേശം 30,000 തൊഴിലാളികളാണ് നിര്‍മ്മാണത്തില്‍ പങ്കാളികളായത്. കഴിഞ്ഞ വര്‍ഷം ശരാശരി 65 കപ്പലൊക്കെയാണ് ഒരു ദിവസം സൂയസ് താണ്ടിയത്. കോണ്‍സ്റ്റാന്റിനോപ്പിള്‍ കണ്‍വെന്‍ഷന്‍ പ്രകാരം എല്ലാ രാജ്യത്തിന്റെയും കപ്പലുകള്‍ക്കായി കൊടി നോക്കാതെ യുദ്ധകാലത്തും സമാധാനകാലത്തും സൂയസ് തുറന്നിടുമെന്നാണ് കരാര്‍. കോണ്‍വോയ് അടിസ്ഥാനത്തിലാണ് സൂയസിലെ ട്രാഫിക് ക്രമീകരണം. വലിയ കപ്പല്‍ ആദ്യം അതിന് പിന്നില്‍ മറ്റ് കപ്പലുകള്‍ അകമ്പടിയായി പിന്നാലെ. 14 പൈലറ്റ് സ്റ്റേഷനുകളാണ് ട്രാഫിക് നിയന്ത്രിക്കുന്നത്. റഡാറിന്റെ പിന്തുണയിലാണ് നിരീക്ഷണം.
കനാലിന്റെ കവാടത്തില്‍ സ്ഥാപിക്കാനായി ഈജിപ്ത്യന്‍ സ്ത്രീ ദീപശിഖ ഏന്തി നില്‍ക്കുന്ന പ്രതിമ എന്ന ആശയവുമായി മുന്നോട്ടുവന്നത് ഫ്രഞ്ച് ശില്‍പി ഫെഡറിക് അഗസ്‌തെ ബര്‍ത്തോള്‍ഡിയായിരുന്നു. അതാണ് അദ്ദേഹം മനസ്സില്‍ കണ്ട സ്റ്റാച്യു ഓഫ് ലിബര്‍ട്ടി. കനാലിന്റെ അടയാളമായി മെഡിറ്ററേനിയന്‍ കടലില്‍നിന്ന് കനാലിലേക്കുള്ള പ്രവേശന കാവടത്തില്‍ കൂറ്റന്‍ പ്രതിമ സ്ഥാപിക്കാം എന്ന നിര്‍ദേശമാണ് വച്ചത്. കടന്നുപോകുന്ന കപ്പലുകള്‍ക്ക് ഒരു ലൈറ്റ് ഹൗസായിട്ടാണ് അദ്ദേഹം ഇത് നിര്‍മ്മിക്കാന്‍ ആഗ്രഹിച്ചത്. എന്നാല്‍, ഭാരിച്ച ചെലവ് താങ്ങാനാകില്ലെന്ന് പറഞ്ഞ് പ്രതിമ നിര്‍മ്മാണം ഈജിപ്ത് ഉപേക്ഷിച്ചു. പകരം 1869-ല്‍ പോര്‍ട്ട് സായിദ് ലൈറ്റ് ഹൗസ് ഈജിപ്ത് അവിടെ സ്ഥാപിച്ചു. അങ്ങനെ ഈജിപ്തിലെ പദ്ധതി ഉപേക്ഷിച്ച ബര്‍ത്തലോഡി പ്രതിമയുടെ ഡിസൈന്‍ മാറ്റി. അമേരിക്കക്കാരുടെ മുമ്പില്‍ ഈ ആശയം വച്ചു. എന്നാല്‍ അവിടെയും ചെലവ് തുടക്കത്തില്‍ തടസ്സമായി. ജോസഫ് പുലിസ്റ്ററാണ് ഇതിനായി വ്യക്തികളില്‍നിന്ന് സംഭാവന പിരിക്കാമെന്ന ആശയം മുന്നോട്ടുവച്ചത്. ഒരു ലക്ഷത്തിലധികം പേര്‍ വിഹിതം നല്‍കിയെന്നാണ് കണക്ക്. അങ്ങനെ ഫ്രാന്‍സില്‍ പ്രതിമ നിര്‍മ്മിച്ച് കപ്പലില്‍ അമേരിക്കയിലെത്തിച്ച് കൂട്ടിയോജിപ്പിക്കുകയായിരുന്നു. അങ്ങനെയാണ് 1886-ല്‍ ഉത്തുംഗ കലാസൃഷ്ടിയായ സ്റ്റാച്യു ഓഫ് ലിബര്‍ട്ടി ന്യൂയോര്‍ക്കിലെത്തുന്നതും ലോകത്തെ ഏറ്റവും പ്രധാന ആകര്‍ഷണമായി ഇന്നും അത് നിലകൊള്ളുന്നതും.
2030-ഓടെ ഈജിപ്തിന്റെ സമ്പദ് വ്യവസ്ഥയുടെ 30 ശതമാനവും സൂയസ് കനാല്‍ പ്രദേശത്ത് നിന്നാകുമെന്നാണ് കരുതപ്പെടുന്നത്. ഐ.ടി. പാര്‍ക്കുകള്‍, വ്യവസായ സമുച്ചയങ്ങള്‍ അങ്ങനെ വന്‍വികസനമാണ് അവര്‍ പദ്ധതിയിടുന്നത്. നൈലിന്റെ വരദാനമായ ഈജിപ്തിന്റെ വരദാനമാണ് സൂയസ് കനാല്‍. 21.9 ശതമാനമാണ് രാജ്യത്തെ പണപ്പെരുപ്പം. കറന്‍സിയുടെ മൂല്യം ശോഷിച്ചു. ഒരു വര്‍ഷത്തിനിടെ വില പകുതിയായി. ഐ.എം.എഫില്‍ നിന്ന് 300 കോടി ഡോളറിന്റെ വായ്പ എടുത്തതിന് പിന്നാലെയാണ് മൂല്യം ഇടിഞ്ഞത്. ഈ പ്രതിസന്ധിക്കിടെ വിദേശനാണ്യത്തിന്റെ മുഖ്യ സ്രോതസ്സായി സൂയസ് കനാല്‍ ടോള്‍ അവരെ തുണക്കുന്നത്.
വികസന പദ്ധതിക്ക് ശേഷം ഒരേയൊരു തവണ സൂയസ് ചതിച്ചു. കപ്പല്‍ അതില്‍ കുടുങ്ങി. ലോകത്തെ ഏറ്റവും വലിയ കണ്‍ടെയ്‌നര്‍ കപ്പലുകളില്‍ ഒന്നായ എവര്‍ ഗിവണ്‍ 2021 മാര്‍ച്ച് 23-ന് സൂയിസ് കനാല്‍ കടക്കുമ്പോള്‍ അപ്രതീക്ഷിതമായി ഉണ്ടായ തിരയും പവര്‍ ഔട്ടേജും നിമിത്തം കപ്പല്‍ കുറെ നീങ്ങി മണ്‍തിട്ടയില്‍ കയറി. 400 മീറ്റര്‍ നീളവും 59 മീറ്റര്‍ വീതിയുമുള്ള കൂറ്റന്‍ കപ്പല്‍ കുടുങ്ങിയതോടെ വന്‍പ്രതിസന്ധിയാണ് ലോകമെങ്ങും രൂപപ്പെട്ടത്. പലയിടത്തായി കടലില്‍ കുടുങ്ങിയത് അഞ്ഞൂറോളം കപ്പലുകള്‍. ഒടുവില്‍ ആറ് രാവും പകലും പണിപ്പെട്ടു ആ കുരുക്ക് അഴിക്കാന്‍.
എവര്‍ ഗിവണെ മോചിപ്പിക്കാന്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ ചേര്‍ന്ന് ആറ് രാവും പകലും പണിപ്പെട്ടാണ് മണല്‍ നീക്കി കപ്പലിനെ മോചിപ്പിച്ചത്. ഒരു ലക്ഷം ക്യുബിക് മീറ്ററിലധികം മണല്‍ നീക്കിയെന്നാണ് കണക്ക്. ഒടുവില്‍ ടഗ് ബോട്ടുകളുടെയും മറ്റും സഹായത്തില്‍ മാര്‍ച്ച് 29-ന് എവര്‍ ഗിവണ്‍ കുരുക്കഴിഞ്ഞ് നീങ്ങിത്തുടങ്ങി. വലിയ പ്രതിസന്ധി അങ്ങനെ പരിഹരിക്കപ്പെട്ടു. ഒന്നരക്കോടി ഡോളര്‍ വീതമാണ് ഓരോ ദിവസവും അതുവഴിയുണ്ടായ നഷ്ടം. എവര്‍ ഗിവണ്‍ ഒരു പ്രതിസന്ധിയായി ചരിത്രത്തിലുണ്ടെങ്കിലും സൂയസ് കനാല്‍ അന്നും ഈജിപ്തിന്റെ സ്പന്ദനം മാത്രമല്ല, ഏഷ്യക്കും യൂറോപ്പിനുമിടയിലെ തന്ത്രപ്രധാന മേഖല കൂടിയാണ്.
കനാലിനൊപ്പം മൂന്നു നഗരങ്ങളും രൂപം കൊണ്ടു. മെഡിറ്ററേനിയന്‍ തീരത്ത് പോര്‍ട്ട് സയീദ്, കനാലിന്റെ മധ്യഭാഗം വരുന്ന പ്രദേശത്ത് ഇസ്മിലിയ, തെക്കന്‍ മുമ്പില്‍ പോര്‍ട്ട് ടെഫീഖ്. 1860-കളില്‍ ഏകദേശം 10 കോടി ഡോളര്‍ ചെലവില്‍ പണിതു. ഇന്നത്തെ കണക്കില്‍ പറഞ്ഞാല്‍ ഏകദേശം 150 കോടി ഡോളര്‍ ചെലവിട്ട പദ്ധതിയില്‍ നിന്ന് 2022-ലെ ടോള്‍വരുമാനം മാത്രമാണ് 66000 കോടി രൂപ അഥവാ 800 കോടി ഡോളര്‍.
Content Highlights: Suez Canal, Toll revenue, Ever given
Published: 22 Mar 2023, 01:50 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented