
ശബരിമല വിമാനത്താവളവിഷയത്തിലും നിര്‍ണായകം കേന്ദ്രസര്‍ക്കാര്‍ നിലപാട്. ശബരിമലയുടെ പ്രാധാന്യംകൊണ്ട് തന്നെ പദ്ധതിക്ക് അനുമതി കിട്ടുമെന്നാണ് സംസ്ഥാനം കരുതുന്നത്.വര്‍ഷം മൂന്ന് കോടി വരെ തീര്‍ഥാടകര്‍ എത്തിച്ചേരുന്ന ശബരിമലയുടെ തൊട്ടടുത്ത വിമാനത്താവളം എന്ന ഖ്യാതിയാണ് ഇവിടെയുള്ളത്. തീര്‍ഥാടകരില്‍ 25 ശതമാനമെങ്കിലും വിമാനത്താവളം ഉപയോഗപ്പെടുത്തിയാല്‍ പദ്ധതി ലാഭകരമാകും. ഇതരസംസ്ഥാന യാത്രികര്‍ക്ക് സമയലാഭവും ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടുന്നു.
കേന്ദ്രവ്യോമയാന ഡയറക്ടറേറ്റ് ഉന്നയിച്ച വിഷയങ്ങളുടെ ശരിയായ ഉത്തരം നല്‍കേണ്ടത് വിഷയത്തില്‍ പ്രധാനമാണ്. രാജ്യത്ത് ചെറിയ വിമാനത്താവളങ്ങള്‍ വേണമെന്ന മോദി സര്‍ക്കാരിന്റെ നയം ചെറുവള്ളിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയാണ് സംസ്ഥാനത്തിനുള്ളത്. വിഷയത്തില്‍ സംസ്ഥാന ബി.ജെ.പി.ഘടകം അഭിപ്രായം പറഞ്ഞിട്ടില്ല. ഹിന്ദുഐക്യവേദി പദ്ധതിക്ക് എതിരാണ്. ഹാരിസണില്‍ നിന്ന് പാട്ടക്കാലാവധി കഴിഞ്ഞ് ഏറ്റെടുക്കേണ്ട ഭൂമിയായതിനാല്‍ ഇത് ഭൂരഹിതര്‍ക്ക് നല്‍കണമെന്നതാണ് അവരുടെ ആവശ്യം.
അനുകൂലഘടകം
• ദേശീയപാതകളുടെ സാമീപ്യം ഗുണകരമാണ്. തിരുവനന്തപുരം-എരുമേലി ദൂരം 135 കിലോമീറ്ററും നെടുമ്പാശേരിക്ക് 110 കിലോമീറ്ററുമാണ്. കോട്ടയത്തിന് 58 കിലോമീറ്റര്‍. പമ്പയ്ക്ക് 45 കിലോമീറ്ററും.
• മലയോരമേഖലകളുടെ വികസനത്തിന് ഗുണകരം. പൊന്‍കുന്നം-പുനലൂര്‍ പാത കൂടി ദേശീയപാതാ നിലവാരത്തില്‍ എത്തിയതോടെ യാത്രാസൗകര്യങ്ങളില്‍ കുതിച്ചുചാട്ടം.
• പ്രവാസികളുടെ യാത്രാസൗകര്യം. മധ്യതിരുവിതാംകൂറിലെ 25 ലക്ഷത്തോളം വരുന്ന പ്രവാസികള്‍ക്ക് യാത്ര എളുപ്പമാകും. നിലവില്‍ അവര്‍ നെടുമ്പാശേരി, തിരുവനന്തപുരം എന്നിവയെ ആണ് ആശ്രയിക്കുന്നത്.
പ്രതികൂലഘടകം
• ഭൂമിയുടെ ഉടമാവകാശത്തിലെ കേസ്. പണം കെട്ടിവെച്ച് ഭൂമി ഏറ്റെടുത്താലും നൂലാമാലകള്‍ തീരുമോ എന്ന സംശയം.
• ടേബിള്‍ ടോപ്പ് ഭൂപ്രകൃതി. റണ്‍വേയ്ക്ക് സ്ഥലം തികയുമോ എന്ന സംശയം. ഇതാണ് വ്യോമയാന ഡയറക്ടറേറ്റും പ്രകടിപ്പിച്ചത്.
• മണിമല, എരുമേലി വില്ലേജുകളിലെ സാമൂഹികആഘാതം പരിഹരിക്കല്‍. കുന്നുകള്‍ ഇടിച്ചാലുണ്ടാകുന്ന പരിസ്ഥിതി ആഘാതം പരിഹരിക്കല്‍.
• ശബരിമലയിലെ തീര്‍ഥാടകരില്‍ ഭൂരിപക്ഷത്തിന് വിമാനയാത്ര താങ്ങാനുള്ള ശേഷിയുണ്ടോ എന്ന സംശയം.
• കേന്ദ്രസര്‍ക്കാര്‍, ബി.ജെ.പി. നിലപാടുകള്‍ വ്യക്തമാക്കാത്തത്.
കോടതിയില്‍ പണംകെട്ടി ഭൂമി ഏറ്റെടുക്കും
നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളത്തിന് ഉദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് പണം കോടതി മുമ്പാെക കെട്ടിവെച്ച് ഏറ്റെടുക്കാന്‍ ആലോചന. മുമ്പ് ഈ തീരുമാനം എടുത്തിരുന്നെങ്കിലും കോടതി അത് തടഞ്ഞിരുന്നു. ഭൂമി ഏറ്റെടുക്കലല്ല തടഞ്ഞതെന്നും അതിന് സ്വീകരിച്ച രീതിയാണ് റദ്ദാക്കപ്പെട്ടതെന്നുമാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം.
ഭൂമി ഏറ്റെടുക്കലിന് മുമ്പ്, സ്‌പെഷ്യല്‍ ഓഫീസറുടെ നിയമനം അടക്കമുള്ളത് നടന്നതിനാല്‍ കോടതിയില്‍ പണംകെട്ടി മുന്നോട്ട് പോകാനാകുമെന്നാണ് നിയമോപദേശം. ഇതിനായി, ഹാരിസണ്‍ കേസുകള്‍ കൈകാര്യംചെയ്യുന്ന അഭിഭാഷകരുടെയും നിയമവിദഗ്ധരുടെയും യോഗം അടുത്തിടെ ഓണ്‍ലൈനായി വിളിച്ചിരുന്നു.
ആദ്യശ്രമത്തിലെ പാളിച്ചകള്‍ പരിഹരിച്ചാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം. ഭൂമി ഏറ്റെടുക്കാന്‍ കേരള വ്യവസായ വികസന കോര്‍പ്പറേഷനെ ചുമതലപ്പെടുത്തി. കോര്‍പ്പറേഷനും സ്‌പെഷ്യല്‍ ഓഫീസറും ജില്ലാ കളക്ടറോട് ഭൂമിയുടെ വിലയും അതിലെ ചമയങ്ങളുടെ മൂല്യവും നിശ്ചയിച്ച് നല്‍കാന്‍ ആവശ്യപ്പെടും. ആ റിപ്പോര്‍ട്ട് കിട്ടുമ്പോഴാണ് കെട്ടിവെക്കേണ്ട തുക എത്രയെന്ന് അറിയുക.
പാലാ സബ്ബ് കോടതിയില്‍ കേസ് നടത്തിപ്പിന് ഇപ്പോഴുള്ള അഭിഭാഷകന് പുറമേ സ്‌പെഷ്യല്‍ ഗവ.പ്ലീഡറെയും നിയമിച്ചിട്ടുണ്ട്. കേസ് നടത്തിപ്പ് വേഗത്തിലാക്കാനാണിത്. മുമ്പ് കോട്ടയം ജില്ലാ ഗവ.പ്ലീഡറായിരുന്ന റെജി കൊടുവത്തിനാണ് പുതിയ ചുമതല നല്‍കിയത്.
വസ്തുവിലയാണ് കോടതിയില്‍ കെട്ടിവെക്കുക. ഉടമയാണെന്ന് അവകാശപ്പെടുന്ന ബിലീവേഴ്‌സ് ചര്‍ച്ച് ട്രസ്റ്റിനെതിരേയാണ് പാലാ കോടതിയിലെ കേസ്. ഈ കേസില്‍ ട്രസ്റ്റിന് അനുകൂലമായ വിധി വന്നാല്‍ കെട്ടിവെച്ച പണം അവര്‍ക്ക് നല്‍കണം. തിരിച്ചെങ്കില്‍ സര്‍ക്കാരിന് പണം മടക്കിക്കിട്ടും.
ചെറുവള്ളി ഭൂമി സര്‍ക്കാരിന്റെതെന്ന് പറയുമ്പോഴും അതിന്റെ വില കെട്ടിവെക്കേണ്ടിവരുന്ന സാഹചര്യം കേസിനെ ദുര്‍ബലപ്പെടുത്തുമോയെന്ന് ആശങ്കയുണ്ട്. സ്വന്തം ഭൂമിയെങ്കില്‍ പണം കെട്ടിവെച്ച് ഏറ്റെടുക്കേണ്ടതില്ലല്ലോ എന്ന വാദമാണ് ഉയരുന്നത്. എന്നാല്‍, സുപ്രീംകോടതി നിര്‍ദേശിച്ച രീതിയില്‍ ഭൂമിയുടെ ഉടമാവകാശം സ്ഥാപിക്കാന്‍ സിവില്‍ കേസ് കൊടുക്കുകയാണ് ചെയ്തതെന്നും ഭൂമി സര്‍ക്കാരിന്റെതെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നുമാണ് റവന്യൂവകുപ്പ് നിലപാട്.
പിഴവുകള്‍ പരിഹരിക്കണം-എം.പി.
സാധ്യതാപഠന റിപ്പോര്‍ട്ടിലെ പിഴവുകള്‍ പരിഹരിച്ച്, എരുമേലിയുടെ സ്വപ്ന പദ്ധതിയായ നിര്‍ദിഷ്ട ശബരിമല വിമാനത്താവളം യാഥാര്‍ഥ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആന്റോ ആന്റണി എം.പി. സര്‍ക്കാര്‍ കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റില്‍ സാധ്യതാപഠനം നടത്തി തയ്യാറാക്കി നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ അംഗീകരിക്കാഞ്ഞത് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്.
വോട്ടുനേടാനുള്ള തന്ത്രം
തിരഞ്ഞെടുപ്പില്‍ വോട്ട് നേടാനുള്ള ഇടതുപക്ഷത്തിന്റെ തന്ത്രമായിരുന്നു ശബരിമല വിമാനത്താവള പദ്ധതി. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതിയില്‍ കേസ് നിലനില്‍ക്കെ സാധ്യതാ പഠനത്തിനായി കോടികള്‍ പാഴാക്കി. ചെറുവള്ളി എസ്റ്റേറ്റില്‍ വനഭൂമിയും, ദേവസ്വം ബോര്‍ഡിന്റെ ഭൂമിയും ഉണ്ട്. എരുമേലിയില്‍ വിമാനത്താവളം യാഥാര്‍ഥ്യമാക്കണം. വികസനം വരണം. പക്ഷേ ഭൂമിസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാതെ കൃത്യതയില്ലാത്ത നിലപാടാണ് സര്‍ക്കാര്‍ തുടരുന്നത്. സാധ്യതാപഠനം പോലും പ്രഹസനമായി.- വി.സി. അജികുമാര്‍, എരുമേലി, ബി.ജെ.പി. ജില്ലാ സെക്രട്ടറി
തൊഴിലാളികള്‍ക്ക് സംരക്ഷണം വേണം
വികസനം ഉണ്ടാവണം. വിമാനത്താവളത്തിന് എതിരുമല്ല. എന്നാല്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം ലഭിക്കണം. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ എസ്റ്റേറ്റ് ഭൂമിയിലുണ്ട്. സര്‍ക്കാര്‍ ഭൂമി വിലകൊടുത്ത് വാങ്ങുന്നതിനോട് യോജിപ്പില്ല.-ഇ.എസ്. രമേശന്‍,ചെറുവള്ളി എസ്റ്റേറ്റ്, ബി.എം.എസ്. യൂണിയന്‍ കണ്‍വീനര്‍
വിമാനത്താവളം യാഥാര്‍ഥ്യമാകണം
എരുമേലി ഗ്രാമപ്പഞ്ചായത്തിലെ നാലാം വാര്‍ഡാണ് ചെറുവള്ളി എസ്റ്റേറ്റ്. വിമാനത്താവളവും അതുവഴിയുള്ള വികസനവും നാടിന് അനിവാര്യമാണ്. എസ്റ്റേറ്റിലെ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കി പദ്ധതി യാഥാര്‍ഥ്യമാക്കണം.-അനിശ്രീ,എരുമേലി ഗ്രാമപ്പഞ്ചായത്ത് അംഗം, ചെറുവള്ളി വാര്‍ഡ്
പദ്ധതിയെ സ്വാഗതംചെയ്യുന്നു
പഠനറിപ്പോര്‍ട്ടില്‍ പിഴവുണ്ടെങ്കില്‍ പരിഹരിച്ച് സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷ. 300-ഓളം സ്ഥിരം തൊഴിലാളികളും 100-നടുത്ത് താത്കാലിക തൊഴിലാളികളും ചെറുവള്ളി എസ്റ്റേറ്റിലുണ്ട്. സ്ഥലവും വീടും ജോലിയും നഷ്ടപരിഹാരവും നല്‍കി തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ജീവിതാവസ്ഥ ഉണ്ടാവണം.-എസ്. സാബു, ചെറുവള്ളി എസ്റ്റേറ്റ്, എ.ഐ.ടി.യു.സി. യൂണിയന്‍ കണ്‍വീനര്‍
നാലുവര്‍ഷമായി കേള്‍ക്കുന്നു
നാലുവര്‍ഷമായി കേള്‍ക്കുകയാണ് ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം വരുമെന്ന്. നാളിതുവരെ എല്ലാം പറച്ചിലില്‍മാത്രം. കേട്ടുമടുത്തതിനാല്‍ ഇപ്പോ ആരും ശ്രദ്ധിക്കാറില്ല. വിമാനത്താവളം യാഥാര്‍ഥ്യമായാല്‍ നാടിന്റെ മുഖച്ഛായ മാറുമെന്നത് സത്യം. എസ്റ്റേറ്റിലെ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കണം.- എസ്.ബിജു. ചെറുവള്ളി എസ്റ്റേറ്റ്, ഐ.എന്‍.ടി.യു.സി. യൂണിയന്‍ കണ്‍വീനര്‍
പദ്ധതി നടപ്പാകും
നിര്‍ദ്ദിഷ്ട എരുമേലി വിമാനത്താവള പദ്ധതി ചെറുവള്ളി എസ്റ്റേറ്റില്‍ നടപ്പാകും. സാധ്യതാപഠന റിപ്പോര്‍ട്ട് തള്ളാന്‍ കാരണം രാഷ്ട്രീയ ലോബികളുടെ ഇടപെടലാണ്. തൊഴിലാളികളുടെ പൂര്‍ണ സംരക്ഷണം ഉറപ്പാക്കിയെ പദ്ധതി യാഥാര്‍ഥ്യമാക്കൂ.-എ. പ്രതീഷ്. സി.ഐ.ടി.യു. കണ്‍വീനര്‍, ചെറുവള്ളി എസ്റ്റേറ്റ്
Published: 22 Sept 2021, 08:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented