
ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ കഴിഞ്ഞ ആഴ്ചയാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ ജനകീയ പ്രക്ഷോഭത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം ഗോതാബയ രാജപക്സെ രാജിവെച്ചതിനെത്തുടര്‍ന്ന് ആ പദവിയിലെത്തിയ വിക്രമസിംഗെയുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമായിരുന്നു ഇത്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം, വ്യാപാരം, നിക്ഷേപ പദ്ധതികള്‍ എന്നിവ ചര്‍ച്ച ചെയ്യുകയായിരുന്നു ദ്വിദിന സന്ദര്‍ശനത്തിന്റെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ചയില്‍ പക്ഷേ നിര്‍ണായകമായ മറ്റൊരു വിഷയംകൂടി ചര്‍ച്ചയായി. ശ്രീലങ്കയില്‍ ഇന്നും പരിഹരിക്കാനാകാതെ നീറിപ്പുകഞ്ഞുകൊണ്ടിരിക്കുന്ന തമിഴ് ജനതയുടെ പ്രശ്നം. ശ്രീലങ്കന്‍ ഭരണഘടനയുടെ പതിമൂന്നാം ഭേദഗതി പൂര്‍ണമായി നടപ്പാക്കി ശ്രീലങ്കയിലെ തമിഴ് ന്യൂനപക്ഷങ്ങള്‍ക്ക് അന്തസ്സുള്ള ജീവിതം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ചയില്‍ പ്രസിഡന്റ് വിക്രമസിംഗെയോട് ആവശ്യപ്പെട്ടു. എന്നാല്‍ വിഷയം ആഭ്യന്തര പ്രശ്നമാണെന്ന് വ്യക്തമാക്കിയ വിക്രമസിംഗെ പക്ഷേ ശ്രീലങ്കന്‍ പാര്‍ലമെന്റ് ഈ വിഷയത്തില്‍ ഇടപെടുമെന്നും ഉറപ്പ് നല്കി. പിന്നാലെ, 1987-ലെ ഇന്ത്യ-ലങ്ക കരാറിന്റെ പ്രധാനഭാഗമായ ശ്രീലങ്കന്‍ ഭരണഘടനയുടെ 13-ാം ഭേദഗതി എല്ലാ കക്ഷികളുമായും ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും വിക്രമസിംഗെ വ്യക്തമാക്കി.
ശ്രീലങ്കന്‍ ഭരണഘടനയുടെ 13-ാം ഭേദഗതി സംബന്ധിച്ച ചര്‍ച്ചകള്‍ പക്ഷേ വലിയ പ്രതിഷേധമാണ് ശ്രീലങ്കയില്‍ വിളിച്ചുവരുത്തിയത്. പ്രസിഡന്റ് റനില്‍ വിക്രമസിംഗെക്ക് 13-ാം ഭരണഘടന ഭേദഗതി നടപ്പാക്കാനുള്ള അധികാരമില്ലെന്നാണ് ശ്രീലങ്കയുടെ ഭരണകക്ഷിയും വിക്രമസിംഗെയെ അധികാരത്തിലെത്തിക്കുകയും ചെയ്ത ശ്രീലങ്ക പൊതുജന പെരമുന തിരിച്ചടിച്ചത്. തിരഞ്ഞെടുപ്പിനെ നേരിടാത്തപക്ഷം പതിമൂന്നാം ഭേദഗതി നടപ്പിലാക്കാന്‍ വിക്രമസിംഗെയ്ക്ക് ധാര്‍മിക അവകാശമില്ലെന്നും ശ്രീലങ്ക പൊതുജന പെരമുന ജനറല്‍ സെക്രട്ടറി സാഗര കാര്യവാസം തുറന്നടിച്ചു. ന്യൂഡല്‍ഹിയില്‍ മോദിയുമായി വിക്രമസിംഗെ നടത്തിയ കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകള്ക്കുള്ളാണ് ശ്രീലങ്കന്‍ പാര്‍ട്ടി സ്വരം കടുപ്പിച്ചത്. രാജ്യത്തെ തീവ്രസിംഹള ഗ്രൂപ്പുകളും ഇതേനിലപാട് തന്നെയാണ് സ്വീകരിച്ചത്. എന്തു സംഭവിച്ചാലും 13-ാം ഭരണഘടന ഭേദഗതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുന്നവരുമുണ്ട്. എന്താണ് ശ്രീലങ്കന്‍ ഭരണഘടനയുടെ 13-ാം ഭേദഗതി? എന്തുകൊണ്ടാണ് ഇത് തമിഴ് ജനതയ്ക്ക് ഇത് നിര്‍ണായകമാകുന്നത്? എന്തിനാണ് ഭേദഗതിയെ ശ്രീലങ്കയിലെ തീവ്രസിംഹള വിഭാഗം അന്ധമായി എതിര്‍ക്കുന്നത്? ഭേദഗതി നടപ്പിലായാല്‍ എന്താണ് അവര്‍ക്ക് ദോഷം? എന്തുകൊണ്ടാണ് ഇത് നടപ്പാക്കാന്‍ ഇന്ത്യ, ശ്രീലങ്കയെ പ്രേരിപ്പിക്കുന്നത്?

പാലിക്കാനാകാത്ത വാഗ്ദാനം
പ്രസിഡന്റ് റനില്‍ വിക്രമസിംഗെ നടത്തിയ പ്രസ്താവനയോ അതിനെതിരായ പ്രതിഷേധങ്ങളോ ഒന്നും ശ്രീലങ്കക്കാര്‍ക്ക് പുതിയതല്ല. മഹിന്ദ രാജപക്സെ ഉള്‍പ്പെടെയുള്ള മുന്‍ പ്രസിഡന്റുമാര്‍ ഒന്നിലധികം തവണ ഇതേ വാഗ്ദാനം നല്‍കിയിട്ടുണ്ട്. ശ്രീലങ്കയിലെ സിംഹള ഗ്രൂപ്പുകള്‍ അന്നും പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടത്തി. അതേസമയം തുല്യതയും ഭരണത്തില്‍ പങ്കാളിത്തവും സ്വയം നിര്‍ണയാവകാശവും ആവശ്യപ്പെടുന്നത് ശ്രീലങ്കന്‍ തമിഴര്‍ തുടര്‍ന്നുപോരുകയും ചെയ്തു. അധികാര വികേന്ദ്രീകരണം നാല് പതിറ്റാണ്ടായി ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടും നാളിതുവരെ അതിനായി നിയമനിര്‍മാണം നടപ്പിലാക്കിയിട്ടില്ല. 13-ാം ഭരണഘടനാ ഭേദഗതി ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം എപ്പോഴും വിവാദവിഷയമാണ്. സിംഹള ദേശീയ പാര്‍ട്ടികളും തമിഴ് സംഘടനകളും ഒരുപോലെ ഇതിനെ ശക്തിയായി എതിര്‍ക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ അധികാരം കവര്‍ന്നെടുക്കുന്നതാണ് ഇതെന്നാണ് സിംഹള പാര്‍ട്ടികളുടെ വാദം. ഭേദഗതിയെ എതിര്‍ത്ത് സായുധ കലാപത്തിന് നേതൃത്വം നല്കിയ ജനതാ വിമുക്തി പെരമുന (ജെ.വി.പി) ഉള്‍പ്പെടെയുള്ള സിംഹള രാഷ്ട്രീയത്തിലെ വലിയൊരു വിഭാഗം ഇതിനെ ഇന്ത്യന്‍ ഇടപെടലായാണ് കണ്ടത്. ഭേദഗതി നിലവില്‍ വന്നാല്‍ പ്രവിശ്യാതലത്തില്‍ തമിഴര്‍ക്ക് കൂടുതല്‍ അധികാരം ലഭിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. കേന്ദ്ര സര്‍ക്കാരിന് ഭീഷണിയായാണ് അവര്‍ അതിനെ കാണുന്നത്. രാജ്യത്തെ ഏഴ് സിംഹള ഭൂരിപക്ഷ പ്രദേശങ്ങള്‍ ഉള്‍പ്പെടെ ഒമ്പത് പ്രവിശ്യകളിലേക്കും ഒരേ അളവിലുള്ള അധികാരം ലഭിക്കുമെന്ന വസ്തുത അവര്‍ അവഗണിക്കുന്നു. പ്രസിഡന്റ് ജയവര്‍ദ്ധനെ ഒപ്പിട്ടെങ്കിലും അയല്‍ക്കാരായ ഇന്ത്യയുടെ അടിച്ചേല്പ്പിക്കലായാണ് അവര്‍ ഇതിനെ പരിഗണിച്ചത്.
മറുവശത്ത് തമിഴ് രാഷ്ട്രീയപാര്‍ട്ടികള്‍, പ്രത്യേകിച്ച് തമിഴ് രാഷ്ട്രത്തിനായി വാദിക്കുന്നവര്‍ 13-ാം ഭേദഗതി തങ്ങളുടെ ആവശ്യങ്ങള്‍ക്ക് പര്യാപ്തമാണെന്ന് ഒരുകാലത്തും സമ്മതിക്കുന്നില്ല. സ്വയംഭരണം വളരെ കുറഞ്ഞുപോയെന്നാണ് തമിഴ് സംഘടനകള്‍ കരുതുന്നത്. നിലവില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന അധികാരവികേന്ദ്രീകരണം പോലും അര്‍ഥവത്തായ ഒരു സ്വയംഭരണം നല്‍കില്ലെന്നാണ് തമിഴ് വംശജര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഒരു രാഷ്ട്രീയ ഒത്തുതീര്‍പ്പിലേക്ക് എത്തിച്ചേരാനുള്ള ശ്രമങ്ങളുടെ ഒരു തുടക്കമായാണ് ചിലര്‍ ഇതിനെ കാണുന്നത്. അപര്യാപ്തമാണെന്ന് വ്യാപകമായി പറയുന്നുണ്ടെങ്കിലും ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തമിഴ് പ്രശ്നത്തിന് പരിഹാരം കാണുന്നതിനുള്ള ഏക ഭരണഘടനാ വ്യവസ്ഥയാണ് പതിമൂന്നാം ഭേദഗതി ഭേദഗതി എന്നത് തന്നെയാണ് ഇതിന് കാരണം. 1948-ല്‍ ശ്രീലങ്ക സ്വതന്ത്രമായത് മുതല്‍ വളര്‍ന്നുവരുന്ന സിംഹള-ബുദ്ധ ഭൂരിപക്ഷവാദത്തിന്റെയും സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ പ്രശ്നപരിഹാരത്തിലേക്കുള്ള ഒരു കാല്‍വെപ്പായിരുന്നു അത്. പ്രവിശ്യകള്‍ക്ക് കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം, പ്രാദേശിക ഭരണം, ആസൂത്രണം, റോഡ് ഗതാഗതം, സാമൂഹിക സേവനങ്ങള്‍ എന്നിവയില്‍ നിയമനിര്‍മാണ ഭേദഗതി പ്രകാരം അധികാരം ലഭിക്കും. പക്ഷേ, അവ്യക്തമായ കണ്‍കറന്റ് ലിസ്റ്റും ഭരണഘടനയിലെ ചില അസാധുവാക്കല്‍ വ്യവസ്ഥകളും കാരണം കേന്ദ്ര സര്‍ക്കാരില്‍ തന്നെയായിരിക്കും അപ്പോഴും അധികാരം കേന്ദ്രീകരിക്കുക.

എന്താണ് ശ്രീലങ്കന്‍ ഭരണഘടനയുടെ 13-ാം ഭേദഗതി?
രണ്ടേകാല്‍ കോടിയോളം ജനങ്ങള്‍ അധിവസിക്കുന്ന ശ്രീലങ്ക 1948-ലാണ് ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നത്. ജനസംഖ്യയില്‍ ഭൂരിപക്ഷമായ സിംഹളരാണ് ശ്രീലങ്കയുടെ ഭരണ-രാഷ്ട്രീയ രംഗത്ത് മേധാവിത്വം പുലര്‍ത്തിയിരുന്നത്. ശ്രീലങ്കന്‍ തമിഴര്‍, ഇന്ത്യന്‍ തമിഴര്‍, മുസ്ലിങ്ങള്‍, ആദിവാസികള്‍ എന്നിവരുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളില്‍ ഇത് വലിയ എതിര്‍പ്പുണ്ടാക്കിയിരുന്നു. സ്വാതന്ത്ര്യം നേടിയതിനുശേഷം ശ്രീലങ്കയില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്ന തമിഴര്‍ വടക്കന്‍, കിഴക്കന്‍ മേഖലകളില്‍ രാഷ്ട്രീയ സ്വയംഭരണം ആവശ്യപ്പെട്ടിരുന്നു. ശ്രീലങ്കയിലെ എല്ലാ അധികാരങ്ങളും സിംഹളരില്‍ കേന്ദ്രീകരിച്ചിരിച്ചതാണ് സ്വയംഭരണ രാഷ്ട്രം എന്ന ചിന്തയിലേക്ക് തമിഴരെ എത്തിച്ചത്. 1978-ലെ ഭരണഘടന പ്രകാരം ശ്രീലങ്കയില്‍ ഒരു കേന്ദ്രീകൃത ഭരണസംവിധാനമാണ് ഉണ്ടായിരുന്നത്. ഇത് പ്രകാരം എല്ലാ അധികാരങ്ങളും കേന്ദ്രത്തില്‍ നിക്ഷിപ്തമായിരുന്നു. ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം (എല്‍.ടി.ടി.ഇ.) സ്ഥാപിച്ചതിന് പിന്നാലെ 1983-ല്‍ അവരുടെ നേതൃത്വത്തില്‍ രക്തരൂഷിത കലാപങ്ങള്‍ അരങ്ങേറി. തമിഴ് ഭൂരിപക്ഷപ്രദേശത്ത് സ്വയംഭരണം ആവശ്യപ്പെട്ടുള്ളതായിരുന്നു ഈ കലാപങ്ങള്‍. പിന്നീട് തമിഴ് വംശജരുടെ കലാപം ശക്തി പ്രാപിക്കുകയും അത് സര്‍ക്കാരും എല്‍.ടി.ടി.ഇയും തമ്മിലുള്ള രക്തരൂക്ഷിതമായ സംഘട്ടനമായി മാറുകയും ചെയ്തു.
പിന്നീട് ശ്രീലങ്കയിലെ സിംഹളരും തമിഴ് വംശജരും തമ്മിലുള്ള വംശീയ സംഘര്‍ഷം പരിഹരിക്കുന്നതിനായി ഇന്ത്യ ഇടപെട്ടു. ഇത് പ്രകാരം 1987-ല്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ശ്രീലങ്കന്‍ പ്രസിഡന്റ് ജെ.ആര്.ജയവര്‍ദ്ധനെയും തമ്മില്‍ ഇന്ത്യ-ലങ്കാ കരാര്‍ ഒപ്പുവെച്ചു. ഇതിന്റെ ഭാഗമായാണ് 13-ാം ഭരണഘടന ഭേദഗതി കൊണ്ടുവരുന്നത്. 1987-ലെ കരാറില്‍ രാജ്യത്തെ പ്രവിശ്യകളിലെ സര്‍ക്കാരുകള്‍ക്ക് ചില അധികാരങ്ങള്‍ കൈമാറുന്നതിനായി ഭരണഘടനാ ഭേദഗതി ചെയ്യാനും അതുവഴി ആഭ്യന്തരയുദ്ധത്തിന് ഭരണഘടനാപരമായ പരിഹാരം കണ്ടെത്താനും നിര്‍ദേശിച്ചിരുന്നു. സിംഹള ഭൂരിപക്ഷ പ്രദേശങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ ഒമ്പത് പ്രവിശ്യകള്‍ക്ക് ഭൂമി, പോലീസ്, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ധനകാര്യം തുടങ്ങിയ മേഖലകളില്‍ അധികാരം നല്‍കുന്നതായിരുന്നു ഭേദഗതി. പ്രവിശ്യാ കൗണ്‍സില്‍ സംവിധാനവും അധികാരവിഭജനവും 13-ാം ഭേദഗതി വ്യവസ്ഥ ചെയ്തിരുന്നു. തമിഴിനെ ഔദ്യോഗിക ഭാഷയാക്കാനും ഇംഗ്ലീഷിനെ ലിങ്ക് ഭാഷയാക്കാനും ഭേദഗതി വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ വ്യവസ്ഥകള്‍ മാറിമാറി വന്ന ശ്രീലങ്കന്‍ സര്‍ക്കാരുകള്‍ ഒരുകാലത്തും പൂര്‍ണമായി നടപ്പിലാക്കിയില്ല. തുടക്കത്തില്‍ വടക്ക്, കിഴക്കന്‍ പ്രവിശ്യകള്‍ സംയോജിപ്പിച്ച് ഒരു വടക്ക്-കിഴക്കന്‍ പ്രവിശ്യാ കൗണ്‍സില്‍ രൂപീകരിച്ചുവെങ്കിലും സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ഇവ വേര്‍പ്പെടുത്തി.

ഭരണഘടനാ ഭേദഗതിയുടെ അനന്തരഫലങ്ങള്‍
ശ്രീലങ്കയുടെ വടക്കന്‍, കിഴക്കന്‍ മേഖലകളില്‍ സായുധ പോരാട്ടം തുടരുമ്പോള്‍ തന്നെ, ഭേദഗതിക്ക് ശേഷം മറ്റ് പ്രവിശ്യകള്‍ക്ക് കൂടുതല്‍ സ്വയംഭരണാവകാശം ലഭിച്ചു. തിരഞ്ഞെടുക്കപ്പെട്ട പ്രവിശ്യാ കൗണ്‍സിലുകള്‍ക്ക് (ഇന്ത്യയിലെ സംസ്ഥാന അസംബ്ലികള്‍ക്ക് സമാനമായി) കൃഷി, റോഡ് ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ നിയമനിര്‍മാണം നടത്താന്‍ അനുവദിച്ചിരുന്നു. എന്നാല്‍ അധികാര വിഭജനം ഒരിക്കലും പൂര്‍ണമായി നടന്നിരുന്നില്ല. പകരം കേന്ദ്ര സര്‍ക്കാര്‍ ഭൂമി, പോലീസ് എന്നിവയ്ക്ക് മേലുള്ള അധികാരങ്ങള്‍ നിലനിര്‍ത്തി. പരിമിതമായ ഈ അധികാര വികേന്ദ്രീകരണത്തില്‍ ഒരു വിഭാഗം അതൃപ്തരായിരുന്നുവെങ്കിലും കടുത്ത ദേശീയവാദികള്‍ ഇതുപോലും കേന്ദ്രസര്‍ക്കാരിനെ ദുര്ബപ്പെടുത്തുന്നുവെന്ന പരാതിയാണ് ഉയര്‍ത്തിയത്. 13-ാം ഭേദഗതി ഇന്ത്യ അടിച്ചേല്‍പ്പിക്കുന്നു എന്നായിരുന്നു സിംഹള ദേശീയവാദികളുടെ പരാതി. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അവര്‍ അതിനെ എതിര്‍ത്തത്. എന്നാല്‍ ഭരണഘടനാ ഭേദഗതിയെ ശക്തമായി എതിര്‍ത്തിരുന്ന സിംഹള രാഷ്ട്രീയ കക്ഷികള്‍ പലരും പ്രവിശ്യാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടെന്നതാണ് മറ്റൊരു വിരോധാഭാസം. ഇത് ദേശീയ പാര്‍ട്ടികളെ രാജ്യത്തുടനീളം അവരുടെ സാന്നിധ്യവും സംഘടനാ സംവിധാനവും ശക്തിപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട് എന്നതും വസ്തുതയാണ്.
അധികാരവിഭജനം പ്രാഥമികമായി നടപ്പിലാക്കുവാന്‍ ഉദ്ദേശിച്ചിരുന്ന പ്രദേശങ്ങള്‍ക്ക് ഒരിക്കലും അതില്‍ നിന്ന് പ്രയോജനം ഉണ്ടായില്ല എന്നതാണ് മറ്റൊരു വസ്തുത. കരാര്‍ പ്രകാരം വടക്ക്, കിഴക്കന്‍ പ്രവിശ്യകള്‍ താല്‍ക്കാലികമായി ലയിപ്പിക്കുകയും പിന്നീട്, അവ ഒരുമിച്ച് നില്‍ക്കണോ അതോ രണ്ട് പ്രത്യേക പ്രവിശ്യാ കൗണ്‍സിലുകള്‍ വേണോ എന്ന് തീരുമാനിക്കാന്‍ ഒരു ഹിതപരിശോധന നടത്തുകയും വേണമായിരുന്നു. അതുപ്രകാരം ഏകീകൃത വടക്കു-കിഴക്കന്‍ പ്രവിശ്യയിലേക്കുള്ള തിരഞ്ഞെടുപ്പ് 1988 നവംബര്‍ 19-ന് നടന്നു. എന്നാല്‍, 1990 മാര്ച്ചില്പ്രവിശ്യ മുഖ്യമന്ത്രി അണ്ണാമലൈ വരദരാജ പെരുമാള്‍ ഒരു സ്വതന്ത്ര 'ഈഴം' പ്രഖ്യാപിക്കാനുള്ള പ്രമേയം കൗണ്‍സിലില്‍ അവതരിപ്പിച്ചു. ഇത് കൗണ്‍സില്‍ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ രാഷ്ട്രപതി രണസിംഗെ പ്രേമദാസയെ പ്രേരിപ്പിച്ചു. പിന്നീട് രണ്ട് പ്രവിശ്യകളിലെയും ഹിതപരിശോധ ഒരിക്കലും നടന്നിട്ടില്ല. ലയനം നിയമവിരുദ്ധമാണെന്ന് 2006-ല്‍ ശ്രീലങ്കയുടെ സുപ്രീം കോടതി വിധിച്ചു. അങ്ങനെ 2007 ജനുവരി 1-ന് വടക്കന്‍, കിഴക്കന്‍ പ്രവിശ്യകള്‍ വീണ്ടും വേര്‍പിരിഞ്ഞു. കിഴക്കന്‍ പ്രവിശ്യാ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പ് 2008 മെയ് 10-ന് നടന്നു. ഒടുവില്‍ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്ന 2013 സെപ്റ്റംബര്‍ 21 വരെ വടക്കന്‍ പ്രവിശ്യ കൊളംബോയുടെ ഭരണത്തിന് കീഴിലായിരുന്നു. സിംഹളര്‍ക്ക് മേല്‍ക്കൈയുള്ള പ്രവിശ്യകളില്‍ പതിവായി തിരഞ്ഞെടുപ്പുകള്‍ നടക്കുകയും ഇവിടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ജനകീയ മുഖം നേടുകയും ചെയ്തു. പക്ഷേ, വടക്ക്, കിഴക്കന്‍ മേഖലകള്‍ ദീര്‍ഘകാലം കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരുന്നു.
എന്തുകൊണ്ട് 13-ാം ഭരണഘടനാ ഭേദഗതി നടപ്പായില്ല ?
തമിഴ്മേഖലയ്ക്ക് സ്വയംഭരണം വിഭാവനം ചെയ്യുന്ന പതിമൂന്നാം ഭേദഗതിയെ ഭൂരിപക്ഷം വരുന്ന സിംഹള വംശജരും തീവ്ര സിംഹള ദേശീയപാര്‍ട്ടികളും ശക്തമായി എതിര്‍ത്തു. ഇത് ശ്രീലങ്കന്‍ ഭരണകൂടത്തിന്റെ ഏകീകൃത സ്വഭാവത്തെ തകര്‍ക്കുമെന്ന് അവര്‍ വാദിച്ചു. കൂടാതെ, ശ്രീലങ്കന്‍ കാര്യങ്ങളില്‍ ഇന്ത്യന്‍ ഇടപെടുന്നതിന്റെ അടയാളമായാണ് സിംഹള പാര്‍ട്ടികള്‍ ഇന്ത്യ-ലങ്കാ കരാറിനെ കണ്ടത്. അതിനാല്‍ തന്നെ മാറിമാറിവന്ന ശ്രീലങ്കന്‍ സര്‍ക്കാരുകള്‍ ഭൂമി, പോലീസ് അധികാരങ്ങള്‍ പ്രവശ്യകളുമായി പങ്കുവെയ്ക്കാന്‍ വിസമ്മതിച്ചു. ജനതാ വിമുക്തി പെരമുന (ജെ.വി.പി.), നാഷണല്‍ ഫ്രീഡം ഫ്രണ്ട് (എന്‍.എഫ്.എഫ്) തുടങ്ങിയ സിംഹള പാര്‍ട്ടികള്‍ ഭേദഗതി പിന്‍വലിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയാണ്. ക്യാബിനറ്റ് മന്ത്രിമാര്‍ മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പ്രവിശ്യാ കൗണ്‍സിലുകള്‍ നിര്‍ത്തലാക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളാനകളായാണ് പലരും പ്രവിശ്യാ കൗണ്‍സിലുകളെ കാണുന്നത്. ഒരു ചെറിയ രാജ്യത്ത് പ്രവിശ്യകള്‍ കേന്ദ്രത്തിന് ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയുമെന്നും ഇതിനായി പ്രത്യേക ഭരണസംവിധാനം ആവശ്യമില്ലെന്നും അവര്‍ വാദിക്കുന്നു. തമിഴ് ന്യൂനപക്ഷവുമായി ഏതെങ്കിലും രാഷ്ട്രീയ അധികാരം പങ്കിടുന്നതിനെ അടിസ്ഥാനപരമായി എതിര്‍ക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
മറുവശത്ത്, പ്രവിശ്യാ കൗണ്‍സിലുകളെ അര്ത്ഥവത്തായതാക്കുന്നതിന് ആവശ്യമായ അധികാര വികേന്ദ്രീകരണം ഭരണഘടനാ ഭേദഗതി വഴി ഉറപ്പാക്കുന്നില്ലെന്നാണ് തമിഴ് വംശജരുടെ ആരോപണം. ശ്രീലങ്കയുമായി കരാര്‍ ഒപ്പിട്ടതുമുതല്‍ 13-ാം ഭേദഗതി നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഇന്ത്യ ഊന്നിപ്പറഞ്ഞിട്ടുണ്ട്. വംശീയപ്രശ്നത്തില്‍ ശാശ്വതമായ പരിഹാരത്തിന് തമിഴ് പ്രദേശങ്ങള്‍ക്ക് അധികാരം നല്‍കേണ്ടത് ആവശ്യമാണെന്ന് ഇന്ത്യ എല്ലാഘട്ടത്തിലും ആവര്‍ത്തിച്ച് പറയാറുണ്ട്. തമിഴ് സമൂഹത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രീലങ്കയില്‍ പതിമൂന്നാം ഭേദഗതി പൂര്‍ണമായും നടപ്പാക്കണമെന്ന് ഈ വര്‍ഷമാദ്യം, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ റനില്‍ വിക്രമസിംഗെയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം പറഞ്ഞിരുന്നു. 2022-ലും 2021-ലും ജനീവയില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ (യു.എന്‍.എച്ച്.ആര്.സി.) സമ്മേളനത്തില്‍ 13-ാം ഭേദഗതി നടപ്പാക്കാന്‍ ഇന്ത്യ ശ്രീലങ്കയോട് ആവശ്യപ്പെട്ടിരുന്നു.

നടപ്പാകുമോ തിമിഴ് സ്വയംഭരണം?
ശ്രീലങ്കയിലെ തമിഴ് വംശജരുടെ പ്രശ്നത്തില്‍ ഇന്ത്യ ചരിത്രപരമായി ഇടപെട്ടിരുന്നുവെങ്കിലും വിഷയത്തില്‍ രാജ്യത്തിന്റെ താല്പര്യം കുറയുന്നതായാണ് തമിഴ് സമൂഹത്തിന്റെ വലിയ ആരോപണം. ശ്രീലങ്കയിലെ ചൈനീസ് സ്വാധീനത്തെ ചെറുക്കുന്നതില്‍ മുന്‍കൈയെടുക്കുന്ന ഇന്ത്യ, പതിമൂന്നാം ഭേദഗതി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പതിവ് പ്രസ്താവനകള്‍ നടത്തുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ലെന്നാണ് വിമര്‍ശനം. പതിറ്റാണ്ടുകള്‍ നീണ്ട നിരന്തര പ്രക്ഷോഭങ്ങള്‍ക്കും സായുധ പോരാട്ടങ്ങള്‍ക്കും ശേഷവും തമിഴരുടെ പ്രശ്നം ഇന്നും പരിഹരിക്കപ്പെടാതെ അവശേഷിക്കുന്നത് ചൂണ്ടിക്കാണിച്ചാണ് അവര്‍ വിമര്‍ശനം ഉന്നയിക്കുന്നത്. ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം തമിഴ് പ്രശ്നം വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണെന്നാണ് അവര്‍ ആരോപിക്കുന്നത്. ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് തമിഴ് രാഷ്ട്രീയത്തില്‍ ശ്രീലങ്കന്‍ തമിഴ് പ്രശ്നം എല്ലാക്കാലത്തും നേരിട്ട് സ്വീധീനം ചെലുത്താറുണ്ട്. ഇന്ത്യന്‍ തമിഴരില്‍ ഒരു വിഭാഗം എല്ലാ കാലത്തും എല്‍.ടി.ടി.ഇയേയും അതിന്റെ തലവന്‍ വോലുപ്പിള്ള പ്രഭാകരനെയും പിന്തുണച്ചു പോന്നിരുന്നവരാണ്. ശ്രീലങ്കന്‍ സൈന്യം അദ്ദേഹം കൊല്ലപ്പെട്ടുവെന്ന് വിശ്വസിക്കാന്‍ ഇനിയും കൂട്ടാക്കാത്ത തീവ്രമായി പിന്തുണയ്ക്കുന്നവരും തമിഴ്നാട്ടിലുണ്ടെന്നത് വസ്തുതയാണ്. ഈ വര്‍ഷം ഫെബ്രുവരിയില്‍ വേള്‍ഡ് തമിഴ് കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് പി.നെടുമാരന്, പ്രാഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്നും ഉടന്‍ തന്നെ തമിഴ് വംശത്തിന്റെ വിമോചനത്തിനായി ഒരു പദ്ധതി പ്രഖ്യാപിക്കുമെന്നും അവകാശപ്പെട്ടിരുന്നു.
മറ്റൊന്ന് മേഖലയില്‍ ചൈനയുടെ ഇടപെടലാണ്. വേഗത്തിലുള്ള പദ്ധതികള്‍ നടപ്പാക്കി തമിഴ് സമൂഹത്തിന്റെ വിശ്വാസം നേടിയെടുത്ത് പ്രശ്നം തന്ത്രപരമായി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് ചൈനയും. ഈ വസ്തുത ഇന്ത്യയ്ക്കും നന്നായി അറിയാം. നേരത്തെ 2021 ഡിസംബറില്‍, ശ്രീലങ്കയിലെ ചൈനയുടെ അംബാസഡര്‍, ക്വി ഷെന്‍ഹോങ്, തമിഴ് ഭൂരിപക്ഷമുള്ള ജാഫ്ന സന്ദര്‍ശിച്ചിരുന്നു. ചൈനീസ് ഉദ്യോഗസ്ഥന്റെ ഈ നീക്കം ഇന്ത്യയെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ചൈന കണക്കുകൂട്ടി തന്നെയായിരുന്നു വിഷയത്തില്‍ ഇടപെട്ടത്. ഇന്ത്യയുമായി ശ്രീലങ്കയില്‍ സ്വാധീനം ഉറപ്പിക്കാന്‍ മത്സരിക്കുന്നുവെങ്കിലും അടിസ്ഥാനപരമായി തമിഴ് പ്രശ്നത്തിലേക്ക് ചൈന ഇറങ്ങി വന്നിട്ടില്ല. ഇരുവര്‍ക്കുമിടയില്‍ ശ്രീലങ്ക ഒരു കളിക്കളമായി മാറുന്ന സാഹചര്യത്തില്‍ ഇരുപക്ഷവും തമിഴ് അനുരഞ്ജന പ്രശ്നം ഉന്നയിച്ചേക്കുമെന്ന് പ്രതീക്ഷ ചില കോണുകള്ക്കെങ്കിലുമുണ്ട്. ഇതെല്ലാമാണെങ്കിലും ശ്രീലങ്ക വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറിവരുന്നതേയുള്ളൂ. അതിനാല്‍ തന്നെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തലാണ് പ്രഥമ പരിഗണന. ഈ സാഹചര്യത്തില്‍ വംശീയ സംഘര്‍ഷം ഉടന്‍ പരിഹരിക്കപ്പെടുമെന്ന് വിശ്വാസം തമിഴ് സമൂഹത്തിനില്ല. വിഷയം നീതിപൂര്‍വമായ ഒരു തീര്‍പ്പാണ് അവരും പ്രതീക്ഷിക്കുന്നത്.
Content Highlights: PM Modi urges Sri Lanka President to implement 13th Amendment, What Is it And Why Is It Significant
Published: 31 Jul 2023, 12:37 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented