
സംസ്ഥാനത്തെ ലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് ചികിത്സയുടെ പേരിലുണ്ടാകുന്ന സാമ്പത്തിക ബാധ്യതയില്‍നിന്ന് ആശ്വാസം നല്‍കുന്ന പദ്ധതിയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി അഥവാ കാസ്പ്. സംസ്ഥാനത്തെ ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങളിലെ ഏകദേശം 64 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് ആശുപത്രി ചികിത്സക്കായി പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയാണ് പദ്ധതിയിലൂടെ നല്‍കുന്നത്. കേന്ദ്ര- സംസ്ഥാന ആരോഗ്യ സുരക്ഷാ പദ്ധതികള്‍ സംയോജിപ്പിച്ച് നടപ്പിലാകുന്ന ഈ പദ്ധതിയുടെ പ്രധാനപ്പെട്ട ഭാഗമാണ് സ്വകാര്യ ആശുപത്രികള്‍. ഇപ്പോള്‍ പദ്ധതിയില്‍നിന്ന് പിന്മാറാന്‍ ഒരുങ്ങുകയാണ് സ്വകാര്യ ആശുപത്രികള്‍. പൊതുജന ആരോഗ്യ സുരക്ഷാ മേഖലയില്‍ സാധാരണക്കാര്‍ക്ക് ഏറെ കൈത്താങ്ങായി നിലനിന്നിരുന്ന പദ്ധതി പ്രതിസന്ധിയിലായതെങ്ങനെയാണ്?
എന്താണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി അഥവാ കാസ്പ്?
കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ സംയോജിത പദ്ധതിയായ ആര്‍.എസ്.ബി.വൈ, സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, കേരള സര്‍ക്കാര്‍ പദ്ധതിയായ ചിസ്, ആര്‍.എസ്.ബി.വൈ / ചിസ് കുടുംബങ്ങളിലെ 60 വയസിനും അതിനു മുകളിലും പ്രായമുള്ളവര്‍ക്കായുള്ള സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ എസ്.ചിസ്, ലോട്ടറി വകുപ്പ് വഴി നടപ്പിലാക്കിയ ട്രസ്റ്റ് മോഡല്‍ പദ്ധതിയായ കരുണ്യ ബെനവലന്റ്ഫണ്ട് അഥവാ കെ.ബി.എഫ്, ആയുഷ്മാന്‍ ഭാരത് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന (പി.എം.ജെ.വൈ) എന്നിവയാണ് കാസ്പ് പദ്ധതിയുമായി സംയോജിപ്പിച്ചിരിക്കുന്നത്.
കാസ്പ് പദ്ധതി പ്രകാരം അഞ്ച് ലക്ഷം രൂപ വരെ ചികിത്സക്കായി വിനിയോഗിക്കാം. ഒരു കുടുംബത്തിലെ മുഴുവന്‍ വ്യക്തികള്‍ക്കോ അല്ലെങ്കില്‍ ഒരു വ്യക്തിക്കു മാത്രമായോ ഈ പദ്ധതിയിലൂടെ സഹായം ലഭിക്കും. കുടുംബാംഗങ്ങളുടെ പ്രായ പരിധിയോ കുടുംബാംഗങ്ങളുടെ എണ്ണമോ ഒന്നും ഈ പദ്ധതിയുടെ മാനദണ്ഡമല്ല. പദ്ധതിയില്‍ അംഗമാകുന്ന ഏതൊരു വ്യക്തിക്കും മുന്‍ഗണന മാനദണ്ഡങ്ങളില്ലാതെ ചികിത്സ സഹായം ലഭിക്കുമെന്നതാണ് കാസ്പിനെ മറ്റ് ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്.
വരുമാനം നിര്‍ണയിക്കുന്നതിന് വില്ലേജ് ഓഫീസര്‍ അനുവദിക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തി റേഷന്‍ കാര്‍ഡിലെ വരുമാനം അടിസ്ഥാനമാക്കിയാണ് അര്‍ഹത നിശ്ചയിക്കുന്നത്. കാസ്പ് വഴി സര്‍ക്കാര്‍ ആശുപത്രികളിലോ സര്‍ക്കാര്‍ എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലോ ചികിത്സക്കായി ഓരോ വര്‍ഷവും അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്കു അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിത്സ ലഭ്യമാകും. പരിപൂര്‍ണ്ണമായ ചികിത്സ ഉറപ്പാക്കുന്നതോടൊപ്പം ചികിത്സ രംഗത്തെ വര്‍ധിച്ചു വരുന്ന ചെലവുകളില്‍ സാധാരണക്കാര്‍ക്ക് താങ്ങാവുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
പരിശോധനക്കോ ചികിത്സക്കോ വേണ്ടി ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നതിനു മുമ്പുള്ള മൂന്ന് ദിവസത്തെ ചികിത്സ സംബന്ധമായ ചെലവും കൂടാതെ ആശുപത്രി വാസത്തിനു ശേഷമുള്ള 15 ദിവസത്തെ പ്രസ്തുത ചികിത്സക്കുള്ള മരുന്നുകളും ഈ പദ്ധതിയിലൂടെ നല്‍കുന്നു. കുടുംബാംഗങ്ങങ്ങളുടെ പ്രായം, ലിംഗം എന്നിവ പരിഗണിക്കാതെ എല്ലാ വ്യക്തികള്‍ക്കും ചികിത്സ ആനുകൂല്യം പദ്ധതിയിലൂടെ ലഭിക്കും. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രി എന്ന പരിഗണന കൂടാതെ രാജ്യത്തെ തെരെഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാപനങ്ങളില്‍ നിന്നും പണം ഈടാക്കാതെ പദ്ധതിയിലൂടെ ചികിത്സ ലഭിക്കും. മരുന്നുകള്‍ അനുബന്ധ വസ്തുക്കള്‍, പരിശോധനകള്‍, ഡോക്ടറുടെ ഫീസ്, ഓപ്പറേഷന്‍ തീയറ്റര്‍ ചാര്‍ജുകള്‍, ഐ.സി.യു. ചാര്‍ജ്, ഇംപ്ലാന്റ് ചാര്‍ജുകള്‍ എന്നിവയും ഉള്‍പ്പെടും.
ഇത്രയും വിപുലവും സമഗ്രവുമായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് കാസ്പ്. സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ സാമ്പത്തിക ബാധ്യത താങ്ങാനാകാത്ത സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് താങ്ങായ പദ്ധതിയില്‍നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്മാറുകയാണ്. കാരണം പദ്ധതി വഴി ചികിത്സാ ആനുകൂല്യം നേടിയവര്‍ക്ക് നല്‍കിയ ചികിത്സയുടെ പണം മാസങ്ങളായി സ്വകാര്യ ആശുപത്രികള്‍ക്ക് കിട്ടിയിട്ടില്ല.
കിട്ടാനുള്ളത് ലക്ഷങ്ങള്‍ മുതല്‍ കോടികള്‍ വരെ
മുമ്പ് പറഞ്ഞതുപോലെ പദ്ധതിയില്‍ സ്വകാര്യ ആശുപത്രികളെ എംപാനല്‍ ചെയ്യുമ്പോള്‍ അവരുമായി ഏര്‍പ്പെട്ട ധാരണ പ്രകാരം പണം കൈമാറേണ്ട സമയം പരമാവധി 15 ദിവസമാണ്. അതായത് കാസ്പ് പ്രകാരം ചികിത്സാ ആനുകൂല്യം നേടുന്നവര്‍ ആശുപത്രിയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട് അടുത്ത 15 ദിവസത്തിനുള്ളില്‍ അയാളുമായി ബന്ധപ്പെട്ട ചികിത്സാ ചെലവ് ആശുപത്രിക്ക് കൈമാറണമെന്നാണ് വ്യവസ്ഥ. പക്ഷെ മാസങ്ങളായി ഇത്തരത്തില്‍ പദ്ധതിയുടെ ഭാഗമായതിന്റെ പേരില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കോടികളാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്. 14 കോടി വരെ ലഭിക്കാനുണ്ട് എന്ന് സ്വകാര്യ ആശുപത്രികള്‍ പറയുന്നു. ആകെ 300 കോടിയോളം രൂപ ഇത്തരത്തില്‍ പല സ്വകാര്യ ആശുപത്രികള്‍ക്കായി സര്‍ക്കാര്‍ നല്‍കാനുണ്ട്. എന്തുകൊണ്ടാണ് പണം വൈകുന്നത് എന്നതിനെ സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ മിണ്ടിയിട്ടില്ല.
ഇതോടെ കടുത്ത നടപടിയിലേക്ക് നീങ്ങാനാണ് ആശുപത്രികളുടെ തീരുമാനം. ഒക്ടോബര്‍ ഒന്നു മുതല്‍ കാരുണ്യ പദ്ധതിയുടെ ഭാഗമായി ചികിത്സ ഉണ്ടാകില്ല എന്ന് മിക്ക സ്വകാര്യ ആശുപത്രികളും മുന്നറിയിപ്പ് ബോര്‍ഡുകള്‍ വെച്ചുതുടങ്ങി. പദ്ധതിയില്‍നിന്ന് പിന്മാറുമെന്ന് സര്‍ക്കാരിനെ അറിയിച്ചതോടെ 104 കോടി ആശ്വാസമെന്ന നിലയില്‍ നല്‍കാമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ട്. എന്നാല്‍, ഇതെങ്ങനെയൊക്കെ വീതിച്ച് നല്‍കുമെന്ന കാര്യത്തിലും സ്വകാര്യ ആശുപത്രികള്‍ക്ക് ആശങ്കയുണ്ട്. തീരുമാനത്തില്‍നിന്ന് പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ പിന്മാറാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ അടിയന്തരമായി 104 കോടി അനുവദിച്ചത്.
മിക്ക ആശുപത്രികള്‍ക്കും ഒരു വര്‍ഷം മുതല്‍ ആറ് മാസം വരെയുള്ള പണം കിട്ടാനുണ്ട്. 14 കോടി രൂപ കുടിശ്ശിക കിട്ടാത്തത് ഈ മാസം 26 മുതല്‍ കാരുണ്യ സഹായം ലഭ്യമാക്കില്ലെന്ന് എന്നറിയിച്ച് പെരിന്തല്‍മണ്ണ എം.ഇ.എസ്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബോര്‍ഡ് വെച്ചുകഴിഞ്ഞു. കേന്ദ്രവിഹിതം കൃത്യമായി കിട്ടാത്തത് മുതല്‍, സഹായം കിട്ടുന്നവരുടെ എണ്ണം കൂടിയത് വരെയുള്ള കാരണങ്ങളാണ് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഈ വിശദീകരണത്തില്‍ സ്വാകാര്യ ആശുപത്രികള്‍ തൃപ്തരല്ല. കുടിശ്ശിക മുഴുവന്‍ തീര്‍ക്കാതെ തീരുമാനത്തില്‍ പുനരാലോചന ഇല്ലെന്നതാണ് അവരുടെ തീരുമാനം. പലതവണ ഇക്കാര്യമുന്നയിച്ച് സര്‍ക്കാരിനെ സമീപിച്ചിട്ടും നടപടിയുണ്ടാകാതെ വന്നതോടെയാണ് പദ്ധതിയില്‍നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്മാറുന്നത്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്കും പണമില്ല, സൗജന്യ ചികിത്സ പേരിന് മാത്രം
സ്വകാര്യ ആശുപത്രികള്‍ക്ക് പുറമെ പദ്ധതിയിലുള്‍പ്പെട്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്കും കൊടുക്കാന്‍ സര്‍ക്കാരിന്റെ പക്കല്‍ പണമില്ല. സ്വകാര്യ ആശുപത്രികള്‍ക്ക് കിട്ടാനുള്ളതിന്റെ ഇരട്ടിയിലധികമാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് പണം കിട്ടാനുള്ളത്. അപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കുള്ള ഇംപ്ലാന്റുകളും ഹൃദ്രോഗ ചികിത്സക്കുള്ള ആന്‍ജിയോപ്ലാസ്റ്റിക്ക് വേണ്ട സ്റ്റെന്റുകളും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് നല്‍കുന്നത് ഏജന്‍സികളാണ്. വന്‍തുകയാണ് ഇത്തരം ഏജന്‍സികള്‍ക്ക് നല്‍കാനുള്ളത്. അതിനാല്‍ മുന്‍കൂര്‍ പണം നല്‍കാതെ ഉപകരണങ്ങളും മരുന്നുകളും മറ്റും നല്‍കാന്‍ ഏജന്‍സികള്‍ തയ്യാറാകുന്നുമില്ല. അതുകൊണ്ട് തന്നെ കാരുണ്യ പദ്ധതി നേരിടുന്ന പ്രതിസന്ധി കൂടുതല്‍ ഗുരുതരമാകാനാണ് സാധ്യത.
കോട്ടയം മെഡിക്കല്‍ കോളേജിന് 107 കോടി, കോഴിക്കോട് മെഡിക്കല്‍ കോളേജിന് 100 കോടി, തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 95 കോടി എന്നിങ്ങനെയാണ് കുടിശ്ശികയുള്ളത്. നേരത്തെ 887 കോടി രൂപ മുഴുവന്‍ കുടിശ്ശിക ആയിരുന്നപ്പോള്‍ രണ്ട് തവണയായി 338 കോടി മാത്രം അനുവദിച്ച് ആരോഗ്യവകുപ്പ് തലയൂരിയിരുന്നു. ഇതിന് പുറകെയാണ് 104 കോടി കൂടി അനുവദിക്കുന്നത്. പക്ഷെ കുടിശ്ശികയുടെ കാര്യം നോക്കുമ്പോള്‍ ഈ തുക ഒന്നിനും തികയില്ലെന്നതാണ് യാഥാര്‍ഥ്യം.
"300 കോടിയോളമാണ് സ്വകാര്യ ആശുപത്രികള്‍ക്ക് ലഭിക്കാനുള്ള കുടിശ്ശിക. അതെപ്പോള്‍ തന്ന് തീര്‍ക്കുമെന്ന കാര്യത്തില്‍ ഒരു മറുപടിയും തന്നിട്ടില്ല. ഒക്ടോബര്‍ ഒന്ന് മുതല്‍ പദ്ധതിയില്‍നിന്ന് പിന്മാറുമെന്ന് പറഞ്ഞപ്പോള്‍ 104 കോടി റിലീസ് ചെയ്യുമെന്ന് പറഞ്ഞു. അക്കാര്യത്തിലും വ്യക്തമായ അറിയിപ്പൊന്നും വന്നിട്ടില്ല. 15 ദിവസത്തിനുള്ളില്‍ ചികിത്സയ്ക്ക് ചെലവായ തുക കൈമാറണമെന്നതാണ് സര്‍ക്കാരുമായുള്ള ധാരണ. അത് ലംഘിക്കപ്പെട്ടു. മാസങ്ങളായി കുടിശ്ശികയായിട്ട്. 14 കോടിയോളം വരെ കിട്ടാനുള്ള ആശുപത്രികളുണ്ട്. ഈ സാഹചര്യത്തില്‍ തുടര്‍ന്നുപോകാന്‍ ബുദ്ധിമുട്ടാണ്. മുഴുവന്‍ കുടിശ്ശികയും തീര്‍ക്കാതെ പദ്ധതിയുമായി മുന്നോട്ടുപോകില്ല എന്നാണ് ഞങ്ങളുടെ തീരുമാനം. ഈ പദ്ധതി തുടര്‍ന്നുകൊണ്ട് പോകാന്‍ സര്‍ക്കാരിന് താത്പര്യമില്ല എന്നാണ് ഞങ്ങള്‍ക്ക് മനസിലാകുന്നത്. ഒരു പദ്ധതി പ്രഖ്യാപിച്ചാല്‍ അതിനായി പണം നീക്കിവെക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. ഇവിടെ അത് പാലിച്ചില്ല. സാധാരണക്കാരുടെ ചികിത്സയ്ക്ക് ചെലവായ തുകയാണ്. സാമ്പത്തിക പ്രതിസന്ധിയാണെങ്കില്‍ എന്തുകൊണ്ട് മറ്റ് സര്‍ക്കാര്‍ ചെലവുകള്‍ക്ക് തടസമൊന്നുമുണ്ടാകാത്തത്." -
ഹുസ്സൈന്‍ കോയ തങ്ങള്‍, കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ പ്രസിഡന്റ്
Content Highlights: Karunya Health Insurance Scheme
Published: 27 Sept 2023, 02:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented