തിരുവനന്തപുരം: കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതിവഴി രോഗികള്‍ക്ക് സൗജന്യചികിത്സ നല്‍കിയതിന് സര്‍ക്കാര്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് നല്‍കാനുള്ളത് 20 മുതല്‍ 40 കോടിവരെ. ഒന്നരവര്‍ഷത്തോളമുള്ള കുടിശ്ശിക നല്‍കാനുണ്ടെന്നാണ് മാനേജ്മെന്റുകള്‍ ചൂണ്ടിക്കാട്ടുന്നത്. കുടിശ്ശിക നല്‍കാതായതോടെ പല കോളേജുകളും പദ്ധതിയില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്.

To advertise here,

കുടിശ്ശിക നല്‍കിയില്ലെങ്കില്‍ മെഡിക്കല്‍ കോളേജുകളുടെ നടത്തിപ്പ് പ്രതിസന്ധിയിലാവുമെന്ന് ചൂണ്ടിക്കാട്ടി മാനേജ്മെന്റുകള്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് നിവേദനവും നല്‍കി. കുടിശ്ശികയില്‍ പകുതിയെങ്കിലും ഓരോ കോളേജിനും അനുവദിക്കുകയും ബാക്കി ഘട്ടംഘട്ടമായി നല്‍കുകയും ചെയ്താല്‍പ്പോലും പദ്ധതിയില്‍നിന്ന് വിട്ടുനില്‍ക്കുന്ന കോളേജുകള്‍ തിരികെവരുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാരിന്റെ സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്ത് മറ്റുകരാറുകാര്‍ക്ക് നല്‍കുന്നതുപോലെ വിവിധ ബാങ്കുകളുമായി സഹകരിച്ച് സ്വാശ്രയകോളേജുകള്‍ക്ക് ബില്‍ ഡിസ്‌കൗണ്ട് നല്‍കുന്നത് പരിഗണിക്കണമെന്ന് പ്രൈവറ്റ് മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് അനില്‍കുമാര്‍ വള്ളില്‍ ആവശ്യപ്പെട്ടു.