
'നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുന്നോ'
-പ്രശസ്ത കവി കടമ്മനിട്ട രാമകൃഷ്ണന്റെ തീ തുപ്പുന്ന വരികള്‍. കറുത്ത നിറമുള്ള കുറത്തിയുടെയും കുറത്തിയുടെ കറുത്ത മക്കളുടെയും കഥപറയുന്ന കവിത. കടമ്മനിട്ട എന്ന വലിയ കവി തൊണ്ട പൊട്ടികീറും മട്ടില്‍ ഉച്ചത്തില്‍ പാടി കേരളത്തെയാകെ ഞെട്ടിച്ച 'കുറത്തി' എന്ന അതിഗംഭീരമായ കവിതയിലെ മൂര്‍ച്ചയേറിയ വരികള്‍. വര്‍ഷങ്ങള്‍ക്കു ശേഷവും ഇന്നും മലയാളികളുടെയൊക്കെ മനസില്‍ മുഴങ്ങുന്ന വരിയും തന്നെയാണിത്.
1978 കാലത്തെ ഒരു ദിവസം പകല്‍ തിരുവനന്തപുരത്ത് കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസിലെ ഗാന്ധിഭവന്‍ ഓഡിറ്റോറിയത്തിലിരുന്നാണ് കടമ്മനിട്ട കുറത്തി ചൊല്ലുന്നത് ശ്വാസമടക്കിപ്പിടിച്ചിരുന്നു കേട്ടത്. അതൊരു കാഴ്ചകൂടിയായിരുന്നു. ജുബ്ബയും മുണ്ടും ധരിച്ച് മൈക്കിനു മുന്നില്‍ വേദി നിറഞ്ഞു നിന്ന കവി കടമ്മനിട്ട. ഉയര്‍ന്ന ശബ്ദത്തിലാണ് അദ്ദേഹം കവിത ചൊല്ലുന്നത്. കടമ്മനിട്ടക്കവിതകളൊക്കെയും ഇങ്ങനെ ഉച്ചത്തില്‍ ചൊല്ലാനുള്ളതാണ്. 'നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ' എന്ന വരിയാവുമ്പോഴേയ്ക്ക് ശബ്ദം ഏറ്റവും ഉച്ചത്തില്‍... കവിയുടെ കഴുത്തില്‍ ഞരമ്പുകള്‍ വലിഞ്ഞു മുറുകുന്നു. നെറ്റിയില്‍ നിന്ന് വിയര്‍പ്പുതുള്ളികള്‍ ചാലുകളായി ഒഴുകുന്നു.
ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികളും ഗവേഷക വിദ്യാര്‍ത്ഥികളുമാണ് സദസില്‍. വിവിധ വിഷയങ്ങളുടെ ഉന്നതപഠന ഗവേഷണ കേന്ദ്രമാണ് കാര്യവട്ടം കാമ്പസ്. സ്‌പേസ് ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഇക്കണോമിക്‌സ് എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ ഏറ്റവും പുതിയ സിലബസിലാണ് വിദ്യാഭ്യാസം. അതുകൊണ്ടുതന്നെ ഒരുതരം വരേണ്യവിദ്യാര്‍ത്ഥി സമൂഹം തന്നെയാണ് കാമ്പസില്‍. 650-ല്‍ ഏറെ ഏക്കര്‍ വിസ്തൃതിയുണ്ടായിരുന്നു അന്ന് കാമ്പസിന്. അറുന്നൂറോളം വിദ്യാര്‍ത്ഥികളും. യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ്‌സ് യൂണിയനാണ് കടമ്മനിട്ടയെ കവിത ചൊല്ലാന്‍ കാമ്പസിലേക്ക് ക്ഷണിച്ചത്.
യൂണിയന്‍ ചെയര്‍മാന്‍ പ്രിയ ദാസ് ജി മംഗലത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ എം.എ. വിദ്യാര്‍ത്ഥി. ഞാന്‍ ജനറല്‍ സെക്രട്ടറിയും. 1977-ല്‍ കേരള സര്‍വകലാശാല തുടങ്ങിയ ജേര്‍ണലിസം മാസ് കമ്യൂണിക്കേഷന്‍ വകുപ്പിന്റെ ആദ്യ ബാച്ച് വിദ്യാര്‍ത്ഥിയാണ് ഞാന്‍. പ്രവേശന പരീക്ഷ വഴിയായിരുന്നു അഡ്മിഷന്‍. ആലുവ യു.സി. കോളേജില്‍ ബി.എയ്ക്ക് പഠിക്കവെ അടിയന്തരാവസ്ഥക്കാലത്ത് പോലീസ് പിടിയിലായിരുന്നു പ്രിയദാസ്. കാരണം നക്‌സല്‍ ബന്ധം തന്നെ. അന്ന് പോലീസ് കസ്റ്റഡിയിലായാല്‍ എന്താണ് സംഭവിക്കുക എന്ന് പറയേണ്ടതില്ലല്ലോ.
എപ്പോഴും പഠിപ്പിലും ഗവേഷണത്തിലുമെല്ലാം മുഴുകിയിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ മുന്നിലേയ്ക്കാണ് ഞങ്ങള്‍ കടമ്മനിട്ടയെ അവതരിപ്പിച്ചത്. വന്യമായ ഈണത്തില്‍ കടമ്മനിട്ട ചൊല്ലി.
'കരിങ്കണ്ണിന്‍ കട ചുകന്ന്.....
കരിഞ്ചായല്‍ കെട്ടഴിഞ്ഞ്
കാരിരുമ്പിന്‍ ഉടല്‍ വിറച്ച് കുറത്തിയുറയുന്നു
അരങ്ങത്തു മുന്‍നിരയില്‍
മുറുക്കിത്തുപ്പിയും ചുമ്മാ
ചിരിച്ചുകൊണ്ടിടം കണ്ണാല്‍
കുറത്തിയെ കടാക്ഷിക്കും
കരനാഥന്മാര്‍ക്ക് നേരെ
വിരല്‍ ചൂണ്ടിപ്പറയുന്നു
നിങ്ങളെന്റെ കറുത്ത മക്കളെ
ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞ
കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം
കുളം തോണ്ടുന്നോ?
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ
നിങ്ങളായെന്ന്'
കോളേജ് യുവജനോത്സവങ്ങളിലും ഉത്സവപ്പറമ്പുകളിലുമെല്ലാം കവിയരങ്ങ് പതിവു പരിപാടിയായ്ക്കഴിഞ്ഞിരുന്നു, അപ്പോള്‍. അയ്യപ്പപ്പണിക്കര്‍, സച്ചിദാനന്ദന്‍, ഡി. വിനയചന്ദ്രന്‍, സുഗതകുമാരി എന്നിങ്ങനെ മലയാളത്തിന്റെ പ്രധാനകവികളൊക്കെയും കവിയരങ്ങുകളിലെത്തിയ കാലം. അന്നും കവികളിലെ താരം കടമ്മനിട്ട തന്നെയായിരുന്നു. കുറത്തിയിലൂടെ, കുറത്തിയുടെ കറുത്തമക്കളിലൂടെ കേള്‍വിക്കാരുടെ മനസിലേയ്ക്കു തീക്കനലുകള്‍ വാരിവിതറി കടമ്മനിട്ട കേരളത്തെ ത്രസിപ്പിച്ചു. ഏതു വേദിയില്‍ ചെന്നാലും കുറത്തി ചൊല്ലാന്‍ ജനങ്ങള്‍ ഉറക്കെ ആവശ്യപ്പെടുക പതിവായി.
അയ്യപ്പപ്പണിക്കര്‍, വിനയചന്ദ്രന്‍, സുഗതകുമാരി, സച്ചിദാനന്ദന്‍ എന്നീ കവികളെയൊക്കെ ഞങ്ങള്‍ കാമ്പസില്‍ കൊണ്ടുവന്നു. പഠിത്തത്തിലും ഗവേഷണത്തിലും ശ്രദ്ധയൂന്നിയ വിദ്യാര്‍ത്ഥികള്‍. നിറഞ്ഞ കാമ്പസില്‍ യൂണിയന്‍ സംഘടിപ്പിച്ച പരിപാടികള്‍ പുതുമയാര്‍ന്നതായിരുന്നു. ഉറക്കം തൂങ്ങി നിന്ന കാര്യവട്ടം കാമ്പസിനെ കടമ്മനിട്ടയും സുഗതകുമാരിയും അയ്യപ്പപ്പണിക്കരും തട്ടിയുണര്‍ത്തി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ പ്രിയദാസിന്റെ പ്രൊഫസറായിരുന്നു അയ്യപ്പപ്പണിക്കര്‍. അവര്‍ തമ്മിലുള്ള ഗുരു-ശിഷ്യ ബന്ധം പില്‍ക്കാലത്ത് വളരെ വളര്‍ന്നു. അയ്യപ്പപ്പണിക്കരുടെ കവിതകളെക്കുറിച്ച് ആഴത്തില്‍ പഠനം നടത്തി പ്രിയദാസ്. ഈയിടെ കവിതയ്ക്കപ്പുറത്തെ അയ്യപ്പപ്പണിക്കര്‍ എന്ന പുസ്തകം പ്രിയദാസ് പ്രസിദ്ധീകരിക്കുകയും ചെയ്തു.
കോഴ്‌സ് കഴിഞ്ഞയുടനെ ഞാന്‍ മാതൃഭൂമിയില്‍ ചേര്‍ന്നു. എന്റെ ക്ലാസില്‍ത്തന്നെ ഉണ്ടായിരുന്ന എം. ഹരികുമാര്‍ എന്റെ ബാച്ചില്‍ ഇക്കണോമിക്‌സില്‍ പഠിച്ച എം.ജി. രാധാകൃഷ്ണന്‍, സോഷ്യോളജിയില്‍ പഠിച്ച ടി. ശശിമോഹന്‍, എനിക്ക് ശേഷമുള്ള ബാച്ചില്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥിയായിരുന്ന കെ.ജി. ജ്യോതിര്‍ഘോഷ് എന്നിവരും പിന്നാലെ മാതൃഭൂമിയിലെത്തി. ഞങ്ങളുടെ സമയത്ത് സ്‌പേസ് ഫിസിക്‌സ് എം.എസ്.സിക്ക് പഠിച്ച പി. ആര്‍. പരമേശ്വരന്‍ ഐ.എസ്.ആര്‍.ഒയിലൊന്നും ചേരാന്‍ നോക്കാതെ മാതൃഭൂമിയില്‍ ചേര്‍ന്നത് മറ്റൊരു കൗതുകം.
കലാമണ്ഡലം സത്യഭാമ കറുപ്പിനെയും കറുത്ത മനുഷ്യരെയും ആക്ഷേപിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് കണ്ടപ്പോള്‍ കടമ്മനിട്ട കാര്യവട്ടത്തെ വേദിയില്‍ നിവര്‍ന്നുനിന്ന് കൈകള്‍ വീശി കുറത്തി ചൊല്ലുന്നത് ഓര്‍ത്തുപോയി. കടമ്മനിട്ട ചുട്ടുപൊള്ളുന്ന വരികള്‍ ചൊല്ലുന്ന കാഴ്ച. മുട്ടറ്റം വരെ തെരുത്തുമടക്കിവെച്ചിരിക്കുന്ന ജുബ്ബായുടെ കൈകള്‍ ഒന്നുകൂടി ചുരുട്ടിവെച്ച് ചൂണ്ടുവിരല്‍ ആകാശത്തേയ്ക്ക് ആഞ്ഞുവീശി, മുഖത്ത് രൗദ്രഭാവത്തോടെ കുറത്തിയുടെയും കറുത്ത മക്കളുടെയും കഥ കവിതയായി ചൊല്ലുന്ന കടമ്മനിട്ട.
മനസില്‍നിന്ന് ഒരിക്കലും മായാതെ ആ രൗദ്രമുഖവും തീഷ്ണമായ വരികളും. കാര്യവട്ടം കാമ്പസില്‍ ചിതറിക്കിടക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റുകളില്‍നിന്നകലെ ഗാന്ധി ഭവനില്‍ തിങ്ങി നിറഞ്ഞിരിക്കുന്ന ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അതു വലിയൊരനുഭവമായിരുന്നു. കറുപ്പിന്റെ കരുത്ത് ഞങ്ങള്‍ കണ്ടു. ശബ്ദം കേട്ട് കുറത്തിയുടെ സൗന്ദര്യം കണ്ടു. കടമ്മനിട്ടയുടെ കരുത്തും ശക്തിയും തുളുമ്പുന്ന വരികളില്‍ ഞങ്ങള്‍ മതി മറന്നിരുന്നു.
കലാമണ്ഡലം സത്യഭാമ വായിച്ചറിയാന്‍...
Content Highlights: jacob george dedicates kadammanitta poems to sathyabhama
Published: 25 Mar 2024, 03:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented