കൊടുങ്കാറ്റും ഇടിമിന്നലും നിറഞ്ഞ് സദാ പ്രക്ഷുബ്ധമായ അന്തരീക്ഷം. ചുട്ടുപൊള്ളുന്ന ചൂട്. ശരാശരി താപനില 460 ഡിഗ്രി സെൽഷ്യസിന് മുകളിൽ. മഴയായി പെയ്യുന്നത് സൾഫ്യൂരിക് ആസിഡ്. തുടർച്ചയായ അഗ്‌നിപർവത സ്ഫോടനം. പറഞ്ഞുവരുന്നത് ഭുമിയോട് ഏറെ സാമ്യമുള്ള നമ്മുടെ തൊട്ട് അയൽവാസിയായ ശുക്രനെക്കുറിച്ചാണ്. അയൽവാസിയാണെങ്കിലും ആ ബന്ധവുംവെച്ച് ഭൂമിയിൽനിന്ന് അത്ര എളുപ്പത്തിലൊന്നും ശുക്രനിലേക്ക് അടുക്കാനാകില്ല. മുകളിൽ പറഞ്ഞ പ്രതികൂല കാലാവസ്ഥ തന്നെ കാരണം. അതിനാൽ ശുക്രനിലെ രഹസ്യങ്ങൾ കണ്ടെത്തൽ ശാസ്ത്ര ലോകത്തിനും ബഹിരാകാശ ഏജൻസികൾക്കും ശ്രമകരമായ ദൗത്യമാണ്.

To advertise here,

ഈ ദൗത്യം ഏറ്റെടുത്ത് ഇന്ത്യൻ ബഹിരാകാശ ഏജൻസിയും ശുക്രനിലെ രഹസ്യങ്ങൾ തേടി ഇറങ്ങുകയാണ്. ശുക്രയാൻ 1 എന്ന് പേരിട്ട ഐഎസ്ആർഒയുടെ (ഇസ്‌റോ) സ്വപ്നപദ്ധതി 2024 ഡിസംബറിൽ വിക്ഷേപിക്കാനായിരുന്നു ആലോചന. എന്നാൽ ചില തടസങ്ങൾ കാരണം ശുക്രനിലെത്താൻ ഇസ്റോ എട്ടുവർഷംകൂടി കാത്തിരിക്കണം.കേന്ദ്രസർക്കാരിൽ നിന്ന് അന്തിമ അംഗീകാരം ലഭിക്കാത്തതാണ് ശുക്രയാൻ നീളാൻ കാരണം. ഈ സാഹചര്യത്തിൽ ഇനി 2031ൽ ശുക്രയാൻ വിക്ഷേപിക്കുന്നതാണ് നല്ലതെന്നാണ് സതീഷ് ധവാൻ പ്രൊഫസറും ഐഎസ്ആർഒയുടെ ബഹിരാകാശ പദ്ധതികളുടെ ഉപദേശകനുമായ പി. ശ്രീകുമാർ അടുത്തിടെ പറഞ്ഞത്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്സിൽ നടന്ന ഇന്തോ-ഫ്രഞ്ച് ജ്യോതിശാസ്ത്ര യോഗത്തിൽ സംസാരിക്കവെയാണ് ശുക്രയാൻ വൈകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്.

ക്ഷമ വേണം, അടുക്കാൻ സമയമെടുക്കും 

ഓരോ 19 മാസത്തിനും ഇടയിലാണ് ശുക്രൻ ഭൂമിയോട് അടുത്തുവരുന്നത്‌. ഈ ഘട്ടത്തിലാണ് ശുക്രനിലേക്കുള്ള പര്യവേക്ഷണ വാഹനം വിക്ഷേപിക്കാൻ അനുയോജ്യമായ 'ഒപ്റ്റിമൽ ലോഞ്ച് വിൻഡോ' ലഭിക്കുക. ഇത്തരത്തിൽ 2024 ഡിസംബറിലെ ലോഞ്ച് വിൻഡോയിലാണ് ശുക്രയാൻ വിക്ഷേപിക്കാനിരുന്നത്. നേരത്തെ 2023 തുടക്കത്തിൽ വിക്ഷേപിക്കാൻ പദ്ധതിയിട്ടെങ്കിലും കോവിഡ് തീർത്ത പ്രതിസന്ധികൾ മൂലം ഇത് 2024ലേക്ക് നീളുകയായിരുന്നു.

placeholder
സൗരയൂഥം. ബുധൻ കഴിഞ്ഞാൽ സൂര്യനോട് ചേർന്നുള്ള രണ്ടാമത്തെ ഗ്രഹമായി ശുക്രനെ കാണാം. Photo: EPA

ഇനി ഒരുപക്ഷേ 2024ലെ അവസരം നഷ്ടപ്പെട്ടാലും 19 മാസത്തെ ഇടവേള കഴിഞ്ഞ് 2026, 2028 വർഷങ്ങളിൽ ശുക്രയാന് വിക്ഷേപണം സാധ്യമായേനെ. എന്നാൽ വിക്ഷേപണത്തിന് ആവശ്യമായ ഇന്ധനത്തിന്റെ അളവ് കുറയ്ക്കാനുതകുന്ന വിധത്തിൽ ശുക്രനും ഭൂമിയും കൂടുതൽ അടുത്തുവരുന്ന ലോഞ്ച് വിൻഡോ ഓരോ എട്ട് വർഷം കൂടുമ്പോഴും ലഭിക്കും. അതിനാൽ കേന്ദ്ര അംഗീകാരം വൈകുന്ന നിലവിലെ സാഹചര്യത്തിൽ ശുക്രയാന്റെ വിക്ഷേപണം 2031ലേക്ക് മാറ്റുന്നതാണ് നല്ലതെന്ന നിഗമനത്തിലേക്കാണ് ഇസ്‌റോയിലെ ശാസ്ത്രജ്ഞർ എത്തിയത്. അന്തിമ അംഗീകാരവും ദൗത്യത്തിന് ആവശ്യമായി ഫണ്ടും അനുവദിച്ചാൽ ഉടൻതന്നെ ശുക്രയാൻ പേടകത്തിന്റെ അസംബ്ലിയും അന്തിമ പരീക്ഷണങ്ങളും ഇസ്റോയിൽ ആരംഭിക്കും.

ചന്ദ്രനും ചൊവ്വയും കടന്ന് ശുക്രനിലേക്ക്

ചന്ദ്രനിലെ ജലസാന്നിധ്യവും ചൊവ്വയുടെ രഹസ്യങ്ങളും കണ്ടെത്തിയ നേട്ടങ്ങളുടെ പിൻബലത്തിലാണ് ഭൂമിയോട് തൊട്ടടുത്തുള്ള ശുക്രനിലേക്ക് പുതിയ ദൗത്യത്തിന് ഇസ്റോ തയ്യാറെടുക്കുന്നത്. പതിനൊന്ന് വർഷങ്ങൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ 2012ലാണ് ശുക്രന്റെ പര്യവേക്ഷണ സാധ്യതയെക്കുറിച്ച് ഇസ്‌റോയിൽ ചർച്ചകൾ തുടങ്ങിയത്. 2012ലെ തിരുപ്പതി സ്പേസ് മീറ്റിലാണ് ഇതുസംബന്ധിച്ച് കരട് ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് അഞ്ചുവർഷങ്ങൾക്ക് ശേഷം ശുക്രയാൻ ദൗത്യത്തിനുള്ള പ്രാഥമിക പഠനങ്ങൾ ആരംഭിച്ചു. 2017-2018 വർഷത്തെ കേന്ദ്രബജറ്റിൽ ബഹിരാകാശ പര്യവേക്ഷണങ്ങൾക്ക് 23 ശതമാനം അധികവിഹിതമായി വകയിരുത്തിയതാണ് ഇതിലേക്കു നയിച്ചത്. തൊട്ടുപിന്നാലെ ഗവേഷണ സ്ഥാപനങ്ങളിൽ നിന്ന് ശുക്രയാനിലേക്കുള്ള പേലോഡ് (ബഹിരാകാശത്തേക്ക് അയക്കാനുള്ള ശാസ്ത്രീയ ഉപകരണങ്ങൾ) നിർദേശങ്ങളും ഇസ്‌റോ തേടിയിരുന്നു.

ശുക്രയാൻ 1 ലക്ഷ്യം: പ്രധാനമായും ശുക്രനിലെ അന്തരീക്ഷത്തെക്കുറിച്ചും ഉപരിതലത്തെക്കുറിച്ചും പഠിക്കുകയാണ് ശുക്രയാന്റെ ലക്ഷ്യം. ഗ്രഹത്തിലെ പർവതങ്ങളുടെ ഘടന, അഗ്നിപർവതങ്ങൾ, സ്ഥിരമായി പെയ്യുന്ന ആഡിസ് മഴ, കാറ്റിന്റെ വേഗത, കാർബൺ ഡൈ ഓക്‌സൈഡിന്റെ സാന്നിധ്യം, അന്തരീക്ഷ ഉപരിപാളിയായ അയണോസ്ഫിയറിൽ സൗരവാതങ്ങളുടെ പ്രഭാവം എന്നിവയെക്കുറിച്ചും ശുക്രയാൻ പഠിക്കും.

ശുക്രാന്തരീക്ഷത്തിലെ പ്രതികൂല കാലാവസ്ഥ മൂലം ഒരു ബഹിരാകാശ വാഹനത്തെ അവിടെ ഇറക്കുക എന്നത് വലിയ വെല്ലുവിളിയാണ്. മുമ്പ് ശുക്രനിലേക്ക് സോവിയറ്റ് യൂണിയൻ അയച്ച പല ലാൻഡർ ദൗത്യങ്ങളും അവസാന നിമിഷത്തിൽ പരാജയപ്പെട്ടിരുന്നു. അതിനാൽ ഇന്ത്യയുടെ ശുക്രയാൻ ഒരു ഓർബിറ്റർ ദൗത്യമാണ്. അതായത് പേടകം ശുക്രനിൽ ഇറങ്ങില്ല. മറിച്ച് ശുക്രന്റെ അന്തരീക്ഷത്തിലൂടെ ചുറ്റി സഞ്ചരിച്ച് ആവശ്യമായ വിവരങ്ങൾ ശേഖരിച്ച് ഭൂമിയിലേക്ക് എത്തിക്കുകയാണ് ചെയ്യുക. ഈ വിവരങ്ങളിലൂടെ ശുക്രന്റെ ഉള്ളറകളിലേക്കെത്താൻ സാധിക്കുമെന്നാണ് ഇസ്‌റോയുടെ കണക്കുകൂട്ടൽ. ഇതുവരെ ശുക്രനിലേക്ക് പര്യവേക്ഷണം നടത്തിയ ബഹിരാകാശ ഏജൻസികളുടെ ദൗത്യങ്ങൾ അതേപടി അനുകരിക്കാതെ പുതിയ വഴികൾതേടി ആധികാരികമായ തെളിവുകളിലേക്ക് വെളിച്ചംവീശുന്ന പഠനമാണ് ഇസ്‌റോ ലക്ഷ്യംവെക്കുന്നത്.

placeholder
ചിത്രത്തിൽ നക്ഷത്രങ്ങൾക്കൊപ്പം ഏറ്റവും തിളക്കത്തിൽ കാണുന്നത് ശുക്രൻ. Photo: AP

ഭൂമിയുടെ ഇരട്ട, നിലനിൽപ്പ് പ്രയാസം

വലിപ്പംകൊണ്ടും രൂപംകൊണ്ടും ഭൂമിയോട് ഏറെ സാമ്യമുള്ളതിനാൽ ഭൂമിയുടെ ഇരട്ടയെന്ന വിശേഷണം ശുക്രനുണ്ട്. ചൊവ്വയെക്കാൾ ഭൂമിയുടെ ഏറ്റവും അടുത്തുള്ള ഗ്രഹവും ഇതുതന്നെ. ഏകദേശം അഞ്ചു കോടി കിലോമീറ്ററാണ് ഭൂമിയിൽനിന്ന് ശുക്രനിലേക്കുള്ള ദൂരം. പ്രഭാത നക്ഷത്രമെന്നും സാന്ധ്യ നക്ഷത്രമെന്നും ശുക്രന് വിളിപ്പേരുണ്ട്. ശാസ്ത്രം ഇത്രയൊന്നും പുരോഗമിച്ചിട്ടില്ലാത്ത പ്രാചീന കാലത്ത് ഇതിനെ ഒരു നക്ഷത്രമായാണ് ആളുകൾ ധരിച്ചിരുന്നത്. അതാണ് ഈ പേരുകൾ ഈ ഗ്രഹത്തിന് ലഭിക്കാനിടയായത്. മേഘാവൃതമായതും കട്ടികൂടിയതുമായ അന്തരീക്ഷമാണ് ശുക്രനുള്ളത്. ഈ പ്രത്യേകതകൊണ്ട് ഗ്രഹത്തിൽ എത്തുന്ന 70 ശതമാനം സൂര്യപ്രകാശത്തെയും അത് പ്രതിഫലിപ്പിക്കുന്നു. ശുക്രന്റെ വലിയ തിളക്കത്തിന് കാരണം ഇതാണ്.

placeholder
ശുക്രനും ഭൂമിയും. photo: PTI

സൗരയൂഥത്തിൽ സൂര്യനിൽ നിന്നുള്ള ദൂരം കണക്കാക്കുമ്പോൾ രണ്ടാമത്തെ ഗ്രഹമാണ് ശുക്രൻ. സൂര്യനിൽ നിന്ന് 10.8 കോടി കിലോമീറ്റർ ദൂരെയാണ് ശുക്രന്റെ സ്ഥാനം. സൂര്യനോട് ഏറ്റവും ചേർന്നു നിൽക്കുന്ന ഗ്രഹം ബുധൻ ആണെങ്കിലും താപനില താരതമ്യം ചെയ്യുമ്പോൾ ശുക്രനാണ് ചൂടേറിയ ഗ്രഹം. ശുക്രന്റെ ഉപരിതലത്തിൽ അനുഭവപ്പെടുന്ന താപനില 440-480 ഡിഗ്രി സെൽഷ്യസിനുള്ളിലാണെന്നാണ് പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്. ഭൂമിയുടെ അന്തരീക്ഷത്തെക്കാൾ 100 മടങ്ങ് ഭാരക്കൂടുതലുള്ളതാണ് ശുക്രനെ വലയം ചെയ്തുള്ള വാതകങ്ങളും പൊടിപടലങ്ങളും. അതുകൊണ്ടാണ് ശുക്രൻ ചുട്ടുപഴുത്ത ഗ്രഹമായി തുടരുന്നത്. ശുക്രന്റെ കട്ടികൂടിയ അന്തരീക്ഷത്തിൽ 95.6 ശതമാനവും കാർബൺഡൈ ഓക്സൈഡാണ്. മൂന്ന് ശതമാനം നൈട്രജനും. ഭൂമിയുടെ അന്തരീക്ഷത്തിൽ 0.04 ശതമാനമാണ് കാർബൺഡൈ ഓക്സൈഡിന്റെ അളവ്. ഇതുതന്നെ ഭൂമിയുടെ താപനില വളരെയേറെ വർധിപ്പിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ 95 ശതമാനത്തിലേറെ കാർബൺ ഡൈ ഓക്‌സൈഡ് നിറഞ്ഞ ശുക്രനിലെ താപനില വർധിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളു.

ശുക്രനിലെ അന്തരീക്ഷമർദ്ദം ഭൂമിയുടെ 92 മടങ്ങോളം വരും. ഉയർന്ന മർദ്ദവും താപനിലയും മൂലം മനുഷ്യർക്കെന്നല്ല ബഹിരാകാശ പേടകങ്ങൾക്ക് പോലും അവിടെ നിലനിൽപ്പ് പ്രയാസമാണ്. ഇത്ര ഭീകരമായ അന്തരീക്ഷം മൂലമാണ് മുമ്പ് സോവിയറ്റ് യൂണിയൻ അയച്ച പല പേടകങ്ങളും ശുക്രനിൽ ലാൻഡ് ചെയ്ത് നിമിഷങ്ങൾക്കകം ആശയവിനിമയം നഷ്ടപ്പെട്ട് ദൗത്യം പരാജയപ്പെടാൻ കാരണമെന്നാണ് നിഗമനങ്ങൾ.

placeholder
പല ഘട്ടങ്ങളിലായി നാസയുടെ വിവിധ പേടകങ്ങൾ പകർത്തിയ ഗ്രഹങ്ങളുടെ ചിത്രങ്ങൾ (ഭൂമിക്ക് മുകളിലായി ചിത്രത്തിലുള്ളത് ചന്ദ്രൻ). Photo: AFP

ചൂടൻ ഗ്രഹത്തിലേക്ക് പോയിട്ടെന്ത് കാര്യം?

അന്തരീക്ഷ താപനില ഇത്രയേറെ ഉയർന്ന ചുട്ടുപൊള്ളുന്ന ഒരു ഗ്രഹത്തിലേക്ക് ബഹിരാകാശ യാത്ര നടത്തിയതുകൊണ്ട് മനുഷ്യരാശിക്ക് കാര്യമായി എന്തെങ്കിലും പ്രയോജനമുണ്ടോയെന്ന് ചിന്തിക്കുന്നവരുണ്ടാകാം. എന്നാൽ കേട്ടോളു; സൗരയൂഥത്തിൽ ഏതെങ്കിലും തരത്തിലുള്ള സൂക്ഷമജീവികളുണ്ടെങ്കിൽ അത് ഉണ്ടാകാൻ ഏറ്റവും സാധ്യതയുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രൻ. ഫോസ്ഫീൻ എന്ന രാസപദാർഥം ശുക്രന്തരീക്ഷത്തിൽ കണ്ടെത്തിയതായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ജീവികളുടെ സാന്നിധ്യത്തിൽ മാത്രമേ ഈയൊരു വാതകം ഉണ്ടാകു എന്നാണ് പല അസ്‌ട്രോബയോളജിസ്റ്റുകളും വാദിക്കുന്നത്.

അതിനാൽ സൂക്ഷ്മജീവികളുടെ സാന്നിധ്യത്തിലേക്ക് വിരൽചൂണ്ടുന്ന തെളിവുകൾ ശുക്രയാനിൽ ലഭിച്ചാൽ ബഹിരാകാശ ഗവേഷണ രംഗത്തെ നാഴികക്കല്ലാകും അത്. ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ശുക്രനിൽ ജലസാന്നിധ്യം ഉണ്ടായിരുന്നെന്ന് ചില പഠനങ്ങളിൽ പറയുന്നുണ്ടെങ്കിലും ഇതുവരെ ആധികാരികമായ തെളിവുകൾ ലഭിച്ചിട്ടില്ല. ഇതുസംബന്ധിച്ച പഠനം ശുക്രയാനിൽ നടന്നാൽ ശാസ്ത്ര ലോകത്തിന് അത് വലിയ നേട്ടമാകും.

നിലവിൽ വാസയോഗ്യമല്ലെങ്കിലും ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ശുക്രൻ വാസയോഗ്യമായിരുന്നുവെന്ന സ്ഥിരീകരിക്കാത്ത പഠനങ്ങളുമുണ്ട്. പെട്ടെന്നുണ്ടായ വലിയ കാലാവസ്ഥാ മാറ്റമാണ് ശുക്രനെ ഇന്നുകാണുന്ന വിധത്തിൽ ഒരു നരകതുല്യമായ ഗ്രഹമാക്കി മാറ്റിയതെന്നാണ് അനുമാനം. അതിനാൽ ശുക്രനിലെ കാലാവസ്ഥാ മാറ്റത്തിനുള്ള കാരണങ്ങൾ കണ്ടെത്തേണ്ടതും ഭൂമിയുടെ നിലനിൽപ്പിന് അത്യാവശ്യമാണ്‌. എന്നാൽ മാത്രമേ ശുക്രനുമായി ഏറെ സാമ്യമുള്ള ഭൂമിയിലും നാളെ ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാനുള്ള തയ്യാറെടുപ്പകൾ സാധ്യമാകുവെന്നും ഒരുപക്ഷം അഭിപ്രായപ്പെടുന്നു.

അറിയാൻ നിരവധി, ചുരുളഴിക്കാൻ ഇസ്റോ

ശുക്രനിലെത്തി കഴിയുമ്പോൾ ഒരു അതിദീർഘ വൃത്ത ഭ്രമണപഥം സ്വീകരിക്കുന്ന ശുക്രയാൻ ഗ്രഹത്തെ സമീപിക്കുമ്പോൾ 500 കിലോമീറ്റർ ഉയരത്തിലും അകലെയായിരിക്കുമ്പോൾ 60,000 കിലോമീറ്റർ ഉയരത്തിലുമായിരിക്കും സഞ്ചരിക്കുക. ഏകദേശം നാല് വർഷത്തോളമാണ് ശുക്രയാൻ ദൗത്യത്തിന്റെ കാലയളവ്. ഇതിനുള്ളിൽ ശുക്രനെ വലംവെച്ച് ശുക്രയാൻ ശേഖരിക്കുന്ന സുപ്രധാന വിവരങ്ങൾ എന്തെല്ലാമെന്ന് നോക്കാം...

ഏകദേശം 100 കിലോഗ്രാമോളം ഭാരമുള്ള പേടകമാണ് ഇസ്റോ ശുക്രന്റെ ഭ്രമണപഥത്തിലേക്കെത്തിക്കുന്നത്. ശുക്രനിലെ പ്രക്ഷുബ്ധമായ അന്തരീക്ഷത്തെക്കുറിച്ചും അതിന്റെ ഉപരിതലത്തെക്കുറിച്ചും പഠിക്കാനുള്ള ശാസ്ത്രീയ ഉപകരണങ്ങളാണ് പ്രധാനമായും ഇതിൽ ഉൾപ്പെടുത്തുക. ശുക്രന്റെ ഉപരി അന്തരീക്ഷ പാളിയായ അയണോസ്പിയറിൽ സൂര്യനിൽ നിന്നുള്ള സൗരവാതങ്ങളുടെ പ്രഭാവം എത്രത്തോളമുണ്ടെന്ന് ശുക്രയാൻ പരിശോധിക്കും. ശുക്രനിലെ മേഘങ്ങൾ സൾഫ്യൂരിക് ആഡിഡ് നിറഞ്ഞതാണെന്നാണ് ഇതുവരെയുള്ള പഠനങ്ങളിൽ പറയുന്നത്. ഇതുമൂലം ഭൂമിയുടെ അന്തരീക്ഷത്തിൽ മഴയായി പെയ്യുന്നത് വെള്ളമാണെങ്കിൽ ശുക്രന്റെ അന്തരീക്ഷത്തിൽ അത് സൾഫ്യൂരിക് ആസിഡാണ്. ഇത്തരം രാസപദാർഥങ്ങൾ ശുക്രാന്തരീക്ഷത്തിൽ നിറയാൻ കാരണമെന്തെന്ന് കണ്ടെത്തുകയും ശുക്രയാന്റെ ലക്ഷ്യമാണ്.

placeholder
ശുക്രൻ. photo: GettyImages

'ഇൻഫ്ളേറ്റഡ് ബലൂൺ' ആണ് പേടകത്തിലെ പ്രധാന ശാസ്ത്രീയ ഉപകരണം. ഇതിന്റെ നിർമാണത്തിന് സഹകരിക്കുന്നത് ഫ്രഞ്ച്‌ ബഹിരാകാശ ഏജൻസിയാണ്. ശുക്രന് വളരെ അടുത്തെത്തുമ്പോൾ പ്രധാന ഓർബിറ്ററിൽനിന്ന് വേർപെടുന്ന ഇൻഫ്ലേറ്റഡ് ബലൂൺ ശുക്രന്റെ ഉപരിതലത്തിൽ നിന്ന് 55 കിലോമീറ്റർ മാത്രം ഉയരത്തിൽ നിന്ന് ചിത്രങ്ങൾ പകർത്തി ഭൂമിയിലേക്ക് അയക്കും. ശുക്രന്റെ ഉപരിതല ഘടനയെക്കുറിച്ച് മനസിലാക്കാൻ ഇതിലൂടെ സാധിക്കും. മേഘങ്ങളെ വകഞ്ഞുമാറ്റി ഹൈ റെസല്യൂഷൻ സിന്തറ്റിക് അപ്പെർച്ചർ റെഡാർ ഉപയോഗിച്ച് ശുക്രന്റെ ഉപരിതലത്തെക്കുറിച്ചും പഠനങ്ങൾ നടത്തും. ചന്ദ്രയാൻ 2ൽ ഉപയോഗിച്ച ഹൈ റെസല്യൂഷൻ റെഡാറിനെക്കാൾ കൂടുതൽ മികച്ചതും 1989ൽ വിക്ഷേപിച്ച നാസയുടെ മഗെല്ലനിലുള്ളതിനെക്കാൾ നാല് മടങ്ങ് കൂടുതൽ റെസല്യൂഷനുള്ളതുമായിരിക്കും ഇത്.

ഇതിനുപുറമേ ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ, സ്വീഡനുമായി സഹകരിച്ച് നിർമിച്ച വെനൂസിയൻ ന്യൂട്രെൽസ് അനലൈസർ എന്നിവ ഉൾപ്പെടെ ഇരുപതോളം ശാസ്ത്രീയ ഉപകരണങ്ങളും ശുക്രയാനിലുണ്ടാകും. ഇതിൽ ഏറെയും ഇസ്റോ നിർമിച്ചവയാണെങ്കിലും മറ്റു രാജ്യങ്ങളുടെ ഉപകരണങ്ങളും ശുക്രയാൻ ശുക്രോപരിതലത്തിൽ എത്തിക്കും. ജപ്പാൻ ബഹിരാകാശ ഏജൻസിയായ ജാക്സയുടെ സാങ്കേതിക സഹായവും ദൗത്യത്തിനുണ്ട്.

ശുക്രനിലെത്തിയ മുൻഗാമികൾ, പാഠങ്ങൾ

സോവിയറ്റ് യൂണിയൻ, അമേരിക്ക, യൂറോപ്യൻ സ്പേസ് ഏജൻസി, ജപ്പാൻ എന്നിവർ മാത്രമാണ് ഇതുവരെ ശുക്രനിലേക്ക് പര്യവേക്ഷണം നടത്തിയിട്ടുള്ളത്. ശുക്രയാൻ യാഥാർഥ്യമാകുന്നതോടെ ഇക്കൂട്ടത്തിലേക്കുള്ള അഞ്ചാമത്തെ ബഹിരാകാശ ഏജൻസിയായി ഇസ്റോ മാറും. 1960കൾ മുതൽ നാളിതുവരെ ശുക്രനെ ലക്ഷ്യമിട്ട് 46 പര്യവേക്ഷണ ദൗത്യങ്ങൾ നടന്നു. ഇതിൽ 16 എണ്ണവും പരാജയപ്പെട്ടു. ശുക്രനിലേക്ക് ഏറ്റവും കൂടുതൽ യാത്ര നടത്തിയത് സോവിയറ്റ് യൂണിയനാണ്. 30 തവണ. ഇതിൽ 14 എണ്ണവും പരാജയമായിരുന്നു. അതിനാൽ ശുക്രനെ കീഴടക്കുക എന്നത് ബഹിരാകാശ ഏജൻസികൾക്ക് അത്ര എളുപ്പത്തിൽ സാധിക്കുന്ന ഒരുകാര്യമല്ലെന്ന് ചുരുക്കം.

1961ൽ സോവിയറ്റ് യൂണിയനാണ് ശുക്രനിലേക്ക് ആദ്യമായി പര്യവേക്ഷണ പേടകം അയച്ചത്. അത് പരാജയപ്പെട്ടു. തൊട്ടുപിന്നാലെ സോവിയറ്റ് യൂണിയന്റെ തന്നെ വെനീറ 1 പേടകം 1961 ഫെബ്രുവരി 12ന് ശുക്രനെ ലക്ഷ്യമാക്കി വിക്ഷേപിച്ചു. എന്നാൽ ഏഴു ദിവസത്തിനു ശേഷം ഭൂമിയിൽ നിന്നും 20 ലക്ഷം കിലോമീറ്റർ അകലെ എത്തിയപ്പോൾ പേടകവുമായുള്ള ബന്ധം നഷ്ടമായി. തൊട്ടുപിന്നാലെ സോവിയറ്റ് യൂണിയനും അമേരിക്കയും നടത്തിയ രണ്ട് ദൗത്യങ്ങൾക്കും പരാജയമായിരുന്നു ഫലം. 1962ൽ നാസ വിക്ഷേപിച്ച മറീനർ 2 ആണ് ആദ്യമായി വിജയംകണ്ട ശുക്ര ദൗത്യം. ചൂട്ടുപൊള്ളുന്ന അന്തരീക്ഷമാണ് ശുക്രനിലെന്നത് ഉൾപ്പെടെയുള്ള നിർണായകമായ വിവരങ്ങൾ ശാസ്ത്ര ലോകത്തിന് നൽകിയത് മറീനർ 2 പേടകമായിരുന്നു.

placeholder
നാസയുടെ മറീനർ 2 പേടകത്തിന്റെ രേഖാചിത്രം. Photo: NASA 

1966 മാർച്ച് 1 ന് സോവിയറ്റ് യൂണിയന്റെ വെനീറ 3 പേടകം ശുക്രനിലേക്ക് ഇടിച്ചിറക്കി. അതായിരുന്നു ശുക്രാന്തരീക്ഷത്തിലേക്ക് പ്രവേശിച്ചതും ശുക്രോപരിതലം സ്പർശിച്ചതുമായ ആദ്യത്തെ മനുഷ്യനിർമ്മിതവസ്തു. എന്നാൽ ഗ്രഹത്തെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ നൽകുന്നതിനു മുമ്പ അതിലെ ആശയവിനിമയ സംവിധാനം തകരാറിലായി. 1989ൽ വിക്ഷേപിച്ച നാസയുടെ മഗെല്ലൻ പേടകമാണ് ശുക്രന്റെ വ്യക്തമായ ചിത്രങ്ങൾ ശാസ്ത്ര ലോകത്തിന് നൽകിയത്. ശുക്രനിലെ പർവതങ്ങളുടെയും അഗ്‌നിപർവതങ്ങളുടെയും സാന്നിധ്യം തിരിച്ചറിഞ്ഞതും മഗെല്ലനാണ്. തുടർന്ന് നാസ വിക്ഷേപിച്ച ഗലീലിയോ, കസീനി, മെസഞ്ചർ എന്നീ മൂന്ന് ശുക്ര ദൗത്യവും സുപ്രധാന വിവരങ്ങൾ ശേഖരിച്ചു. അതുവരെ അമേരിക്കയും പഴയ സോവിയറ്റ് യൂണിയനും മാത്രം കൈയടക്കിയിരുന്ന ശുക്ര പര്യവേക്ഷണ രംഗത്തേക്ക് 2005ൽ യൂറോപ്യൻ സ്പേസ് ഏജൻസിയും 2010ൽ ജപ്പാനും കടന്നുവന്നു. നാസ ഇതുവരെ പതിനൊന്ന് തവണ ശുക്രനിലേക്ക് യാത്ര നടത്തിയപ്പോൾ യൂറോപ്യൻ സ്പേസ് ഏജൻസിയും ജപ്പാനും മൂന്ന് തവണ വീതവും ശുക്രനിലേക്ക് പേടകങ്ങൾ വിക്ഷേപിച്ചു.

2020ൽ യൂറോപ്യൻ സ്പേസ് ഏജൻസി വിക്ഷേപിച്ച സോളാർ ഓർബിറ്റർ ദൗത്യമാണ് ഏറ്റവും ഒടുവിൽ ശുക്രനിലേക്ക് വിക്ഷേപിച്ച പര്യവേക്ഷണ വാഹനം. 2031ൽ നാസയും യൂറോപ്യൻ സ്‌പേസ് ഏജൻസിയും റോസ്‌കോസ്മോസും ശുക്രനിലേക്ക് യാത്ര നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്‌. നാസയുടെ വെരിടാസും ഡാവിഞ്ചിയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെ എൻവിഷനും റോസ്‌കോസ്മോസിന്റെ വെനീറ-ഡി പേടകങ്ങളുമാണ് ശുക്രനെ ലക്ഷ്യമിട്ട് കുതിക്കുക. അടുത്ത മൂന്ന്, നാല് വർഷത്തിനുള്ളിൽ ചൈനയും ശുക്രനിലേക്ക് പേടകം വിക്ഷേപിച്ചേക്കും. ഇതിന് പിന്നാലെ ശുക്രയാൻ വൺ ദൗത്യത്തിലൂടെ നമ്മുടെ ത്രിവർണവും ശുക്രനിലേക്കെത്തും.