
ചൈനയുടേയും റഷ്യയുടേയും നേതൃത്വത്തില്‍ 2001-ല്‍ രൂപീകരിച്ച സംഘടന, ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രദേശിക സഹകരണ കൂട്ടായ്മ, ഏഷ്യ-യൂറോപ്പ് മേഖലയുടെ ഭൂവിസ്തൃതിയുടെ 60 ശതമാനവും ലോകത്തിലെ ആകെ ജനസംഖ്യയുടെ 40 ശതമാനത്തേയും പ്രതിനിധീകരിക്കുന്ന ബഹുരാഷ്ട്ര വേദി... ഇങ്ങനെ പ്രത്യേകതകള്‍ ഏറെയുണ്ട് ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്. ബദ്ധശത്രുക്കളായ ഇന്ത്യയുടേയും പാകിസ്താന്റേയും ചൈനയുടെയും നേതാക്കള്‍ ഒന്നിച്ച് ഒരു മേശയ്ക്ക് ചുറ്റുമിരിക്കുമെങ്കില്‍, അത് സംഭവിക്കുന്ന അപൂര്‍വം അവസരങ്ങളിലൊന്നും ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ.) യോഗങ്ങളിലാണ്. ഇന്ത്യയ്ക്കും പാകിസ്താനും ചൈനയ്ക്കും പുറമേ പൊതുസുഹൃത്തായ റഷ്യയും നാല് മധ്യ ഏഷ്യന്‍ രാജ്യങ്ങളും ഉള്‍പ്പെടുന്ന പ്രാദേശിക കൂട്ടായ്മയിലേക്ക് ഇറാന്‍കൂടി എത്തുകയാണ്. ഇന്ത്യ ആതിഥ്യമരുളിയ എസ്.സി.ഒയുടെ ഉച്ചകോടിയില്‍വെച്ചാണ് ഇറാന്‍ സംഘടനയിലെ
ഒന്‍പതാമത്തെ അംഗമായത്. 'ഇറാന്‍ ഇന്ന് എസ്.സി.ഒ. കുടുംബത്തില്‍ പുതിയ അംഗമായി ചേരുന്നതില്‍ അതിയായ സന്തോഷമുണ്ട്. പ്രസിഡന്റ് ഇബ്രാഹിം റെയ്സിക്കും ഇറാന്‍ ജനതയ്ക്കും ആശംസകള്‍ അറിയിക്കുന്നു', വെര്‍ച്വലായി നടത്തിയ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാനെ ഔദ്യോഗികമായി സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞു.
തുടക്കം മുതല്‍ ഇന്നു വരെ 'ചൈനീസ് സ്വഭാവസ വിശേഷതകള്‍' പ്രകടമാക്കുന്ന എസ്.സി.ഒയില്‍ 2017 മുതല്‍ ഇന്ത്യ പൂര്‍ണ അംഗമാണ്. ചൈനീസ്-റഷ്യന്‍ താല്പര്യങ്ങള്‍ക്ക് പുറത്ത് കെട്ടിപ്പെടുത്തതാണെങ്കിലും; പാശ്ചാത്യവിരുദ്ധ ചേരിയെന്ന് വിലയിരുത്തുമ്പോഴും സംഘടനയോട് അടുത്ത് പ്രവര്‍ത്തിക്കുന്ന സമീപനമാണ് ഇന്ത്യ എല്ലായിപ്പോഴും സ്വീകരിക്കുന്നത്. ഒരു പടികൂടി കടന്ന് നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അന്താരാഷ്ട്ര സഹകരണം സാധ്യമാകുന്ന വിഷയങ്ങളില്‍ ഇടപെടുന്നതിനുള്ള ഒരു വേദിയായി ഫോറത്തെ രൂപപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നത്. ഈ കൂട്ടായ്മയിലേക്കാണ് ഇറാന്‍ കൂടി എത്തുന്നത്. ചൈനയുമായും റഷ്യയുമായും ഒരുപോലെ നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഇറാന്റെ വരവ് നിര്‍ണായകമാണ്. യുക്രൈന്‍ യുദ്ധത്തിലടക്കം സഹായിച്ച ഇറാനെ ഒപ്പം നിര്‍ത്താന്‍ റഷ്യയും വ്യാപാര പങ്കാളികളായ ചൈനയും ശ്രമിക്കുന്നതിനാല്‍ അവരുടെ എസ്.സി.ഒ. അംഗത്വത്തിന് വലിയ പ്രാധാന്യവുമുണ്ട്. എന്നാല്‍, ഇറാന്റെ എസ്.സി.ഒ. അംഗത്വം ഇന്ത്യയെ ഏതുതരത്തിലായിരിക്കും ബാധിക്കുക? ഇറാന്‍ ഔദ്യോഗികമായി എസ്.സി.ഒ. അംഗമാകുന്നത് ഇന്ത്യയ്ക്ക് നേട്ടമാകുമോ അതോ കോട്ടമാകുമോ?

എന്താണ് ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍?
ഏഷ്യ-യൂറോപ്പ് മേഖലയിലെ രാജ്യങ്ങളുടെ പ്രദേശിക കൂട്ടായ്മയാണ് ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ.). ഭൂമിശാസ്ത്രപരമായ വിസ്തൃതിയും ഉള്‍ക്കൊള്ളുന്ന ജനങ്ങളേയും പരിഗണിക്കുമ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രദേശിക സഹകരണ കൂട്ടായ്മയാണ് എസ്.സി.ഒ. ഏഷ്യ-യൂറോപ്പ് മേഖലയുടെ ഭൂവിസ്തൃതിയുടെ 60 ശതമാനവും ലോകത്തിലെ ആകെ ജനസംഖ്യയുടെ 40 ശതമാനവും ഇത് ഉള്‍ക്കൊള്ളുന്നു. ചൈനയുടേയും റഷ്യയുടേയും നേതൃത്വത്തില്‍ 2001-ല്‍ രൂപീകരിച്ച ഈ സംഘടനയുടെ മുന്‍ഗാമി ഷാങ്ഹായ് ഫൈവ് (Shanghai Five) എന്ന ബഹുരാഷ്ട്ര കൂട്ടായ്മയാണ്. ചൈന, റഷ്യ, കസാഖ്‌സ്താന്‍, കിര്‍ഗിസ്താന്‍, താജിക്കിസ്താന്‍ എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ ചേര്‍ന്ന് 1996 ഏപ്രില്‍ 26-നാണ് ഷാങ്ഹായ് ഫൈവ് രൂപീകരിച്ചത്. ചൈനയും മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളും തമ്മിലുള്ള അതിര്‍ത്തി ചര്‍ച്ചകളില്‍ നിന്നാണ് ഇത് ഉടലെടുത്തത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഷാങ്ഹായ് ഫൈവിന്റെ പതിവ് ഉച്ചകോടികള്‍ വിശാലമായ പ്രശ്‌നങ്ങള്‍ ചര്‍ച്ചയ്ക്ക് എടുത്തു. 2001-ല്‍, ഇതിലേക്ക് ഉസ്‌ബെക്കിസ്താനെ ഉള്‍പ്പെടുത്തി. ആ വര്‍ഷം ജൂണ്‍ 15-ന് ആറ് രാജ്യങ്ങളുടെ തലവന്മാര്‍ ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ പ്രഖ്യാപനം ഒപ്പുവെച്ചു. അതോടെ എസ്.സി.ഒ. ഔപചാരികമായി നിലവില്‍ വന്നു.
2005-ല്‍ കസഖ്‌സ്താനിലെ അസ്താനയില്‍ നടന്ന എസ്.സി.ഒ. ഉച്ചകോടിയില്‍ ഇന്ത്യ, പാകിസ്താന്‍, ഇറാന്‍, മംഗോളിയ എന്നിവര്‍ ആദ്യമായി പങ്കെടുത്തു. 2015-ല്‍ റഷ്യയിലെ ഉഫയില്‍ നടന്ന ഉച്ചകോടിയില്‍ ഇന്ത്യയേയും പാകിസ്താനേയും സ്ഥിരാംഗങ്ങളായി ഉള്‍പ്പെടുത്താന്‍ സംഘടന തീരുമാനിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം കസഖ്‌സ്താനില്‍ നടന്ന ഉച്ചകോടിയില്‍ ഇരുരാജ്യങ്ങളും ഔദ്യോഗികമായി എസ്.സി.ഒയില്‍ അംഗങ്ങളായി. മംഗോളിയ, ബെലാറസ്, അഫ്ഗാനിസ്താന്‍ എന്നിവര്‍ക്ക് നിരീക്ഷക പദവിയുണ്ട്. ആദ്യമായി നിരീക്ഷക പദവി ലഭിച്ച രാഷ്ട്രമാണ് മംഗോളിയ. ബെലാറസാകട്ടെ അംഗത്വത്തിലേക്കുള്ള പാതയിലാണ്; അടുത്ത വര്‍ഷം അവര്‍ക്ക് ഗ്രൂപ്പില്‍ അംഗത്വം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിന് പുറമേ ശ്രീലങ്ക, തുര്‍ക്കി, കംബോഡിയ, അസര്‍ബൈജാന്‍, നേപ്പാള്‍, അര്‍മേനിയ, ഈജിപ്ത്, ഖത്തര്‍, സൗദി അറേബ്യ, കുവൈത്ത്, മാലദ്വീപ്, മ്യാന്‍മര്‍, യു.എ.ഇ എന്നിവര്‍ക്ക് ഡൈലോഗ് പാര്‍ട്ട്ണര്‍ പദവിയുമുണ്ട്. ഓര്‍ഗനൈസേഷന് രണ്ട് സ്ഥിരം ബോഡികളുണ്ട്. ബീജിങ് ആസ്ഥാനമായുള്ള എസ്.സി.ഒ. സെക്രട്ടേറിയറ്റും താഷ്‌കന്റിലെ പ്രാദേശിക തീവ്രവാദ വിരുദ്ധ ഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയും.
അംഗരാജ്യങ്ങള്‍ക്കിടയില്‍ പരസ്പര വിശ്വാസവും അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധവും മെച്ചപ്പെടുത്തുക, രാഷ്ട്രീയം, വ്യാപാരം, സമ്പദ് വ്യവസ്ഥ, ഗവേഷണം, സാങ്കേതികവിദ്യ, സംസ്‌കാരം, വിദ്യാഭ്യാസം, ഊര്‍ജം, ഗതാഗതം, ടൂറിസം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളില്‍ ഫലപ്രദമായ സഹകരണം പ്രോത്സാഹിപ്പിക്കുക, മേഖലയില്‍ സമാധാനവും സുരക്ഷയും സുസ്ഥിരതയും നിലനിര്‍ത്താനും ഉറപ്പാക്കാനും സംയുക്ത ശ്രമങ്ങള്‍ നടത്തുക, ജനാധിപത്യപരവും നീതിയുക്തവും യുക്തിസഹവുമായ രാഷ്ട്രീയ സാമ്പത്തിക അന്താരാഷ്ട്രക്രമം സ്ഥാപിക്കുന്നതിലേക്ക് നീങ്ങുക എന്നിവയാണ് ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ പ്രധാന ലക്ഷ്യം. എന്നാല്‍ 'പുതിയ അന്താരാഷ്ട്ര രാഷ്ട്രീയ സാമ്പത്തിക ക്രമം' കെട്ടിപ്പടുക്കാന്‍ ആഹ്വാനം ചെയ്യുന്ന എസ്.സി.ഒയുടെ ലക്ഷ്യം യു.എസിനും യൂറോപ്പിനും ദഹിക്കുന്നതായിരുന്നില്ല. ഒര്‍ത്ഥത്തില്‍ അത് അവര്‍ക്ക് നേരെയുള്ള വെല്ലുവിളിയായിരുന്നു. ഒപ്പം സൈനിക സഹകരണത്തിനുള്ള നിര്‍ദേശം എസ്.സി.ഒയ്ക്ക് 'നാറ്റോ വിരുദ്ധ സഖ്യം' എന്ന വിളിപ്പേരും സമ്മാനിച്ചു.
ഇറാന്റെ എസ്.സി.ഒ. അംഗത്വം
ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ ഇറാന്‍ ആദ്യമായി പങ്കെടുക്കുന്നത് 2005-ലാണ്. ആ വര്‍ഷം കസഖ്‌സ്താനിലെ അസ്താനയില്‍ നടന്ന എസ്.സി.ഒ. ഉച്ചകോടിയില്‍ ഇന്ത്യയ്ക്കും പാകിസ്താനും മംഗോളിയയ്ക്കുമൊപ്പമാണ് ഇറാന്‍ പങ്കെടുക്കുന്നത്. ഇന്ത്യയ്ക്കും പാകിസ്താനുമൊപ്പം ഇറാനും നിരീക്ഷക പദവിയാണ് തുടക്കത്തില്‍ ലഭിച്ചത്. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സഖ്യത്തില്‍ ചേരാന്‍ ഇറാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. 2017-ല്‍ ഇന്ത്യയും പാകിസ്താനും ഔദ്യോഗികമായി എസ്.സി.ഒയില്‍ അംഗങ്ങളായെങ്കിലും ഇറാന് അംഗത്വം ലഭിച്ചിരുന്നില്ല. എന്നാല്‍, അവര്‍ പൂര്‍ണ അംഗത്വത്തിനായുള്ള ശ്രമങ്ങള്‍ വര്‍ഷങ്ങളായി തുടരുകയായിരുന്നു.
അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ ശക്തികളുമായി 2016-ല്‍ ഇറാന്‍ ആണവ കരാറില്‍ ഒപ്പുവച്ചതിന് പിന്നാലെ 'ഇറാന്‍ ആണവ പ്രശ്നം പരിഹരിക്കപ്പെടുകയും ഐക്യരാഷ്ട്രസഭയുടെ ഉപരോധം നീക്കുകയും ചെയ്തതോടെ എസ്.സി.ഒയില്‍ അംഗത്വത്തിന് തടസ്സങ്ങള്‍ അവശേഷിക്കുന്നില്ല' എന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ പറഞ്ഞത്. മുന്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് 2018-ല്‍ കരാറില്‍നിന്ന് പിന്മാറിയതോടെ അണവകരാറിന് സാധ്യതയില്ലാതായി. പിന്നാലെ ഇറാന്റെ എണ്ണ കയറ്റുമതി തടഞ്ഞുകൊണ്ട് അതുവരെ നല്‍കിയ എല്ലാ ഇളവുകളും യു.എസ്. അവസാനിപ്പിക്കുകയും ചെയ്തു. അതിന് പിന്നാലെ മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അപ്പാടെ മാറുകയും ചെയ്തു.
പിന്നാലെ ഇറാന്‍ റഷ്യയുമായും ചൈനയുമായും അടുക്കുന്ന കാഴ്ചകളും ലോകം കണ്ടു. യുക്രൈന്‍ യുദ്ധത്തിലടക്കം റഷ്യയ്ക്ക് വലിയ സഹായം ഇറാന്‍ ചെയ്തുവെന്ന് പലഘട്ടങ്ങളിലും യു.എസ്. ആരോപിച്ചിരുന്നു. അതുപോലെ ചൈന ഇറാന്റെ വലിയ വ്യാപാരപങ്കാളികളായി മാറുകയും ചെയ്തു. 2021-ല്‍ ഇറാന്റെ വിദേശകാര്യ മന്ത്രാലയം എസ്.സി.ഒയില്‍ ഒമ്പതാമത്തെ അംഗമായി ചേരാന്‍ അപേക്ഷിച്ചതായി പ്രഖ്യാപിച്ചു. താജിക്കിസ്താനില്‍ നടന്ന എസ്.സി.ഒയുടെ 21-ാമത് ഉച്ചകോടിക്ക് ശേഷം സംഘടനയിലെ എട്ട് അംഗങ്ങള്‍ ഇറാന്റെ പൂര്‍ണ അംഗത്വത്തിന് സമ്മതിച്ചു എന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞത്. ഈ വര്‍ഷം മെയില്‍ ഇറാന്‍, ബെലാറസ് എന്നീ നിരീക്ഷക രാജ്യങ്ങള്‍ക്ക് ഉടന്‍ തന്നെ അംഗത്വം നല്‍കുമെന്ന് സംഘടന അറിയിക്കുകയും ചെയ്തിരുന്നു. പിന്നാലെ ഇന്ത്യയില്‍ നടന്ന 23-ാം ഉച്ചകോടിയില്‍ ഇറാന്‍ ഔദ്യോഗികമായി ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ അംഗമായി മാറി. ജൂലൈ നാലിനു നടന്ന സംഘടനയുടെ വെര്‍ച്വല്‍ ഉച്ചകോടിയില്‍ എസ്.സി.ഒയുടെ ഏറ്റവും പുതിയ അംഗമായി ഇറാനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു.

എസ്.സി.ഒ. എന്ന പാശ്ചാത്യ വിരുദ്ധചേരി
2001-ല്‍ രൂപീകൃതമായത് മുതല്‍ ചൈനയുടെയും റഷ്യയുടെയും നേതൃത്വത്തിലുള്ള പാശ്ചാത്യവിരുദ്ധ ചേരിയായാണ് ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ വിലയിരുത്തപ്പെടുന്നത്. ഇന്ത്യ, പാകിസ്താന്‍, കസാഖ്‌സ്താന്‍, കിര്‍ഗിസ്താന്‍, താജിക്കിസ്താന്‍, ഉസ്‌ബെക്കിസ്താന്‍ എന്നിവയ്ക്ക് പുറമേ ഇറാന്‍ ഔപചാരികമായി അംഗമായതോടെ എസ്.സി.ഒയ്ക്കെതിരായ പാശ്ചാത്യ ലോകത്തിന്റെ ആശങ്കകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം ഇടക്കാലത്ത് മേഖലയിലെ രാഷ്ട്രീയക്രമം ആകെ മാറുകയും ചൈന അതിന്റെ ഗുണഭോക്താവാകുകയും ചെയ്തതാണ്. അഫ്ഗാനിസ്താനില്‍ നിന്നുള്ള യു.എസിന്റെ പിന്മാറ്റം മധ്യേഷ്യന്‍ മേഖലയില്‍ ചൈനയുടെ സ്വാധീനം വളരുന്നതിനും നിക്ഷേപ ഒഴുക്കിനുമാണ് വഴിവെച്ചത്.
ചൈന, പാകിസ്താനെ അടുപ്പിച്ച് നിര്‍ത്തുകയും ആഗോളതലത്തില്‍തന്നെ കടുത്ത നിലപാടുകളുമായി കൂടുതല്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. മറുവശത്ത് എസ്.സി.ഒയിലെ മറ്റൊരു പ്രധാന ശക്തിയായ റഷ്യയാകട്ടെ ഇക്കാലഘട്ടത്തില്‍ കൂടുതല്‍ ദുര്‍ബലമാകുകയാണ് ചെയ്തത്. യുക്രൈന്‍ യുദ്ധത്തിന് പിന്നാലെ അത് കൂടുതല്‍ വ്യക്തമായി. എങ്കിലും എസ്.സി.ഒയില്‍ കൂടുതല്‍ സഖ്യകക്ഷികളെ ഉള്‍പ്പെടുത്തുന്നത് തന്നെയാണ് റഷ്യയ്ക്ക് താല്പര്യം. ഇറാന് പിന്നാലെ റഷ്യയുടെ അടുത്ത പ്രാദേശിക സഖ്യകക്ഷിയായ ബെലാറസ് സംഘടനയില്‍ ഉടന്‍ അംഗമാകാനുള്ള എല്ലാ സാധ്യതകളുമുണ്ട്.
യുദ്ധം രൂക്ഷമാകുകയും റഷ്യയുമായുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ബന്ധം ഏറ്റവും മോശം നിലയിലേക്ക് കൂപ്പുകുത്തുകയും ചെയ്തപ്പോള്‍ ചൈനയാണ് അവസരം മുതലാക്കിയത്. പാശ്ചാത്യരാഷ്ടങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ ചൈന റഷ്യയുമായി 'പരിധിയില്ലാത്ത' സൗഹൃദം പ്രഖ്യാപിച്ചു. ഇതിനിടയില്‍ ഇറാന്‍ ചൈന സൗഹൃദം ശക്തമാകുകയും ചെയ്തു. ഈ വര്‍ഷം മാര്‍ച്ചില്‍ ചൈനയുടെ മധ്യസ്ഥതയില്‍ അവര്‍ പഴയ പ്രാദേശിക എതിരാളിയായ സൗദി അറേബ്യയുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചു. പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തു. വര്‍ഷങ്ങളായി അവര്‍ അടുത്ത ബന്ധമില്ലെങ്കിലും പാകിസ്താനില്‍ അതിര്‍ത്തിയില്‍ ഒരു മാര്‍ക്കറ്റ് തുറന്നു.
ചൈനയെ സംബന്ധിച്ചിടത്തോളം ഇറാന്‍ അവര്‍ക്ക് വലിയ പ്രാധാന്യമുള്ള രാഷ്ട്രമാണ്. 2021-ല്‍ ചൈനയും ഇറാനും എണ്ണയുള്‍പ്പെടെയുള്ള മേഖലകളിലെ സഹകരണത്തിനായി 25 വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചിരുന്നു. റഷ്യയില്‍നിന്നുള്ള എണ്ണയ്ക്കായി ഇന്ത്യ അടക്കമുള്ള മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍നിന്ന് മത്സരം ഉയരുന്നതിനാല്‍ ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഇറക്കുമതിക്കാരായ ചൈനയിലെ സ്വകാര്യ റിഫൈനറികള്‍ ഇപ്പോള്‍ ഇറാനില്‍നിന്നുള്ള എണ്ണയാണ് കൂടുതല്‍ വാങ്ങുന്നത്. അതിനാല്‍ തന്നെ ഇറാനെ അടുപ്പിച്ച് നിര്‍ത്തുന്നത് ചൈനയ്ക്ക് എല്ലാക്കാര്യത്തിലും ഗുണകരമാണ്.
അമേരിക്കന്‍ ഉപരോധത്തില്‍ വലയുന്ന ഇറാനെ സംബന്ധിച്ച് ഏറ്റവും ഗുണകരമായേക്കാവുന്ന കൂട്ടുകെട്ടാണ് ചൈന. മറുവശത്ത് ചൈനയെ സംബന്ധിച്ച് ഇറാന്‍ അവര്‍ക്ക് നിര്‍ണായകമാണ്. ഇറാന്‍-സൗദി ശത്രുത പറഞ്ഞുതീര്‍ക്കാന്‍ മധ്യസ്ഥത നിന്നത് ചൈനയാണ്. മധ്യസ്ഥതയ്ക്ക് പിന്നില്‍ നിക്ഷിപ്ത താത്പര്യങ്ങളൊന്നുമില്ലെന്ന് ചൈന പ്രതികരിക്കുമ്പോഴും സാമ്പത്തിക, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുള്ള നീക്കങ്ങളായിരുന്നു ഇതെന്ന് വ്യക്തം. പശ്ചിമേഷ്യയില്‍ കടന്നുകയറി നേട്ടമുണ്ടാക്കാനില്ലെന്ന് ചൈന പറയുമ്പോഴും നേട്ടങ്ങള്‍ ഏറെയുള്ളത് അവര്‍ക്ക് തന്നെയാണ്. മേഖലയില്‍ സമാധാനമുണ്ടായാല്‍ എണ്ണ- പ്രകൃതിവാതക ആവശ്യം സുഗമമായി നിറവേറ്റാം എന്നത് തന്നെയാണ് ചൈന ലക്ഷ്യം വെയ്ക്കുന്നത്. ഇതിന് പിന്നാലെയാണ് എസ്.സി.ഒയിലേക്ക് ഇറാന്‍ എത്തുന്നത്.

ഇറാന് വരുമ്പോള്‍, ഇന്ത്യയ്ക്ക് നേട്ടമോ കോട്ടമോ?
അമേരിക്കയുമായും മറ്റ് പാശ്ചാത്യ രാജ്യങ്ങളുമായി ഇന്ത്യ ദീര്‍ഘകാലമായി മികച്ച ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. മറുവശത്ത് റഷ്യയുമായുള്ള ബന്ധവും ഇന്ത്യ നിലനിര്‍ത്തുന്നു. ഇറാനെ എസ്.സി.ഒയില്‍ ഉള്‍പ്പെടുത്തുന്നത് ആഗോളതലത്തില്‍ റഷ്യന്‍-ചൈനീസ് താല്‍പ്പര്യങ്ങള്‍ക്കും നിലപാടുകള്‍ക്കും ഗുണകരമാകും എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. എന്നാല്‍, ഇന്ത്യയെ സംബന്ധിച്ചിടത്തോളവും ഇത് ഗുണകരമായേക്കാവുന്നതാണ്. ഇന്ത്യയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന, ദൂരം കുറഞ്ഞതും കുറഞ്ഞ ചെലവില്‍ വേഗത്തിലെത്താന്‍ സഹായിക്കുന്നതുമായ ഇന്റര്‍നാഷണല്‍ നോര്‍ത്ത്- സൗത്ത് ട്രാന്‍സ്‌പോര്‍ട്ട് കോറിഡോര്‍ വികസനത്തിലടക്കം ഇറാന്റെ പങ്കാളിത്വം അത്യാവശ്യമാണ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, പാകിസ്താനെ മറികടന്ന് ഇറാനുമായും മധ്യേഷ്യയുമായും വ്യാപാരം നടത്താനുള്ള വഴി ഇത് തുറന്നിടുന്നു. സ്വാഭാവികമായും അഫ്ഗാനിസ്താനിലേയ്ക്കും മധ്യേഷ്യയിലേക്കും ഇന്ത്യയ്ക്ക് എളുപ്പത്തില്‍ കടന്നുചെല്ലാനാകും. വിശാലമായ യുറേഷ്യ മേഖലയിലെ സാധ്യതയുള്ള വിപണികളിലേക്കും ഇടനാഴി പ്രവേശനം നല്‍കും. ഇറാനെ അടുപ്പിച്ച് നിര്‍ത്തിയാല്‍ മാത്രമെ ഇതെല്ലാം നടത്തിയെടുക്കാന്‍ സാധിക്കുകയുള്ളൂ. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവില്‍ നിന്ന് മാറിനില്‍ക്കുമ്പോള്‍ തന്നെ ഈ മേഖലയുമായി വ്യാപാരം നടത്താനും ഇത് ഇന്ത്യയെ അനുവദിക്കുന്നു. എന്നാല്‍ ഇതെല്ലാം ചൈനീസ് താല്പര്യങ്ങള്‍ക്ക് വിരുദ്ധമാണ് എന്നത് വെല്ലുവിളിയാകും.
ചൈനയോട് എല്ലാക്കാലത്തും അത്ര നല്ല ബന്ധവുമല്ല നമുക്കുള്ളത്. എങ്കിലും പല അന്താരാഷ്ട്ര കൂട്ടായ്മകളിലും ഇരുരാജ്യങ്ങളും അംഗങ്ങളാണ്. അതുപോലെ തന്നെ ചൈന വിരുദ്ധ ഗ്രൂപ്പായി കണക്കാക്കുന്ന ക്വാഡില്‍ (ഇന്ത്യ, യുഎസ്, ജപ്പാന്‍, ഓസ്ട്രേലിയ എന്നിവയുടെ പ്രാദേശിക സഹകരണം) അംഗമായിരിക്കുമ്പോള്‍ തന്നെയാണ് ഇന്ത്യ ചൈനീസ് നേതൃത്വത്തിലുള്ള ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ ഭാഗമായും തുടരുന്നത്. യുക്രൈന്‍ യുദ്ധത്തേത്തുടര്‍ന്ന് ചൈനയും റഷ്യയും മുമ്പില്ലാത്തവിധം അടുക്കുന്നതിനും ലോകം സാക്ഷിയായി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതും ആശങ്കയ്ക്ക് ഇടവെയ്ക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് ഈ സഖ്യത്തിലേക്ക് ഇറാന്‍കൂടി അംഗമാകുന്നത്.
ചരിത്രപരമായി ഇന്ത്യയുടെ സുഹൃത്തായ ഇറാന്റെ എസ്.സി.ഒ. പ്രവേശനം പാകിസ്താനില്‍നിന്നും അഫ്ഗാനിസ്താനില്‍നിന്നുമുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരായ ഇന്ത്യയുടെ പോരാട്ടം ശക്തിപ്പെടുത്തുമെന്നും വിലയിത്തലുണ്ട്. ഇറാനെ കൂടുതല്‍ ശക്തമായ സ്വരത്തില്‍ പിന്തുണയ്ക്കുന്നതിനും നമുക്ക് പരിമിതികളുണ്ട്. റഷ്യയെപ്പോലെ ഇറാനും കടുത്ത അന്താരാഷ്ട്ര ഉപരോധങ്ങള്‍ നേരിടുന്നു എന്നത് തന്നെ കാരണം. കൂടാതെ, ഇറാന്‍ റഷ്യയ്ക്ക് ആയുധങ്ങള്‍ നല്‍കുന്നുവെന്നാണ് യുഎസ് ആരോപണം. ഇതിനെല്ലം പുറമേ പാശ്ചാത്യരാഷ്ടങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇന്ത്യയെ സംബന്ധിച്ച് പാശ്ചാത്യവിരുദ്ധ ചേരിയിലെ സഹകരണം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. അതിനാല്‍ തന്നെ എസ്.സി.ഒ. ഭാവിയില്‍ ഇന്ത്യയുടെ നയതന്ത്ര പരീക്ഷണമായിരിക്കുമെന്നാണ് ഈ രംഗത്തെ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.
Content Highlights: Iran’s induction in the Shanghai Cooperation Organisation
Published: 12 Jul 2023, 12:30 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented