ചെങ്കോൽ | Photo: Twitter.com/AmitShah
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുകയാണ്. പാര്‍ലമെന്റിന്റെ തലവനായ രാഷ്ട്രപതിയെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷികള്‍ ഒന്നടക്കം എതിര്‍പ്പ് ഉന്നയിക്കുമ്പോഴും ഉദ്ഘാടന ചടങ്ങുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം. അധികാരക്കൈമാറ്റത്തെ സൂചിപ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിന് സമര്‍പ്പിച്ച ചെങ്കോല്‍ പുതിയ മന്ദിരത്തില്‍ സ്ഥാപിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. നെഹ്രുവിന്റെ ജന്മവീടായ അലഹബാദിലെ ആനന്ദഭവനില്‍ സൂക്ഷിച്ചിട്ടുള്ള ചെങ്കോല്‍ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപമാണ് സ്ഥാപിക്കുക. അലഹാബാദിലെ നെഹ്രു കുടുംബത്തിന്റെ വസതിയായ ആനന്ദഭവനിലാണ് ചെങ്കോല്‍ സൂക്ഷിച്ചിരുന്നത്. അവിടെനിന്നാണ് അത് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കൊണ്ടുവരുന്നത്.
ചെങ്കോലിന് രാഷ്ട്രീയവുമായി ബന്ധമില്ലെന്നും സര്‍ക്കാര്‍ നീതിയോടെയും ന്യായത്തോടെയും പ്രവര്‍ത്തിക്കണമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നുമാണ് അമിത് ഷാ വ്യക്തമാക്കിയത്. തിരുവാടുതുറൈ അധീനത്തിന്റെ മേധാവിമാരുമായി കൂടിയാലോചിച്ചാണ് ഈ ചരിത്ര പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പുണ്യകര്‍മത്തിന് അനുഗ്രഹം ചൊരിയാന്‍ 20 അധീനത്തിന്റെ മേധാവിമാരും ചടങ്ങില്‍ പങ്കെടുക്കും. ചെങ്കാലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട വുമ്മിടി ബങ്കാരു ചെട്ടി (96)യും ഈ വിശുദ്ധ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ സന്തോഷമുണ്ടെന്നും അമിത് ഷാ പറഞ്ഞിരുന്നു.
തമിഴ്നാട്ടിലെ ആഭരണശാലയില്‍ നിര്‍മിച്ച് രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിന് തിരുവാടുതുറൈ അധീനത്തിന്റെ പ്രതിനിധി കൈമാറിയ ചെങ്കോലാണ് ഞായറാഴ്ച പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കുന്നത്. ഭരണമേല്‍ക്കുന്ന രാജാവിന് അധികാരക്കൈമാറ്റത്തിന്റെ പ്രതീകമായി രാജഗുരു ചെങ്കോല്‍ സമ്മാനിക്കുന്ന ചോളരാജപാരമ്പര്യമായിരുന്നു ഈ ചടങ്ങിനു മാതൃക.
എന്താണ് ചെങ്കോല്‍?
.jpg?$p=d3e7307&f=1x1&w=284&q=0.8)
.jpg?$p=eb8a251&f=1x1&w=284&q=0.8)

.jpg?$p=189a0d6&q=0.8&f=16x10&w=284)

തമിഴ്‌നാട്ടിലെ ചോളരാജവംശത്തിന്റെ കാലത്ത് അധികാരകൈമാറ്റം അടയാളപ്പെടുത്താന്‍ ഉപയോഗിച്ചിരുന്നതാണ് ചെങ്കോല്‍. നീതി എന്നര്‍ഥമുള്ള സെമ്മെ എന്ന തമിഴ് വാക്കില്‍നിന്നാണ് സെങ്കോല്‍ എന്ന വാക്കിന്റെ ഉത്ഭവം. 1947 ഓഗസ്റ്റ് 14-ന് പ്രഥമ രാഷ്ട്രപതിയായ രാജേന്ദ്രപ്രസാദിന്റെയടക്കം സാന്നിധ്യത്തിലാണ് നെഹ്‌റു ചെങ്കോല്‍ സ്വീകരിച്ചതെന്നും ഔദ്യോഗിക ചരിത്രത്തിന്റെ ഭാഗമാവാതിരുന്ന ഈ സംഭവം ഇതോടെ രേഖപ്പെടുത്തുകയുമാണെന്നാണ് അമിത് ഷാ പറഞ്ഞത്. നെഹ്‌റു ചെങ്കോലുമായി നില്‍ക്കുന്ന ഫോട്ടോകളും ടൈം മാഗസിന്റെ റിപ്പോര്‍ട്ടുകളും ആഭ്യന്തരമന്ത്രി പുറത്തുവിട്ടു. കൈകൊണ്ട് നിര്‍മ്മിച്ച മനോഹരമായ ഒരു നിര്‍മിതിയാണ് ചെങ്കോല്‍. 1947-ല്‍ നെഹ്റു സ്വീകരിച്ചത് അഞ്ച് അടി നീളമുള്ള ചെങ്കോലാണ്. വെള്ളിയില്‍ നിര്‍മിച്ച ചെങ്കോലില്‍ സ്വര്‍ണം പൂശി രത്‌നങ്ങള്‍ പതിപ്പിച്ചതാണ്. ചെങ്കോലിന്റെ മുകളില്‍ ശിവന്റെ വാഹനം എന്ന് ഹിന്ദു പുരാണങ്ങളില്‍ പറയുന്ന നന്ദിയുടെ രൂപമുണ്ട്.15,000 രൂപയാണ് അന്ന് നിര്‍മിക്കാന്‍ ചെലവായത്. തമിഴ്നാട്ടിലെ ചോള രാജാക്കന്മാരുടെ ഭരണകാലത്ത് അധികാരകൈമാറ്റം അടയാളപ്പെടുത്താന്‍ ഒരു രാജാവില്‍നിന്ന് മറ്റൊരാളിലേക്ക് ചെങ്കോല്‍ കൈമാറിയിരുന്നു. ഉത്തരവാദിത്വത്തോടെ ഭരിക്കുക എന്നതായിരുന്നു ചെങ്കോല്‍ വഴി അടയാളപ്പെടുത്തിയത്.
ചെങ്കോലിന്റെ ചരിത്രം
ഇന്ത്യ സ്വതന്ത്രയാവുമ്പോള്‍ ബ്രിട്ടനില്‍നിന്ന് അധികാരം കൈമാറുന്നതിന്റെ പ്രതീകമായി എന്തു ചടങ്ങാണ് ഉദ്ദേശിക്കുന്നതെന്ന് അവസാന വൈസ്രോയി മൗണ്ട് ബാറ്റണ്‍ പ്രഭുവാണ് നെഹ്രുവിനോട് ചോദിച്ചത്. നെഹ്രു രാജ്യത്തിന്റെ അവസാന ഗവര്‍ണര്‍ ജനറല്‍ സി. രാജഗോപാലാചാരിയുടെ ഉപദേശം തേടി. തമിഴ്‌നാട്ടിലെ ചോളരാജാക്കന്മാര്‍, ഒരു രാജാവില്‍നിന്ന് മറ്റൊരു രാജാവിലേക്ക് അധികാരം ചെങ്കോല്‍ നല്‍കിയാണ് കൈമാറിയിരുന്നതെന്നും രാജഗുരുവാണ് ചെങ്കോല്‍ സമ്മാനിക്കുന്നതെന്നും മദ്രാസ് മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നിട്ടുള്ള രാജാജി മറുപടിനല്‍കി. ചടങ്ങിനുള്ള ഒരുക്കങ്ങള്‍ നടത്തിയത് രാജാജി തന്നെയാണ്.
തമിഴ്നാട് തഞ്ചാവൂരിലെ ശൈവമഠമായ തിരുവാടുതുറൈ അധീനത്തെ ഇതിനായി രാജാജി സമീപിച്ചു. 500 വര്‍ഷത്തോളം പഴക്കമുള്ള ഈ മഠത്തിന് തമിഴ്നാട്ടിലുടനീളം ഇപ്പോഴും അന്‍പതോളം ചെറുമഠങ്ങളുണ്ട്. അന്നത്തെ മഠാധിപതി ഗുരു മഹാസന്നിധാനം ശ്രീ ലാ ശ്രീ അമ്പലവന ദേസിക സ്വാമി വെല്ലുവിളി ഏറ്റെടുത്തു. മഠാധിപതി ചെങ്കോല്‍ നിര്‍മിക്കാന്‍ മദ്രാസിലെ പ്രമുഖ ആഭരണശാല ഉടമയായ വുമ്മിഡി ബങ്കാരു ചെട്ടിയെ ചുമതലപ്പെടുത്തി. അഞ്ചടി ഉയരത്തില്‍ സ്വര്‍ണം പൊതിഞ്ഞ് രത്‌നങ്ങള്‍കൊണ്ട് അലങ്കരിച്ച ചെങ്കോലില്‍ നന്ദിയുടെ രൂപം വാര്‍ത്തുവെച്ചിരുന്നു. ചടങ്ങിന് കാര്‍മികത്വം വഹിക്കാന്‍ മഠാധിപതി അമ്പലവാന ദേശികരോട് രാജാജി അഭ്യര്‍ഥിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ദേശികര്‍ക്ക് മയിലാടുതുറൈയിലെ തിരുവാടുതുറൈയില്‍നിന്ന് ഡല്‍ഹിയിലേക്കുപോകാന്‍ കഴിഞ്ഞില്ല. തന്റെ പ്രതിനിധിയായി അദ്ദേഹം ഉപപുരോഹിതന്‍ ശ്രീ ലാ ശ്രീ കുമാരസ്വാമി തമ്പിരാനെ നിയോഗിച്ചു.
.jpg?$p=71e446e&&q=0.8)
നെഹ്രുവിന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിനു മുമ്പായിരുന്നു അധികാരക്കൈമാറ്റച്ചടങ്ങ്. മന്ത്രോച്ചാരണത്തിന് നേതൃത്വം നല്‍കാന്‍ ഗായകന് മാണിക്കം ഓതുവാരെയും മംഗളവാദ്യം വായിക്കാന്‍ നാഗസ്വരവിദ്വാന്‍ ടി.എന്‍. രാജരത്‌നം പിള്ളയെയും ചുമതലപ്പെടുത്തി. 1947 ഓഗസ്റ്റ് 14-ന് അധീനത്തില്‍ നിന്ന് ഉപപുരോഹിതന്‍ കുമാരസ്വാമി, നാദസ്വരവാദകന്‍ രാജരത്തിനംപിള്ള, ഗായകന്‍ മാണിക്കം എന്നിവര്‍ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തി. ഓഗസ്റ്റ് 14-ന് രാത്രി ഇവര്‍ ധര്‍മദണ്ഡായ ചെങ്കോല്‍ മൗണ്ട് ബാറ്റണ് കൈമാറി. മൗണ്ട് ബാറ്റണ്‍ ഇത് തിരികെയേല്‍പ്പിച്ചതിനു ശേഷം പുണ്യനദികളിലെ ജലം ഉപയോഗിച്ച് ശുദ്ധീകരിച്ചു. പിന്നീട് ഘോഷയാത്രയായി ചെങ്കോല്‍ നെഹ്രുവിന്റെ വസതിയിലെത്തി കൈമാറി. ഈസമയം തമിഴ് പുണ്യഗ്രന്ഥമായ 'തേവാര'ത്തില്‍നിന്ന് കീര്‍ത്തനങ്ങള്‍ ആലപിച്ചു. പ്രഥമ രാഷ്ട്രപതിയായ രാജേന്ദ്രപ്രസാദിന്റെ സാന്നിധ്യത്തിലാണ് നെഹ്രു ചെങ്കോല്‍ സ്വീകരിച്ചത്. ധൃതി പിടിച്ചുള്ള ഈ ചടങ്ങിനു ശേഷമാണ് നെഹ്രു രാജ്യത്തെ 12 മണിക്ക് അഭിസംബോധനചെയ്തത്. അലഹാബാദിലെ നെഹ്രു കുടുംബത്തിന്റെ വസതിയായ ആനന്ദഭവന്‍ കാഴ്ചബംഗ്ലാവായി മാറിയപ്പോള്‍ ചെങ്കോല്‍ അവിടെ സൂക്ഷിച്ചു. നെഹ്രു ചെങ്കോല്‍ ഏറ്റുവാങ്ങുന്ന ചിത്രം തിരുവാടുതുറൈ അഥീനത്തിന്റെ മഠത്തില്‍ ഇപ്പോഴുമുണ്ട്.
.jpg?$p=fdf1e0b&&q=0.8)
തമിഴകവും ചോളരാജവംശവും
വിന്ധ്യാപര്‍വതത്തിന് തെക്ക് ഡക്കാന്‍ കഴിഞ്ഞുള്ള ദക്ഷിണേന്ത്യന്‍ ഭൂവിഭാഗങ്ങള്‍ പൊതുവേ തമിഴകം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പതനവും ഉയര്‍ത്തെഴുനേല്‍പ്പുമായി നൂറ്റാണ്ടുകളോളം രാജ്യം ഭരിച്ച ചേര-ചോള-പാണ്ഡ്യ രാജവംശങ്ങളെ കേന്ദ്രീകരിച്ചാണ് തമിഴകത്തിന്റെ ചരിത്രം. ക്രിസ്തുവിനും മുമ്പ് നാലാം നൂറ്റാണ്ടില്‍ ജീവിച്ച കാര്യായനനും ക്രിസ്തുവിന് മുമ്പ് രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച പതഞ്ജലിയും ഈ ഭൂപ്രദേശങ്ങളെ പരാമര്‍ശിക്കുന്നുണ്ട്. വിദേശ സഞ്ചാരികളായിരുന്ന പ്‌ളീനി, ടോളമി എന്നിവരുടെ കൃതികളിലും ദക്ഷിണേന്ത്യയിലെ രാജ്യങ്ങളേയും തുറമുഖങ്ങളേയും കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
തമിഴകത്തിന്റെ പ്രാചീന ചരിത്രവും സംസ്‌ക്കാരവും ഏറ്റവും കൂടുതല്‍ അനാവരണം ചെയ്യപ്പെടുന്നത് തമിഴ് സാഹിത്യകൃതികളിലൂടെയാണ്. സംഘകാലത്തെ തമിഴ് കൃതികളാണ് ഇതില്‍ പ്രധാനം. സംഘകാലത്തെക്കുറിച്ച് ചരിത്രകാരന്മാര്‍ക്കിടയില്‍ ആഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും പൊതുവേ ക്രിസ്തു വര്‍ഷാരംഭത്തിലെ ആദ്യത്തെ അഞ്ച് നൂറ്റാണ്ടുകളാണ് സംഘകാലം എന്ന് അറിയപ്പെടുന്നത്. മധുര കേന്ദ്രമാക്കി രൂപപ്പെട്ട ഒരു കവിസദസാണ് സംഘം. അക്കാലത്ത് രചിക്കപ്പെട്ടതും സംഘത്തിന്റെ അംഗീകാരം നേടുകയും ചെയ്ത കൃതികളാണ് സംഘം കൃതികള്‍. സംഘകാലത്ത് രചിക്കപ്പെട്ട പതിറ്റൂപ്പത്ത്, അകനാനൂറ്, പുറനാനൂറ്, കുറൂംതൊകൈ, തൊല്‍ക്കാപ്പിയം, നറ്റിണൈ തുടങ്ങിയ കൃതികളില്‍ സംഘകാലത്തെ സാമൂഹിക-രാഷ്ട്രീയ ജീവിതത്തെ ദര്‍ശിക്കാം. തിരുവള്ളുവര്‍ രചിച്ച തിരുക്കുറള്‍, സംഘകാലത്തിനു ശേഷം രചിക്കപ്പെട്ട ചിലപ്പതികാരം, മണിമേഖലൈ എന്നീ കൃതികള്‍ സംഘകാല ജീവിതത്തിന്റെ വൈവിധ്യം വ്യക്തമാക്കുന്നതാണ്.
മഹാഭാരത കാലഘട്ടം മുതല്‍ വ്യത്യസ്ത കാലങ്ങളിലായി 14-ാം നൂറ്റാണ്ടുവരെ ദക്ഷിണേന്ത്യയില്‍ സ്ഥാനംപിടിച്ച ഒരു സുപ്രധാന രാഷ്ട്രീയ ശക്തിയായിരുന്നു ചോള സാമ്രാജ്യം. മഹാഭാരതത്തിലും അശോകന്റെ ശാസനങ്ങളിലും വിദേശസഞ്ചാരികളുടെ യാത്രാവിവരണത്തിലുമെല്ലാം ചോളരാജാക്കന്മാര്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. സംഘകാലത്തിന്റെ അവസാനത്തോടെ നാമാവശേഷമായ ചോളസാമ്രാജ്യം വീണ്ടും ഉയര്‍ത്തെഴുനേല്‍ക്കുന്നത് ഒന്‍പതാം നൂറ്റാണ്ടിലാണ്. എ.ഡി. 850-ല്‍ വിജയാശാലയാണ് ഈ രാജവംശം സ്ഥാപിച്ചത്. തഞ്ചാവൂരായിരുന്നു തലസ്ഥാനം. കാവേരിപുംപട്ടണമായിരുന്നു (പുംപുഹാര്‍) ഈ കാലത്തെ പ്രധാന തുറമുഖം. രാജേന്ദ്രചോളന്‍, പരന്തകന്‍ (മധുരൈകൊണ്ട ചോളന്‍), ഇലാര തുടങ്ങിയവരായിരുന്നു ഈ വംശത്തിലെ പ്രധാന രാജാക്കന്മാര്‍. തുംഗഭദ്ര നദിയുടെ തെക്കുള്ള പ്രദേശങ്ങളെ കൂട്ടിയോജിപ്പിച്ച് ഭരണം നടത്തിയിരുന്ന പ്രശസ്തനായ രാജാവായിരുന്നു രാജരാജ ചോളന്‍. ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കംചെന്ന സംസ്‌ക്കാരമാണിത്.
- അവലംബം: sengol1947ignca.in/contents
Content Highlights: Inspired by the Cholas, handed over to Nehru; ‘Sengol’ to be installed in new Parliament building
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..