
സൂര്യനെ തേടിയുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശാധിഷ്ഠിത ദൗത്യമായ 'ആദിത്യ എൽ1' ഐ.എസ്.ആർ.ഒ (ഇസ്‌റോ) വിജയകരമായി വിക്ഷേപിച്ചിരിക്കുകയാണ്. ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ഇറങ്ങി പത്ത് ദിവസങ്ങൾക്കകമാണ് രാജ്യത്തിന്റെ അഭിമാനം വീണ്ടും വാനോളമുയർത്തി ഇസ്‌റോയുടെ ചരിത്രനേട്ടം. ബഹിരാകാശ ദൗത്യങ്ങളിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞതാണ് സൂര്യനിലേക്കുള്ള പര്യവേക്ഷണമെന്നതിനാൽ ഇന്ത്യയുടെ ആദിത്യ എൽ1-ന്റെ ഭാവിയെന്തെന്ന് ഉറ്റുനോക്കുകയാണ് ശാസ്ത്രലോകം. ചന്ദ്രനിലും ചൊവ്വയിലും ഇതിനകം വിജയക്കൊടി പാറിച്ച ഇസ്റോ സൂര്യനിലും ഇന്ത്യയുടെ പേരെഴുതിച്ചേർക്കാൻ തയ്യാറെടുക്കുകയാണ്. സൂര്യനെ ലക്ഷ്യമിട്ട് വിക്ഷേപിച്ച ആദിത്യ എൽ1 ലക്ഷ്യത്തിലെത്താൻ ഏകദേശം നാല് മാസത്തോളം (125 ദിവസം) സമയമെടുക്കും. ഇതിനായുള്ള കാത്തിരിപ്പാണ് ഇനി.
ശനിയാഴ്ച ഉച്ചയ്ക്ക് 11.50-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയിൽനിന്ന് കരുത്തുറ്റ പിഎസ്എൽവി സി 57 റോക്കറ്റിലേറി കുതിച്ച ആദിത്യ എൽ1, 64 മിനിറ്റിനുശേഷം 648 കിലോ മീറ്റർ ഉയരത്തിലുള്ള ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലെത്തി. ഇതോടെ ഇസ്‌റോ ശാസ്ത്രജ്ഞർ പദ്ധതിയിട്ടതിൽനിന്ന് അണുവിട മാറാതെ സൗരദൗത്യത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. ഇസ്‌റോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ വിക്ഷേപണ പ്രക്രിയയാണ് ഇനി നടക്കാനിരിക്കുന്നത്.
ഇനിയുള്ള യാത്ര...
നിലവിൽ ഭൂമിയുടെ ഏറ്റവും താഴ്ന്ന ഭ്രമണപഥത്തിലുള്ള പേടകം അടുത്ത കുറച്ചുദിവസം ഭൂമിയെ തന്നെ വലംവെക്കും. വൈകാതെ പേടകത്തിന്റെ ഭ്രമണപഥം കൂടുതൽ ദീർഘവൃത്താകൃതിയിലുള്ള പാതയിലേക്ക് മാറ്റും. തുടർന്ന് പേടകത്തിൽ തന്നെയുള്ള പ്രൊപ്പൽഷൻ സംവിധാനം ഉപയോഗിച്ച് പടിപടിയായി ഭ്രമണപഥം മാറ്റി ക്രമേണ ഭൂമിയുടെ ആകർഷണ വലയം ഭേദിച്ച് പേടകത്തെ ഭൂമിയിൽനിന്ന് 15 ലക്ഷം കിലോ മീറ്റർ അകലെയുള്ള 'ലഗ്രാഞ്ച് 1' അഥവാ 'എൽ1' പോയന്റിലേക്ക് എത്തിക്കും. ഇത്രയും ദീർഘമായ നടപടികളുള്ളതിനാലാണ് ആദിത്യ സൂര്യന് സമീപത്തേക്കെത്താൻ നാലു മാസത്തോളം സമയമെടുക്കുന്നത്. 2024 ജനുവരി തുടക്കത്തിലായിരിക്കും ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്തെത്തുകയെന്നാണ് നിലവിലെ നിഗമനം.

എന്താണ് ലഗ്രാഞ്ച് പോയന്റ്
ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത് പോലെയല്ല ആദിത്യ എൽ1 സൂര്യനിലേക്ക് പോകുന്നത്. സൂര്യനിൽ പേടകം ഇറക്കുകയല്ല ഇസ്‌റോയുടെ ലക്ഷ്യം. ചുട്ടുപൊള്ളുന്ന സൂര്യനിൽ അത്തരമൊരു ദൗത്യം സാധ്യവുമല്ല. ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ സൂര്യനും ഭൂമിയ്ക്കും ഇടയിലുള്ള ലഗ്രാഞ്ച് 1 പോയന്റിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിലാണ് പേടകത്തെ എത്തിക്കുക. ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വാകർഷണ ബലം ഏകദേശം തുല്യമായി അനുഭവപ്പെടുന്ന ഇടമാണ് ലഗ്രാഞ്ച് പോയന്റ്. ഇത്തരത്തിലുള്ള അഞ്ച് പോയന്റുകളിൽ ഒന്നാണ് എൽ1 പോയന്റ്. ഭൂമിയുടെയോ മറ്റു ഗ്രഹങ്ങളുടെയോ നിഴൽ തടസ്സമുണ്ടാകാതെ എല്ലാ സമയവും സൂര്യനെ നിരീക്ഷക്കാനാകുമെന്നതാണ് ലഗ്രാഞ്ച് 1 പോയന്റിന്റെ പ്രത്യേകത. അതുകൊണ്ടാണ് ഇസ്‌റോ ദൗത്യത്തിനായി എൽ1 പോയന്റ് തിരഞ്ഞെടുത്തതും ദൗത്യത്തിന്റെ പേരിനൊപ്പം എൽ1 എന്ന് ചേർത്തതും.
ലഗ്രാഞ്ച് പോയന്റിൽ നിലനിൽക്കുന്ന പേടകത്തിന് രാത്രി പകൽ വ്യത്യാസമോ ഗ്രഹണങ്ങളോ ഒന്നും തടസമാകില്ല. ഭൂമിയുമായുള്ള ആശയവിനിയമം ഇവിടെനിന്ന് തടസമില്ലാതെ നടക്കും. ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വാകർഷണബലം എൽ1 പോയന്റിൽ തുല്യമായതിനാൽ പേടകത്തെ അവിടെതന്നെ നിലനിർത്താൻ അധികം ഇന്ധനവും ചെലവഴിക്കേണ്ടി വരില്ല. നാല് മാസത്തോളമുള്ള യാത്രയ്ക്കൊടുവിൽ ലഗ്രാഞ്ച് പോയിന്റിൽ എത്തുന്നതോടെ സൂര്യനെക്കുറിച്ചുള്ള നിർണായകമായ പല വിവരങ്ങളും ആദ്യതി എൽ1 ശേഖരിച്ചുതുടങ്ങും. ഏകദേശം അഞ്ച് വർഷവും രണ്ട് മാസവും നീണ്ടുനിൽക്കുന്ന ദൗത്യമായിരിക്കും ഇത്. അത്രയും കാലം വിശ്രമമില്ലാതെ 24 മണിക്കൂറും പേടകം സൂര്യനെ നിരീക്ഷിച്ചുകൊണ്ടേയിരിക്കും.

ഭൂമിയിൽനിന്ന് ഏകദേശം 15 കോടി കിലോമീറ്റർ അകലെയുള്ള സൂര്യനെ പഠിക്കാൻ 15 ലക്ഷം കിലോമീറ്റർ മാത്രമാണ് ആദിത്യ എൽ1 സഞ്ചരിക്കുന്നത്. അതായത് ഭൂമിയിൽനിന്ന് സൂര്യനിലേക്കുള്ള ദൂരത്തിന്റെ ഒരു ശതമാനം മാത്രമാണ് പേടകം സഞ്ചരിക്കുന്നുള്ളുവെന്ന് ചുരുക്കം. അതേസമയം ചന്ദ്രയാൻ 3 സഞ്ചരിച്ച ദൂരത്തിന്റെ അഞ്ചു മടങ്ങോളം ആദിത്യ എൽ1 സഞ്ചരിക്കുന്നുണ്ട്. ചന്ദ്രയാൻ 3 ചന്ദ്രനിലേക്ക് പോയതിനെക്കാൾ രണ്ട് മടങ്ങ് ഭാരവും ആദിത്യയ്ക്ക് കുറവാണ്. 1475 കിലോഗ്രാമാണ് പേടകത്തിന്റെ ഭാരം.

ചുരുളഴിക്കാൻ രഹസ്യങ്ങളേറെ
സൂര്യനിലെ കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഭൂമി ഉൾപ്പെടെയുള്ള എല്ലാ ഗ്രഹങ്ങളേയും ബാധിക്കുമെന്നതിനാൽ സൂര്യനെക്കുറിച്ചുള്ള പഠനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. സൂര്യന്റെ ബാഹ്യ അന്തരീക്ഷമായ കൊറോണയെക്കുറിച്ചുള്ള പഠനമാണ് ആദിത്യ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ഇവിടെയുള്ള താപവ്യതിയാനം പേടകം കൃത്യമായി വിശകലനം ചെയ്യും. സൂര്യനിൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് തത്സമയം നിരീക്ഷിക്കാനും ആ മാറ്റങ്ങൾ എങ്ങനെ ബഹിരാകാശത്തിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നുവെന്നും ദൗത്യത്തിലൂടെ പഠിക്കും. ഇവയ്ക്ക് പുറമേ സൗരവാതങ്ങൾ, സൗരവികിരണങ്ങൾ മൂലം ഭൂമിയുടെ അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റങ്ങൾ, പ്ലാസ്മാ പ്രവാഹം, കൊറോണൽ മാസ് ഇജക്ഷൻ, സൂര്യന്റെ കാന്തികക്ഷേത്രം എന്നിവയെക്കുറിച്ചും പേടകം വിശദമായി പഠിക്കും.

ഭൂമിയിൽനിന്ന് കാണാനാവുന്ന സൂര്യന്റെ പുറത്തെ കട്ടികൂടിയ പാളിയാണ് ഫോട്ടോസ്ഫിയർ. സൂര്യപ്രകാശം പ്രസരിക്കുന്നത് ഇവിടെനിന്നാണ്. ഇതിന് മുകളിലായും കൊറോണയ്ക്ക് താഴേയായുമുള്ള നേർത്ത പ്ലാസ്മ ആവരണമാണ് ക്രോമോസ്ഫിയർ. ഫോട്ടോസ്ഫിയറിൽ താപനില ഏകദേശം 5730 ഡിഗ്രി സെൽഷ്യസ് മാത്രമാണ്. എന്നാൽ കൊറോണയിൽ താപനില ഒരു 10 ലക്ഷം ഡിഗ്രി സെൽഷ്യസാണ്. അതായത് സൂര്യന്റെ അകത്തുനിന്ന് അകലുംതോറും താപനില ക്രമാതീതമായി കൂടുകയാണ്. സാധാരണഗതിയിൽ തീ കത്തുന്നയിടത്തുനിന്ന് അകലം കൂടുന്തോറും ചൂട് കുറഞ്ഞുവരും. എന്നാൽ, സൂര്യനിലെ സാഹചര്യം നേരേ തിരിച്ചാണ്. ഇതിന് പിന്നിലെ രഹസ്യം എന്താണെന്ന് നാസ ഉൾപ്പെടെ ലോകത്തെ ഒരു ബഹിരാകാശ ഏജൻസികൾക്കും ഇതുവരെ കണ്ടെത്താനായിട്ടില്ല. ദീർഘകാലമായി നിലനിൽക്കുന്ന ഈ നിഗൂഢതയ്ക്ക് പിന്നിലെ കാരണം കണ്ടെത്താൻ ആദിത്യ എൽ1-ന് സാധിക്കുമോയെന്നാണ് ശാസ്ത്രലോകം ഉറ്റുനോക്കുന്നത്. ഇതിനുപുറമേ സൂര്യനിൽനിന്ന് ഭൂമിയിലേക്ക് എത്താതെ പോകുന്ന തരംഗങ്ങളെക്കുറിച്ചും അജ്ഞാതമായ സൂര്യന്റെ മറ്റു രഹസ്യങ്ങളെക്കുറിച്ചുമെല്ലാം ആദിത്യ എൽ1 ചുരുളഴിക്കുമോയെന്നാണ് കാത്തിരുന്ന് കാണേണ്ടത്.
സൂര്യനിൽനിന്നുള്ള പല ഊർജപ്രവാഹങ്ങളേയും ഭൂമിക്ക് ചുറ്റുമുള്ള ശക്തമായ കാന്തികവലയമാണ് തടയുന്നത്. അതുകൊണ്ടാണ് നമ്മൾ ഭൂമിയിൽ സുരക്ഷിതരായി ഇരിക്കുന്നത്. ചില സമയങ്ങളിൽ ഈ പ്രതിഭാസം തീവ്രമാകുമ്പോൾ ഭൂമിയിലെ സാങ്കേതിക വിദ്യകൾക്ക് നാശം സംഭവിക്കാനും ഇടവന്നേക്കും. ഇതുവഴി വലിയ നാശനഷ്ടവും സംഭവിച്ചേക്കാം. അതിനാൽ സൂര്യന്റെ പ്രഭാവം മൂലമുള്ള ബഹിരാകാശ കാലാവസ്ഥയെക്കുറിച്ച് മനസിലാക്കുക എന്നതും അതിനെ മുൻകൂട്ടി പ്രവചിക്കുക എന്നതും വളരെ പ്രധാനപ്പെട്ടതാണ്. ബഹിരാകാശത്ത് കൃത്യമായ കാലാവസ്ഥാ പ്രവചനത്തിന് സാധ്യമാകുന്ന കണ്ടെത്തലുകൾ ആദിത്യയിൽനിന്ന് ലഭിച്ചാൽ ശാസ്ത്രലോകത്തിനും അത് വലിയ നേട്ടമാകും.

അടിമുടി മെയ്ഡ് ഇൻ ഇന്ത്യ
ശാസ്ത്രീയ പരിശോധനകൾക്കായി ആകെ ഏഴ് പേലോഡുകളാണ് (ശാസ്ത്രീയ ഉപകരണങ്ങൾ) പേടകത്തിൽ സജ്ജമാക്കിയിട്ടുള്ളത്. ഇതിൽ നാല് പേലോഡുകൾ സൂര്യനെ നേരിട്ട് പഠിക്കും. മൂന്നെണ്ണം പേടകം സ്ഥിതിചെയ്യുന്ന ലഗ്രാഞ്ച് പോയന്റിലെ കണങ്ങളേയും ഫീൽഡുകളേയും കുറിച്ചും പഠിക്കും. ഇവയെല്ലാം ഇന്ത്യയിൽ തന്നെയുള്ള ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ തദ്ദേശിയമായി നിർമിച്ചതാണെന്നതും ഇന്ത്യയ്ക്ക് വലിയ നേട്ടമാണ്.
1. വിസിബിൾ എമിഷൻ ലൈൻ ക്രോണോഗ്രാഫ് (വി.ഇ.എൽ.സി) - സൂര്യനിലെ കൊറോണയെക്കുറിച്ച് പഠിക്കുകയും കൊറോണൽ മാസ് ഇജക്ഷൻ എന്ന സൂര്യദ്രവ്യപ്രവാഹത്തിലെ ഘടകങ്ങളെക്കുറിച്ചും അതിന്റെ സവിശേഷതകളെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിക്കുകയുമാണ് ഈ പേലോഡിന്റെ ജോലി. ദൃശ്യപ്രകാശത്തിലും ഇൻഫ്രാറെഡ് വേവ് ബാൻഡിലും ഇത് കൊറോണയുടെ ചിത്രം പകർത്തും. സൂര്യന്റെ കാന്തികക്ഷേത്രത്തെക്കുറിച്ചും പഠിക്കും. സൗരവാതങ്ങളും മറ്റ് സൗരപ്രതിഭാസങ്ങളും ഭൂമിയുടെ അന്തരീക്ഷത്തെ എങ്ങനെ ബാധിക്കുമെന്നുള്ള പഠനവും ഇതിലൂടെ സാധ്യമാകും. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സാണ് ഉപകരണം വികസിപ്പിച്ചത്.

2. സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലസ്‌കോപ് - ഫോട്ടോസ്ഫിയറിനേയും ക്രോമോസ്ഫിയറിനേയും നിരീക്ഷിക്കാനും ചിത്രമെടുക്കാനുമുള്ള പേലോഡാണിത്. 200-400 നാനോ മീറ്റർ തരംഗദൈർഘ്യത്തിൽ സൂര്യബിംബത്തെ നിരീക്ഷിക്കുന്ന ദൂരദർശിനിയാണിത്. സൂര്യാന്തരീക്ഷത്തിന്റെ വിവിധ പാളികൾ വേർതിരിച്ചു കാണുന്നതിനും ഈ ദൂരദർശിനിക്കു കഴിയും. ഭൗമാന്തരീക്ഷത്തിലെ ഓസോൺ പാളിയെ ഗുരുതരമായി ബാധിക്കുന്ന അൾട്രാവയലറ്റ് വികിരണങ്ങളുടെ സ്വഭാവത്തെക്കുറിച്ചുള്ള പഠനവും ഇതിലൂടെ നടക്കും. പുണെയിലെ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ആസ്‌ട്രോണമി ആൻഡ് ആസ്‌ട്രോഫിസിക്‌സാണ് ഇത് വികസിപ്പിച്ചത്.

3. സോളാർ ലോ എനർജി എക്‌സ്‌റേ സ്‌പെക്ട്രോമീറ്റർ - കൊറോണയെ ചൂടുപിടിപ്പിക്കുന്നതിൽ എക്സ്റേ കിരണങ്ങളുടെ പങ്ക് പരിശോധിക്കുന്നതിനുള്ള ഉപകരണം. സൂര്യനിൽനിന്നും പുറപ്പെടുന്ന പല തലത്തിലുള്ള എക്‌സ്‌റേ തരംഗങ്ങളെക്കുറിച്ചുള്ള പഠനമാണ് ഇതിന്റെ ലക്ഷ്യം. ബെംഗളൂരുവിലെ യു.ആർ. റാവു സാറ്റ്ലൈറ്റ് സെന്ററിലാണ് ഇത് വികസിപ്പിച്ചത്.
4. ഹൈ എനർജി എൽ1 ഓർബിറ്റിങ് എക്‌സ്‌റേ സ്‌പെക്ട്രോമീറ്റർ - കൊറോണയിൽക്കൂടിയുള്ള കണികാപ്രവാഹത്തിന്റെ വേഗതയും ഊർജനിലയും അളക്കുന്നതിനുള്ള ഉപകരണം. വികസിപ്പിച്ചത് ബെംഗളൂരുവിലെ യു.ആർ. റാവു സാറ്റ്ലൈറ്റ് സെന്ററിലാണ്.
5. ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്‌സ്പിരിമെന്റ് - സൗരവാതങ്ങളുടെ സ്വഭാവവും അതിനെക്കുറിച്ചുള്ള വിശകലനവുമാണ് ഈ ഉപകരണം നടത്തുക. അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലാണ് ഇത് വികസിപ്പിച്ചത്.
6. പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ - സൗരവാതങ്ങളിലെ ഘടകങ്ങളെക്കുറിച്ചും അതിലെ ഊർജവിതരണത്തെക്കുറിച്ചും പഠിക്കുന്നതിനുള്ള ഉപകരണമാണിത്. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ സ്‌പേസ് ഫിസിക്‌സ് ലബോറട്ടിയാണ് ഈ പേലോഡ് വികസിപ്പിച്ചത് എന്നത് കേരളത്തിനും അഭിമാനകരമായ നേട്ടമാണ്.

7. മാഗ്നറ്റോ മീറ്റർ - ഗ്രഹാന്തര കാന്തികമണ്ഡലത്തിന്റെ തീവ്രത അളക്കുന്നതിനുള്ള ഉപകരണം. ബെംഗളൂരുവിലുള്ള ഇലക്ട്രോ ഒപ്റ്റിക്സ് സിസ്റ്റംസ് ലബോറട്ടറിയിലാണ് ഇത് വികസിപ്പിച്ചത്.
എൽ1 പോയന്റിൽ എത്തുന്നതോടെ ഭൂമിയെപ്പോലെ ആദിത്യയും 365 ദിവസംകൊണ്ടാണ് സൂര്യനെ കറങ്ങിവരുക. ഭ്രമണപഥത്തിൽ നിലനിർത്താൻ ഇടയ്ക്ക് മാത്രം കുറച്ച് ഇന്ധനം ചെലവാക്കേണ്ടിവരും. ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനും ഭൂമിയിലേക്ക് വാർത്താവിനിമയം നടത്താനുമുള്ള വൈദ്യുതി പേടകത്തിൽ സ്ഥാപിച്ച സോളാർ പാനലുകൾ വഴി ലഭിക്കും.
ഓരോ മിനിറ്റിലും ഒരു ചിത്രം ഭൂമിയിലേക്ക്
എൽ1 പോയന്റിലെത്തി കഴിഞ്ഞാൽ പേടകത്തിലെ പ്രധാന പേലോഡായ വിസിബിൾ എമിഷൻ ലൈൻ കോറോണഗ്രാഫ് (വി.ഇ.എൽ.സി.) ഓരോ മിനിറ്റിലും ഓരോ ചിത്രം വീതം ഭൂമിയിലേക്ക് അയക്കും. അതായത് ഒരു ദിവസം (24 മണിക്കൂറിൽ) സൂര്യന്റെ 1440 ചിത്രങ്ങൾ ഐഎസ്ആർഒയ്ക്ക് ലഭിക്കും. ഐ.എസ്ആർ.ഒയുടെ ഇന്ത്യൻ സ്പേസ് സയൻസ് ഡാറ്റാ സെന്ററിൽ (ഐഎസ്എസ്ഡിസി) നിന്ന് ലഭിക്കുന്ന ഡാറ്റ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിൽ പ്രവർത്തിക്കുന്ന ഓപ്പറേഷൻ സെന്ററിലെത്തുകയും അവിടെനിന്ന് ശാസ്ത്രവിശകലനത്തിന് അനുയോജ്യമാകും വിധം ആ ഡാറ്റയെ മാറ്റുകയും ചെയ്യും. ഇത് സൂക്ഷ്മമായി വിലയിരുത്തി സൂര്യനിലെ പല കാര്യങ്ങളിലും വ്യക്തമായ ധാരണയുണ്ടാക്കാൻ ഇസ്റോയ്ക്ക് സാധിക്കും.

അടുത്തവർഷം ജനുവരി തുടക്കത്തിൽ പേടകം നിശ്ചയിച്ചിരിക്കുന്ന ഭ്രമണപഥത്തിൽ എത്തുമെങ്കിലും ഫെബ്രുവരി അവസാനത്തോടെ മാത്രമേ ആദ്യചിത്രങ്ങൾ ലഭ്യമാകുവെന്നാണ് പ്രതീക്ഷിക്കുന്നത്. എൽ1 പോയന്റിലെത്തുന്ന പേടകത്തിലെ ഓരോ ഉപകരണങ്ങളും സജ്ജമാകാൻ സമയമെടുക്കും. ചെറിയ ഉപകരണങ്ങളാണ് ആദ്യം പരിശോധിക്കുക. പേടകത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതും സാങ്കേതികമായി ഏറെ വെല്ലുവിളി നിറഞ്ഞതുമായ പേലോഡാണ് വി.ഇ.എൽ.സി. അതിനാൽ ഇതിന്റെ ഷട്ടർ ഏറ്റവും അവസാനമാണ് തുറക്കുക. ഇത് ഫെബ്രുവരിയിലായിരിക്കും. ഏറ്റവും പ്രധാനപ്പെട്ട ഉപകരണമായതിനാലും മറ്റ് ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കുന്നതിനിടെ കേടുപാടുകൾ സംഭവിക്കാതിരിക്കാനുമാണ് വി.ഇ.എൽ.സിയുടെ ഷട്ടർ ഒടുവിൽ തുറക്കുന്നത്.
15 വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ ഒരുക്കം
15 വർഷത്തോളം നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷമാണ് സൂര്യനിലേക്ക് ഇസ്റോ ആദ്യ പേടകം അയച്ചത്. സൂര്യന്റെ അന്തരീക്ഷത്തെ നിരീക്ഷിക്കാനായി ഒരു പേടകത്തെ വിക്ഷേപിക്കാൻ 2008 ജനുവരിയിലായിരുന്നു ഇന്ത്യൻ സ്പേസ് റിസർച്ച് അഡ്വൈസറി കമ്മിറ്റി പദ്ധതിയിട്ടത്. 2008 നവംബറിൽ അന്നത്തെ ഐഎസ്ആർഒ ചെയർമാൻ ജി മാധവൻ നായർ ദൗത്യം ഔദ്യോഗിമായി പ്രഖ്യാപിച്ചു. സൂര്യപഠനത്തിനായി ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് ചെറിയ ഭാരം മാത്രമുള്ള ചെറു ഉപഗ്രഹം അയക്കാനായിരുന്നു ആദ്യം ലക്ഷ്യമിട്ടത്. പിന്നീട് പദ്ധതി അൽപംകൂടി വിപുലീകരിച്ച് നടത്താൻ തീരുമാനിച്ചു. 2019 ജൂലായിൽ ദൗത്യത്തിന് ആദിത്യ എൽ1 എന്ന പേരും ഇസ്റോ നൽകി. 2020-ൽ വിക്ഷേപിക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും കോവിഡ് വ്യാപനത്തോടെ വിക്ഷേപണം വീണ്ടും നീണ്ടുപോവുകയായിരുന്നു.

ചെലവിലും വലിയ നേട്ടം
ബഹിരാകാശ ഗവേഷണ രംഗത്തെ വമ്പൻമാരായ നാസയും യൂറോപ്യൻ സ്‌പേസ് ഏജൻസിയുമെല്ലാം നടത്തുന്ന ബഹിരാകാശ ദൗത്യങ്ങളെക്കാൾ പതിൻമടങ്ങ് ചെലവ് കുറച്ച് ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമെല്ലാം ദൗത്യങ്ങൾ സാധ്യമാണെന്ന് നേരത്തെ തെളിയിച്ചതാണ് ഇസ്‌റോ. കുറഞ്ഞ ചെലവിൽ വമ്പൻ നേട്ടങ്ങൾ കൊയ്യുന്ന ആ പതിവ് സൗരദൗത്യത്തിലും ഇന്ത്യ തുടർന്നു. 2019-ൽ കേന്ദ്രസർക്കാർ ആദിത്യ എൽ1 ദൗത്യത്തിനായി ഏകദേശം 368 കോടി രൂപ നൽകിയിരുന്നു. ദൗത്യം പൂർത്തിയാകുന്നതിന് മുമ്പുള്ള കണക്കാണിത്. അന്തിമ കണക്ക് ഇസ്‌റോ പുറത്തുവിട്ടിട്ടില്ല. എങ്കിലും 400 കോടിക്ക് അടുത്തുവരുന്ന ആ തുകയിൽനിന്ന് വലിയ വർധന അന്തിമ തുകയ്ക്കുണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ.
സൂര്യനിലെ രഹസ്യംതേടി പോയവർ
1960-ൽ നാസയാണ് സൂര്യനെ ലക്ഷ്യമിട്ടുള്ള ഗവേഷണങ്ങൾക്ക് തുടക്കമിട്ടത്. പയനിയർ 5 ആയിരുന്നു ആദ്യ സൗരദൗത്യം. ഇത് വിജയകരമായതിന് പിന്നാലെ 1965 മുതൽ 1969 വരെയുള്ള കാലയളവിൽ പയനിയർ 6, പയനിയർ 7, പയനിയർ 8, പയനിയർ 9, പയനിയർ ഇ എന്നിങ്ങനെ അഞ്ച് പേടകങ്ങൾ നാസ സൂര്യനിലേക്ക് അയച്ചു. ഓർബിറ്റർ ദൗത്യമായിരുന്ന ഇവയിൽ പയനിയർ ഇ ഒഴികെ ബാക്കിയുള്ളതെല്ലാം വിജയകരമായി.
പിന്നീട് 1974-ലും 1976-ലും നാസയും ജർമൻ എയറോസ്പേസ് സെന്ററും ചേർന്ന് ഹീലിയോസ് എ, ഹീലിയോസ് ബി എന്നീ ഉപഗ്രങ്ങൾ സൂര്യനിലേക്കയച്ചു. 1978-ൽ ഐഎസ്ഇഇ-3 ഉപഗ്രഹവും നാസ വിക്ഷേപിച്ചു. 1994 മുതൽ 2008 വരെയുള്ള കാലയളവിൽ നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ചേർന്ന് ഏഴ് സൗരദൗത്യങ്ങളും യാഥാർഥ്യമാക്കി. 1995 ഡിസംബറിൽ നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലൊറേഷൻ ഏജൻസിയും ചേർന്ന് സോളാർ ആൻഡ് ഹീലിയോസ്ഫെറിക് ഒബ്സർവേറ്ററി (സോഹോ) പേടകം വിക്ഷേപിച്ചു. 2006-ൽ ജപ്പാന്റെ ഹിനോഡ് (സോളാർ-ബി) ദൗത്യവും നാസ വിക്ഷേപിച്ച സ്റ്റീരിയോ എ, സ്റ്റീരിയോ ബി ദൗത്യങ്ങളും വിജയംകണ്ടു.
2018-ൽ നാസ വിക്ഷേപിച്ച പാർക്കർ സോളാർ മിഷൻ സൂര്യന് 62 ലക്ഷം കിലോമീറ്റർ അടുത്തുവരെയെത്തി പഠനം നടത്തി. സൂര്യനോട് ഇത്രയടുത്ത് പര്യവേക്ഷണം നടത്തിയ ആദ്യ സൗരദൗത്യവും ഇതായിരുന്നു. 1377 ഡിഗ്രി സെൽഷ്യസ് ചൂടിനെ വരെ പ്രതിരോധിക്കാൻ കഴിയുന്ന തരത്തിൽ നാലര ഇഞ്ച് കനത്തിൽ തയ്യാറാക്കിയ കാർബൺ കോംപസിറ്റ് കവചമാണ് സൂര്യനിനിൽനിന്നുള്ള കനത്ത ചൂടിൽനിന്ന് പാർക്കറിന് രക്ഷയായത്. ഇതിനകം പലതവണ ഈ പേടകം സൂര്യന് അടുത്തായി വന്നിരുന്നു.
സൂര്യന്റെ ഉഭ്ദവത്തെക്കുറിച്ചും ബഹിരാകാശ കാലാവസ്ഥയെക്കുറിച്ചും പഠിക്കാൻ ലക്ഷ്യമിട്ട് 2020 ഫെബ്രുവരിയിൽ നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും സംയുക്തമായി സോളാർ ഓർബിറ്റർ പേടകവും വിക്ഷേപിച്ചു. അഡ്വാൻഡ്സ് സ്പേസ് ബേസ്ഡ് സോളാർ ഒബ്സർവേറ്ററി (എഎസ്ഒഎസ്) എന്ന പേരിൽ 2022-ലായിരുന്നു ചൈനയുടെ ആദ്യ സൗരദൗത്യം. ഇതിനു തൊട്ടുപിന്നാലെയാണ് സൗരദൗത്യ പട്ടികയിലേക്ക് ഇന്ത്യയും സ്ഥാനംപിടിച്ചത്.

Content Highlights: indias first solar mission aditya l1
Published: 02 Sept 2023, 03:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented