ഫുട്‌ബോള്‍ ഈറ്റില്ലമെന്ന് വിശേഷിപ്പിക്കുന്ന മലപ്പുറത്തെ മണ്ണില്‍ മറ്റു കായിക ഇനങ്ങള്‍ക്ക്  അത്ര വേരോട്ടമില്ലായിരുന്നു. എന്നാല്‍, ആ മണ്ണെല്ലാം ഇളക്കിമറിച്ച് 2022-ല്‍ പുതുചരിത്രം പിറവികൊണ്ടു. സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ചരിത്രത്തിലാധ്യമായി മലപ്പുറം രണ്ടാം സ്ഥാനം നേടി. 2023-ല്‍ രണ്ടാം സ്ഥാനം കൂടുതല്‍ അരക്കിട്ടുറപ്പിച്ചു. കടശ്ശേരി ഐഡിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റേയും ആലത്തിയൂര്‍ കെഎച്ച്എം ഹയര്‍ സെക്കന്‍ഡറി അടക്കമുള്ള മറ്റു സ്‌കൂളുകളുടേയും ചിറകിലേറിയായിരുന്നു മലപ്പുറം ചരിത്രപരമായ കായികക്കുതിപ്പ് നടത്തിയത്. തുടര്‍ച്ചയായി രണ്ടാം തവണയും സ്‌കൂള്‍ ചാമ്പ്യന്‍മാരായ ഐഡിയല്‍ സ്‌കൂളിന്റെ നേട്ടം ഇതില്‍ വേറിട്ട് നില്‍ക്കുന്നതായിരുന്നു. അടിസ്ഥാന സൗകര്യങ്ങളും അധികൃതരുടെ പിന്തുണയും ലഭിച്ചാല്‍ കുട്ടികള്‍ക്ക് എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാന്‍ കഴിയുമെന്ന ഉത്തമ മാതൃകയാണ് ഐഡിയല്‍ സ്‌കൂള്‍ സൃഷ്ടിച്ചിരിക്കുന്നത്. 2007-ല്‍ ആരംഭിച്ച ഐഡിയലിന്റെ കായിക പരീക്ഷണം ഇന്ന് ജില്ലയിലും സംസ്ഥാനത്തും സ്‌കൂളിനെ നേട്ടങ്ങളുടെ നെറുകയിലെത്തിച്ചിരിക്കുന്നു. ദേശീയ തലത്തിലും ഒട്ടേറെ താരങ്ങളെ ഐഡിയല്‍ സംഭാവന നല്‍കിയിട്ടുണ്ട്. കായികരംഗത്ത് വിപ്ലവകരമായ വിജയക്കുതിപ്പ് നടത്തിയ ഐഡിയല്‍ സ്‌കൂളില്‍ മാതൃഭൂമി ഡോട്ട് കോം സന്ദര്‍ശനം നടത്തിയപ്പോള്‍ കണ്ട കാഴ്ചകള്‍ ഇവിടെ വിവരിക്കുന്നു...

To advertise here,

നേട്ടത്തിന് പിന്നില്‍

പ്രൈമറി ക്ലാസുകളില്‍തൊട്ട് കായികാധ്യാപകരെ നിയമിച്ചിട്ടുള്ള അപൂര്‍വ്വ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഐഡിയല്‍ സ്‌കൂള്‍. വിവിധ തലങ്ങളിലായി അയ്യായിരത്തോളം കുട്ടികള്‍ പഠിക്കുന്ന ഈ സ്‌കൂളില്‍ ഇരുപതോളം കായികാധ്യാപകരുണ്ട്. സംസ്ഥാനത്തെ 74% പൊതുവിദ്യാലയങ്ങളിലും കായികാധ്യപകരില്ലാത്ത  അവസ്ഥ നിലനില്‍ക്കുമ്പോഴാണിത്.

വിശാലമായ പുല്‍ത്തകിടോടെയുള്ള സ്റ്റേഡിയം, ഇന്‍ഡോര്‍ സ്റ്റേഡിയം, ഓപ്പണ്‍ ജിം, അന്താരാഷ്ട്ര നിലവാരുമുള്ള ഫിറ്റ്നെസ് സെന്റര്‍, സ്വിമ്മിങ് പൂള്‍, ബാസ്‌ക്കറ്റ്ബോള്‍ കോര്‍ട്ട്, സ്പോര്‍ട്സ് ഹോസ്റ്റല്‍ തുടങ്ങി ഒരു കായികതാരത്തിന് പര്യാപ്തമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. അണ്‍എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഐഡിയല്‍ സ്‌കൂളില്‍ കായിക മികവോടെ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനവും താമസവും ഭക്ഷണവും അടക്കം സൗജന്യമാണ്.

placeholder
സ്‌കൂളിലെ നീന്തല്‍കുളം

കായിക മേഖലയ്ക്ക് മാനേജ്മെന്റ് നല്‍കുന്ന സപ്പോര്‍ട്ട് തന്നെയാണ് ഈ സ്‌കൂളിന്റെ നേട്ടങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണം. ഷാഫി അമ്മയാത്തിന്റെ നേതൃത്വത്തിലാണ് ഐഡിയല്‍ സ്‌കൂളില്‍ കായിക വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഇവിടെ പഠിക്കുന്ന അയ്യായിരത്തോളം കുട്ടികള്‍ ഒരു പാഠ്യേതര പ്രവര്‍ത്തനത്തിലെങ്കിലും പങ്കാളിത്തം വഹിക്കണമെന്ന നിര്‍ബന്ധബുദ്ധിയിലാണ് സ്‌കൂള്‍ മാനേജ്മെന്റ്. കരാട്ടെ, തെയ്ക്വാന്‍ഡോ, സ്‌കേറ്റിങ്, ഫുട്ബോള്‍, വോളിബോള്‍ തുടങ്ങിയ ഇനങ്ങള്‍ പഠിപ്പിക്കുന്നതിനും പ്രത്യേക കോച്ചുമാര്‍ സ്‌കൂളിലുണ്ട്. 

'കുട്ടികള്‍ക്കിടയില്‍ അച്ചടക്കവും സംസ്‌കാരവും വളര്‍ത്തിയെടുക്കുന്നതിലും പഠനത്തില്‍ അവരെ ശ്രദ്ധ കേന്ദ്രീകരിപ്പിക്കുന്നതിലും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് അനുഭവത്തിലൂടെയാണ് ഞങ്ങള്‍ തിരച്ചറിഞ്ഞത്. വര്‍ത്തമാനകാലത്ത് കുട്ടികളുടെ മൊബൈല്‍ അഡിക്ഷന് മുന്നില്‍ മാതാപിതാക്കള്‍ നിസ്സഹായരാണ്. അത്തരമൊരു സാഹചര്യത്തിലാണ് സ്‌കില്‍ ഡെവലപ്മെന്റ് പ്രോഗ്രാമിന് കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ ഞങ്ങള്‍ തീരുമാനച്ചത്.' സ്‌കൂള്‍ മാനേജര്‍ മജീദ് ഐഡിയല്‍ പറഞ്ഞു.

അക്കാദമിക് മേഖലയിലെ മികവിനൊപ്പം ഇപ്പോള്‍ രക്ഷിതാക്കള്‍ കുട്ടികളിലെ കായികമികവും മറ്റും പരിപോഷിപ്പിക്കുന്നതിന് പ്രധാന്യം നല്‍കിവരുന്നുണ്ട്. അതുകൊണ്ട് അവരുടെ നല്ല പിന്തുണയും ലഭിക്കുന്നു, മറ്റു ജില്ലകള്‍ക്ക് കൂടി മാതൃകയാകുന്ന വിധത്തില്‍ ഒരു തരത്തിലുമുള്ള ലിംഗ-മത-ജാതി വിവേചനവും ഇല്ലാതെ രക്ഷിതാക്കളും കുട്ടികളും കായികരംഗത്തേക്ക് കടന്ന് വരുന്നതാണ് ഐഡിയലിന്റെ അനുഭവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

placeholder
ഓപ്പണ്‍ ജിമ്മില്‍ കുട്ടികള്‍

കായികരംഗത്ത് കേരളം മാതൃകയാക്കേണ്ട ഒരു വിദ്യാലയമാണ് ഐഡിയലെന്ന് ഹെഡ് കോച്ചായിട്ടുള്ള ടോമി ചെറിയാന്‍ അഭിപ്രായപ്പെട്ടു. 'സാധാരണ സ്‌കൂളുകളില്‍ കുട്ടികളെ അച്ചടക്കം പഠിപ്പിക്കുന്നതിനും വികൃതി കാണിക്കുന്നവരെ വിരട്ടാനുമാണ് കായിക അധ്യാപകരെ നിയമിക്കുന്നത്. എന്നാല്‍, ഈ സ്‌കൂളില്‍ കായികരംഗത്തേക്ക് വരുന്ന വിദ്യാര്‍ഥികള്‍ക്ക് എല്ലാ സൗകര്യങ്ങളും സൗജന്യമായി നല്‍കികൊണ്ടും വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി കൊണ്ടുമാണ് ഇവരെ വരവേല്‍ക്കുന്നത്. പരിശീലനത്തിനായി പോകുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകമായി ക്ലാസെടുക്കാനും അധ്യാപകര്‍ ഒഴിവ് സമയങ്ങള്‍ കണ്ടെത്തുന്നുവെന്നതും ഇവിടുത്തെ പ്രത്യേകതയാണ്.' ടോമി ചെറിയാന്‍ പറഞ്ഞു.

പരിശീലനം

സംസ്ഥാന സ്‌കൂള്‍ കലോത്സവം അവസാനിച്ച് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് ഞങ്ങള്‍ ഐഡിയല്‍ സ്‌കൂളിലേക്കെത്തിയത്. സ്‌കൂള്‍ സ്റ്റേഡിയത്തില്‍  പരിശീലനം നടക്കുന്നത് കണ്ട് മീറ്റ് അവസാനിച്ചില്ലേ എന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ലഭിച്ച മറുപടി ഇതായിരുന്നു: 'അടുത്ത വര്‍ഷത്തേക്കുള്ള ഒരുക്കങ്ങള്‍ ഞങ്ങള്‍ എപ്പഴേ തുടങ്ങി.' സ്‌കൂള്‍ ചാമ്പ്യന്മാരായി എത്തിയതിന് തൊട്ടടുത്ത ദിവസം മുതല്‍ തന്നെ ഇവിടെ പരിശീലനം പുനഃരാരംഭിച്ചിട്ടുണ്ട്.

ദേശീയ സ്‌കൂള്‍ ഗെയിംസാണ് അടുത്ത ലക്ഷ്യം. ഇത്തരത്തില്‍ ചിട്ടയായ പരിശീലനമാണ് വിജയരഹസ്യം. ഹെഡ് കോച്ച് ടോമി ചെറിയാന്‍,  ചീഫ് കോച്ച് നദീഷ് ചാക്കോ, അസി. കോച്ച് സുജിത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്.  ദിവസവും രാവിലെ ആറ് മുതല്‍ ഒമ്പത് മണിവരെയും വൈകീട്ട് നാലു മുതല്‍ ഏഴു വരെയുമാണ് പരിശീലന സമയം. സ്‌കൂള്‍ മീറ്റിനോട് അടുക്കുന്ന ഘട്ടത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം 50 കിലോ മീറ്റര്‍ താണ്ടി കാലിക്കറ്റ് സര്‍വകലാശാലയുടെ സിന്തറ്റിക് ട്രാക്കിലേക്ക് കുട്ടികളെ പരിശീലനത്തിനായി കൊണ്ടുപോകും. 

ഭക്ഷണവും താമസവും

കായിക ക്വാട്ടയില്‍ പ്രവേശനം നേടുന്ന കുട്ടികള്‍ക്ക് ഇവിടെ പഠനത്തിനൊപ്പം പോഷകസമൃദ്ധമായ ഭക്ഷണവും ശീതീകരിച്ച താമസ സൗകര്യമടക്കം പൂര്‍ണ്ണമായും സൗജന്യമാണ്. രാവിലത്തെ പരിശീലനം കഴിഞ്ഞ ഉടന്‍ പാലും മുട്ടയും ഗ്രൗണ്ടിലേക്കെത്തും. ന്യൂട്രീഷന്‍ കണക്കാക്കി ഓരോ ദിവസവും വ്യത്യസ്തമായ പ്രാതല്‍ ലഭ്യമാക്കും. ആറ് കൂട്ടം കറികളടങ്ങിയ ഉച്ച ഭക്ഷണം, വൈകീട്ട് പരിശീലനത്തിന് ശേഷം ജ്യൂസ്, രാത്രി ഭക്ഷണം അങ്ങനെ പോകുന്നു ഇവരുടെ ഭക്ഷണക്രമീകരണം.

പരിശീലനം കഴിഞ്ഞെത്തുന്ന വിദ്യാര്‍ഥികള്‍ 10.30-ന് ക്ലാസി കയറിയാല്‍ മതി. ഇതിനിടെ ഇവര്‍ കവര്‍ ചെയ്യാതെ പോയ പാഠഭാഗങ്ങള്‍ വൈകീട്ട് അധ്യാപകര്‍ എടുത്ത് നല്‍കും.

placeholder
പരിശീലകരായ സുജിത്ത്, നദീഷ് ചാക്കോ, ടോമി ചെറിയാന്‍ എന്നിവര്‍

പൊരിവെയിലില്‍ മത്സരങ്ങള്‍ കഴിഞ്ഞ് ക്ഷീണതരായി തളര്‍ന്നിരിക്കുന്ന കുട്ടികളെ അമ്മമാരെത്തി വീശികൊടുക്കുന്നത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പതിവ് കാഴ്ചയാണ്. എന്നാല്‍, അതില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന കാഴ്ച ഈ വര്‍ഷം കുന്നംകുളത്ത് നടന്ന സ്‌കൂള്‍മീറ്റില്‍ കണ്ടു. ഐഡിയല്‍ സ്‌കൂളിലെ താരങ്ങള്‍ മത്സരം കഴിഞ്ഞ് നേരെ കയറിപ്പോകുന്നത് ഗ്രൗണ്ടിന് സമീപമുള്ള ബസിലേക്കാണ്. എയര്‍കണ്ടീഷന്‍ ചെയ്ത ബസാണ് താരങ്ങള്‍ക്ക് ഐഡിയല്‍ ഏര്‍പ്പാടാക്കിയിരുന്നത്. പൊരിവെയിലില്‍ മത്സരിച്ചെത്തിയ താരങ്ങള്‍ക്ക് ബസില്‍ ചാരിക്കിടന്ന് തണുത്ത കാറ്റേറ്റ് വിശ്രമിക്കാം. മാത്രമല്ല, പിന്നാലെ ഇവര്‍ക്കായി ബസിലേക്ക് ഫ്രൂട്സും ജ്യൂസുമെത്തും. മീറ്റുകളില്‍ പങ്കെടുക്കാന്‍ പോയാല്‍ മികച്ച സൗകര്യങ്ങളുള്ള അപ്പാര്‍ട്ട്മെന്റുകളിലാണ് ഐഡിയല്‍ കുട്ടികളെ താമസിപ്പിക്കുന്നതും.