രാജ്യതലസ്ഥാനത്ത് ദിവസങ്ങളായി കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നിരവധി വിമാന സർവീസുകളാണ് വൈകുകയോ വഴിതിരിച്ചുവിടുകയോ റദ്ദാക്കപ്പെടുകയോ ചെയ്തിട്ടുള്ളത്. കനത്ത മൂടല്‍മഞ്ഞ് കാരണം തിങ്കളാഴ്ച ഡല്‍ഹിയില്‍ നിന്നുള്ള 110 വിമാനങ്ങള്‍ വൈകുകയും 79 സർവീസുകൾ റദ്ദാക്കുകയും ചെയ്തിരുന്നു. യാത്രക്കാര്‍ വിമാനക്കമ്പനി അധികൃതരുമായി ബന്ധപ്പെട്ട് യാത്രയുടെ വിവരങ്ങള്‍ ഉറപ്പുവരുത്തിയശേഷം മാത്രമേ വിമാനത്താവളത്തിലേക്ക് തിരിക്കാവൂ എന്നാണ് ഡല്‍ഹി വിമാനത്താവള അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

To advertise here,

വിമാനം വൈകുന്നതുമായി ബന്ധപ്പെട്ട് യാത്രക്കാരും വിമാന ജീവനക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ വിമാനം വൈകുന്നതുമായി ബന്ധപ്പെട്ട വിവരം അനൗണ്‍സ് ചെയ്യുന്നതിനിടെ പൈലറ്റിനെ യാത്രക്കാരന്‍ ആക്രമിച്ചിരുന്നു. കനത്ത മൂടല്‍മഞ്ഞ് കാരണം വിമാനം 13 മണിക്കൂറോളം വൈകുമെന്ന വിവരം യാത്രക്കാരുമായി പങ്കുവെയ്ക്കുന്നതിനിടയിലാണ് സഹില്‍ കതാരിയ എന്ന യാത്രക്കാരന്‍ കോ പൈലറ്റ് അനൂപ് കുമാറിനെ മര്‍ദിച്ചത്. തുടര്‍ന്ന് കതാരിയെ വിമാനത്തില്‍നിന്ന് പുറത്താക്കുകയും സി.ഐ.എസ്.എഫിന് കൈമാറുകയും ചെയ്തു.

14 ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാവിലെ 11.20 ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം വൈകുമെന്ന വിവരം ബോര്‍ഡിങ് ഗേറ്റില്‍ എത്തിയപ്പോഴാണ് യാത്രക്കാര്‍ അറിയുന്നത്. 12.50 ന് പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും വീണ്ടും വൈകുമെന്ന അറിയിപ്പ് ലഭിച്ചതോടെ യാത്രക്കാരും അധികൃതരും തമ്മില്‍ തര്‍ക്കം ഉടലെടുത്തു.

വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്യുമ്പോള്‍ യാത്രക്കാര്‍ക്ക് എന്തുചെയ്യാന്‍ കഴിയും? അവരുടെ അവകാശങ്ങള്‍ എന്തൊക്കെയാണ്, അത്തരം സന്ദര്‍ഭങ്ങളില്‍ എയര്‍ലൈനുകള്‍ ചെയ്ത് നല്‍കേണ്ട സൗകര്യങ്ങള്‍ തുടങ്ങി മുതലായ വിഷയങ്ങള്‍ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക നിയമങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. ഡിജിസിഎയുടെ സിവില്‍ ഏവിയേഷന്‍ റെഗുലേഷന്‍ പ്രകാരം യാത്രക്കാരന് ചില അവകാശങ്ങള്‍ ഉണ്ട്.

വിമാനം വൈകുന്ന സാഹചര്യങ്ങളില്‍

ഡിജിസിഎ നിര്‍ദേശം പ്രകാരം വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് വിമാന കമ്പനികള്‍ ഭക്ഷണം നല്‍കണം. ഇത് ഓരോ വിമാനത്തിന്റെയും 'ബ്ലോക്ക് ടൈമിനെ' (സര്‍വീസ് ദൈര്‍ഘ്യം) ആശ്രയിച്ചിരിക്കുന്നു. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു വിമാനം രണ്ട് മണിക്കൂര്‍ വൈകി പുറപ്പെടുമ്പോഴും രണ്ടര മണിക്കൂറിനും അഞ്ച് മണിക്കൂറിനും ഇടയില്‍ സര്‍വീസ് ദൈര്‍ഘ്യമുള്ള ഒരു വിമാനം മൂന്ന് മണിക്കൂര്‍ വൈകി പുറപ്പെടുമ്പോഴും അതുപോലെ ഒരു വിമാനം നാല് മണിക്കൂറും അതില്‍ കൂടുതലും വൈകി സര്‍വീസ് നടത്തുമ്പോഴും യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കണം.

വിമാനം ആറ് മണിക്കൂറില്‍ കൂടുതല്‍ വൈകുമെങ്കില്‍, പുറപ്പെടുന്ന സമയത്തിന് 24 മണിക്കൂര്‍ മുമ്പ് യാത്രക്കാരനെ അറിയിക്കണമെന്ന് ഡിജിസിഎയുടെ സിവില്‍ ഏവിയേഷന്‍ റെഗുലേഷനില്‍ വ്യക്തമാക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ യാത്രക്കാരന് മുഴുവന്‍ റീഫണ്ടും അല്ലെങ്കില്‍ പകരം മറ്റൊരു വിമാനത്തില്‍ ഒരു സീറ്റോ ആവശ്യപ്പെടാന്‍ സാധിക്കും. അതുപോലെ വിമാനം ആറുമണിക്കൂറിലധികം വൈകുകയും രാത്രി 8 മണിക്കും പുലര്‍ച്ചെ 3 മണിക്കും ഇടയില്‍ പുറപ്പെടേണ്ടിവരികയും ചെയ്താല്‍ യാത്രക്കാരന് സൗജന്യ താമസസൗകര്യം നല്‍കണം. വിമാനം 24 മണിക്കൂറില്‍ കൂടുതല്‍ വൈകിയാലും ഇത് ബാധകമാണ്.

വിമാനം റദ്ദാക്കുന്ന സാഹചര്യങ്ങളില്‍

സര്‍വീസ് റദ്ദാക്കുന്ന പക്ഷം വിമാനക്കമ്പനി യാത്രക്കാരനെ രണ്ടാഴ്ചയ്ക്കുള്ളില്‍ കുറഞ്ഞപക്ഷം ഷെഡ്യൂള്‍ പ്രകാരം ചെയ്ത പുറപ്പെടല്‍ സമയത്തിന് 24 മണിക്കൂര്‍ മുമ്പെങ്കിലും യാത്രക്കാരനെ അറിയിക്കണമെന്നാണ് ഡിജിസിഎ നിര്‍ദേശം. ആ സാഹചര്യത്തില്‍ യാത്രക്കാരന് മറ്റൊരു വിമാനത്തില്‍ സീറ്റ് ആവശ്യപ്പെടാനും അല്ലെങ്കില്‍ എയര്‍ലൈനില്‍ നിന്ന് മുഴുവന്‍ റീഫണ്ടും ആവശ്യപ്പെടാനും അവകാശമുണ്ട്. മാത്രമല്ല ഷെഡ്യൂള്‍ ചെയ്ത പുറപ്പെടല്‍ സമയത്തിന് 24 മണിക്കൂര്‍ മുമ്പെങ്കിലും യാത്രക്കാരനെ എയര്‍ലൈന്‍ അറിയിക്കുന്നില്ലെങ്കില്‍ മുഴുവന്‍ റീഫണ്ടും നഷ്ടപരിഹാരവും നല്‍കണം.

ഒരു മണിക്കൂര്‍ വരെ ബ്ലോക്ക് ടൈം ഉള്ള ഫ്ളൈറ്റുകള്‍ക്ക് 5,000 രൂപയോ ലക്ഷ്യസ്ഥാനത്തേക്കുള്ള അടിസ്ഥാന യാത്രാനിരക്കോ ഏതാണോ കുറവ് അത് നല്‍കണം. ഒന്ന് മുതല്‍ രണ്ട് മണിക്കൂര്‍ വരെ ബ്ലോക്ക് ടൈം ഉള്ള ഫ്ളൈറ്റുകള്‍ക്ക് 7,500 രൂപയോ ലക്ഷ്യസ്ഥാനത്തേക്കുള്ള അടിസ്ഥാന യാത്രാനിരക്കോ ഏതാണോ കുറവ് അത് നല്‍കണം. രണ്ട് മണിക്കൂറിന് മുകളില്‍ ബ്ലോക്ക് ടൈം ഉള്ള ഫ്ളൈറ്റുകള്‍ക്ക് 10,000 രൂപയോ ലക്ഷ്യസ്ഥാനത്തേക്കുള്ള അടിസ്ഥാന യാത്രാനിരക്കോ ഏതാണോ കുറവ് അത് നഷ്ടപരിഹാരമായി നല്‍കണം. ആദ്യ വിമാനം റദ്ദാക്കിയതിനാല്‍ കണക്ഷന്‍ ഫ്ളൈറ്റ് നഷ്ടമാകുന്ന സാഹചര്യങ്ങളിലും ഈ നിയമം ബാധകമാണ്.

റീഫണ്ട് നിയമങ്ങള്‍

എല്ലാ സാഹചര്യങ്ങളിലും യാത്രക്കാര്‍ക്ക് റീഫണ്ട് ലഭിക്കില്ല. പ്രകൃതി ദുരന്തങ്ങള്‍, ആഭ്യന്തര യുദ്ധങ്ങള്‍, രാഷ്ട്രീയ അസ്ഥിരത, സുരക്ഷാ അപകടങ്ങള്‍, പണിമുടക്കുകള്‍, തൊഴില്‍ തര്‍ക്കങ്ങള്‍, കാലാവസ്ഥാ സാഹചര്യങ്ങള്‍ തുടങ്ങിയ അസാധാരണ സാഹചര്യങ്ങളില്‍ റദ്ദാക്കലുകളും കാലതാമസവും ഉണ്ടായാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ എയര്‍ലൈന്‍ ബാധ്യസ്ഥരല്ല.

എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) മൂലമുള്ള റദ്ദാക്കലുകളും കാലതാമസവും അല്ലെങ്കില്‍ എയര്‍ലൈനിന്റെ നിയന്ത്രണത്തിന് അപ്പുറമുള്ള കാര്യങ്ങളിലും യാത്രക്കാര്‍ക്ക് റീഫണ്ടോ നഷ്ടപരിഹാരമോ ലഭിക്കില്ല. അതേസമയം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ മൂലമുള്ള കാലതാമസം പോലുള്ള കാരണങ്ങള്‍ കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടില്ലയെന്നത് പലപ്പോഴും ചൂഷണങ്ങള്‍ക്ക് ഇടം നല്‍കുന്നുണ്ട്.

സാധാരണ സാഹചര്യങ്ങളില്‍, കാര്‍ഡ് പേയ്മെന്റുകളുടെ കാര്യത്തില്‍ ഏഴ് ദിവസത്തിനുള്ളില്‍ തുക തിരികെ നല്‍കണമെന്നാണ് DGCA നിയമം. ട്രാവല്‍ ഏജന്റുമാര്‍ വഴിയോ ഏതെങ്കിലും മൂന്നാം കക്ഷി വെബ്സൈറ്റ് വഴിയോ ടിക്കറ്റ് വാങ്ങുകയാണെങ്കില്‍, റീഫണ്ടിന്റെ ബാധ്യത എയര്‍ലൈനുകള്‍ക്കായിരിക്കും. ഈ സാഹചര്യത്തില്‍, റീഫണ്ട് 30 പ്രവൃത്തി ദിവസങ്ങൾക്കുള്ളില്‍ പ്രോസസ്സ് ചെയ്യണം.

സംഭവം നടന്ന് ഒരു മാസത്തിനുള്ളില്‍ യാത്രക്കാര്‍ റീഫണ്ട് ക്ലെയിം ചെയ്യണമെന്നും DGCA നിര്‍ദേശിക്കുന്നു. റദ്ദാക്കലുകളും കാലതാമസവും ഉണ്ടായാല്‍ ബന്ധപ്പെട്ട എയര്‍ലൈനിന്റെ നോഡല്‍ ഓഫീസറെ സമീപിച്ചാണ് നഷ്ടപരിഹാരം ക്ലെയിം ചെയ്യേണ്ടത്.

ക്ലെയിം ഫയല്‍ ചെയ്യുമ്പോള്‍, എയര്‍ലൈന്‍ ആവശ്യപ്പെടുന്ന എല്ലാ രേഖകളും ഉപഭോക്താക്കള്‍ അപ്​ലോഡ് ചെയ്യണം. ഉപഭോക്താവിന്റെ വിശദാംശങ്ങള്‍, ടിക്കറ്റ് എടുത്ത ക്രെഡിറ്റ് കാര്‍ഡിന്റെ നമ്പര്‍, ടിക്കറ്റ് നമ്പര്‍, ഫ്ളൈ്റ്റ് നമ്പര്‍, യാത്രാതീയതി, ബില്ലിങ് വിലാസം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വിമാനത്താവളങ്ങള്‍, വിമാനങ്ങള്‍, മറ്റ് വിമാന യാത്രാസംബന്ധിയായ കാര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യുന്നതിനും ട്രാക്ക് ചെയ്യുന്നതിനും സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ എയര്‍സേവ പോര്‍ട്ടലില്‍ സംവിധാനമുണ്ട്.

ഓവര്‍ബുക്കിങ്

എല്ലാ സീറ്റുകളിലും യാത്രക്കാരെ ഉറപ്പുവരുത്തുന്നതിനായി എയര്‍ലൈനുകള്‍ ഓവര്‍ബുക്കിങ് നടത്തുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. അപ്പോള്‍ ചില യാത്രക്കാര്‍ക്ക് ബോര്‍ഡിങ് നിഷേധിക്കപ്പെടുന്നു. ഇത്തരം സാഹചര്യങ്ങളില്‍ യാത്രക്കാരുടെ താല്‍പര്യം സംരക്ഷിക്കാന്‍ നിയമങ്ങളുണ്ട്.

യാത്രക്കാര്‍ക്ക് അവര്‍ ബുക്ക് ചെയ്ത യഥാര്‍ഥ വിമാനത്തിന്റെ ഒരു മണിക്കൂറിനുള്ളില്‍ പുറപ്പെടാന്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ള മറ്റൊരു വിമാനത്തില്‍ യാത്ര തയ്യാറാക്കണം. അങ്ങനെ ചെയ്യുന്നതില്‍ വിമാനക്കമ്പനി പരാജയപ്പെട്ടാല്‍ യാത്രക്കാരന്‍ നഷ്ടപരിഹാരത്തിന് അര്‍ഹനാണ്. യഥാര്‍ഥ വിമാനം പുറപ്പെടുന്ന സമയത്തിന് 24 മണിക്കൂറിനുള്ളില്‍ ബദല്‍ വിമാനം ക്രമീകരിക്കുകയാണെങ്കില്‍ യാത്രക്കാരന് എയര്‍ലൈന്‍ 10,000 രൂപ നല്‍കണം. 24 മണിക്കൂറിന് ശേഷമാണ് യാത്രക്കാരനെ ഇതര വിമാനത്തില്‍ എത്തിക്കുന്നതെങ്കില്‍ നഷ്ടപരിഹാരമായി 20,000 രൂപ വരെ നല്‍കണം.