'കേരളത്തെ സ്ത്രീ സൗഹൃദസംസ്ഥാനമാക്കും' 2012-ൽ നിർഭയ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി പറഞ്ഞ ഒരു വാചകം. പദ്ധതി പ്രഖ്യാപിക്കപ്പെട്ട് പത്തുവർഷം പിന്നിടുമ്പോൾ സ്ത്രീ സൗഹൃദത്തിൽ കേരളം എവിടെയെത്തി. പീഡനത്തിനിരയായ പെൺകുട്ടിയെ സമൂഹത്തിന് മുന്നിലേക്ക് പിടിച്ചുനടത്തുന്നതിൽ നാം എത്രത്തോളം വിജയിച്ചു? ലൈംഗികപീഡനം നേരിടേണ്ടി വരുന്ന പെൺകുട്ടികൾക്ക് സംരക്ഷണവും നിയമസഹായവും മാനസിക പിന്തുണയും നൽകി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക, പുനരധിവാസം ഉറപ്പാക്കുക എന്ന ദൗത്യത്തോടെ പ്രവർത്തിക്കുന്ന നിർഭയ ഹോമുകളിൽ നിന്നുളള എത്രകുട്ടികളെ സമൂഹത്തിന് മുന്നിൽ ഒരു മാതൃകയാക്കി അവതരിപ്പിക്കാൻ നമുക്ക് സാധിച്ചു? ഒരന്വേഷണം. 

To advertise here,

'നിർഭയ ആരംഭിച്ചിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും നമ്മുടെ കുട്ടികളിൽ അതിജീവിത എന്ന രീതിയിലേക്ക് വിരലിലെണ്ണാൻ പോലും എത്തിപ്പെട്ട ആരുമില്ല. പലരുടേയും കേസുകൾ തീർപ്പാക്കപ്പെട്ടിട്ടില്ല. നിർഭയ ഹോമുകൾ തുടങ്ങിയ കാലത്ത് അവിടെ എത്തപ്പെട്ട കുട്ടികളിൽ പലരും വിവാഹിതരായെന്നത് ശരിയാണ്. പക്ഷേ എത്രപേർ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളിൽ എത്തി എന്ന് ചിന്തിച്ചിട്ടുണ്ടോ?' നിർഭയ ഹോമുകളുടെ തുടക്കകാലം മുതൽ ഹോമിൽ വാർഡനായി സേവനമനുഷ്ഠിച്ചിട്ടുളള സജിത ചോദിക്കുന്നു. ഇതിനോട് ചേർത്തുതന്നെ വായിക്കണം തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന നിർഭയഹോമിൽ നിന്ന് ചാടിപ്പോകുന്ന പെൺകുട്ടികളുടെ വാർത്തകളും. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിന് വേണ്ടി തുടങ്ങിവെച്ച നിർഭയ പദ്ധതിയും ലൈംഗികപീഡനം നേരിടേണ്ടി വരുന്ന പെൺകുട്ടികൾക്ക് സംരക്ഷണവും നിയമസഹായവും മാനസിക പിന്തുണയും നൽകി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക, പുനരധിവാസം ഉറപ്പാക്കുക എന്ന ദൗത്യത്തോടെ പ്രവർത്തിക്കുന്ന നിർഭയ ഹോമുകളും വിഭാവനം ചെയ്യപ്പെട്ട ദൗത്യത്തിൽ എത്രത്തോളം വിജയിച്ചു എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു. ഇവരുടെ ക്ഷേമത്തിനെന്നു കരുതി വിഭാവനം ചെയ്യപ്പെട്ട ആശയങ്ങൾ യഥാർഥത്തിൽ എത്രത്തോളം കാര്യക്ഷമമാണ് എന്നതിലേക്കുളള തിരിഞ്ഞുനോട്ടം പദ്ധതി ആവിഷ്‌കരിക്കപ്പെട്ട് പത്തുവർഷം പൂർത്തിയാകുമ്പോഴെങ്കിലും നടത്താൻ തയ്യാറായില്ലെങ്കിൽ പിന്നെ എപ്പോഴാണ്?

അഡ്ജസ്റ്റ് ചെയ്ത് കഴിയേണ്ട ഇടത്താവളമാകരുത് നിർഭയ ഹോം

ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഒരു കുട്ടിയെ സംരക്ഷിത ഭവനുകളിലേക്ക് (ഷെൽറ്റർ ഹോം) മാറ്റുക എന്ന് പറയുന്നത് ഏറ്റവും അവസാനത്തെമാത്രം നടപടിയാണ്. അതുകൊണ്ടുതന്നെ തുടക്കകാലത്തിൽ നിന്ന് വ്യത്യസ്തമായി വളരെ കുറഞ്ഞ കാലത്തേക്ക് കുട്ടിയെ താമസിപ്പിക്കുന്ന എൻട്രി ഹോമുകൾ എന്ന തലത്തിലേക്ക് ജില്ലാതല ഹോമുകൾ മാറിക്കഴിഞ്ഞു. തുടർന്ന് വീടുകളിലേക്കോ ബന്ധുക്കൾക്കരികിലേക്കോ മടങ്ങാനാവുന്ന കുട്ടികളെ തിരിച്ചയക്കും. മടങ്ങിപ്പോകാൻ സാഹചര്യങ്ങളില്ലാത്ത കുട്ടികളെ ദീർഘകാലം മികച്ച പരിചരണം നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനമാരംഭിച്ച തൃശ്ശൂരിലെ മാതൃകാഹോമിലേക്ക് മാറ്റും. പക്ഷേ ഇത്തരത്തിൽ വേഗത്തിൽ കുട്ടികളെ വീടുകളിലേക്ക് മടക്കി അയക്കാനുളള തീരുമാനമെടുക്കുന്നതിൽ വൻതോതിൽ പാളിച്ചകൾ പറ്റുന്നതായി ആരോപണമുണ്ട്. പ്രതികൾ സ്വാധീനം ചെലുത്തി ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങളുടെയും ബന്ധുക്കളുടെയും ഒത്താശയോടെ കുട്ടികളെ പുറത്തിറക്കി കേസുകൾ ഒത്തുതീർപ്പാക്കപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടെന്ന് ഇതേരംഗത്തുളളവർ തന്നെ സമ്മതിക്കുന്നുണ്ട്. 164 എടുക്കും വരെ കുട്ടിയെ സുരക്ഷിതയായി സൂക്ഷിക്കാനൊരിടം അതാകരുത് നിർഭയ.

പലപ്പോഴും ലൈംഗികത സംബന്ധിച്ച് ഒരു ആരോഗ്യകരമായ ചർച്ച സമൂഹത്തിൽ ഉണ്ടാകുന്നില്ല. ലൈംഗികവിദ്യാഭ്യാസത്തിന്റെ പ്രധാന്യം ഇവിടെയാണ്. സെക്‌സ് പലപ്പോഴും പുരുഷന്മാർക്ക് വേണ്ടി അവർ ചിട്ടപ്പെടുത്തുന്ന ഒന്നായി മാറുകയാണ്. സ്ത്രീകളുടെ ലൈംഗികതൃഷ്ണയെപറ്റിയോ, താല്പര്യങ്ങളെ കുറിച്ചോ സംസാരമുണ്ടാകുന്നില്ല. 

ആക്രമിച്ച് നേടേണ്ടതല്ല സെക്‌സ് 

placeholder
.

'കേസ് റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ മൂന്നുമാസത്തേക്ക് ഒരു സ്ഥലത്ത് താമസിപ്പിക്കുന്നു. മൂന്നുമാസം കൊണ്ട് ആ കുട്ടിയുടെ ട്രോമ പോകുമോ? അത്യധികം വേദനനിറഞ്ഞതാണ് അനുഭവമെങ്കിൽ ട്രോമ ജീവിതത്തിൽ എപ്പോഴെങ്കിലും മാറുമോ? ജീവിതാവസാനം അവരെ സംരക്ഷിക്കണമെന്നല്ല ഞാൻ പറയുന്നത്. നിർഭയയിലെത്തുന്ന കുട്ടിയോട് അധികൃതർ തന്നെ പറയുന്നുണ്ടത്രേ മൂന്നുമാസമാണ് നിങ്ങളുടെ കാലാവധി അതുവരെ ഒന്നു അഡ്ജസ്റ്റ് ചെയ്ത് നിൽക്കൂവെന്ന്. ഒരു ശതമാനം പോലും നിർഭയ ഹോമിന്റെ ലക്ഷ്യം പാലിക്കപ്പെടുന്നില്ല. 

ഭൂതം നിധി കാക്കില്ലേ, അതുപോലെയാണ് ഓരോ കുട്ടികളെയും സംരക്ഷിച്ചിരുന്നത്. പല കുട്ടികൾക്കും സംഭവിച്ചുപോയത് എന്താണെന്ന് മനസ്സിലാക്കാൻ ഒരുപാട് സമയമെടുക്കും. അവരെ അതിൽ നിന്ന് പുറത്തുകൊണ്ടുവരിക എളുപ്പമല്ല. ചില കുട്ടികളെ പിടിച്ചാൽ കിട്ടില്ല.. ആ സമയത്ത് കുട്ടികളെ കൈകാര്യം ചെയ്യാൻ നല്ല ബുദ്ധിമുട്ടാണ്. പക്ഷേ നമ്മുടെ കൂടെ ഉത്തരവാദിത്തമാണ് എന്ന് വിചാരിച്ചാൽ അത് ഒരു ബുദ്ധിമുട്ടല്ല. ചില സന്ദർഭങ്ങളിൽ നമ്മളും അവരെപ്പോലെ ട്രോമയിലേക്ക് പോകുന്ന അവസ്ഥയുണ്ടാകും. നിങ്ങൾക്ക് ഇങ്ങനെ സംഭവിച്ചുപോയി. ഒരുകാലത്തും നിങ്ങൾ അതിന് ഉത്തരവാദിയല്ല. ഇതെല്ലാം നമ്മുടെ സമൂഹത്തിന്റെ, രക്ഷിതാക്കളുടെ, നിങ്ങളുടെ സാഹചര്യത്തിന്റെ പ്രശ്‌നമാണ്. അതുകൊണ്ട് സംഭവിച്ചത് നിങ്ങൾ മറന്നുകളഞ്ഞേക്ക്, പുതിയ ഒരു ജീവിതത്തിലേക്ക് പോകാം എന്നുപറഞ്ഞിട്ടാണ് നിർഭയയിൽ തുടക്കകാലത്ത് കുട്ടികളെ സമാശ്വസിപ്പിച്ചുകൊണ്ടിരുന്നത്. അവർ കടന്നുപോകുന്ന ട്രോമയിൽ നിന്ന് അവരെ പുറത്തിറക്കുക എന്നുളളതായിരുന്നു അതിന്റെ ലക്ഷ്യം. ഇപ്പോഴത് നേരെ തിരിച്ചായി. നിങ്ങൾ ഇവിടെ അടങ്ങിയൊതുങ്ങി നിൽക്കുക, പോകാൻ സാധിച്ചില്ലെങ്കിൽ തൃശ്ശൂരിലെ ഹോമിൽ കൊണ്ടിടും എന്ന രീതിയിലാണ് കാര്യങ്ങൾ.' സജിത പറയുന്നു. 

നിർഭയ സെല്ലിന് കീഴിൽ പ്രവർത്തിക്കുന്ന ഹോമുകളുടെ എണ്ണം - 21 
ഹോമുകൾ വഴി സേവനം നൽകിയിട്ടുളള അതിജീവിതമാരുടെ എണ്ണം - 2296
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ആകെ വൺസ്റ്റോപ്പ് സെന്ററുകൾ - 14 
സേവനം നൽകിയിട്ടുളള അതിജീവിതമാരുടെ എണ്ണം - 8557 

ശിശുക്ഷേമ സമിതിയുടെ അതിരുവിട്ട ഇടപെടലുകൾ

രാഷ്ട്രീയ ഇടപെടൽ എത്ര ഇല്ലെന്ന് പറഞ്ഞാലും ഉണ്ടെന്ന് സമ്മതിക്കാതെ വയ്യ. ഈ രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട സംഘടന ശിശുക്ഷേമ സമിതികളാണ്. സിഡബ്ല്യുസിയിലെ എല്ലാ നിയമനങ്ങളും രാഷ്ട്രീയാടിസ്ഥാനത്തിലാണ്. കഴിവും യോഗ്യതയും അനുഭവവുമെല്ലാം രാഷ്ട്രീയസ്വാധീനത്തിന്റെ പേരിൽ മാറ്റിമറിക്കപ്പെടും. സെൻസേഷണലായ ഒരു കേസ് വന്നുകഴിഞ്ഞാൽ രാഷ്ട്രീയക്കാർക്കുളള താല്പര്യമനുസരിച്ച് പ്രതിയെ രക്ഷിക്കാനുളള ശ്രമങ്ങൾ നടത്തും. സിഡബ്ല്യുസി സ്വാധീനം ചെലുത്തിയാൽ കുട്ടി പുറത്തിറങ്ങും. സംവിധാനം നൽകുന്ന സംരക്ഷണം മറ്റാർക്കും നൽകാനാവില്ല എന്നുളളത് ഒരു സത്യമാണ്. കേസ് അട്ടിമറിക്കപ്പെട്ടേക്കാം.

'പോക്‌സോ വളരെ ശക്തമായ നിയമമായതുകൊണ്ടുതന്നെ ഗൗരവമേറിയ കേസുകളിൽ ശിക്ഷ 20 വർഷം വരെ കിട്ടിയേക്കാം. അതിനാൽ പലതരത്തിലും കുട്ടികളെ സ്വാധീനിക്കാനുളള ശ്രമങ്ങൾ നടക്കും. ഓണം, പെരുന്നാൾ പോലുളള വിശേഷാവസരങ്ങളിൽ വീട്ടിലേക്കയച്ചാൽ തിരികെ വരുമ്പോൾ കുട്ടിയുടെ നിലപാടിൽ മാറ്റം വന്നത് പലപ്പോഴും കാണാറുണ്ട്. പണമുൾപ്പടെയുളള വാഗ്ദാനങ്ങളാൽ സ്വാധീനിക്കപ്പെട്ട രക്ഷിതാക്കൾ കുട്ടിയെയും നിർബന്ധിക്കുകയാണ്. പോക്സോ കേസെടുത്ത് വീട്ടിലേക്ക് മടങ്ങുന്ന കുട്ടികളുടെ ഭൂരിഭാഗം കേസുകളും ശിക്ഷിക്കപ്പെടാറില്ലെന്നുളളത് ഒരു വാസ്തവം തന്നെയാണ്. വലിയ കോളിളക്കം സൃഷ്ടിച്ച പല കേസുകളും പിന്നീട് തേഞ്ഞുമാഞ്ഞുപോകുന്നത് അതുകൊണ്ടാണ്.' - നിർഭയയിലെ ലീഗൽ കൗൺസലറായ അഭിഭാഷക പറയുന്നു. 

രഹസ്യ വിവരങ്ങൾ പങ്കുവെക്കപ്പെടുമ്പോൾ എങ്ങനെ വിശ്വസിക്കും? 

placeholder
.
'മാനസികാഘാതം കുറയ്ക്കുന്നതിനായി നിർഭയ ഹോമുകളിൽ കൗൺസലിങ് നൽകുന്നുണ്ട്. നാം മനസ്സ് തുറക്കുന്നത് അവരെ വിശ്വസിച്ചിട്ടല്ലേ, പക്ഷേ നമ്മൾ പറയുന്നതെല്ലാം അവർ മറ്റുജീവനക്കാരുമായി പങ്കുവെക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. മറ്റ് ജീവനക്കാരോട് ഒരു കുട്ടിയുടെ വ്യക്തിപരമായ കാര്യങ്ങൾ ചർച്ച ചെയ്യാൻ പാടുണ്ടോ? എല്ലാ ജീവനക്കാരും എല്ലാ കാര്യങ്ങളും അറിയേണ്ട ആളുകൾ ആയിരിക്കില്ല. അവരെ മാത്രം വിശ്വസിച്ച് നടന്ന കാര്യങ്ങൾ പറഞ്ഞുകഴിയുമ്പോൾ അവരത് എല്ലാവരോടും പറഞ്ഞു എന്നറിയുമ്പോൾ പിന്നെ നമ്മുടെ മനസ്സിലുളള കാര്യങ്ങൾ ആരോടുപറയാനാണ്.' നിർഭയ ഹോമിന്റെ തുടക്കകാലത്ത് ഹോമിലെ അന്തേവാസിയായിരുന്ന പെൺകുട്ടി ചോദിക്കുന്നു. 

കൗൺസിലിങ് എന്നുപറഞ്ഞാൽ സംഭവിച്ചത് എന്താണെന്ന് ചോദിച്ച് ഒരു പുസ്തകത്തിൽ എഴുതിവെക്കുന്നതാണോ എന്ന് ചോദിച്ചത് നിർഭയ ഹോമിൽ ജീവനക്കാരിയായിരുന്ന ഒരാൾ തന്നെയാണ്. എന്താണ് സംഭവിച്ചത്, ഇപ്പോൾ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്ന് ചോദിക്കുന്നു അത് രേഖപ്പെടുത്തുന്നു കൗൺസിലിങ് എന്നപേരിൽ നടക്കുന്നത് അതുമാത്രമാണെന്ന് ആരോപിക്കുന്നവരുമുണ്ട്. പോക്‌സോ കേസിൽ പലപ്പോഴും പ്രതികൾ ഉറ്റവർ തന്നെയായിരിക്കും. ആ കുട്ടി പിന്നെ ആരെ വിശ്വസിക്കാനാണ്. കുട്ടികളുമായി ബന്ധമുണ്ടാക്കിയെടുക്കാനും അവരെ മനസ്സിലാക്കിയെടുക്കാനും സമയമെടുക്കും. ഇവരെ വിശ്വസിക്കാം ഇവരോട് പറഞ്ഞാൽ കുഴപ്പമില്ലെന്ന് കുട്ടിക്ക് തന്നെ തോന്നണം. പക്ഷേ അത്തരത്തിൽ ക്ഷമാപൂർവം അവരോട് ഇടപെടുന്നവർ കുറവാണ്. തന്നെയുമല്ല കുട്ടികളുടെ മാനസികനിലയെ മാറ്റിയെടുക്കാൻ പര്യാപ്തമായ തരത്തിലുളള കൗൺസിലിങ് നമുക്കുണ്ടോ എന്നുളളതും സംശയമാണ്. അതിജീവിതരുടെ പക്ഷത്ത് നിന്ന് ചിന്തിക്കുന്ന കൗൺസലിങ് ആണ് അവർക്ക് വേണ്ടത്. 

പോക്‌സോയെന്ന് കേട്ട ഉടനെ

വിവരം അറിഞ്ഞ ഉടൻ നടപടിയെടുക്കണമെന്നാണ് നിയമം. അതുതന്നെയാണ് പോക്‌സോയുടെ ഗുണവും ദോഷവും. പലപ്പോഴും നടപടി വേഗത്തിലാകണമെന്ന് നിർബന്ധമുളളതിനാൽ കുറ്റാരോപിതൻ അകത്താകും. അത്തരം കേസുകൾക്ക് ഉദാഹരണമാണ് കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അമ്മ അറസ്റ്റിലായത്. മറ്റൊരു കേസിൽ ഡിഎൻഎ ടെസ്റ്റ് നടത്തേണ്ടി വന്ന കൽപകഞ്ചേരിയിലെ കേസ് ഇതെല്ലാം ഇത്തരത്തിൽ അതിവേഗം നടപടിയെടുത്തവയാണ്. 

പീഡിപ്പിക്കപ്പെട്ടവളെ എളുപ്പം വഴങ്ങുന്നവളാക്കുന്ന സമൂഹം

placeholder
പി.ഇ.ഉഷ

'എല്ലാവരുടേയും കൂടെ പോകും, ലൈംഗിക ആസക്തിയുളളവരാണ്, ആൺകുട്ടികളെ കറക്കിയെടുക്കും' ലൈംഗികാതിക്രമങ്ങൾക്ക് ഇരയായിട്ടുളള പെൺകുട്ടികളെ കുറിച്ചുളള പൊതുധാരണ അപകടം പിടിച്ചതാണ്.  സമൂഹം ഇവരെ മോശക്കാരാക്കി ചിത്രീകരിക്കുന്നതിന് ഒപ്പം തന്നെ അവളേയും പറഞ്ഞുപഠിപ്പിക്കുകയാണ് നീ മോശക്കാരിയാണ്, നിനക്ക് ഇനി വിവാഹം കിട്ടില്ല എന്നെല്ലാം. 

ചാരിത്ര്യം ഉളള ഒരു സ്ത്രീയെ പ്രണയിക്കുമ്പോഴും അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുമ്പോൾ ഒരു ഉത്തരവാദിത്തമുണ്ട്. പക്ഷേ ചാരിത്ര്യം നഷ്ടപ്പെട്ട ഒരു സ്ത്രീയോട് ആർക്ക് വേണമെങ്കിലും എന്തുവേണമെങ്കിലും ആകാം. അതാണ് ഇവിടെ കാണുന്നത്. ചാരിത്ര്യം എന്നുപറയുന്നതിന് വളരയധികം പ്രാധാന്യമാണ് നാം കല്പിക്കുന്നത്. ചാരിത്ര്യം നഷ്ടപ്പെട്ടത് നിങ്ങളുടേതല്ലാത്ത കുഴപ്പം കൊണ്ടായാലും അവിടെ കുറ്റക്കാരി നിങ്ങളാണ്. യഥാർഥത്തിൽ സ്റ്റേറ്റാണ് അവിടെ പരാജയപ്പെടുന്നത്. ഒരു പെൺകുട്ടിയുടെ ചാരിത്ര്യം ഇല്ലാതാകുമ്പോൾ സംസ്ഥാനമാണ് പരാജയപ്പെടുന്നത്. പക്ഷേ ഉത്തരവാദിത്തം പെൺകുട്ടിയുടെ തലയിൽ വെച്ച് ചാർത്തുന്നു. വാളയാർ കേസിൽ പെൺകുട്ടിക്ക് ലൈംഗികതാല്പര്യമാണ് എന്നുപറഞ്ഞ സോജൻ എന്ന പോലീസ് ഓഫീസറെ ഓർക്കുന്നില്ലേ. പോലീസുകാർ പലരും അങ്ങനെയാണ്. ജാതി, മതം ഉൾപ്പടെ എന്തുകാര്യത്തിലും പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും ചാരിത്ര്യം സംബന്ധിച്ച കാര്യങ്ങളിൽ അതുണ്ടാകുന്നില്ല. അതൊരു പ്രധാനകാര്യമാണ്. ചാരിത്ര്യം പോയ ഒരു പെൺകുട്ടി നേരിടേണ്ടി വരുന്ന ആക്രമണസാധ്യത കൂടുതലാണ്. സാധാരണഗതിയിൽ ഇത്തരം പെൺകുട്ടികളെ ഫോസ്റ്റർ കെയറിന് വിടാറില്ല. ഇവർ വീടുകളിലെ ആൺകുട്ടികളെ സ്വാധീനിക്കുമെന്നാണ് പലരുടെയും കാഴ്ചപ്പാട്. ഇവർ സെക്‌സിന് അഡിക്ടാണ് എന്ന് പറയുന്ന സിഡബ്ല്യുസി അംഗങ്ങളെ പോലും കണ്ടിട്ടുണ്ട്. - കേരള മഹിളാ സമഖ്യ മുൻ ഡയറക്ടർ പി.ഇ.ഉഷ പറയുന്നു. 

പീഡനത്തിനിരയാകുന്നവരിൽ പലതരക്കാരായ കുട്ടികളുണ്ട്. ഉറ്റവരിൽ നിന്ന് പീഡനം നേരിടേണ്ടി വരുന്നവർ മുതൽ ഉറ്റവരാൽ ചൂഷണത്തിന് ഇരയായവർ വരെ. പെൺകുട്ടിയെ പണത്തിനായി വിൽക്കുന്നവരിൽ അമ്മയോ രണ്ടാനമ്മയോ ആയിരിക്കും പലപ്പോഴും ഏജന്റുമാർ. പുരുഷന്റെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി ശാരീരിക വളർച്ച തോന്നുന്നതിനായി ഇവർക്ക് ഹോർമോൺ ഇൻഞ്ചെക്ഷനുകൾ നൽകാറുണ്ട്. കുട്ടികളെ സംബന്ധിച്ചിടത്തോളം ഇവർ ആഗ്രഹിക്കാത്ത സമയത്ത് ഇതിലേക്ക് എത്തിപ്പെട്ടതുകൊണ്ട് സംഭവിച്ചതിനോട് എങ്ങനെയാണ് തിരിച്ചു പെരുമാറുക എന്ന് ഊഹിക്കാൻ പോലും സാധിക്കില്ല. ചൂഷണം ചെയ്യപ്പെട്ടതിന്റെ ഉത്തരവാദിത്തം ഇവർക്ക് തന്നെ ഏൽക്കേണ്ടി വരുന്നു. കുട്ടി കടന്നുപോകുന്ന ഈ അവസ്ഥകളെ വളരെ മോശമായ രീതിയിലാണ് കൈകാര്യം ചെയ്യപ്പെടുക. അവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കി അതിനെ ശരിയായ രീതിയിൽ കൗൺസിലിങ് നൽകുന്ന രീതി ഇപ്പോഴില്ല. അവർക്ക് ഒരുപാട് അവസരങ്ങൾ കൊടുക്കേണ്ടതുണ്ട്. കുട്ടികളെക്കുറിച്ചുളള മുൻവിധിയോടെയാണ് അവരെ സമീപിക്കുക 

വീട് പാട്രിയാർക്കൽ കോടതിയോ?

'പലപ്പോഴും വീട് ഒരു കോടതിയാണ്, അങ്ങേയറ്റം പാട്രിയാർക്കലായ ഒന്ന്. പല കേസുകളിലും കുട്ടികൾ പീഡിപ്പിക്കപ്പെട്ടുകഴിഞ്ഞാൽ അവളെ സംരക്ഷിക്കേണ്ട അമ്മ തന്നെ പ്രതിക്ക് വേണ്ടി വാദിക്കുന്ന സാഹചര്യങ്ങൾ അവിടെ ഉണ്ടാകാറുണ്ട്. കാര്യങ്ങൾ പുറത്തറിയാതിരിക്കാൻ കുട്ടിയെ സമ്മർദത്തിലാക്കാറുണ്ട്. പെൺകുട്ടിയുടെ ചാരിത്ര്യത്തിൽ കെട്ടിത്തൂക്കി വെച്ചിരിക്കുന്നതാണല്ലോ കുടുംബത്തിന്റെ അഭിമാനം. തന്നെയുമല്ല പീഡിപ്പിക്കപ്പെട്ട കുട്ടിയല്ലാതെ അവർക്ക് വേറെ കുട്ടികളേയും നോക്കേണ്ടതുണ്ട്. അച്ഛനാണ് പ്രതിയെങ്കിൽ ആ പിന്തുണ ഇല്ലാതാകുന്നതോടുകൂടി അവർക്ക് മുന്നോട്ട് പോകാൻ സാധിക്കാതെ വരികയാണ്. അതുകൊണ്ട് അമ്മമാർ മിണ്ടില്ല. ഒരു കേസിൽ മകളെ പീഡിപ്പിച്ച അച്ഛൻ ജയിലിലായി. ഈ കുട്ടിയുടെ വിവാഹമാണ്. പക്ഷേ ഇപ്പോഴും ആ അമ്മ പറയുന്നത് അച്ഛൻ ഉണ്ടായിരുന്നെങ്കിൽ എന്നാണ്. മറ്റൊരു കേസിൽ മകളെ പീഡിപ്പിച്ച അച്ഛന് ആറുവർഷമാണ് ശിക്ഷ ലഭിച്ചത്. ആ അമ്മ പറയുന്നത് അച്ഛൻ അത്ര വലിയ കുറ്റമൊന്നും ചെയ്തിട്ടില്ല അതല്ലേ ആറുവർഷം മാത്രം ശിക്ഷ ലഭിച്ചത്. അല്ലെങ്കിൽ കൂടുതൽ ശിക്ഷ ലഭിക്കുമായിരുന്നുവെന്നാണ്. അച്ഛൻ പീഡിപ്പിച്ച കേസിൽ കുടുംബസ്വത്ത് പണയം വെച്ച് അച്ഛനെ ജാമ്യത്തിലെടുക്കുന്ന അമ്മമാർ വരെയുണ്ട്.' - പി.ഇ.ഉഷ ചൂണ്ടിക്കാട്ടി.

പലപ്പോഴും സ്ത്രീകൾക്ക് വൈകിയാണ് നീതിബോധം വരുന്നത്. പ്രതികളോട് നിസ്സഹായതയിൽ നിന്നുടലെടുത്ത ആശ്രയത്വമോ സഹാനുഭൂതിയോ അനുതാപമോ കുടുംബത്തിന്റെ മാനമോ എല്ലാമായിരിക്കും ആ സ്ത്രീയെ ഇത്തരമൊരു നിലപാടിലേക്ക് എത്തിക്കുന്നത്. ചില കുടുംബങ്ങളിൽ അമ്മയെ കൊളളാത്തതുകൊണ്ടാണ് അച്ഛൻ മകളെ തേടിപ്പോയതെന്ന അർഥത്തിലുളള കുറ്റപ്പെടുത്തലുകൾ കൂടിയാകുമ്പോൾ അമ്മയുടെ തകർച്ച പൂർണമാകുന്നു. അടുത്തിടെ മാധ്യമശ്രദ്ധ നേടിയ ഒരു കേസായിരുന്നു രണ്ടുസഹോദരിമാരെ സഹോദരൻ പീഡിപ്പിക്കുന്ന വാർത്ത. കുട്ടികളുടെ അമ്മയ്ക്ക് കാര്യമറിയാമായിരുന്നു. മൂത്തസഹോദരിയെയാണ് ആദ്യം സഹോദരൻ ഉപദ്രവിക്കുന്നത്. ആ കുട്ടി അനിയത്തിയോട് സഹോദരന്റെ അടുത്ത് പോകരുതെന്ന് വിലക്കുന്നുമുണ്ട്. പക്ഷേ രണ്ടുപേരും ചൂഷണത്തിന് ഇരയാകുകയാണ്. അവസാനം പോലീസ് സ്‌റ്റേഷനിൽ പോയി ഈ കുട്ടി അഭയം പ്രാപിക്കുകയായിരുന്നു. ഇവിടെ അമ്മ കൂട്ടുപ്രതിയാണ്. വിവരം മറച്ചുവെച്ചു എന്ന കുറ്റം അവർ ചെയ്തിട്ടുണ്ട്. പക്ഷേ പോലീസ് അവരെ പ്രതിചേർത്തിട്ടില്ല. 

ഇതാണോ പുനരധിവാസം?

'ഹോമിൽ നിന്ന് പുറത്തിറങ്ങുന്ന കുട്ടികളുടെ കാര്യത്തിൽ ഫോളോഅപ്പ് ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും നിർഭയ ഹോമിൽ നിന്ന് പുറത്തിറങ്ങിയ ഒരു അതിജീവിത പങ്കുവെക്കുകയുണ്ടായി. 'ഹോമിൽ നിന്ന് ഇറങ്ങിക്കഴിഞ്ഞാൽ പിന്നെ ഇവർ എന്തുചെയ്യുന്നു, എങ്ങനെ ജീവിക്കുന്നു എന്നൊന്നും നിർഭയയിലെ ആരും അന്വേഷിക്കാറില്ല. പഴയ പ്രശ്നങ്ങൾ വീണ്ടും നേരിടേണ്ടി വന്നിട്ടുണ്ടോ, കേസിന്റെ കാര്യങ്ങൾ എന്തായി എന്നൊരു അന്വേഷണവും ഉണ്ടാകാറില്ല. അവിടെ നിന്നിറങ്ങിയശേഷം ഞാൻ എന്തുചെയ്യുന്നു, കേസ് എന്തായി എന്നു ചോദിച്ചു ആരും ബന്ധപ്പെട്ടിട്ടില്ല. ഹോമിൽ നിന്ന് ഇറങ്ങിയ ശേഷം സമൻസ് വരുമ്പോൾ സ്റ്റേഷനിൽ നിന്ന് നേരിട്ടാണ് വിളിക്കാറുളളത്. നമ്മൾ തന്നെയാണ് കേസിന് പോകാറുളളത്. ഇതാണോ പുനരിധിവാസം?  ഇത്രയും കാലം ഞങ്ങൾ നോക്കി വളർത്തിയ കുട്ടികൾ, അവർക്ക് ഒരു പ്രശ്നം വന്നപ്പോൾ കൂടെ നിർത്തി തിരിച്ച് അവർ പോയിക്കഴിഞ്ഞാൽ എങ്ങനെ ജീവിക്കുന്നു എന്ന് അന്വേഷിക്കണ്ടേ? അങ്ങനെ ചെയ്യുന്നില്ലെങ്കിൽ പുനരധിവാസം എന്നതുകൊണ്ട് അവർ എന്താണ് ഉദ്ദേശിക്കുന്നത്? അതിജീവിതർക്ക് നഷ്ടപരിഹാരം ഉണ്ട്. പക്ഷേ പലർക്കും അതറിയില്ല. ആലപ്പുഴയിലെ ഒരു പെൺകുട്ടിയുടെ കാര്യം എനിക്കറിയാം. രണ്ടാനച്ഛനാണ് പ്രതി. കേസ് തീർപ്പായിട്ട് നാലുവർഷം കഴിഞ്ഞു. അവൾക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. പലപ്പോഴും അതിജീവിതർക്ക് ഇക്കാര്യം അറിയണമെന്നില്ല ലീഗൽ കൗൺസിലറാണ് അത് പറയേണ്ടത്. 

നിർഭയിൽ കഴിയുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം അവർക്ക് അവരുടേതായ ഒരിടമുണ്ടാകുന്നില്ല. അവരുടെ സാധനങ്ങൾ സൂക്ഷിച്ചുവെക്കാനൊന്നും ഇടമില്ലാതെ.. പോകുന്നിടത്തെല്ലാം ചാക്കുകെട്ടായി പോകുന്നവർ. ആ ചാക്ക് ഒരു ചോദ്യമാണ്. ഒരു കുട്ടി വളർന്നുവരുമ്പോൾ കുറേ സാധനങ്ങൾ സൂക്ഷിക്കാൻ ഉണ്ടാകില്ലേ ഇവിടെ അതില്ല. ഇൻസ്റ്റിറ്റിയൂഷണൽ ആയി ചിന്തിക്കുമ്പോൾ നാം അവർക്ക് കിടക്കാൻ സ്ഥലം കൊടുത്തിട്ടുണ്ടാകും. ഭക്ഷണവും വെള്ളവും കൊടുക്കുന്നുണ്ടാകും പക്ഷേ അവളുടേതായ ഒരിടം ഇത്തരം ഇടങ്ങളിൽ അവൾക്ക് നഷ്ടപ്പെട്ട് പോവുകയാണ്. 

placeholder
.

ഹോമുകളിൽ നിലവിൽ പതിനെട്ടു വയസ്സുവരെ മാത്രമേ അതിജീവിതകളെ താമസിപ്പിക്കാവൂ എന്നുണ്ട്. ഞാനുളളപ്പോൾ അങ്ങനെയായിരുന്നില്ല. 26 വയസ്സുവരെയുളളവർ അന്ന് ഹോമുകളിൽ ഉണ്ടായിരുന്നു. പലരും വീട്ടിൽ പോകാൻ സാഹചര്യമില്ലാത്തതിനാൽ അവിടെ തുടർന്നതാണ്. അഞ്ചുമുതൽ 20ന് മുകളിൽ പ്രായമുളള കുട്ടികൾ വരെ ഒരു ഹോമിനകത്ത്. രക്ഷിതാക്കളെ പിരിഞ്ഞ്, ജീവിതത്തിൽ നേരിടേണ്ടി വന്ന ഏറ്റവും മോശം അനുഭവവുമായി ഹോമിൽ എത്തുന്ന എല്ലാവർക്കും അവിടെ പൊരുത്തപ്പെട്ട് പോകാൻ കഴിയണമെന്നില്ല. തിരിച്ച് വീട്ടിൽ പോകാൻ കഴിയാത്ത കുട്ടികൾ നിരവധിയുണ്ടാകാം. രണ്ടാനച്ഛന്റെയോ  അമ്മാവന്റെയോ സ്വന്തം അച്ഛന്റെയോ ഉപദ്രവം നേരിടേണ്ടി വന്നവർ. ഇവർക്ക് വീട്ടിലേക്ക് തിരിച്ചുപോവുക സാധ്യമല്ല. അവർക്കാണ് പുനരധിവാസം വേണ്ടത്. പക്ഷേ അതെത്ര കണ്ട് നടപ്പാകുന്നുണ്ടെന്ന് ചിന്തിക്കണം.' നിർഭയ ഹോമിൽ അന്തേവാസിയായിരുന്ന അതിജീവിത തനിക്കുണ്ടായ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് സംസാരിച്ചത്. എന്നാൽ ഹോമിലെഫീൽഡ് വർക്കർമാർ അതീവഗുരുതരമായ കേസുകളിൽ ഫോളോ അപ് ഒരുപരിധിവരെ നടത്താറുണ്ടെന്ന് തന്നെയാണ് അധികൃതർ വാദിക്കുന്നത്. 

ഫണ്ടില്ലെങ്കിൽ എങ്ങനെ നഷ്ടപരിഹാരം 

കേസിന്റെ ഗൗരവും അനുസരിച്ചായിരിക്കും പലപ്പോഴും പീഡനം നേരിടേണ്ടി വരുന്ന പെൺകുട്ടിക്കുളള നഷ്ടപരിഹാരം നിശ്ചയിക്കുക. നഷ്ടപരിഹാരം തീരുമാനിക്കുന്നത് ഡിസ്ട്രിക്ട് ലീഗൽ സർവീസ് അതോറിറ്റിയാണ് തീരുമാനിക്കുക. പോക്‌സോ കോടതികൾ വിധി പ്രസ്താവിക്കുമ്പോൾ തന്നെ പ്രതിക്കുളള ശിക്ഷ വിധിക്കുന്നതിനൊപ്പം പിഴയും ഈടാക്കാറുണ്ട്. പ്രതി പിഴ ഈടാക്കാകുകയാണെങ്കിൽ അത് അതിജീവിതയ്ക്ക് നൽകണമെന്നാണ് പറയുക. ചിലപ്പോൾ ഡിഎൽഎസ്എയോട് ഇക്കാര്യം കൈകാര്യം ചെയ്യാൻ വിധിയിൽ പരാമർശമുണ്ടാകും. അത്തരം കേസുകളിൽ ഡിഎൽഎസ്എ കുട്ടി നേരിട്ട പീഡനം അത് കുട്ടിയുടെ ശാരീരിക-മാനസിക- പഠനനിലവാരത്തെ, വളർച്ചയെ എങ്ങനെ ബാധിച്ചുവെന്നും കുട്ടിയിൽ ആഘാതം എത്രത്തോളം ശക്തമാണെന്നും, ചികിത്സ ആവശ്യമുണ്ടോ, കുട്ടിയുടെ പശ്ചാത്തലം തുടങ്ങിയ കാര്യങ്ങളെല്ലാം പഠിച്ചതിന് ശേഷമായിരിക്കും നഷ്ടപരിഹാരം തീരുമാനിക്കുക. 

പക്ഷേ, നഷ്ടപരിഹാരം ലഭിക്കാൻ കാലതാമസമെടുക്കാറുണ്ടെന്നും ഈ മേഖലയിൽ വർഷങ്ങളായി സേവനമനുഷ്ഠിക്കുന്ന അഭിഭാഷകർ പറയുന്നു. ഫണ്ടില്ലെന്നാണ് പലപ്പോഴും ഇതിന് കാരണമായി പറയാറുളളത്.

നിർഭയയിൽ വേണ്ടത് കൂട്ടായ പരിശ്രമം 

എല്ലാ തരത്തിലുമുളള വൊക്കേഷണൽ ട്രെയിനിങ്ങുകൾ, പിക്‌നിക്, സിനിമ, ഡാൻസ് ക്ലാസ്, മ്യൂസിക് ക്ലാസ്, ക്രാഫ്റ്റ് വർക്കുകൾ, സമ്മർ ക്യാമ്പുകൾ തുടങ്ങി കുട്ടികളുടെ വ്യക്തിത്വവികസനത്തിനാവശ്യമായ പരിശീലനങ്ങളെല്ലാം നിർഭയയിൽ നൽകുന്നുണ്ട്. പതിനെട്ടിന് മുകളിൽ പ്രായമായാൽ ഈ കുട്ടികളെ ആഫ്റ്റർ കെയർ ഹോമിലേക്ക് മാറ്റും. സമൂഹത്തിലേക്ക് തിരിച്ചുപോകാൻ ഇവരെ പ്രാപ്തരാക്കുന്ന, സ്വയംപര്യാപ്തരാക്കുന്ന ക്ലാസുകളും പരിശീലനങ്ങളും നൽകിവരുന്നുണ്ട്. 

നിർഭയയിൽ വേണ്ടത് ഒരു കൂട്ടായ പരിശ്രമമാണ്. തെറ്റുകുറ്റങ്ങൾ ഉണ്ടാകാം. അത് പരിഹരിക്കുന്നതിനായി കൂട്ടത്തോടെ നിലകൊളളുക എന്നുളളതാണ് വേണ്ടത്. കാവൽ പ്ലസിൽ പറയുന്നത് കുട്ടിക്കും കുട്ടിയുടെ കുടുംബം ദുർബലരാണെങ്കിൽ അവർക്കും ആവശ്യമായ ബോധവൽക്കരണമുൾപ്പടെയുളള സഹായങ്ങൾ നൽകി അവരെ പുനരധിവസിപ്പിക്കണമെന്നാണ്. അതിന് ഇതുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളും ഒന്നിച്ച് നിൽക്കേണ്ടതുണ്ട്. 

എല്ലാം ജീവനക്കാരുടെ കൈയിൽ

ഏതൊരു നിർഭയഹോമിന്റെയും പ്രവർത്തനം അവിടുത്തെ ജീവനക്കാരുടെ പെരുമാറ്റം പോലെയിരിക്കും. തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്നവരാണ് പലരും. കോടതിയിൽ പ്രതികളെ കണ്ട് അസ്വസ്ഥരാകുന്ന കുട്ടികളെ അമ്മയെ പോലെ നെഞ്ചോട് ചേർത്തുപിടിക്കുന്ന ജീവനക്കാരുണ്ട്. സത്യസന്ധമായിരിക്കും ഇവരുടെ സേവനം ആരോടും പരാതിയോ പരിഭവമോ ഇല്ലാതെ കുട്ടികൾക്ക് വേണ്ടി നിലകൊള്ളുന്ന ഇവരിൽ നിന്ന് നേർവിപരീതമായിരിക്കും ഇതൊരു ജോലി മാത്രമായി കാണുന്നവരുടെ പെരുമാറ്റം.