ജനങ്ങളുടെ രാജകുമാരി, ജയ്പുരിന്റെ പുത്രി, തെരുവുകളിലൂടെ സഞ്ചരിക്കുന്ന രാജകുമാരി... രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കെത്തുന്ന ദിയാകുമാരി എന്ന 52-കാരിയെ ബി.ജെ.പി. പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത് ഇങ്ങനെയൊക്കെയാണ്. നിയമസഭാ തിരഞ്ഞെടുപ്പുഫലം പുറത്തെത്തിയതിന് പിന്നാലെ ഒരുഘട്ടത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിസ്ഥാനത്തേക്കു പോലും ഇവരുടെ പേര് ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍, കന്നി എം.എല്‍.എ. ഭജന്‍ലാല്‍ ശര്‍മയെ മുഖ്യമന്ത്രിയാക്കിയ ബി.ജെ.പി. നേതൃത്വം ദിയാകുമാരിക്കും പട്ടികജാതി നേതാവ് പ്രേംചന്ദ് ബൈര്‍വയ്ക്കും ഉപമുഖ്യമന്ത്രിസ്ഥാനം വീതംവെക്കുകയായിരുന്നു. മുഖ്യമന്ത്രിപദത്തില്‍ കണ്ണുനട്ടിരുന്ന വസുന്ധര രാജെ സിന്ധ്യ ഉള്‍പ്പെടെയുള്ള നേതാക്കളെ ഞെട്ടിച്ചായിരുന്നു കേന്ദ്രനേതൃത്വത്തിന്റെ നീക്കം. പാര്‍ട്ടിയുടെ രജ്പുത് മുഖമായ ദിയാകുമാരി മുന്‍നിരയിലേക്ക് എത്തുന്നതോടെ രാജസ്ഥാന്‍ ബി.ജെ.പിയിലെ അധികാര സമവാക്യങ്ങളില്‍ വ്യത്യാസങ്ങളുണ്ടാകുമെന്ന കാര്യം ഉറപ്പ്. 

To advertise here,

ആരാണ് ദിയാകുമാരി 

ജയ്പുര്‍ രാജകുടുംബാംഗമായ ദിയാകുമാരി 1971 ജനുവരി 30-നാണ് ജനിച്ചത്. ആര്‍മി ഓഫീസറായിരുന്ന സവായി ഭവാനി സിങ്ങും പദ്മിനി ദേവിയുമാണ് മാതാപിതാക്കള്‍. ജയ്പുറിലെ അവസാന രാജാവായിരുന്ന മാന്‍ സിങ് രണ്ടാമന്റെ ചെറുമകള്‍ കൂടിയാണ് ഇവര്‍. മഹാറാണി ഗായത്രി ദേവീ സ്‌കൂളില്‍നിന്നും ജയ്പുര്‍ മഹാറാണി കോളേജില്‍നിന്നുമാണ് ദിയാകുമാരി പഠനം പൂര്‍ത്തിയാക്കിയത്. 1971-ലെ ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തില്‍ പങ്കെടുത്ത, ദിയാകുമാരിയുടെ പിതാവ് ബ്രിഗേഡിയര്‍ സവായി ഭവാനി സിങ്ങിന് മഹാവീര്‍ചക്ര ലഭിച്ചിരുന്നു.

രാജകുടുംബാഗമല്ലാത്ത, ചാര്‍ട്ടേഡ് അക്കൗണ്ടന്റായ നരേന്ദ്ര സിങ് രജാവത്തിനെയാണ് ദിയാകുമാരി ജീവിതപങ്കാളിയായി തിരഞ്ഞെടുത്തത്. രാജകുടുംബാംഗമായ ദിയാകുമാരി, സാധാരണക്കാരനെ വിവാഹം ചെയ്തത് അക്കാലത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. 1997-ല്‍ കുടുംബത്തിന്റെ എതിര്‍പ്പിനെ മറികടന്നായിരുന്നു വിവാഹം. 21 കൊല്ലത്തെ ഒരുമിച്ചുള്ള ജീവിതത്തിനു ശേഷം 2018 ഡിസംബറില്‍ ദിയാകുമാരിയും നരേന്ദ്ര സിങ്ങും വിവാഹമോചിതരായി. നിലവിലെ ജയ്പുര്‍ മഹാരാജാവായ പദ്മനാഭ സിങ്, ലക്ഷ്‌രാജ് പ്രകാശ്, ഗൗരവി കുമാരി എന്നിവരാണ് ദിയാകുമാരി-നരേന്ദ്രസിങ് ദമ്പതിമാരുടെ മക്കള്‍. ഐ ബാങ്ക് സൊസൈറ്റി ഓഫ് രാജസ്ഥാന്‍, എച്ച്.ഐ.വി. പോസിറ്റീവായ കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന റേയ്‌സ് തുടങ്ങിയ എന്‍.ജി.ഒകളുടെ ഭാഗമായും ദിയാകുമാരി പ്രവര്‍ത്തിക്കുന്നുണ്ട്. 

placeholder
ദിയാകുമാരി | Photo: PTI 

രാഷ്ട്രീയപ്രവേശനം

ദിയാകുമാരിയുടെ പിതാവ് ഭവാനി സിങ് 1989-ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയ്പുരില്‍നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നു. എന്നാല്‍, ബി.ജെ.പി.യുടെ ഗിര്‍ധരി ഭാര്‍ഗവയോട് പരാജയപ്പെട്ടു. പിതാവ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ജനവിധി തേടിയെങ്കിലും ബി.ജെ.പിയ്‌ക്കൊപ്പം ചേരാനായിരുന്നു ദിയാകുമാരിയുടെ തീരുമാനം. 2013-ലാണ് അവര്‍ ബി.ജെ.പി. അംഗമാകുന്നത്. അന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയായിരുന്ന വസുന്ധുര രാജ സിന്ധ്യയായിരുന്നു ആ രാഷ്ട്രീയപ്രവേശനത്തിന് ചുക്കാന്‍പിടിച്ചത്. ജയ്പുരില്‍ രണ്ടുലക്ഷത്തോളം ആളുകള്‍ പങ്കെടുത്ത വമ്പന്‍ റാലിയിലായിരുന്നു ദിയാകുമാരിയുടെ രാഷ്ട്രീയപ്രവേശനം. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിങ്, വസുന്ധര രാജ സിന്ധ്യ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു അത്.

2013-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സവായ് മാധോപുര്‍ മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയ ദിയാകുമാരി, കോണ്‍ഗ്രസിന്റെ ഡാനിഷ് അബ്‌റാരിനെയും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച ബി.ജെ.പി. വിമതന്‍ ഡോ. കിരോദി ലാലിനെയുമാണ് പരാജയപ്പെടുത്തിയത്. 2018 നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന ദിയാകുമാരി, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് രണ്ടാം വട്ടം മത്സരിച്ചത്. കോണ്‍ഗ്രസിന്റെ ദേവകീനന്ദനായിരുന്നു എതിരാളി. വാശിയേറിയ മത്സരത്തില്‍ അഞ്ചു ലക്ഷത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ദിയാകുമാരി ജയിച്ചുകയറി. 

വസുന്ധരയുമായി കൊമ്പുകോര്‍ത്ത ദിയാകുമാരി

രാഷ്ട്രീയത്തിലേക്ക് ആനയിച്ച വസുന്ധരയുമായി ദിയാകുമാരി കൊമ്പുകോര്‍ത്ത കാഴ്ചയും രാജസ്ഥാന്‍ കണ്ടു. 2016-ല്‍ ആയിരുന്നു അത്. കയ്യേറ്റ നിരോധന നടപടികളുടെ ഭാഗമായി ജയ്പുര്‍ ഡെവലപ്‌മെന്റ് അതോറിറ്റി (ജെ.ഡി.എ.) അധികൃതര്‍ ജയ്പുര്‍ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള രാജ്മഹാല്‍ പാലസ് ഹോട്ടലിന്റെ ഗേറ്റുകള്‍ പൂട്ടി സീല്‍ വെച്ചു. ഇതോടെ ദിയാകുമാരിയും ജയ്പുര്‍ രാജകുടുംബവും വസുന്ധര സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ രൂപംകൊണ്ടു. ദിയാകുമാരിയും ജെ.ഡി.എ. ഉദ്യോഗസ്ഥരും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പത്രങ്ങളുടെ ഒന്നാം പേജില്‍ ഇടംപിടിച്ചു. ഇത് വസുന്ധരയും ദിയാകുമാരിയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയെന്ന് ഫസ്റ്റ് പോസ്റ്റ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം വസുന്ധരയുമായുള്ള ബന്ധത്തിലെ പ്രശ്‌നങ്ങളാണോ മുഖ്യമന്ത്രിപദം നിഷേധിക്കുന്നതിന് വഴിവെച്ചത് എന്ന ചോദ്യത്തിന് ഇക്കഴിഞ്ഞ ദിവസം ദിയാകുമാരി നല്‍കിയ മറുപടി ഇതായിരുന്നു-  ഇത്തരം കാര്യങ്ങളോട് ഞാന്‍ പ്രതികരിക്കുന്നില്ല. ഞങ്ങള്‍ എല്ലാവരും ഒരുമിച്ചാണ് പ്രവര്‍ത്തിച്ചത്. അവരും (വസുന്ധര) അവിടെ ഉണ്ടായിരുന്നു. എനിക്ക് അവരുടെ ആശീര്‍വാദവും ലഭിച്ചിരുന്നു.  

2023 രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പ്

ലോക്‌സഭാ എം.പി. ആയിരിക്കവേ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ദിയാകുമാരിയെ പാര്‍ട്ടി നിയോഗിക്കുകയായിരുന്നു. ജയിക്കുന്നപക്ഷം ദിയാകുമാരി മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തിച്ചേരുമെന്ന പ്രചാരണം സവര്‍ണവോട്ടുകള്‍ വലിയ തോതില്‍ ബാലറ്റ് ബോക്‌സിലാക്കാന്‍ ബി.ജെ.പിയെ സഹായിച്ചു. വിദ്യാധര്‍ നഗര്‍ മണ്ഡലത്തില്‍നിന്നാണ് ഇക്കുറി ദിയാകുമാരി ജനവിധി തേടിയത്. മൂന്നുവട്ടം വിജയിച്ച നര്‍പട് സിങ് രാജ്‌വിയെ മാറ്റിയാണ് വിദ്യാധര്‍ നഗറില്‍നിന്ന് ദിയാകുമാരിയെ മത്സരിപ്പിച്ചത്. ഇവര്‍ ഉള്‍പ്പെടെ 18 എം.പിമാരെയാണ് ഇക്കുറി രാജസ്ഥാനില്‍ ബി.ജെ.പി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത്. കോണ്‍ഗ്രസിന്റെ സീതാറാം അഗര്‍വാള്‍ ആയിരുന്നു ദിയാകുമാരിയുടെ എതിരാളി. 71,000-ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ദിയാകുമാരിയുടെ വിജയം. പരിസ്ഥിതി, വിദ്യാഭ്യാസം, ആരോഗ്യം, വനിതാ ശാക്തീകരണം തുടങ്ങിയവയായിരുന്നു പ്രചാരണവേളയില്‍ ദിയാകുമാരി മുന്നോട്ടുവെച്ച വിഷയങ്ങള്‍. 

വസുന്ധരയ്ക്ക് പകരക്കാരിയാകുമോ ദിയാകുമാരി 

രാജസ്ഥാന്‍ ബി.ജെ.പിയിലെ തലപ്പൊക്കമുള്ള നേതാവാണ് വസുന്ധര രാജ. വാക്കിലും പ്രവൃത്തിയിലും കരുത്തുറ്റ നേതാവ്. റാണി എന്നാണ് അവരെ ജനങ്ങള്‍ സ്‌നേഹത്തോടെ വിളിക്കുന്നത്. മധ്യപ്രദേശിലെ ഗ്വാളിയോര്‍ രാജകുടുംബാംഗമാണ് വസുന്ധര. രാജസ്ഥാനിലെ ധോല്‍പുര്‍ രാജകുടുംബത്തിലേക്ക് വിവാഹം കഴിച്ചെത്തി. ബി.ജെ.പി. കേന്ദ്രനേതൃത്വവുമായുള്ള വസുന്ധരയുടെ കൊമ്പുകോര്‍ക്കലും പരസ്യമായ രഹസ്യമാണ്. അഞ്ചുകൊല്ലം കഴിയുമ്പോള്‍ ഭരണമാറ്റം എന്ന ശൈലി കാലങ്ങളായി പിന്തുടരുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. എന്നാല്‍, ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ബി.ജെ.പി. പ്രഖ്യാപിച്ചിരുന്നില്ല. വസുന്ധരയും സി.പി. ജോഷിയും ഉള്‍പ്പെടെ പലരും മുഖ്യമന്ത്രിസ്ഥാനത്തേക്ക് കണ്ണ് നട്ടിരുന്നു. സംസ്ഥാനത്തെ പ്രമുഖനേതാവ്, മുന്‍മുഖ്യമന്ത്രി തുടങ്ങി അനുകൂലഘടകങ്ങള്‍ ഏറെയുണ്ടായിട്ടും വസുന്ധര പിന്തള്ളപ്പെട്ടു. 

placeholder
ദിയാകുമാരിയും വസുന്ധര രാജെയും | Photo: PTI 

വസുന്ധരയ്ക്ക് ഒരു പകരക്കാരി എന്ന നിലയിലും ദിയാകുമാരി പരിഗണിക്കപ്പെടുന്നുണ്ട്. വസുന്ധരയുടേതിന് സമാനമായ രാജകുടുംബ പശ്ചാത്തലം, വ്യക്തിപ്രഭാവം തുടങ്ങിയ ഘടകങ്ങളിലൂടെ ദിയാകുമാരിയില്‍ വസുന്ധരയുടെ പകരക്കാരിയെ കണ്ടെത്താന്‍ പാര്‍ട്ടി ശ്രമിക്കുന്നുണ്ട് എന്നത് വ്യക്തമാണ്. വസുന്ധരയെ പിണക്കിയാല്‍ രജപുത്ര വോട്ടുകളുടെ രൂപത്തില്‍ വലിയ നഷ്ടം ബി.ജെ.പിയ്ക്ക് നേരിടേണ്ടി വരും. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അത്തരമൊരു നീക്കം നടത്തുന്നത് ബുദ്ധിപരമല്ല. അതിനാല്‍തന്നെ അത്തരമൊരു നഷ്ടത്തെ ദിയാകുമാരിയിലൂടെ നികത്തുക എന്നൊരു തന്ത്രവും ബി.ജെ.പി. നടപ്പാക്കുന്നുണ്ടെന്നാണ് അണിയറവര്‍ത്തമാനം. സംസ്ഥാനത്ത് 10 ശതമാനം വരുന്ന രജപുത്ര വിഭാഗമാണ് ബി.ജെ.പിയുടെ പ്രധാന വോട്ടുബാങ്ക്. ഇത് വിട്ടൊരു കളിക്ക് മുതിരാന്‍ പാര്‍ട്ടി തയ്യാറാകില്ല. അതിനാല്‍ത്തന്നെ, വസുന്ധരയിലൂടെ ഏതെങ്കിലും വിധത്തില്‍ രജപുത്ര വോട്ട് നഷ്ടമായാല്‍, അത് ദിയാകുമാരിയിലൂടെ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യമാണ് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കി നടപ്പാക്കുന്നത്.