കൂനൂർ: ഗുണമേന്മ കൂടുതലുള്ള കോത്തഗിരിയിലെ വെളുത്തുള്ളിക്ക് വൻ വിലയിടിവ്. കിലോക്ക് 180 രൂപയാണ് വില. ചുരുങ്ങിയത് 300 രൂപ കിട്ടിയില്ലെങ്കിൽ കൃഷി നഷ്ടമാകുന്ന സ്ഥിതിയാണെന്ന് കർഷകർ പറയുന്നു.

To advertise here,

സാധാരണ ഊട്ടി മേഖലയിൽ വിളയുന്ന വെളുത്തുള്ളിക്ക് പുറത്ത് വലിയ ഡിമാൻഡാണ്. അതുകൊണ്ടുതന്നെ എന്നും നല്ല വില കിട്ടുമായിരുന്നു. വിത്തും വളവും കൃഷിച്ചെലവും കണക്കിലെടുക്കുമ്പോൾ കിലോയ്ക്ക് ചുരുങ്ങിയത് 300 രൂപയെങ്കിലും കിട്ടണമെന്ന് കർഷകർ പറഞ്ഞു. എന്നാൽ മേട്ടുപ്പാളയം മാർക്കറ്റിൽ കഴിഞ്ഞ ദിവസത്തെ വില 180 രൂപയാണ്.

വിലയിടിവ് മൂലം കർഷകർ നിരാശരാണ്. ഊട്ടി, കോത്തഗിരി മേഖലകളിലാണ് വെളുത്തുള്ളി വ്യാപകമായി കൃഷി ചെയ്യുന്നത്. കൂടുതലും കോത്തഗിരിയിലാണ്. വൻതുക മുടക്കിയാണ് പലരും കൃഷിയിറക്കിയത്. നല്ല വില കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. എന്നാൽ ആവശ്യക്കാർ കുറഞ്ഞതോടെ വില കുത്തനെ കുറയാൻ തുടങ്ങി.

സീസണില്ലാഞ്ഞിട്ടും സവാളയ്ക്ക്‌ വിലക്കുറവ്

കഴിഞ്ഞവർഷം ഇതേസമയം സവാള കിലോയ്ക്ക്‌ 50 രൂപയായിരുന്നു വില. ഇത്തവണ മികച്ചയിനത്തിനുപോലും 20 രൂപയാണ് വില. സീസൺ അല്ലാഞ്ഞിട്ടും സവാള വില കുത്തനെ ഇടിയുന്നത് അസാധാരണമാണ്. കഴിഞ്ഞ ഏപ്രിൽ, മേയ് മാസങ്ങളിൽ സംഭരിച്ച സവാള കൂട്ടത്തോടെ വിപണിയിലിറക്കിയതാണ് വിലയിടിയാൻ കാരണമെന്ന് എംജിആർ മാർക്കറ്റിലെ മൊത്ത വ്യാപാരി എം. രാജേന്ദ്രൻ പറഞ്ഞു.

വില കൂടുമെന്ന പ്രതീക്ഷയിൽ എല്ലാവർഷവും വ്യാപാരികൾ സവാള സംഭരിച്ചുെവയ്ക്കാറുണ്ട്. എന്നാൽ തുടർച്ചയായുള്ള മഴ മൂലം സംഭരിച്ച സവാള ചീയാൻ തുടങ്ങി.

ഇതോടെ നഷ്ടം സഹിച്ചും സവാള വിപണിയിലിറക്കാൻ വ്യാപാരികൾ നിർബന്ധിതരായെന്നാണ് പറയുന്നത്. ഏറ്റവും കൂടുതൽ സവാള കൃഷി ചെയ്യുന്ന മഹാരാഷ്ട്രയിൽ നവംബറിലാണ് വിളവെടുപ്പ് തുടങ്ങുക. സാധാരണ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വില കൂടുന്നത് പതിവാണ്. നവംബറിൽ വിളവെടുപ്പ് തുടങ്ങുന്നതോടെ കൂടുതൽ സവാളയെത്തും. ഇതോടെ വില വീണ്ടും കുറയാനാണ് സാധ്യതയെന്ന് പറയുന്നു.