മേഘ്നയുടെ മണ്ണില്‍ പാകിസ്താന്‍മുഷ്‌ക്കിന്റെ പത്തികളെ ഇന്ത്യ ചവിട്ടിത്താഴ്ത്തിയ ദിനത്തിന് ഇന്ന് അമ്പതാണ്ട് പൂര്‍ത്തിയാവുകയാണ്. ബംഗ്‌ളാ സ്വത്വത്തിന് സ്വാതന്ത്ര്യത്തിന്റെ ചിറകുകള്‍ കൈവന്ന മുഹൂര്‍ത്തം

To advertise here,

placeholder
ഡിസംബര്‍ മൂന്നിന് പാകിസ്താന്‍ നമുക്കെതിരേ നടത്തിയ വ്യോമാക്രമണത്തോടെ ബംഗ്ലാദേശിന്റെ വിമോചനത്തിനുകാരണമായ മിന്നല്‍യുദ്ധത്തിന് ഇന്ത്യ തുടക്കമിട്ടു. സത്യത്തില്‍, കിഴക്കന്‍ പാകിസ്താനിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് മാര്‍ച്ച് 25 മുതല്‍ ഒരു തുറന്നയുദ്ധത്തിന് ഇന്ത്യ തയ്യാറെടുക്കുകയായിരുന്നു.

പടിഞ്ഞാറന്‍ നിരയിലെ ചമ്പ് ജൗറിയന്‍ സബ് സെക്ടറില്‍ പാകിസ്താന്‍ അപ്രതീക്ഷിതമായ ആക്രമണം നടത്തി. മാനവര്‍ വാലി തവി പ്രദേശത്തിന്റെ പടിഞ്ഞാറുള്ള സ്ഥലം അവര്‍ കൈപ്പിടിയിലാക്കി. ഗഡ്വാള്‍ റൈഫിള്‍സ് ബറ്റാലിയന്‍ 7-ല്‍ ഞാനന്ന് യുവമേജറായിരുന്നു. യുദ്ധമുഖത്തേക്കു ഞങ്ങള്‍ കുതിച്ചു. ബറ്റാലിയന്‍ പ്രതിരോധിച്ച ഇടങ്ങളില്‍ ഡിസംബര്‍ മൂന്ന് മുതല്‍ കനത്ത പാക് ഷെല്ലിങ് നടന്നു.

ചമ്പ് സാലിയന്റില്‍ പാകിസ്താന്റെ 23-ാം ഇന്‍ഫന്ററി ഡിവിഷന്‍ മേജര്‍ ജനറല്‍ ഇഫ്തിക്കര്‍ ഖാന്‍ ജന്‍ജുവയുടെ നേതൃത്വത്തില്‍ കവചിതവാഹനങ്ങളുടെ അകമ്പടിയോടെ ആക്രമണമുണ്ടായി. ഡിസംബര്‍ ഒമ്പതിന് ചമ്പില്‍ ഹെലികോപ്റ്റര്‍ പൊട്ടിത്തെറിച്ച് ജനറല്‍ കൊല്ലപ്പെട്ടു. ഡിസംബര്‍ 16-ന് ഞങ്ങള്‍ക്ക് ആക്രമണനിര്‍ദേശം കിട്ടി. 22 മണിക്കൂറിനുള്ളില്‍ ആക്രമിച്ചുകയറി തന്ത്രപ്രധാനമായ പോസ്റ്റുകള്‍ ഞങ്ങള്‍ പിടിച്ചെടുത്തു. അപ്പോഴേക്കും വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു.

പൂഞ്ച് മേഖലയില്‍ നാം ധീരമായി പോരാടി, വ്യോമസേന അവിടെ നിര്‍ണായകമായ നേട്ടം കാഴ്ചവെച്ചു. ജമ്മു കശ്മീരിലെ അഖ്നൂരിലെ ചിക്കന്‍ നെക്ക് നമ്മള്‍ പിടിച്ചു. കാര്‍ഗില്‍ ഉയരങ്ങളിലെ പോസ്റ്റുകളില്‍നിന്ന് പാക് പടയെ തുരത്തി അവ കൈക്കലാക്കി. രവിനദിയുടെ കൈവഴിയായ ബസന്തര്‍ നദീതീരത്തെയും ഷക്കാര്‍ഗഢ് മുനമ്പിലെയും യുദ്ധത്തില്‍ നാം കടന്നുകയറി ശത്രുപ്രവിശ്യകള്‍ പിടിച്ചടക്കി. ലോംഗോവാല യുദ്ധമായിരുന്നു മറ്റൊരു ശ്രദ്ധാകേന്ദ്രം. അതൊരു ധീരമായ പോരാട്ടമായിരുന്നു. നമ്മുടെ വ്യോമസേന അവിടെ പാക് ടാങ്കുകളുടെ ഒരു ശവക്കോട്ടതന്നെ തീര്‍ത്തു. 'ബോര്‍ഡര്‍' സിനിമ നിങ്ങള്‍ കണ്ടുകാണും എന്നുകരുതുന്നതിനാല്‍ കൂടുതല്‍ പറയുന്നില്ല. റല്‍നോര്‍, ഖൂ ഖോര്‍പ്പര്‍, ഗദ്ര നഗരം, ഖിന്‍സര്‍, പിരാനി കാ പാര്‍, പര്‍ബത് അലി എന്നീ സ്ഥലങ്ങളെല്ലാം ഇന്ത്യ പിടിച്ചെടുത്തു. നയാ ചോറിലെ യുദ്ധത്തില്‍ പാക് പട തോറ്റോടിയപ്പോള്‍ വലിയൊരു പ്രദേശം നമുക്കധീനമായി.

മനേക് ഷായുടെ നിര്‍ദേശപ്രകാരം കിഴക്കന്‍ ബംഗാള്‍ മുഴുവന്‍ വരുതിയിലാക്കാന്‍ ഈസ്റ്റേണ്‍ ആര്‍മി കമാന്‍ഡര്‍ ലെഫ്. ജനറല്‍ ജഗജീത് സിങ് അറോറ പടപ്പുറപ്പാട് തുടങ്ങി. അതിനൊപ്പം നാഗാലാന്‍ഡ്, മണിപ്പുര്‍, മിസോ കുന്നുകള്‍ എന്നിവിടങ്ങളിലെയും വടക്കന്‍ അതിര്‍ത്തിയിലെയും സുരക്ഷാച്ചുമതലകൂടി അദ്ദേഹത്തിനുണ്ടായിരുന്നു. കിഴക്കന്‍ ബംഗാളില്‍ പാകിസ്താന്‍ കനത്ത പ്രതിരോധവ്യൂഹം ചമച്ചിരുന്നു.

വിമാനവാഹിനി വിക്രാന്ത് ഉള്‍പ്പെട്ട ഈസ്റ്റേണ്‍ ഫ്‌ലീറ്റ് പാകിസ്താന്റെ ഗണ്‍ബോട്ടുകളെ തകര്‍ത്ത് ഉള്‍ക്കടല്‍ ഉപരോധിച്ചു. എല്ലാ ഭാഗത്തുനിന്നും വളയപ്പെട്ട പാകിസ്താന്‍ സൈന്യത്തിന്റെ ധൈര്യം ചോര്‍ന്നു. ധാക്കയിലേക്ക് സഗത് സിങ്ങിന്റെ നേതൃത്വത്തിലുള്ള പാരാട്രൂപ്പര്‍മാര്‍ പറന്നിറങ്ങി. ജീവന്‍ വേണമെങ്കില്‍ കീഴടങ്ങാനുള്ള ലഘുലേഖകള്‍ ഇന്ത്യന്‍ ഹെലികോപ്റ്ററുകള്‍ വിതറി. ഒടുവില്‍ ധാക്ക റേസ് കോഴ്സില്‍ പാക് ഈസ്റ്റേണ്‍ കമാന്‍ഡ് തലവന്‍ കീഴടങ്ങല്‍ ഒപ്പുചാര്‍ത്തി. ജനറല്‍ അറോറയ്ക്കുമുന്നില്‍ 93,000 പാക് പട്ടാളക്കാര്‍ ആയുധംവെച്ചു കീഴടങ്ങി. പാകിസ്താനെ സംബന്ധിച്ചിടത്തോളം യുദ്ധം നാണംകെട്ട പരാജയമായിത്തീര്‍ന്നു. സാമ്പത്തികമായും രാഷ്ട്രീയമായും സൈനികമായും അവരുടെ നട്ടെല്ലൊടിഞ്ഞു. പരമ്പരാഗതയുദ്ധത്തില്‍ ഇന്ത്യയെ വെല്ലാന്‍ അവര്‍ക്കൊരിക്കലുമാവില്ലെന്ന് തെളിഞ്ഞു. നമ്മുടെ ചരിത്രവിജയം ആഘോഷിക്കുന്ന ഈവേളയില്‍ രാജ്യത്തിനായി ജീവന്‍ കൊടുത്തവര്‍ക്കായി നമുക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാം.


സൈനിക, നയതന്ത്ര വിശകലന വിദഗ്ധനാണ് ലേഖകന്‍