അഫ്ഗാനിസ്താനിൽ നടന്ന സ്ത്രീകളുടെ പ്രകടനം:ഫോട്ടോ:ഗെറ്റി ഇമേജസ്
ഭയപ്പാടില്ലാത്ത ഒരു കാലമുണ്ടായിരുന്നു അഫ്ഗാനിലെ സ്ത്രീകള്‍ക്ക്. സര്‍വകലാശാലകളില്‍ ഉന്നതപഠനം നടത്താനും ഏതു തരത്തിലുള്ള വസ്ത്രവും ധരിക്കാൻ കഴിഞ്ഞിരുന്ന നാളുകള്‍. 1919-ല്‍ ബ്രിട്ടനില്‍ സ്ത്രീകള്‍ വോട്ടവകാശം നേടിയതിന് തൊട്ടടുത്ത വര്‍ഷം അഫ്ഗാന്‍ സ്ത്രീകളും വോട്ടവകാശം നേടിയിരുന്നു. 1950-ല്‍ രാജ്യത്ത് പര്‍ദ നിരോധിച്ചു. 1960-കളില്‍ പുതിയ ഭരണഘടന രാഷ്ട്രീയത്തിലും പൊതുവിടങ്ങളിലും സ്ത്രീ-പുരുഷ സമത്വം കൊണ്ടുവന്നു. എന്നാല്‍ 1970-കളിലെ സോവിയറ്റ് അധിനിവേശവും 80-കളിലെ മുജാഹിദ്ദീന്‍ വിഭാഗവും സര്‍ക്കാരുമായുള്ള സംഘര്‍ഷങ്ങളിലൂടെയും പിന്നീട് താലിബാന്‍ ഭരണത്തിലൂടെയും അവര്‍ക്ക് സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതും പഠിക്കുന്നതും ജോലിചെയ്യുന്നതും താലിബാന്‍ എതിര്‍ത്തു. ബന്ധുവായ പുരുഷനൊപ്പമല്ലാതെ പുറത്തിറങ്ങുന്നതും തൊലിപുറത്തുകാണുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതും എന്തിന് പുരുഷ ഡോക്ടറുടെ അടുത്ത് ചികിത്സയ്ക്ക് പോകുന്നതിന്പോലും വിലക്കുണ്ടായി.

രണ്ട്പതിറ്റാണ്ടിന്റെ യു.എസ് ഇടപെടലാണ് സ്ത്രീകളുടെ സ്വാഭാവിക ജീവിതം വീണ്ടും തിരിച്ചുകൊണ്ടുവന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് മാത്രം യു.എസ്. 78 കോടി ഡോളറെങ്കിലും രാജ്യത്ത് ചെലവിട്ടുവെന്നാണ് പറയപ്പെടുന്നത്. സ്‌കൂളില്‍ 40 ശതമാനത്തിലധികം പെണ്‍കുട്ടികളായി. സ്ത്രീകള്‍ സൈന്യത്തിന്റെയും പോലീസിന്റെയും ഭാഗമായി. 1990-ല്‍ നാലുപേര്‍ ഉണ്ടായിരുന്ന പാര്‍ലമെന്റില്‍ 2017 ആകുമ്പോഴേക്കും 28 വനിതാ പ്രതിനിധികളുണ്ടായി. ആരോഗ്യ- മാധ്യമ രംഗത്ത് ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നത് സ്ത്രീകളായി. എന്നാല്‍, 2021 ആഗസ്ത് 15-ന് താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞത് നിമിഷങ്ങള്‍ കൊണ്ടായിരുന്നു. വിദ്യാഭ്യാസവും മനുഷ്യാവകാശവും ലംഘിക്കപ്പെട്ടു. പലരും കടുത്ത പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നു. താലിബാന്‍ ഭരണമേറ്റെടുത്ത് ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ ഇരുട്ടറയിലായിപ്പോയ പെണ്‍കുട്ടികളുടെ എണ്ണം 30 ലക്ഷത്തില്‍ അധികമാണെന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞവര്‍ഷം അവസാനം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിലും കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു.
ഏഴാംഗ്രേഡിന്ശേഷം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് വിലക്കാണ്. പെണ്‍കുട്ടികളുടെ സര്‍വകലാശാലകളും ലൈബ്രറികളും അടച്ചുപൂട്ടപ്പെട്ടു. പഠനത്തിന് മാത്രമല്ല, ജോലിചെയ്യാനും വിലക്കുണ്ടായി. സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് ആയിരക്കണക്കിന് സ്ത്രീകളെ പിരിച്ചുവിട്ടു. സ്ത്രീകളുടെ ജോലികള്‍ പുരുഷന്മാര്‍ക്ക് കൈമാറാന്‍ നിര്‍ബന്ധിതരായി. പൊതുസ്ഥലത്ത് ശരീരം മറയ്ക്കുന്ന ബുര്‍ഖ നിര്‍ബന്ധമാക്കി. പുരുഷന്‍മാരില്ലാതെ സ്ത്രീകള്‍ പുറത്തിറങ്ങരുന്നതെന്ന് നിര്‍ദേശം വന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ തടവുജീവിതം. ഈ ആഴ്ച പുതിയ അധ്യയന വര്‍ഷം തുടങ്ങിയപ്പോഴും ക്ലാസ്മുറികളിലേക്ക് പോവാനാവാതെ സങ്കടക്കടലിലാണ് രാജ്യത്തെ പെണ്‍കുട്ടികള്‍.

"എല്ലാ ദിവസവും ഞാന്‍ സ്‌കൂളില്‍ പോകാനാകുമെന്ന പ്രതീക്ഷയില്‍ രാവിലെ ഉറക്കമുണരും. താലിബാന്‍ ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നത് സ്‌കൂള്‍ ഉടന്‍ തുറക്കുമെന്നാണ്. പക്ഷേ, ഒന്നര വര്‍ഷത്തോളമായി ഞങ്ങള്‍ വീട്ടിനുള്ളിലായിട്ട്. എനിക്കവരെ വിശ്വാസമില്ല. സ്‌കൂളിലെ കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ എന്റെ ഹൃദയം തകര്‍ന്നുപോവുന്നു." വിതുമ്പിക്കൊണ്ടാണ് 17 വയസ്സുകാരി ഹബീബ ബിബിസിയോട് വേദന പങ്കുവെച്ചത്.
ഹബീബയേയും മഹ്താബിനേയും തമന്നയേയും പോലെ ആയിരക്കണക്കിന് കൗമാരക്കാരായ പെണ്‍കുട്ടികളാണ് ഇന്ന് സെക്കന്‍ഡറി വിദ്യാഭ്യാസം സാധ്യമാവാതെ വീട്ടിനുള്ളില്‍ തടവുകാരെപോലെ കഴിയുന്നത്. ലോകത്ത് അപരിഷ്‌കൃത രാജ്യങ്ങളുണ്ടെങ്കിലും ഇത്രമാത്രം സ്ത്രീ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തിയ ഭരണകൂടം താലിബാന്‍ നേതൃത്വം നല്‍കുന്ന അഫ്ഗാനിലല്ലാതെ വേറെ എവിടെയുമുണ്ടാകില്ലെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു വിദ്യാര്‍ഥികള്‍. തങ്ങളുടെ ഭാവിയെക്കുറിച്ച് എന്താവുമെന്ന് ഒരുപിടിയുമില്ലാത്ത ദിവസങ്ങളാണ് കഴിഞ്ഞുപോവുന്നതെന്ന് പറയുന്നു വിദ്യാര്‍ഥികള്‍. വിദ്യാഭ്യാസത്തെ കുറിച്ചോര്‍ത്ത്, തങ്ങളുടെ സ്വപ്നങ്ങളെ കടിച്ചമര്‍ത്തി വേദനയോടെ കഴിഞ്ഞുപോവുന്ന ദിവസങ്ങള്‍.

"ആണ്‍കുട്ടികള്‍ ഓരോ ദിവസവും സ്‌കൂളിലേക്ക് പോവുമ്പോഴും, അവര്‍ക്ക് ഇഷ്ടമുള്ളതെല്ലാം ഒരു തടസ്സവുമില്ലാതെ ചെയ്യുന്നത് കാണുമ്പോഴും സങ്കടം സഹിക്കുന്നില്ല. എന്റെ സഹോദരന്‍ സ്‌കൂളില്‍ പോവുന്നുണ്ട്. അവനെപ്പോഴും എന്നോടും സ്‌കൂളിലേക്ക് വരാന്‍ പറയും. നീയില്ലാതെ ഞാനും സ്‌കൂളില്‍ പോവുന്നില്ലെന്ന് പറയും. അത് കേള്‍ക്കുമ്പോള്‍ സഹിക്കുന്നില്ല. ഞാനവനെ കെട്ടിപ്പിടിച്ച് എല്ലാം ശരിയാവുമെന്നും സ്‌കൂളില്‍ പോവണമെന്നും ആവശ്യപ്പെടും. എല്ലാവരും രക്ഷിതാക്കളോട് പറയുന്നത് നിങ്ങള്‍ക്ക് ആണ്‍മക്കളില്ലേ, പിന്നെന്തിനാണ് പേടിക്കുന്നതെന്നാണ്. എന്തിനാണ് ഈ വിവേചനം? ഖൂര്‍ഖ ധരിക്കാനും പ്രത്യേക ക്ലാസ്മുറികളിലിരിക്കാനുമൊക്കെ ഞങ്ങള്‍ തയ്യാറാണ് എന്നിട്ടും വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയാണ്. ആണ്‍കുട്ടികളെപോലെ എനിക്കും സ്‌കൂളിലേക്ക് പോവാന്‍ പറ്റിയിരുന്നെങ്കിലോ എന്നത് ആഗ്രഹിച്ച് പോവുകയാണ്. ഇതിലും നല്ലത് മരണമായിരുന്നു."-അഫ്ഗാനില്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട തമന്നയെന്ന മറ്റൊരു പെണ്‍കുട്ടിയും ചൂണ്ടിക്കാട്ടുന്നു.
കടുത്ത നിയന്ത്രണങ്ങളോടെയാണെങ്കിലും പെണ്‍കുട്ടികള്‍ക്കായി സെക്കന്‍ഡറി സ്‌കൂളുകള്‍ തുറക്കുമെന്ന് പറയുന്ന താലിബാന്‍ വാക്കുപാലിക്കുമെന്ന പ്രതീക്ഷയിലാണ് പെണ്‍കുട്ടികള്‍. താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയെന്നറിഞ്ഞത്മുതല്‍ കൈയില്‍ കിട്ടിയതുമെടുത്ത് രാജ്യം വിടാന്‍ ഒരുങ്ങിയ അഫ്ഗാന്‍ ജനതയെ നമ്മള്‍ കണ്ടതാണ്. പലരും വിമാനത്തിന് മുകളില്‍വരെ വലിഞ്ഞുകയറി സ്ഥാനമുറപ്പിച്ചിരുന്നു. രാജ്യം വിടാനൊരുങ്ങിയവർക്കുനേരെ തോക്ക് ചൂണ്ടി നില്‍ക്കുന്ന പട്ടാളക്കാരുടെ ചിത്രങ്ങളും ഓര്‍ക്കുന്നുണ്ടാവും. ഈ ഒളിച്ചോടല്‍ താലിബാന്റെ പൂര്‍വചരിത്രം നന്നായി അറിയുന്നത് കൊണ്ടായിരുന്നുവെന്നും അവര്‍ എത്ര മാറിയാലും പതിയെ പഴയ താലിബാന്‍ ആവുമെന്ന തിരിച്ചറിവുള്ളത് കൊണ്ടായിരുന്നുവെന്നും ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പഴയ താലിബാനായിരിക്കില്ലെന്നും അടിമുടി മാറിയ താലിബാനാണ് അഫ്ഗാനിലെത്തിയതെന്നുമായിരുന്നു അവകാശപ്പെട്ടിരുന്നതെങ്കിലും പ്രത്യേകിച്ച് മാറ്റങ്ങളൊന്നുമുണ്ടായില്ല എന്നതാണ് സത്യം.

ആദ്യം സെക്കന്‍ഡറി, പിന്നെ യൂണിവേഴ്‌സിറ്റി
2021 ഡിസംബറിലാണ് പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസം നിരോധിച്ച് താലിബാന്റെ ഉത്തരവ് വരുന്നത്. തുടര്‍ന്ന് ഒരു സ്ത്രീ 72 കിലോ മീറ്ററില്‍ അപ്പുറം യാത്ര ചെയ്യുന്നുവെങ്കില്‍ ബന്ധുവായ പുരുഷന്റെ കൂടെയായിരിക്കണമെന്ന നിര്‍ദേശം വന്നു. മാസങ്ങള്‍ കഴിഞ്ഞതോടെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പാര്‍ക്കിലും ജിമ്മിലും സ്വിമ്മിംഗ് പൂളിലും നിരോധനമുണ്ടായി. സാമ്പത്തികശാസ്ത്രം, എന്‍ജിനിയറിംഗ്, മാധ്യമപ്രവര്‍ത്തനം എന്നിവ പഠിക്കുന്നതില്‍നിന്നും അവര്‍ക്ക് നിരോധനം വന്നു. തൊട്ടടുത്ത മാസങ്ങളില്‍ സര്‍വകലാശാലകളിലും പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. ആരോഗ്യ മേഖലയൊഴികെ മറ്റൊരു തൊഴില്‍ മേഖലയിലും ജോലി ചെയ്യുന്നതിനും അനുവാദമില്ലാതായി.
"വിദ്യാഭ്യാസം ചെയ്യാനാവാതെ ഇങ്ങനെ മുന്നോട്ട് പോവുന്ന ജീവിതത്തിന് എന്ത് അര്‍ഥമാണുള്ളത്? ഇതിലും നല്ലത് മരണമാണ്. ഇത്രയും ശക്തമായ നിയന്ത്രണങ്ങളുമായി ഇനിയും മുന്നോട്ടുപോയാല്‍ പലരും ആത്മഹത്യതന്നെ തിരഞ്ഞെടുക്കും." സര്‍വകലാശാല വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട മഫ്താബ് ബി.ബി.സിയോട് വ്യക്തമാക്കി. മുന്‍ അഫ്ഗാന്‍ സര്‍ക്കാരുമായി താലിബാന്‍ നടത്തിയ പോരാട്ടത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥി കൂടിയായിരുന്നു മഫ്താബ്. താലിബാന്‍ നടത്തിയ ബോംബേറില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നിട്ടും പഠനം തുടര്‍ന്നു. പക്ഷേ, ഇപ്പോള്‍ എല്ലാം ഇല്ലാതായി മഫ്താബ് ചൂണ്ടിക്കാട്ടുന്നു.

പറ്റിയ സാഹചര്യങ്ങള്‍ ഒരുങ്ങുന്നതുവരെ താല്‍ക്കാലികമായാണ് പെണ്‍കുട്ടികള്‍ക്ക് യൂണിവേഴ്സിറ്റികളിലും സെക്കന്‍ഡറി പഠനത്തിനും നിരോധനമേര്‍പ്പെടുത്തിയതെന്നാണ് താലിബാന്‍ വക്താക്കള്‍ അവകാശപ്പെടുന്നത്. പെണ്‍കുട്ടികളും സ്ത്രീകളും ഹിജാബ് ധരിക്കാന്‍ തയ്യാറാവുന്നില്ലെന്നും ഇസ്ലാമിക നിയമങ്ങള്‍ പാലിക്കുന്നില്ലെന്നുമാണ് താലിബാന്‍ മുന്നോട്ടുവെക്കുന്ന വാദം. ഇത് ശരിയല്ലെന്ന് പറയുന്നു ജനങ്ങള്‍. താലിബാന്‍ അഫ്ഗാന്റെ ഭരണം ഏറ്റെടുക്കുന്നതിന് മുന്‍പേപോലും അഫ്ഗാന്‍ സത്രീകള്‍ ഹിജാബ് ധരിക്കാതെ പുറത്തിറങ്ങാറില്ല എന്നതാണ് യാഥാര്‍ഥ്യം. പക്ഷെ, ഇതൊന്നുമല്ല കാരണമെന്നും പെണ്‍കുട്ടികളെ മാറ്റിനിര്‍ത്തുകയെന്നത് മാത്രമാണ് അവര്‍ ലക്ഷ്യമിടുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ലൈബ്രറികളും അടച്ചുപൂട്ടി
സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും പുറമേ വിദ്യാര്‍ഥിനികള്‍ക്ക് ലൈബ്രറികളിലും നിരോധനമുണ്ടായതോടെ പല വലിയ ലൈബ്രറികളും രാജ്യത്ത് അടച്ചുപൂട്ടിയെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ലൈബ്രറികളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിക്കണമെന്നാവശ്യപ്പെട്ട് താലിബാന്റെ നിരന്തര ഭീഷണിയാണ് നടത്തിപ്പുകാര്‍ക്ക്. മരണശിക്ഷയാണ് ഭീഷണിയായി പറയുന്നത്. ഇതോടെയാണ് പല ലൈബ്രറികളും നിര്‍ബന്ധ പൂര്‍വം അടച്ചുപൂട്ടേണ്ടി വന്നിരിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അന്താരാഷ്ട്ര പുസ്തകങ്ങളടക്കം ലഭ്യമായിരുന്ന ലൈബ്രറികളാണ് അടച്ചുപൂട്ടേണ്ടി വന്നിരിക്കുന്നത്. ഇതോടെ പുസ്തകങ്ങളെല്ലാം നശിച്ചുതുടങ്ങിയെന്നും ലൈബ്രറി നടത്തിപ്പുകാര്‍ പറയുന്നു. താലിബാന്റെ മനുഷ്യത്വമില്ലായ്മയ്ക്കെതിരേ പ്രതികരിച്ചാല്‍ നടുറോഡില്‍ പോലും കൊല്ലപ്പെടുമെന്ന അവസ്ഥയാണ്. അത്തരത്തിലാണ് ഭീഷണിയെന്നും ഇവര്‍ പറയുന്നു. നിരോധനം വകവെക്കാതെ പലരും ലൈബ്രറികള്‍ തുറക്കുമ്പോഴേക്കും ഫോണ്‍ വിളികളെത്തും. സ്ത്രീകള്‍ക്ക് പുസ്തകങ്ങള്‍ വായിക്കാന്‍ അനുവാദമില്ലെന്നും ലൈബ്രറികള്‍ തുറന്നാല്‍ അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്നുമുള്ള മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇതോടെ പേടിയായി. പിന്നീട് മറ്റുവഴികളില്ലാതെ അടച്ചിടുകയായിരുന്നുവെന്ന് പറയുന്നു നടത്തിപ്പുകാര്‍.

പലതരത്തിലുള്ള നിരോധനങ്ങള്‍കൊണ്ടും മറ്റും ജോലി നഷ്ടപ്പെട്ടതോടെ നോക്കാന്‍ കുടുംബത്തില്‍ മറ്റാരുമില്ലാതായിപ്പോയ പല സ്ത്രീകളും കാബൂളിലടക്കം തെരുവില്‍ ഭിക്ഷയെടുക്കേണ്ട ഗതികേടിലുമാണ്. കുട്ടികള്‍ നിയമവും മെഡിസിനുമെല്ലാം പഠിക്കണമെന്നും ജോലി നേടണമെന്നും പറയുന്നുണ്ട്. "സാമ്പത്തിക ശേഷിയില്ലെങ്കിലും എന്ത് ജോലി ചെയ്തും ഞാന്‍ അത് നടത്തിക്കൊടുക്കുമായിരുന്നു. പക്ഷേ, താലിബാന്‍ ഇപ്പോള്‍ അതിന് സമ്മതിക്കുന്നില്ല. ഇത് എന്റെ മാത്രം അവസ്ഥയല്ല." ഒരു രക്ഷിതാവ് ചൂണ്ടിക്കാട്ടുന്നു.
വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വലിയ തിരിച്ചടിയുണ്ടായതിന് പുറമേ രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ ആക്രമങ്ങളും വര്‍ധിക്കുന്നുണ്ടെന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പോലുള്ള സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയന്ത്രണങ്ങള്‍ക്കെതിരേ പ്രതിഷേധിച്ച സ്ത്രീകള്‍ക്ക് താലിബാന്‍ ഭരണകൂടത്തില്‍നിന്ന് നേരിട്ട പീഡനങ്ങളും ചൂഷണവും ആംനസ്റ്റി എടുത്തുപറയുന്നുണ്ട്. ഇത് പെണ്‍കുട്ടികളെ നിര്‍ബന്ധിത വിവാഹത്തിനടക്കം രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

വിദ്യാഭ്യാസവും ജോലിയും നഷ്ടപ്പെട്ടതോടെ കടുത്ത ദാരിദ്ര്യമാണ് അഫ്ഗാന്റെ പല ഭാഗത്തും അനുഭവപ്പെടുന്നത്. രാജ്യത്തെ 2.30 കോടി ജനങ്ങള്‍ ദാരിദ്ര്യത്തിലാണ്. താലിബാന്‍ ഭരണം അഫ്ഗാന്‍ ഏറ്റെടുക്കുന്നതിന് മുമ്പത്തെ അവസ്ഥയുമായി താരതമ്യം ചെയ്യപ്പെടുമ്പോള്‍ പട്ടിണി അമ്പത് ശതമാനത്തിലേറെ വര്‍ധിച്ചെന്നും ചില റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികളെ നോക്കാന്‍ കഴിയാതെ പലരും അവരെ വില്‍ക്കുകയോ പെണ്‍കുട്ടികളെ നേരത്തെ വിവാഹം ചെയ്തയക്കുകയോ ചെയ്യുന്നുവെന്നും മറ്റ് ചിലര്‍ രാജ്യം വിട്ടുപോവുകയോ ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
വിദ്യാഭ്യാസ അവകാശം പോലും കുറ്റം
പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്ന് പൊതുവേദികളില്‍ സംസാരിക്കുന്നത്പോലും കുറ്റകരമായാണ് താലിബാന്‍ കണക്കാക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് മത്താവുള്ള വെസ്സ എന്ന ചെറുപ്പക്കാരന്‍. പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസം നിഷേധിച്ചതിനെതിരേ കാമ്പയിന്‍ നടത്തിയെന്നതാണ് മത്താവുള്ള നടത്തിയ കുറ്റം. വെസ്സ നടത്തുന്ന പെന്‍പാത്ത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി പോരാടുന്ന സന്നദ്ധസംഘടനയാണ്. വിദ്യാഭ്യാസ നിഷേധത്തിനെതിരേ ഈ മുപ്പതുകാരന്‍ അഫ്ഗാന്‍ മുഴുവന്‍ യാത്ര നടത്തിയിരുന്നു. ഇതോടെ ഭീഷണി ഫോണ്‍വിളികള്‍ എത്താന്‍ തുടങ്ങി. തുടര്‍ന്നായിരുന്നു അറസ്റ്റ്. വെസ്സയുടെ വീടും റെയ്ഡ് ചെയ്യപ്പെട്ടു. പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസം നിരോധിക്കപ്പെട്ടതിന് ശേഷം പുസ്തക വിതരണം നടത്തിയെന്നതിന്റെ പേരില്‍ നേരത്തേയും ആക്ടിവിസ്റ്റുകളെ രാജ്യത്ത് താലിബാന്‍ അറസ്റ്റ് ചെയ്തിരുന്നു. ചിലരെ വിട്ടയച്ചു. മറ്റ് ചിലര്‍ ഇപ്പോഴും ജയിലിലാണ്.
വെസ്സയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കണമെന്ന് താലിബാനോട് അഫ്ഗാനിസ്ഥാനിലെ യു.എന്‍. മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാബൂളിലെ പള്ളിയില്‍ പ്രാര്‍ഥന കഴിഞ്ഞ് ഇറങ്ങുമ്പോള്‍ തിങ്കളാഴ്ചയാണ് വെസ്സയെ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വാഹനങ്ങളിലായി എത്തിയ സംഘം വിലങ്ങുവെക്കുകയും കാറില്‍ കയറ്റുകയുമായിരുന്നു. രാജ്യത്ത് വിദ്യാഭ്യാസം ഉറപ്പാക്കുക ലക്ഷ്യമിട്ട് 2400 വളണ്ടിയര്‍മാര്‍ അംഗമായിട്ടുള്ള സംഘടനയാണ് പെന്‍പാത്ത് നെറ്റ്‌വര്‍ക്ക്. ക്ലാസ്‌മുറികൾ ഉണ്ടാക്കുക, പുസ്തകമടക്കമുള്ള പഠന സാമഗ്രികള്‍ വിതരണം ചെയ്യുക എന്നിവയായിരുന്നു ലക്ഷ്യം.

അല്‍ ഖായിദയുമായി പിരിയാത്ത ബന്ധം
അല്‍ ഖായിദ ഭീകരസംഘടനയുമായി ഇഴപിരിയാത്ത ബന്ധമാണ് താലിബാനുള്ളത്. 2001 സെപ്റ്റംബര്‍ 11-ന് ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തത് അല്‍ ഖായിദ ഭീകരരായിരുന്നു. അവരുടെ നേതാവ് ഉസാമ ബിന്‍ലാദനെ താലിബാന്‍ ഭരണകൂടം ഒളിപ്പിക്കുന്നുവെന്നു പറഞ്ഞാണ് അമേരിക്ക അഫ്ഗാനിസ്താനില്‍ അധിനിവേശം നടത്തിയത്. അല്‍ ഖായിദയുമായി സഹകരിക്കില്ലെന്ന് പലതവണ യു.എസിന് ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും അഫ്ഗാനിസ്താനില്‍ സംഘടനയ്ക്ക് പരിശീലനമുള്‍പ്പെടെ താലിബാന്‍ നല്‍കി. അല്‍ ഖായിദ ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളെ നിയന്ത്രിക്കണമെന്നതായിരുന്നു താലിബാനുമായി യു.എസ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2020 ഫെബ്രുവരിയിലുണ്ടാക്കിയ സമാധാനക്കരാറിലെ വ്യവസ്ഥകളിലൊന്ന്. ഈ വ്യവസ്ഥയുള്‍പ്പെടെ പാലിക്കുന്നതില്‍ താലിബാന്‍ വീഴ്ച വരുത്തി. അഫ്ഗാനിസ്താനിലെ സോവിയറ്റ് അധിനിവേശത്തിനെതിരേ സംഘടിച്ച മുജാഹിദീന്‍ സംഘടനയില്‍ നിന്നാണ് പഷ്തൂണ്‍ ഗോത്രവിഭാഗത്തിന് ആധിപത്യമുള്ള താലിബാന്റെ പിറവി. 1994-ലായിരുന്നു ഇത്. കാണ്ഡഹാറാണ് താലിബാന്റെ ഈറ്റില്ലം.
Content Highlights: Afghanistan girls' education Thaliban in afghan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..