
അടുത്ത കാലത്ത് വൈറലായ ഗാനമാണ് 'കച്ചാ ബാദാം.' ഈ ഗാനത്തിനൊത്ത് നൃത്തം ചെയ്യുന്ന വീഡിയോകൾ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുള്ളത്. കേരള പോലീസ് ഈ ഗാനത്തിനൊത്ത് നൃത്തം ചെയ്യുന്നു എന്ന തരത്തിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചില വാർത്താ മാധ്യമങ്ങളും ഈ ദൃശ്യം അവരുടെ സൈറ്റുകളിൽ പങ്കുവച്ചിട്ടുണ്ട്. പോലീസ് വേഷത്തിലുള്ള ഒരു വനിതയും നാല് പുരുഷന്മാരുമാണ് വീഡിയോയിൽ നൃത്തം ചെയ്യുന്നത്.
വിനോദ മാധ്യമമായ ഗുഡ് ടൈംസിന്റെ ഫേസ്ബുക്ക് പോസ്റ്റ്, 2022 മാർച്ച് 25
വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പക്ഷേ, യഥാർത്ഥ പോലീസാണോ പ്രചരിക്കുന്ന ദൃശ്യത്തിലുള്ളത്? ആരാണ് ഈ വീഡിയോയിലുള്ളവർ? വാസ്തവം പരിശോധിക്കാം.
അന്വേഷണം
ഉറവിടം കണ്ടെത്തുന്നതിനായി ദൃശ്യത്തിന്റെ കീഫ്രെയിംസ് എടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തു. കേരളത്തിൽ നിന്നുള്ള വീഡിയോ എന്ന തരത്തിൽ ദേശീയ മാധ്യമമായ സി.എൻ.എൻ. ന്യൂസ് 18-നും പ്രസ്തുത ദൃശ്യം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. 'Cops Dance to Kacha Badam' എന്നാണ് വീഡിയോയിൽ എഴുതിയിട്ടുള്ളത്.
സി.എൻ.എൻ. ന്യൂസ് 18-ന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നുളള പോസ്റ്റ്: https://www.instagram.com/reel/Cbfg35IJ_z4/
വീഡിയോയുടെ കടപ്പാട് നൽകിയിട്ടുള്ളത് goofyolives/twitter എന്ന ട്വിറ്റർ അക്കൗണ്ടിനാണ്. ഈ അക്കൗണ്ടിൽ നിന്ന് 2022 മാർച്ച് 21-ന് ട്വീറ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്.
2022 മാർച്ച് 21-ന് ട്വിറ്ററിൽ വന്ന വീഡിയോ
പക്ഷേ, വീഡിയോയിലുള്ളത് കേരള പോലീസാണെന്ന് ഈ ട്വീറ്റിൽ പരാമർശിക്കുന്നില്ല. മറിച്ച്, ദൃശ്യത്തിലുള്ള ഒരാൾ പോലീസല്ല, കൃഷ്ണപ്രസാദ് എന്ന വ്യക്തിയാണെന്ന് ട്വീറ്റിനു താഴെ മറ്റൊരു വ്യക്തി കമന്റ് ചെയ്തിട്ടുണ്ട്.
പ്രചരിക്കുന്ന ദൃശ്യം സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ, ഹോട്ടൽ ഡ്യൂലാൻഡ് എന്ന ഒരു ബോർഡ് ശ്രദ്ധയിൽപ്പെട്ടു.
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ പ്രവർത്തിക്കുന്ന ഒരു ഹോട്ടലാണ് ഡ്യൂലാൻഡ്. വീഡിയോയെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിനായി ഹോട്ടലുമായി ബന്ധപ്പെട്ടു. പ്രചരിക്കുന്ന ദൃശത്തിലുള്ളത് യഥാർത്ഥ പോലീസ് ഉദ്യോഗസ്ഥരല്ല മറിച്ച് സിനിമാ അഭിനേതാക്കളാണെന്ന് സ്ഥിരീകരിച്ചു.

വാസ്തവം
പോലീസുകാർ കച്ചാ ബാദാം എന്ന ഗാനത്തിനൊത്ത് നൃത്തം ചെയ്യുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ വാസ്തവ വിരുദ്ധമാണ്. യഥാർത്ഥത്തിൽ 'രാക്ഷസി' എന്ന സിനിമയിലെ അഭിനേതാക്കളാണ് ദൃശ്യത്തിൽ പോലീസ് വേഷത്തിലുളളത്. സിനിമ ലൊക്കേഷനിൽ വച്ച് പകർത്തിയതാണ് പ്രചരിക്കുന്ന ദൃശ്യം.
Content Highlights: What is the truth behind the Kerala Police stepping on the Kachi Badam song? | Fact Check
Published: 30 Mar 2022, 11:15 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented