ഞങ്ങളുടെ ദൈവം, ദീപസ്തംഭം, മാര്‍ഗദര്‍ശി; ഒപ്പം പ്രിയപ്പെട്ട നേതാവ്. അദ്ദേഹത്തിനോടല്ലാതെ ഞങ്ങള്‍ ആരുടെ അനുഗ്രഹം വാങ്ങും. ദൈവത്തെ കാണാന്‍ മുന്‍കൂര്‍ അനുമതിയെടുക്കേണ്ടതുണ്ടോ? പവാര്‍ ജി ഇവിടെ എത്തിയിട്ടുണ്ടെന്നറിഞ്ഞു, ഞങ്ങളെല്ലാവരും അനുഗ്രഹത്തിനായി ഓടിയെത്തി, അദ്ദേഹത്തിന്റെ കാല് തൊട്ട് വന്ദിച്ചു. എന്‍.സി.പിയെ ഇനിയങ്ങോട്ടും ഒരുമിച്ച് കൊണ്ടുപോവണമെന്ന് അഭ്യര്‍ഥിച്ചു.

കഴിഞ്ഞ  മാസംവരെ ശരദ് പവാറിന്റെ മനഃസാക്ഷി സൂക്ഷിപ്പുക്കാരനും എന്‍.സി.പിയുടെ മുതിര്‍ന്ന നേതാവുമായിരുന്ന പ്രഫുല്‍ പട്ടേലും സംഘവും മുംബൈയിലെ വൈബി. ചവാന്‍ സെന്ററിലെത്തി പവാറിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണിത്.  മിന്നല്‍ വിസിറ്റ് നടത്തി പവാര്‍ എന്ന രാഷ്ട്രീയ ചാണക്യനെ എന്‍.ഡി.എ-യ്‌ക്കൊപ്പം ചേര്‍ക്കാനുള്ള അവസാനശ്രമം.

To advertise here,

പ്രതിപക്ഷ ഐക്യ സമ്മേളനത്തിന് ബെംഗളൂരുവില്‍ കൊടി ഉയരുന്നതിനിടെ പാര്‍ട്ടി പിളര്‍ത്തി മഹാരാഷ്ട്രയിലെ എന്‍.ഡി.എ സര്‍ക്കാരിനൊപ്പം പോയ ശേഷം അജിത് പവാറും, പ്രഫുല്‍പട്ടേലുമടക്കമുള്ളവര്‍ ശരദ് പവാറിന്റെയടുത്തേക്ക് 24 മണിക്കൂറിനിടെ നടത്തിയ രണ്ടാമത്തെ സന്ദര്‍ശനം കൂടിയായിരുന്നു തിങ്കളാഴ്ചത്തേത്. എണ്‍പത്തിരണ്ട് വയസ്സായില്ലേ ഒഴിഞ്ഞുകൊടുത്തുകൂടെ എന്ന് ചോദിച്ച്  ഗുരുവിനെ തള്ളിപ്പറഞ്ഞ് പുറത്തുപോയവര്‍ നടത്തിയ സര്‍പ്രൈസ് വിസിറ്റ് പക്ഷേ, വെറും ‌അനുഗ്രഹം തേടിയായിരുന്നില്ല. പകരം എന്‍.ഡി.എയ്ക്കൊപ്പം ചേരാന്‍ ഒരിക്കല്‍ കൂടെ ശരദ് പവാറിനെ നിര്‍ബന്ധിക്കാനായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ശരദ് പവാറിനെതിരേ ഇനിയൊരക്ഷരം മിണ്ടിപ്പോവരുതെന്ന കര്‍ശന നിര്‍ദേശം കൂടി  സഹോദരപുത്രന്‍ എം.എല്‍.എമാര്‍ക്കും പ്രവര്‍ത്തകര്‍ക്കും നല്‍കിയതോട അത്ര നിഷ്‌കളങ്കലമായിരുന്നില്ല വിമതരുടെ സന്ദര്‍ശനം എന്ന്  വ്യക്തം. വിമതര്‍ പറഞ്ഞതെല്ലാം നിശബ്ദനായി കേട്ടിരുന്ന ശരദ് പവാര്‍ ഒന്നും പറയാതെ നേതാക്കളെ മടക്കി അയച്ചെങ്കിലും മഹാരാഷ്ട്ര നാടകത്തിന്റെ അടുത്ത അധ്യായമെന്ത് എന്ന ചോദ്യമാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്.

  • പൊട്ടിത്തെറിക്കിടെ ബെംഗളൂരുവിലേക്ക്

മോദി സര്‍ക്കാരിനെതിരേ 2024-ലെ വിശാല പ്രതിപക്ഷ സഖ്യമെന്നതിന് ചുക്കാന്‍ പിടിച്ച  നേതാവായിരുന്നു ശരദ്  പവാര്‍. ഇതേ പ്രതിപക്ഷ സഖ്യത്തിന്റെ ബെംഗളൂരുവിലെ  മഹാസമ്മേളനത്തിലേക്ക് പോവാനിരിക്കെയാണ് വിമത നേതാക്കളുടെ സര്‍പ്രൈസ് സന്ദര്‍ശനം. എന്‍.ഡി.എയിലേക്കുള്ള അജിത് പവാറിന്റെ വരവ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ തിരഞ്ഞെടുപ്പ് സ്ട്രാറ്റജിയില്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് ബി.ജെ.പി. നേതൃത്വം കണക്കുകൂട്ടുന്നത്. ഇതിന്റെ ആദ്യ പടിയായിരുന്നു ഒരു വര്‍ഷം മുമ്പ് ഉദ്ദവ് സര്‍ക്കാരിനെ പിളര്‍ത്തിയുള്ള എന്‍.ഡി.എ. സര്‍ക്കാന്റെ രൂപീകരണം. തങ്ങള്‍ക്ക് ഒറ്റയ്ക്ക് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളെ കൂടെ കൂട്ടി 2024-ലേക്കുള്ള കുരുക്കള്‍ ഉറപ്പാക്കുന്നതിനായി ബി.ജെ.പി. നേരത്തെ തന്നെ ശ്രമം തുടങ്ങിയിരുന്നു. ഇതിനിടെയാണ് ഐക്യ പ്രതിപക്ഷ സഖ്യത്തിനായുള്ള കാഹളം മുഴങ്ങിത്തുടങ്ങിയതും. ഇത് യാഥാർഥ്യമായാൽ  ഒരു പക്ഷെ ഏറ്റവും കൂടുതല്‍ തിരിച്ചടിയുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് എന്‍.ഡി.എ. വിലയിരുത്തുന്ന മഹാരാഷ്ട്രയില്‍ ആദ്യം ശിവസേനയേയും പിന്നെ എന്‍.സി.പിയേയും പിളര്‍ത്താനയത് വലിയ നേട്ടമായി ബി.ജെ.പി. കരുതുമ്പോള്‍ ഇനി ശരദ് പവാര്‍ എന്ത് നിലപാടെടുക്കമെന്നതാണ് നിര്‍ണായകം. ഇതിനിടെയാണ് ഐക്യ പ്രതിപക്ഷ സമ്മേളനത്തില്‍ പങ്കെടുക്കാനായി ശരദ് പവാറിന്റെ ബെംഗളൂരുവിലേക്കുള്ള യാത്രയും വിമതരുടെ മിന്നല്‍ സന്ദര്‍ശനവും.

  • മഹാരാഷ്ട്രയിലെ പവാര്‍ പവര്‍

തലയ്ക്ക് മുകളില്‍ ചാഞ്ഞതിനെയെല്ലാം വെട്ടിനിരത്തി വെടിപ്പാക്കിയ കഥയുണ്ട് ശരദ് പവാര്‍ എന്ന രാഷ്ട്രീയ ചാണക്യന് പറയാന്‍. എന്‍.സി.പിയെന്നാല്‍ ശരദ് പവാര്‍ എന്ന ഒറ്റവാക്കിലേക്ക് പാര്‍ട്ടിയേയും നേതൃത്വത്തേയും ഒതുക്കി നിര്‍ത്തുന്നതില്‍ വിജയിച്ചു പോന്നിരുന്നു ഇക്കാലമത്രയും. കഴിഞ്ഞ 24 വര്‍ഷക്കാലത്തെ എൻ.സി.പിയുടെ ചരിത്രം ഇത് ശരിവെക്കുന്നതാണ്. അധികാരത്തിനായി തന്ത്രങ്ങള്‍ മെനയുന്നതില്‍ അഗ്രഗണ്യന്‍. കോണ്‍ഗ്രസിലിരിക്കെ സോണിയ ഗാന്ധിക്കെതിരേ പോലും പ്രമേയം  പാസാക്കി പുറത്തുപോയയാള്‍.  കോണ്‍ഗ്രസ് വിട്ട് എന്‍.സി.പി. രൂപീകരിച്ച 1999 മുതലുള്ള ചരിത്രം നോക്കിയാല്‍ പവാറിന്റെ പവറിനപ്പുറം സഞ്ചരിച്ചിട്ടില്ല എന്‍.സി.പിയും അതിന്റെ നേതൃത്വവുമെന്ന് വ്യക്തമാവും. പാര്‍ട്ടിക്കുള്ളില്‍  സഹോദര പുത്രന്‍ അജിത് പവാറും സംഘവും കലാപക്കൊടി ഉയര്‍ത്തി ഒരു വിഭാഗം ബി.ജെ.പിയിലേക്ക്‌ ചേക്കേറിയതോടെ ഇതുവരെയില്ലാത്ത പ്രതിസന്ധിയിലേക്ക് പവാറിനെ തള്ളിവിട്ടുവെങ്കിലും ഇളകാതെ നിൽക്കുന്ന ശരദിന്റെ മനസ്സിലെന്ത് എന്നത് പിടികിട്ടുന്നതേയില്ല അജിത്തിനും സംഘത്തിനും. 

യഥാര്‍ഥ എന്‍.സി.പി. തങ്ങളാണെന്നും ഭൂരിപക്ഷ പിന്തുണയുണ്ടെന്നും അജിത് പവാര്‍ അവകാശവാദം ഉന്നയിച്ചിരിക്കുകയാണ് ഇപ്പോൾ.  മാത്രമല്ല, പാര്‍ട്ടി ചിഹ്നവും പേരും തങ്ങള്‍ക്ക് നല്‍കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നു. ഇതില്‍ അന്തിമ തീരുമാനം വരാനിരിക്കെയാണ് മിന്നൽ സന്ദർശനവും അനുഗ്രഹം തേടലും. മഹാരാഷ്ട്ര മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് അജിത് പവാറും സംഘവും നേരത്തെ തന്നെ ബി.ജെ.പിയിലേക്ക് പോവാന്‍ തുനിഞ്ഞപ്പോള്‍ രാജിയെന്ന ആയുധമിറക്കി പ്രതിരോധിച്ചിരുന്നു മുതിര്‍ന്ന പവാര്‍. അവസരം കാത്തിരുന്ന അജിത് പവാര്‍ ഒഴികെ ഭൂരിഭാഗം പ്രവര്‍ത്തകരും നേതാക്കളും ശരദ് പവാറിന്റെ രാജി തീരുമാനത്തിനെതിരേ ശബ്ദമുയര്‍ത്തി രംഗത്ത് വന്നതോടെ തീരുമാനത്തില്‍നിന്നു പിന്‍മാറിയെങ്കിലും അത് പാര്‍ട്ടിക്കുള്ളില്‍ തനിക്കുള്ള പിന്തുണ ഒന്നൂകൂടി ഉറപ്പിക്കുകയായിരുന്നു ശരദ് പവാര്‍.

placeholder
പി.സി. ചാക്കോ, ശരദ് പവാർ എന്നിവർ കൊച്ചിയിൽ | ഫോട്ടോ: വി.കെ അജി/ മാതൃഭൂമി

ഒഴിഞ്ഞുപോവാനാണ് താല്‍പര്യമെങ്കില്‍ അതിന് അദ്ദേഹത്തെ അനുവദിക്കണമെന്നായിരുന്നു അന്ന് അജിത് പവാറിന്റെ നിലപാട്. പക്ഷേ, അണികളുടെ വൈകാരികതയെ എന്നും തന്റെ രാഷ്ട്രീയ ആയുധമാക്കുന്നതില്‍ വിജയിച്ച ശരദ് പവാര്‍ അങ്ങനെ രാജി പ്രഖ്യാപനവും മറ്റൊരു രാഷ്ട്രീയ പ്രവര്‍ത്തനമാക്കി മാറ്റി. അജിത്തും ഒരു വിഭാഗം എം.എല്‍.എമാരും ബി.ജെ.പിയിലേക്ക് ചേക്കേറിയപ്പോഴും കേരളമടക്കുള്ള സംസ്ഥാനങ്ങള്‍ ശരദ് പവാറിനൊപ്പം ഉറച്ച് നില്‍ക്കുമെന്നറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇത് പവാര്‍ പവറിലെ ആത്മവിശ്വാസം കൊണ്ട് മാത്രമാണ്. താന്‍ വിചാരിക്കുന്നതിനപ്പുറം ഒരാളെയും പാര്‍ട്ടിയില്‍ വളരാന്‍ അനുവദിക്കാതിരുന്ന ശരദ് പവാര്‍ തനിക്ക് ശേഷം പാര്‍ട്ടിയെ മകള്‍ സുപ്രിയ സുലെയുടെ കൈയിലേല്‍പിക്കാനുള്ള നീക്കമാണ് സഹോദര പുത്രന്‍ കൂടിയായ അജിത്തിനെ  ചൊടിപ്പിച്ചത്. ഒടുവില്‍ ചിഹ്നവും പാര്‍ട്ടിയും വരെ കൈവിട്ട് പോവുന്നതിലേക്ക് കാര്യമെത്തുകയും ചെയ്തു. 

1962-ല്‍ പുണെ ജില്ലാ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ശരദ് പവാര്‍ 27-ാമത്തെ വയസ്സിലാണ് ആദ്യമായി മഹാരാഷ്ട്ര നിയമസഭയില്‍ അംഗമാവുന്നത്. അവിടുന്നിങ്ങോട്ട് അടിയന്തരാവസ്ഥാ കാലയളവില്‍ ശങ്കര്‍ റാവു ചവാന്‍ മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത്, 1978-ല്‍ 38-ാമത്തെ വയസ്സില്‍ മഹരാഷ്ട്രയുടെ ഏറ്റവും കുറഞ്ഞ മുഖ്യമന്ത്രിയുമായി. പിന്നീട് 1988, 1990, 1993 കാലത്തും സംസ്ഥാന മുഖ്യമന്ത്രി പദം അലങ്കരിച്ച് മഹരാഷ്ട്ര രാഷ്ട്രീയത്തിലെ മുടിചൂടാ മന്നനുമായി. ഇതിനിടയില്‍ ദേശീയ രാഷ്ട്രീയത്തിലും പയറ്റിത്തെളിഞ്ഞതോടെ ശരദ് പവാര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നിര്‍ണായക മുഖമായി മാറുകയായിരുന്നു.

placeholder
ശരദ് പവാർ,സോണിയാ ഗാന്ധി | ഫോട്ടോ: പി.ടി.ഐ
  • സോണിയക്കെതിരേ നീങ്ങി ഒടുവില്‍ പുറത്ത്

1999-ലെ പൊതുതിരഞ്ഞെടുപ്പ് സമയത്തുവരെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായിരുന്നു ശരദ് പവാര്‍. എന്നാല്‍ പൊതുതിരഞ്ഞെടുപ്പ് സമയത്ത്  ശരദ് പവാര്‍, താരിഖ് അന്‍വര്‍, പി.എ. സാങ്മ എന്നിവര്‍ ചേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കെതിരേ ഒരു പ്രമേയം അവതരിപ്പിച്ചു. കോണ്‍ഗ്രസിന് ഒരു സ്വദേശി പ്രധാനമന്ത്രിയെയാണ് നമുക്ക് വേണ്ടതെന്നും അല്ലാതെ വിദേശി അല്ലെന്നുമായിരുന്നു പ്രമേയം. ഇത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായി. തുടര്‍ന്ന് മൂന്ന് പേരെയും സോണിയ ഗാന്ധി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. ഇതിനെ തുടര്‍ന്നായിരുന്നു ശരദ് പവാര്‍ എന്‍.സി.പി. രൂപീകരിച്ചത്. 1958-ല്‍ യൂത്ത് കോണ്‍ഗ്രസ് അംഗമായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ പവാര്‍ നിരവധി പദവികള്‍ വഹിച്ച ശേഷം കോണ്‍ഗ്രസ് വിട്ട് 1978-ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് രൂപീകരിച്ചു. 1978-ല്‍ തന്നെ മഹാരാഷ്ട്രയില്‍ ആദ്യ മുഖ്യമന്ത്രിയാവുകയും ചെയ്തു. എന്നാല്‍ 1987-ല്‍ ശിവസേനയുടെ ഉദയത്തോടെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെ രക്ഷിക്കേണ്ട ആവശ്യം ചൂണ്ടിക്കാട്ടി വീണ്ടും കോണ്‍ഗ്രസില്‍ തിരിച്ചെത്തുകയാണുണ്ടായത്. ഇത് മുഖ്യമന്ത്രി പദത്തിലേക്ക് രണ്ടാമതും വഴിയൊരുക്കുകയും ചെയ്തു.

1988-ല്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ശങ്കര്‍ റാവു ചവാനെ കേന്ദ്രമന്ത്രിസഭയിലേക്ക് തിരഞ്ഞെടുത്തതോടെയാണ് രണ്ടാമതും പവാറിന് അവസരം ലഭിച്ചത്. 1989-ലെ ലോക്​സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ ആകെയുള്ള  48 സീറ്റില്‍ 28 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്. എന്നാല്‍ 1990-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവസേന-ബി.ജെ.പി. സഖ്യം വലിയ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തു. ആകെയുള്ള 288 സീറ്റില്‍ 141 സീറ്റ് മാത്രം നേടാനായ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടു. എന്നാല്‍ 12 സ്വതന്ത്ര എം.എല്‍.എമാരുടെ പിന്തുണയോടെ പവാര്‍ പവര്‍ മഹാരാഷ്ട്രയില്‍ വീണ്ടും കണ്ടു, മൂന്നാം തവണയും ശരദ് പവാര്‍ മുഖ്യമന്ത്രി. 1999-ല്‍ സോണിയ ഗാന്ധിക്കെതിരേ തന്നെ പ്രമേയം അവതരിപ്പിച്ച് കോണ്‍ഗ്രസില്‍നിന്ന് പുറത്തുപോയി എന്‍.സി.പി രൂപീകരിക്കുകയും ചെയ്തു. തുടര്‍ന്ന് നീണ്ട 15 വര്‍ഷം 2014-വരെ എന്‍.സി.പി പിന്തുണയോടെ കോണ്‍ഗ്രസ് ഭരണമായിരുന്നു മഹാരാഷ്ട്രയില്‍. 

  • സുപ്രിയയില്‍ തെറ്റിയ ചെറിയ പവാര്‍

2012-ല്‍ കേന്ദ്രമന്ത്രിയായിരിക്കേ ഇനി മത്സരിക്കാനില്ല എന്ന് പ്രഖ്യാപിച്ച് തന്റെ മണ്ഡലം ശരദ് പവാര്‍ മകള്‍ സുപ്രിയക്ക് കൈമാറിയതോടെയാണ് കാര്യങ്ങളുടെ  പോക്ക് അത്ര സുഖകരമല്ല എന്ന തോന്നലുണ്ടായത്. തനിക്ക് ശേഷം പാര്‍ട്ടിയെ നയിക്കാന്‍ ആര് എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നതായി പാര്‍ട്ടിയുടെ 25-ാം വാര്‍ഷികാഘോഷ പരിപാടി നടക്കുന്നതിനിടെ ഡല്‍ഹിയില്‍  ശരദ് പവാറിന്റെ പ്രഖ്യാപനം. പുതിയ വര്‍ക്കിങ് പ്രസിഡന്റായി മകള്‍ സുപ്രിയ സുലെയെ അവരോധിച്ചതോടെ അജിത് പവാര്‍ വീണ്ടും ബാക് ബെഞ്ചിലേക്ക് തഴയപ്പെട്ടു. അജിത് പവാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ തന്നെയായിരുന്നു സുപ്രിയ സുലെയേയും ഒപ്പം പ്രഫുല്‍ പട്ടേലിനേയും വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശരദ് പവാര്‍ നിയോഗിച്ചത്.

ഇതോടെ നിരാശനായി മാധ്യമങ്ങളോട് സംസാരിക്കാതെ  മടങ്ങിയ അജിത് പവാര്‍ ഒടുവില്‍ അതേ പ്രഫുല്‍ പട്ടേലിനെ തന്നെ കൂടെക്കൂട്ടി കൂടുമാറ്റം നടത്തിയാണ് ഞെട്ടിച്ചത്. അച്ഛന്റെ ചുവട് പിടിച്ച് 2006-ല്‍ രാഷ്ട്രീയത്തിലിറങ്ങിയ സുപ്രിയ അധികാര കേന്ദ്രങ്ങളിലെക്കെത്തിയതും പെട്ടെന്നായിരുന്നു. സജീവ രാഷ്ട്രീയത്തിലിറങ്ങിയ ഉടനെ തന്നെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു. പിന്നാലെ 2009-ല്‍ മഹാരാഷ്ട്രയിലെ ബാരാമതി ലോക്​സഭാ മണ്ഡലത്തില്‍ നിന്ന്  തിരഞ്ഞെടുക്കപ്പെടുക്കപ്പെടുകയും ചെയ്തു. തന്റെ ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയെ മൂന്ന് ലക്ഷത്തിലധികം വോട്ടിന് പരാജയപ്പെടുത്തി വിജയിച്ചതോടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും സുപ്രിയ നിര്‍ണായക ശക്തിയായി. 2014-ല്‍ മോദി തരംഗം ആഞ്ഞ് വീശിയപ്പോഴും ബി.ജെ.പി. സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി വിജയിച്ചതോടെ സുപ്രിയയുടെ പ്രശസ്തി വര്‍ധിക്കുകയും ചെയ്തു.

ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരിലെ മുന്‍ ക്യാബിനറ്റ് മന്ത്രിയും ബി.ജെ.പി. പിന്തുണയുള്ള സ്ഥാനാര്‍ഥിയുമായിരുന്ന മഹാദേവ് ജങ്കറിനെ ആയിരുന്നു ഇവര്‍ പരാജയപ്പെടുത്തിയത്. ആ തിരഞ്ഞെടുപ്പില്‍ 69,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുപ്രിയ വിജയിച്ചത്. കൂടാതെ കോര്‍പ്പറേറ്റ് കാര്യങ്ങളും സ്റ്റാന്‍ഡിംഗ് കമ്മിറ്റികളും ഉള്‍പ്പെടെ നിരവധി പാര്‍ലമെന്ററി കമ്മിറ്റികളുടെ ഭാഗമായും സുപ്രിയ പ്രവര്‍ത്തിച്ചു.

placeholder
സുപ്രിയ സുലെ, അജിത് പവാർ | ഫോട്ടോ: പി.ടി.ഐ

ശേഷം 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 1.69 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുലെ ബി.ജെ.പിയുടെ കാഞ്ചന്‍ കുലിനെ പരാജയപ്പെടുത്തിയത്. പാര്‍ലമെന്റിലെ ഒരു ജനപ്രതിനിധി എന്ന നിലയില്‍ തന്റെ പ്രകടനത്തിന് 'മികച്ച പാര്‍ലമെന്റേറിയന്‍' അവാര്‍ഡും ഇവര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇതെല്ലാം സുപ്രിയയെ എന്‍.സി.പിയുടെ കടിഞ്ഞാണുറപ്പിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ശരദ് പവാര്‍ എന്ന രാഷ്ട്രീയ തന്ത്രജ്ഞന്‍ മനസ്സില്‍ കണക്ക് കൂട്ടിയിരിക്കുന്നത് എന്താണ് എന്ന് ചിന്തിക്കാന്‍ പോലും കഴിയില്ല എന്നതാണ് സത്യം. കാരണം പ്രായോഗിക രാഷ്ട്രീയത്തെ എന്നും ചേര്‍ത്തു നിര്‍ത്തിയിരുന്ന ആളായിരുന്നു ശരദ് പവാര്‍ എന്നത് കൊണ്ടു തന്നെയാണത്.

2019-ല്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പിയോട് ഒപ്പം ചേര്‍ന്ന് ദേവേന്ദ്ര ഫഡ്നവാസ് മുഖ്യമന്ത്രിയും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയുമായി അധികാരമേറ്റത് ശരദ് പവാറിന്റെ അറിവോടെയായിരുന്നുവെന്ന് പിന്നീട് ദേവേന്ദ്ര ഫഡ്​നവിസ് തന്നെ വെളുപ്പെടുത്തിയിരുന്നു. ഇതേ ശരദ് പവാര്‍ തന്നെയാണ് പിന്നീട് അജിത് പവാറിനെ ഉദ്ദവ് മന്ത്രിസഭയിലും ഉപമുഖ്യമന്ത്രിയാക്കിയത്. 

അധികാര രാഷ്ട്രീയത്തെ എങ്ങനെ ചലിപ്പിക്കണമെന്ന് ആരും പഠിപ്പിച്ചുകൊടുക്കേണ്ടതില്ല ശരദ് പവാറിന്. പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവെന്ന നിലയില്‍ അധികാരം പവാറിന് പയറ്റിത്തെളിഞ്ഞ ഗോദയാണ്. ഇതിനിടെ അജിത് പവാറിന്റെ ഇപ്പോഴത്തെ വിമതനീക്കത്തെ സംശയദൃഷ്ടിയോടെ നോക്കിക്കാണുന്നവരുമുണ്ട്. കാരണം പവാറിന്റെ മനഃസാക്ഷി സൂക്ഷിപ്പുക്കാരനെന്നറിയിപ്പെടുന്ന പ്രഫുല്‍ പട്ടേല്‍ അടക്കമുള്ളവര്‍ അജിത്ത് പവാറിനൊപ്പം ചേര്‍ന്നതാണ് അണികളെയടക്കം ഞെട്ടിച്ചത്. 

  • പ്രതിപക്ഷ ഐക്യത്തെ തുരങ്കം വെക്കുന്ന ഓപ്പറേഷന്‍ താമര

മോദിക്കെതിരേ ദേശീയ തലത്തിൽ  ഉയര്‍ന്ന് വരുന്ന പ്രതിപക്ഷ ഐക്യം തകര്‍ക്കുന്നതിന് എളുപ്പവഴിയായി ബി.ജെ.പി. നേതൃത്വം കാണുന്നത് മഹാരാഷ്ട്രയില്‍ എന്‍.സി.പിയേയും ബിഹാറില്‍ ജെ.ഡി.യുവിനേയും തകര്‍ക്കുകയെന്നതാണ്. ഇതിനുള്ള ശ്രമം മഹാരാഷ്ട്രയില്‍ നേരത്തെ തുടങ്ങിയിരുന്നുവെങ്കിലും പവാറിന്റെ രാഷ്ട്രീയ തന്ത്രത്തില്‍ പലതും പാളിപ്പോയി. എന്നാല്‍, ശരദ്​പവാറിനെ രാഷ്ട്രീയ ഗുരുവായി കാണുന്ന പ്രഫുല്‍ പട്ടേലിനെയടക്കം അജിത് പവാറിനൊപ്പം പുറത്തുചാടിച്ച് എൻ.സി.പി. നേതൃത്വത്തിനെതിരേ വിപ്ലവക്കൊടി ഉയര്‍ത്തിയത് ഓപ്പറേഷന്‍ താമരയുടെ ആദ്യവിജയമായി. മഹാരാഷ്ട്രയില്‍ എന്‍.സി.പിയെ പിളര്‍ത്തിയതോടെ കോണ്‍ഗ്രസ്, ഉദ്ദവ്, എന്‍.സി.പി. സഖ്യം ദുര്‍ബലമായി. അജിത് പവാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ അവകാശപ്പെട്ടതനുസരിച്ച് പാര്‍ട്ടി പേരും ചിഹ്നവും അനുവദിച്ച്  കിട്ടിയാല്‍ അത് ശരദ് പവാറെന്ന രാഷട്രീയ തന്ത്രജ്ഞന് കൊടുക്കാനാവുന്ന ഏറ്റവും വലിയ തിരിച്ചടിയുമാവും. 

placeholder
അജിത് പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നു | ഫോട്ടോ: പി.ടി.ഐ

അജിത്ത് വഴി  എന്‍.സി.പിയെ പിളര്‍ത്താന്‍ കഴിഞ്ഞതോടെ ബി.ജെ.പി. ഇനി ജെ.ഡി.യുവിനെ ലക്ഷ്യമിടുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. നിതീഷ് കുമാര്‍ പ്രതിപക്ഷ ഐക്യത്തിന് ചുക്കാന്‍ പിടിക്കുന്ന നേതാവെന്ന നിലയില്‍ ജെ.ഡി.യുവിനെ പിളര്‍ത്തിയാല്‍ അത് പ്രതിപക്ഷ കൂട്ടായ്മയ്ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ തരിച്ചടികൂടിയാവും. 2019-ലെ ലോക്‌സഭാ തിരഞ്ഞെടപ്പില്‍ ആകെയുള്ള നാല്‍പത് സീറ്റുള്ള ബിഹാറില്‍ ബി.ജെ.പി(17), ജെ.ഡി.യു(16), എല്‍.ജെ.പി(6) എന്നിവയുള്‍പ്പെട്ട എന്‍.ഡി.എ. 39 സീറ്റ് നേടിയിരുന്നു. കോണ്‍ഗ്രസിന് ആകെ ലഭിച്ചത് ഒരു സീറ്റ് മാത്രമാണ്.ആര്‍.ജെ.ഡി. പൂജ്യത്തിലുമൊതുങ്ങി. എന്നാല്‍, ഇത്തവണ കോണ്‍ഗ്രസ്- ആര്‍.ജെ.ഡി സഖ്യത്തിനൊപ്പം ജെ.ഡി.യു ചേര്‍ന്നതും റാവിലാസ് പസ്വാന്റെ മരണത്തോടെ എല്‍.ജെ.പി. ദുര്‍ബലമായതും എന്‍.ഡി.എയുടെ സീറ്റുകള്‍ കുറയ്ക്കുമെന്ന ആശങ്ക ബി.ജെ.പിക്കുണ്ട്. അത് മറികടക്കാനാണ് മഹരാഷ്ട്ര മോഡല്‍ ബിഹാറിലും ലക്ഷ്യമിടുന്നതെന്നാണ് പറയുന്നത്.

ബി.ജെ.പിയുമായി കൈകോര്‍ക്കില്ലെന്ന് ശരദ് പവാര്‍ ആവര്‍ത്തിക്കുന്നുണ്ട്. അങ്ങനെയാവുമ്പോള്‍ എന്‍.സി.പിയിലെ പിളര്‍പ്പ് യാഥാര്‍ഥ്യമാവുകയും പാര്‍ട്ടിയും ചിഹ്നവും ഒരുപക്ഷെ ശരദിന് നഷ്ടമാവാനുള്ള സാധ്യതയുമുണ്ട്. ഇതോടെ എന്‍.സി.പിയുടെ നേതൃത്വം അജിത് പവാറിലേക്കെത്തുകയും ചെയ്യും. ഈയൊരു സാഹചര്യത്തിലാണ് രൂപീകരണകാലം മുതല്‍ താന്‍ നിയന്ത്രിച്ച എന്‍.സി.പിയുടെ ഡ്രൈവിങ് സീറ്റ്  നഷ്ടപ്പെടുത്തിയുള്ള രാഷ്ട്രീയ വനവാസത്തിന് ശരദ് പവാര്‍ പോവുമോ അതല്ല വിമതര്‍ക്ക് വഴങ്ങുമോ എന്ന ചോദ്യം ഉയരുന്നത്‌.