
എന്റെ സഹോദരങ്ങളോട്..., അതിജീവിക്കാന്‍ ഞാന്‍ പരമാവധി പരിശ്രമിച്ചു പക്ഷേ, പരാജയപ്പെട്ടു. എന്റെ സുഹൃത്തുക്കളോട്..., നേരിട്ടതത്രയും ഭീകരമാണ്, അവയെ ചെറുക്കാനുള്ള കെല്‍പ്പ് എനിക്കുണ്ടായിരുന്നില്ല. എന്നോട് ക്ഷമിക്കുക. ലോകത്തോട്, ക്രൂരതയുടെ അങ്ങേയറ്റമാണ് നിങ്ങള്‍ എന്നോട് കാണിച്ചത്. പക്ഷേ, ഞാന്‍ നിങ്ങള്‍ക്ക് മാപ്പ് തരുന്നു.
ഈജിപ്ത് തലസ്ഥാനമായ കെയ്റോയില്‍ ഒരു സംഗീത പരിപാടി നടക്കുന്നു. ലെബനീസ് റോക്ക് ബാന്‍ഡായ മഷ്റൂ ലൈലയുടെ മത്ത് പിടിപ്പിക്കുന്ന സംഗീതം. ആസ്വാദകരുടെ ആരവങ്ങള്‍ക്കിടയിലൂടെ നിറഞ്ഞ ചിരിയുമായി ഒരു പെണ്‍കുട്ടി മഴവില്‍ പതാക ആവേശത്തോടെ വീശി. പക്ഷേ, പിന്നീടൊരിക്കലും അവളുടെ മുഖത്ത് ആ ചിരി ആരും കണ്ടിട്ടില്ല. അവളുടെ ആത്മഹത്യാക്കുറിപ്പാണിത്.
എല്‍.ജി.ബി.ടി.ക്വൂ. പ്ലസ് കമ്മ്യൂണിറ്റിയെ പ്രതിനിധാനം ചെയ്യുന്ന മഴവില്‍വര്‍ണമുള്ള പതാക ഉയര്‍ത്തിയതിന് 2017-ല്‍ ക്വീര്‍ ആക്ടിവിസ്റ്റും സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സാറ ഹെഗസി എന്ന ആ പെണ്‍കുട്ടിയെ ഈജിപ്ഷ്യന്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വവര്‍ഗാനുരാഗത്തിന് സാമൂഹികാംഗീകാരം ലഭിച്ചേക്കുമോയെന്ന ഭീതിയിലായിരുന്നു പോലീസിന്റെ നടപടി. അധാര്‍മികമായ ദുഷ്പ്രവൃത്തികള്‍ക്ക് പ്രേരിപ്പിച്ച് നിയമലംഘനം നടത്തുന്ന ഒരു സംഘടനയുടെ ഭാഗമായി എന്നാണ് സാറയ്‌ക്കെതിരെ പോലീസ് ചുമത്തിയ കുറ്റം. സാറയെ ജയിലിലടച്ച പോലീസ് മൂന്നു മാസത്തോളം കഠിന പീഡനത്തിനിരയാക്കി. സഹതടവുകാരെ കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു, ലൈംഗികപീഡനത്തിനിരയാക്കി, വൈദ്യുതാഘാതമേല്‍പ്പിച്ചു. പീഡനവിവരം പുറത്തുപറഞ്ഞാല്‍ അമ്മയെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി. 2018-ല്‍ ജയില്‍മോചിതയാകുമ്പോഴേക്കും സാറ വിഷാദരോഗത്തിനടിമയായി. പിന്നീട് കാനഡയില്‍ അഭയം തേടിയ സാറ രണ്ടു വര്‍ഷത്തിനു ശേഷം ആത്മഹത്യ ചെയ്തു.
സാറയെ പോലെ ഹോമോഫോബിയ കൊന്നുതള്ളിയ നിരവധി പേരുടെ രക്തസാക്ഷിത്വത്തില്‍ ചവിട്ടിനിന്നാണ് നിലനില്‍പ്പിനായി ഒരു പറ്റം മനുഷ്യര്‍ അടരാടുന്നത്. ലോകം 'ആണി'നും 'പെണ്ണി'നും മാത്രം കല്‍പ്പിച്ചുനല്‍കിയതാണെന്ന പൊതുബോധത്തിനെതിരെ, അവരുടെ അവകാശങ്ങള്‍ക്കായുള്ള ക്വീര്‍ സമൂഹത്തിന്റെ പോരാട്ടത്തില്‍ വന്‍വിപ്ലവങ്ങള്‍ക്ക് വഴിമരുന്നിട്ടേക്കാവുന്നതായിരുന്നു സ്വവര്‍ഗവിവാഹത്തിന് നിയമസാധുത നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ സുപ്രീം കോടതിയുടെ മുന്നിൽ വന്ന ഹര്‍ജി. രാജ്യത്ത് പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരുമിച്ച് ജീവിക്കാനും വിവാഹം കഴിക്കാനും അനുമതിയുണ്ടെന്നിരിക്കെ സ്വവര്‍ഗദമ്പതിമാര്‍ക്ക് വിവാഹത്തിനുള്ള അനുമതി നിഷേധിക്കരുതെന്നും ദ്വിലൈംഗികത( Heterosexual ) പുലര്‍ത്തുന്നവരുടേത് പോലെ സ്വവര്‍ഗവിവാഹത്തിനും കോടതിവിധിയിലൂടെ സാധുത നല്‍കണമെന്നായിരുന്നു ആവശ്യം. സ്വവര്‍ഗവിവാഹത്തിന് നിയമസാധുത നല്‍കിയ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയുടെ സ്ഥാനാരോഹണം പ്രതീക്ഷിച്ച ഒട്ടനവധി പേരെ നിരാശപ്പെടുത്തുന്നതായിരുന്നു പരമോന്നത നീതിപീഠത്തിന്റെ നിലപാട്.
21 ഹര്‍ജികള്‍, 10 ദിവസം വാദം; ഭിന്നവിധികളെഴുതി നീതിപീഠം
2022 നവംബര്‍ 14-നാണ് സ്വവര്‍ഗദമ്പതികളായ സുപ്രിയോ ചക്രബര്‍ത്തി- അഭയ് ദാങ്, പാര്‍ത് ഫിറോസ് മെഹോത്ര- ഉദയ് രാജ് ആനന്ദ് എന്നിവര്‍ സ്വവര്‍ഗവിവാഹത്തിന് നിയമസാധുത നല്‍കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നത്. പ്രത്യേക വിവാഹനിയമത്തിലെ സെക്ഷന്‍ 4 വിവാഹത്തെ കുറിച്ചാണ്, പെണ്ണ് എന്ന് ദ്വന്ദത്തില്‍ പെട്ടവരുടെ മാത്രം ഒന്നുചേരലായാണ് കണക്കാക്കുന്നതെന്നും ഇത് വിവാഹിതരായവര്‍ക്ക് രാജ്യം അനുവദിക്കുന്ന അവകാശങ്ങള്‍ സ്വവര്‍ഗദമ്പതിമാര്‍ക്ക് നിഷേധിക്കുന്നു എന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. 377-ാം വകുപ്പ് കോടതി റദ്ദാക്കിയെങ്കിലും പല നിയമപരിരക്ഷകളും നിഷേധിക്കപ്പെടുന്നെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു.
പ്രായപൂര്‍ത്തിയായ ഏതൊരു വ്യക്തിയ്ക്കും തങ്ങള്‍ക്ക് ഇഷ്ടമുള്ള പങ്കാളിയെ തിരഞ്ഞെടുക്കാനും വിവാഹം കഴിച്ച് ജീവിക്കാനും അവകാശമുണ്ടെന്ന് സുപ്രീം കോടതി പലയാവര്‍ത്തി സാക്ഷ്യപ്പെടുത്തിയിട്ടും വിവാഹിതരായ ദ്വിലിംഗക്കാര്‍ക്ക് രാജ്യം നല്‍കുന്ന അവകാശങ്ങള്‍ തങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നതായി ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. ദത്തെടുക്കാനോ വാടകഗര്‍ഭധാരണം വഴി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനോ സ്വവര്‍ഗദമ്പതികള്‍ക്ക് അവകാശമില്ല. കൂടാതെ പിന്തുടര്‍ച്ചാവകാശം, തൊഴില്‍-പെന്‍ഷന്‍ ആനൂകൂല്യങ്ങള്‍, സംയുക്ത ബാങ്ക് അക്കൗണ്ട്, ഇന്‍ഷുറന്‍സ് പോളിസി എന്നിവയ്ക്കും അര്‍ഹതയില്ല. പങ്കാളികളെ നഷ്ടപ്പെട്ട 'വിധവ'യ്‌ക്കോ 'വിഭാര്യ'നോ രാജ്യം നല്‍കുന്ന സംരക്ഷണവും സ്വവര്‍ഗദമ്പതികള്‍ക്ക് നല്‍കാന്‍ നിയമം അനുശാസിക്കുന്നില്ല.

ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന തുല്യതയ്ക്കുള്ള അവകാശത്തിനും എല്‍.ജി.ബി.ടി.ക്വൂ.പ്ലസ് വിഭാഗത്തിലുള്ളവര്‍ക്ക് തുല്യാവകാശമുണ്ടെന്ന് അനുശാസിച്ച 2014-ലെ നല്‍സ വിധിയ്ക്കും 2018-ലെ നവ്‌തേജ് സിങ് ജോഹര്‍ കേസിലെ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പരാമര്‍ശമുണ്ട്. 1995-ലെ ഹിന്ദു വിവാഹനിയമം, 1969-ലെ വിദേശ വിവാഹനിയമം എന്നിവയും പരിഗണിക്കണമെന്ന ആവശ്യമുയര്‍ന്നു. രാജ്യത്ത് വിവാഹത്തിനായി നിലനില്‍ക്കുന്ന വിവിധ വ്യക്തിനിയമങ്ങളിലെ അപാകതകളുള്‍പ്പടെ 21 ഹര്‍ജികളാണ് ഇതിനോടൊപ്പം ചേര്‍ത്ത് കോടതി പരിഗണിച്ചത്. മതങ്ങളുടെ വ്യക്തിനിയമങ്ങളിലേക്ക് കടക്കാതെ, സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം സ്വവര്‍ഗ വിവാഹത്തിന് നിയമാനുമതി നല്‍കാനാകുമോയെന്ന വിഷയമാണ് സുപ്രീം കോടതി പരിശോധിച്ചത്. 2022 നവംബര്‍ 25-ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോലി എന്നിവരടങ്ങുന്ന ബെഞ്ച് ഹര്‍ജികളില്‍ കേന്ദ്രം പ്രതികരണമറിയിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യന്‍ കുടുംബസങ്കല്പത്തിനും പാരമ്പര്യത്തിനും എതിരാണെന്നതിനാല്‍ സ്വവര്‍ഗ വിവാഹത്തിന് നിയമാനുമതി നല്‍കരുതെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. 21 ഹര്‍ജികളിലും പത്ത് ദിവസത്തോളം വാദം കേട്ട ശേഷമാണ് സുപ്രീം കോടതിയുടെ അന്തിമവിധി.
സ്വവര്‍ഗ വിവാഹത്തിന് നിയമാനുമതി നല്‍കാനാവില്ലെന്നും നിയമനിര്‍മാണം നടത്തേണ്ടത് പാര്‍ലമെന്റാണെന്നും വിവാഹത്തിനുള്ള അവകാശം മൗലികമോ നിബന്ധനകളില്ലാത്തതോ അല്ലെന്നും അഞ്ചംഗ ബെഞ്ചിലെ നാല് ജഡ്ജിമാര്‍ പ്രത്യേകം വിധികളെഴുതി. പ്രത്യേക വിവാഹനിയമത്തില്‍ മാറ്റംവരുത്തി സ്വവര്‍ഗ വിവാഹംകൂടി അംഗീകരിക്കണമെന്ന ഹര്‍ജിക്കാരുടെ വാദത്തെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അനുകൂലിക്കുകയുണ്ടായി. അതേസമയം, നിയമനിര്‍മാണത്തിലേക്കുകടക്കാന്‍ കോടതിക്ക് അവകാശമില്ലെന്നും ഇക്കാര്യത്തില്‍ നിയമനിര്‍മാണ സഭയാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രത്യേക വിവാഹനിയമം റദ്ദാക്കാന്‍ കോടതിക്കു കഴിയില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു.

സ്വവര്‍ഗദമ്പതിമാര്‍ക്ക് ദത്തെടുക്കാനുള്ള അവകാശം നല്‍കാനാവില്ലെന്ന് ബെഞ്ചിലെ മൂന്നംഗങ്ങള്‍ ഉറച്ചുനിന്നപ്പോള്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളും വിയോജിച്ചു. ഭൂരിപക്ഷ വിധിക്ക് മാത്രമേ നിയമസാധുതയുള്ളൂ എന്നതിനാൽ ആ ആവശ്യവും തള്ളിപ്പോയി. അതേസമയം, സ്വവര്‍ഗദമ്പതിമാരുടെ വിവാഹത്തിന് നിയമാനുമതി നല്‍കാതെതന്നെ അവര്‍ക്ക് മറ്റെന്തെല്ലാം അവകാശങ്ങള്‍ നല്‍കാമെന്ന് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നതതല സമിതിയെ നിയോഗിക്കണമെന്ന തീരമാനത്തില്‍ ബെഞ്ചിന് ഏകാഭിപ്രായമായിരുന്നു.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ഹിമ കോലി, രവീന്ദ്രഭട്ട്, ഹിമ കോലി, പി.എസ്. നരസിംഹ എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ച് മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളും നിരീക്ഷണങ്ങളും
|
വിധിയും വൈരുദ്ധ്യങ്ങളും
സ്വവര്‍ഗപങ്കാളികള്‍ സമൂഹത്തില്‍നിന്ന് വിവേചനങ്ങള്‍ നേരിടുന്നുണ്ടെന്ന് അടിവരയിട്ട സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് പുരോഗമനപരമെന്ന് വിളിക്കപ്പെടാവുന്ന ചില നിരീക്ഷണങ്ങളുണ്ടായി എന്നത് വിസ്മരിക്കാനാവില്ല. സ്വവര്‍ഗലൈംഗികതയും ദ്വിലൈംഗികതയും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളാണെന്നായിരുന്നു ജസ്റ്റിസ് സഞ്ജയ് കൗളിന്റെ നിരീക്ഷണം. സ്വവര്‍ഗലൈംഗികതയെന്നത് വരേണ്യവര്‍ഗ സങ്കല്‍പ്പം മാത്രമാണെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തെ എതിര്‍ത്ത ചീഫ് ജസ്റ്റിസിനോട് മറ്റംഗങ്ങള്‍ നിരുപാധികം യോജിക്കുകയും ചെയ്തു. എല്‍.ജി.ബി.ടി.ക്വൂ. പ്ലസ് വിഭാഗം നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കണമെന്ന കാര്യത്തില്‍ ബെഞ്ചിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ഒറ്റക്കെട്ടായ അഭിപ്രായമാണുണ്ടായത്. ലൈംഗികാഭിമുഖ്യം വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കുന്നത്, ഒന്നിച്ചുകഴിയുന്ന സ്വവര്‍ഗപങ്കാളികളെ വീടുകളിലേക്ക് നിര്‍ബന്ധിച്ച് പറഞ്ഞുവിടുന്നത്, ദത്തെടുക്കാനുള്ള അവകാശം നിഷേധിക്കുന്നതില്‍ തുടങ്ങിയ വിഷയങ്ങളില്‍ കോടതിയുടെ ഭാഗത്തുനിന്ന് പുരോഗമനപരമായ നിരീക്ഷണങ്ങളും നിര്‍ദേശങ്ങളുമാണുണ്ടായിട്ടുള്ളത്. എന്നാല്‍, ഈ നിരീക്ഷണങ്ങളൊക്കെ നിലനില്‍ക്കെ തന്നെ ചരിത്രമായേക്കാവുന്ന ഒരു അവസരം നിഷേധിച്ച കോടതിയുടെ നിലപാടിനെ പൂർണമായും പിന്താങ്ങാനുമാവില്ല.

2014-ലെ നല്‍സ വിധി, 2017-ലെ സ്വകാര്യത മൗലികാവകാശമാക്കിയ വിധി, 2018-ലെ 377-ാം വകുപ്പ് ഭാഗികമായി റദ്ദാക്കിയ വിധി, 2019-ലെ ട്രാന്‍സ്‌ജെന്‍ഡര്‍ നിയമം കൂടാതെ മൗലികാവകാശ സങ്കല്‍പ്പങ്ങളുടെ പൊളിച്ചെഴുത്ത് നടത്തിയ പുട്ടസ്വാമി കേസ്, ജോസഫ് ഷൈന്‍ കേസ്, കേശവാനന്ദഭാരതി കേസ് എന്നിവയൊക്കെ ഭൂതകാലത്തില്‍ തെളിഞ്ഞു കിടക്കുമ്പോള്‍ വിവാഹതുല്യതയിലും സുപ്രീം കോടതിയില്‍നിന്ന് ചരിത്രപരമായ വിധിയുണ്ടായേക്കുമെന്ന പ്രതീക്ഷ നിലനിന്നിരുന്നു.
വിവാഹം, കുടുംബം തുടങ്ങിയവയെ സ്‌നേഹബന്ധങ്ങളുടെ കൂടിച്ചേരല്‍ എന്നിതിലുപരി ലിംഗവ്യത്യാസങ്ങളുടേയും സാമ്പ്രദായികതയുടേയും ചട്ടക്കൂട്ടില്‍ ഒതുക്കുന്നതായി പോയി സുപ്രീം കോടതിയുടെ നിലപാട്. ആണ്, പെണ്ണ് എന്നി സിസ്‌ജെന്‍ഡറുകള്‍ക്കപ്പുറം വൈവിധ്യങ്ങളായ ലിംഗഭേദങ്ങളുണ്ടെന്നത് അംഗീകരിക്കാനുള്ള വൈമുഖ്യമായും അത് വായിക്കപ്പെടാം. സ്വവര്‍ഗപങ്കാളികള്‍ക്ക് ദത്തവകാശം നിഷേധിക്കപ്പെട്ടതാണ് ഏറ്റവും നിരാശാജനകമായത്. കുട്ടികളുടെ രക്ഷാകര്‍ത്ത്യം സമൂഹം അംഗീകരിച്ച ആണ്‍-പെണ്‍ സങ്കല്‍പ്പങ്ങള്‍ക്ക് മാത്രം കല്‍പ്പിച്ചു നല്‍കിയ പൊതുബോധത്തിന്റെ വേരുറപ്പിക്കുന്നതായി ആ നിലപാട്. ഹോമോസെക്ഷ്വലായ ഒരു വ്യക്തിക്ക് കുട്ടികളെ ദത്തെടുക്കാന്‍ നിയമം അനുവാദം നല്‍കുമ്പോള്‍ സ്വവര്‍ഗ പങ്കാളികള്‍ക്ക് ദത്തെടുക്കാനുള്ള അനുവാദമില്ലെന്നതിലെ വൈരുദ്ധ്യം ചര്‍ച്ചയാവേണ്ടതാണ്.
ഇന്ത്യയില്‍ ട്രാൻസ് സ്ത്രീകള്‍ക്ക്, വ്യക്തികള്‍ക്ക് സിസ് ജെന്‍ഡറായ അതായത് പൊതുസമൂഹം 'അംഗീകരിച്ച' പുരുഷനെ വിവാഹം കഴിക്കാം. പക്ഷേ, രണ്ട് ഗേ വ്യക്തികള്‍ക്ക് വിവാഹം കഴിക്കാനാകില്ല. ഇത്രത്തോളം വൈരുദ്ധ്യാത്മകമായ വ്യവസ്ഥ മറ്റെന്തുണ്ട്.-വിധിയുമായി ബന്ധപ്പെട്ട് എന്‍.ജി.ഒ. ആയ 'ദിശ' സംഘടിപ്പിച്ച ഒരു വെബിനാറില്‍ പങ്കെടുക്കുകയായിരുന്ന സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ആനന്ദ് ഗ്രോവര്‍ നടത്തിയ ഈ നിരീക്ഷണം പ്രസ്‌കതമാണ്.
സ്വാഗതം ചെയ്ത് ബി.ജെ.പി., നിലപാടെടുക്കാതെ കേരളം; പാര്‍ലമെന്റിലെ ഭാവി എന്ത്
സ്വവര്‍ഗവിവാഹത്തിന് നിയമസാധുത നല്‍കാതെ തീരുമാനം പാര്‍ലമെന്റിനു വിട്ട വിധിയെ സ്വാഗതം ചെയ്യുന്നു എന്നായിരുന്നു ബി.ജെ.പിയുടെ നിലപാട്. സ്വവര്‍ഗ ലൈംഗികതയോട് ശക്തമായ വിയോജിപ്പ് ബി.ജെ.പി. രേഖപ്പെടുത്തുന്നില്ല. 377-ാം വകുപ്പ് റദ്ദാക്കിയ വിധിയില്‍ ബി.ജെ.പി. സ്വീകരിച്ച നിലപാട് ഇത് വ്യക്തമാക്കുന്നുമുണ്ട്. എന്നാല്‍, സ്വവര്‍ഗവിവാഹങ്ങളില്‍ പുരോഗമനപരമായ നിലപാട് ബി.ജെ.പിയുടെ ഭാഗത്തു നിന്നുണ്ടാകുമോയെന്നത് ഏറെക്കുറെ പ്രവചനീയവുമാണ്. സ്വവര്‍ഗവിവാഹത്തെ നിയമവിധേയമാക്കുന്നതിനോട് ബി.ജെ.പി. ശക്തമായി വിയോജിക്കുന്നുണ്ട്. രാജ്യത്തെ വ്യക്തിനിയമങ്ങളുടെ സന്തുലിതാവസ്ഥയെത്തന്നെ തകര്‍ക്കുന്നതാണ് സ്വവര്‍ഗ വിവാഹം എന്നാണ് ബി.ജെ.പി. നേതാവ് സുശീല്‍ മോദി രാജ്യസഭയില്‍ വ്യക്തമാക്കിയത്. ഇതൊക്കെ കൂട്ടി വായിക്കുമ്പോള്‍, പാര്‍ലമെന്റില്‍ സ്വവര്‍ഗവിവാഹം കാത്തിരിക്കുന്ന വിധിയില്‍ അമിതപ്രതീക്ഷകള്‍ക്കൊന്നും സ്ഥാനമില്ല. പുനഃപരിശോധനയ്ക്കും ക്യൂറേറ്റീവ് പെറ്റീഷനുമുള്ള സാധ്യത മാത്രമാണ് നിലനില്‍ക്കുന്നത്.

മറ്റു കക്ഷികള്‍ സ്വീകരിച്ച നിലപാടും ശ്രദ്ധേയമാണ്. വിഷയത്തില്‍ കരുതലോടെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. പൗരന്റെ സാമൂഹികവും രാഷ്ട്രീയവും നിയമപരവുമായ സ്വാതന്ത്ര്യവും അവകാശവും എടുത്തുപറഞ്ഞുകൊണ്ട് എ.ഐ.സി.സി ജനറല്‍സെക്രട്ടറി ജയറാം രമേഷ് 'എക്‌സി'ല്‍ കുറിപ്പിട്ടു. എല്‍.ജി.ബി.ടി.ക്യു. പ്ലസ് വിഭാഗത്തിന്റെ ഹര്‍ജികള്‍ തള്ളിയ സുപ്രീം കോടതി വിധി നിരാശാജനകമാണെന്ന് സി.പി.ഐ. ദേശീയസെക്രട്ടറിയും പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവുമായ ബിനോയ് വിശ്വം പ്രതികരിച്ചു. കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ വിധിയെ സ്വാഗതംചെയ്തു. വിവാഹമെന്ന പരമ്പരാഗത സങ്കല്പത്തെ ഊട്ടിയുറപ്പിക്കുന്നതാണ് വിധിയെന്ന് ജം ഇയ്യത്തുൽ ഉലമെ ഹിന്ദ് (മൗലാന മഹമൂദ് മദനി വിഭാഗം) വ്യക്തമാക്കി.
ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളെയെല്ലാം കേട്ട ശേഷം സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ സംതൃപ്തരാണെന്ന് വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍ വ്യക്തമാക്കി. ഒരേ വര്‍ഗത്തില്‍പ്പെട്ടവര്‍ തമ്മില്‍ വിവാഹംചെയ്യുന്നത് മൗലികാവകാശമല്ലെന്നും കുട്ടിയെ ദത്തെടുക്കാന്‍പോലും ഇവര്‍ക്ക് അവകാശമില്ലെന്ന വിധി നല്ലതീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാരമ്പര്യ വിവാഹമെന്ന പുണ്യസങ്കല്പത്തെ ഊട്ടിയുറപ്പിക്കുന്നതാണ് സുപ്രീം കോടതിവിധിയെന്ന് സി.ബി.സി.ഐ. വ്യക്തമാക്കി. വിവാഹം, കുടുംബജീവിതം എന്നീ സങ്കല്പങ്ങളുടെ പവിത്രതയെ തങ്ങള്‍ എന്നും ബഹുമാനിക്കുന്നെന്നും സി.ബി.സി.ഐ. പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
വീണ്ടും തുടരുന്ന വിവേചനങ്ങള്‍
ലൈംഗിക ന്യൂനപക്ഷങ്ങളോട് വിവേചനം പാടില്ലെന്ന് പലയാവര്‍ത്തി ആവര്‍ത്തിക്കപ്പെടുമ്പോഴും ആ വിവേചനചിന്തയ്ക്ക് മണ്ണുറപ്പിച്ച നിലപാട് തന്നെയാണിത്. ആണ്, പെണ്ണ് എന്നീ വ്യവസ്ഥാപിത സങ്കല്‍പ്പങ്ങള്‍ക്കപ്പുറം ദ്വിലൈംഗികത പുലര്‍ത്തുന്ന ഒരു വിഭാഗമല്ലാതെ ലെസ്ബിയന്‍,ഗേ, നോണ്‍ ബൈനറി, ട്രാന്‍സ്‌ജെന്‍ഡര്‍, പാന്‍സെക്ഷ്വല്‍, ഇന്റര്‍സെക്ഷ്വല്‍, അസെക്ഷ്വല്‍, ബൈജെന്‍ഡര്‍, ക്വിയര്‍, എല്‍.ജി.ബി.ടി.ക്വൂ തുടങ്ങി ലിംഗവൈവിധ്യങ്ങളുടെ മനോഹാരിതയെ മനസ്സിലാക്കുകയും അംഗീകരിക്കുകയും വേണം. പ്രണയവും വിവാഹവും കുടുംബവും കുട്ടികളും സ്ത്രീയേയും പുരുഷനേയും പോലെ എണ്ണിയാലൊടുങ്ങാത്ത ലിംഗവൈവിധ്യങ്ങള്‍ക്കും ഒരു പോലെ അവകാശപ്പെട്ടതാണെന്ന തിരിച്ചറിവ് ഉണ്ടാകണം. 377-ാം വകുപ്പ് റദ്ദാക്കി കൊണ്ടുള്ള വിധിയില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര നടത്തിയ ഒരു പ്രസ്താവന വീണ്ടും ആവര്‍ത്തിക്കു്ന്നു. ചരിത്രം ക്വിയര്‍ സമൂഹത്തോട് മാപ്പ് പറയേണ്ടതുണ്ട്.
ക്വിയര്‍ ആക്ടിവിസ്റ്റായ ആദി സംസാരിക്കുന്നു:
2014-ല്‍ നല്‍സ ജഡ്ജ്മെന്റിലൂടെയാണ് ട്രാന്‍സ് മനുഷ്യര്‍ ഇന്ത്യയിലെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കൊക്കെ അര്‍ഹരാണെന്നും വിദ്യാഭ്യാസത്തിലും തൊഴിലിലുമൊക്കെ സംവരണം കൊടുക്കേണ്ടവരാണെന്നുമുള്ള ഒരു തീരുമാനമുണ്ടാകുന്നത്. അതുകഴിഞ്ഞ് 2018-ലാണ് സുപ്രീം കോടതി ഐ.പി.സി. 377 എന്ന സ്വവര്‍ഗലൈംഗികബന്ധം കുറ്റകരമാക്കുന്നതെന്ന് പറയപ്പെടുന്ന വകുപ്പിനെ ഭാഗികമായി എടുത്തു കളയുന്നത്. ഈ രീതിയില്‍ സ്വാതന്ത്ര്യം ലഭിച്ച് വര്‍ഷങ്ങള്‍ക്കിപ്പുറം മാത്രം നിയമപരമായി സാധുത ലഭിക്കുന്ന മനുഷ്യരെ കുറിച്ചുള്ള ഒരു ചര്‍ച്ചയാണിത്.

അതുകൊണ്ടു തന്നെ ഈ ഒരു വിധിയില്‍ വല്ലാത്തൊരു സ്വാഭാവികതയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. നിലവിലെ സാഹചര്യത്തില്‍ വിവാഹത്തെ അനുകൂലിക്കുന്ന ഒരു വിധി ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. കാരണം നമുക്ക് മുന്നില്‍ മുന്‍കാല അനുഭവങ്ങളുണ്ട്. എത്രത്തോളം കഷ്ടപ്പെട്ടിട്ടാണ് ഓരോ നിയമപോരാട്ടങ്ങളും വിജയം നേടുന്നതെന്ന്, അതിനു പിന്നിലുള്ള സവിശേഷമായ താത്പര്യങ്ങള്‍ എന്തൊക്കെയാണ് എന്ന രീതിയിലുള്ള ആലോചനകളൊക്കെ സാധ്യമാണ്.
അതേരീതിയില്‍ അനുകൂലമായ ഒരു വിധിയാണ് വരാന്‍ പോകുന്നതെന്ന് വിചാരിച്ച ആളുകളുമുണ്ടാകും. കഴിഞ്ഞ കുറച്ചുകാലങ്ങളായി സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് കുറെയൊക്കെ പ്രോഗ്രസ്സീവ് എന്ന് വിളിക്കാവുന്ന കുറെ വിധികള്‍ വരുന്നുണ്ട്. 2018-ലെ ഹോമോസെക്ഷ്വാലിറ്റി ഡിക്രിമിനലൈസ് ചെയ്യുന്നത് മുതല്‍ ശബരിമല, വിവാഹേതര ലൈംഗികബന്ധങ്ങള്‍ കുറ്റകരമല്ലാതാക്കുക തുടങ്ങി നിരവധി പുരോഗമനപരമെന്ന് വിളിക്കപ്പെടുന്ന സ്വഭാവത്തിലുള്ള നിലപാടുകള്‍ സുപ്രീംകോടതിയില്‍ നിന്നുണ്ടായി. ഒരുപക്ഷേ അതിന്റെ തുടര്‍ച്ചയില്‍, ജസ്റ്റിസ് ചന്ദ്രചൂഢിന്റെയൊക്കെ മുന്‍കാല നിലപാടുകളെ അടിസ്ഥാനമാക്കി ഈ വിധിയും അനുകൂലമായതായേക്കാമെന്ന് ശുഭാപ്തിവിശ്വാസത്തോടെ സമീപിച്ച ആളുകളുമുണ്ടായിരുന്നു. അനുകൂല വിധിക്കും പ്രതികൂല വിധിക്കുമുള്ള ഒരു സാധ്യത മുന്നില്‍ കണ്ടിരുന്നു.
എനിക്ക് തോന്നുന്നത് 377-ാം വകുപ്പ് ഭാഗികമായി റദ്ദാക്കുകയെന്നത് താരതമ്യേന എളുപ്പമുള്ള പണിയായിരുന്നു. ഒരുപാട് നിയമയുദ്ധങ്ങള്‍ നടത്തിയും റോഡിലിറങ്ങി സമരം ചെയ്തും നിരവധി പേരുടെ രക്തസാക്ഷിത്വത്തിന്റെയും മുകളിലാണ് ഈ നിയമവിജയം സംഭവിക്കുന്നതെങ്കിലും സ്വകാര്യതയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമല്ല എന്നംഗീകരിക്കുന്ന അത്രയും എളുപ്പത്തില്‍ സുപ്രീം കോടതിയ്ക്ക് ഈ രീതിയില്‍ നിലനില്‍ക്കുന്ന സോ കോള്‍ഡ് ആണ്, പെണ്ണ്, അവര്‍ തമ്മിലുള്ള ലൈംഗികബന്ധം, പ്രത്യുത്പാദന-യുക്തികള്‍ അതിനെ ചോദ്യം ചെയ്യുന്ന പുതിയ തരം കുടുംബങ്ങള്‍ ഒക്കെ സങ്കല്‍പ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. കാരണം പ്രത്യുത്പാദനത്തിലൂന്നിയാണ് നമ്മുടെ സിസ്റ്റം മൊത്തത്തില്‍ നില്‍ക്കുന്നത് അത് കുടുംബമാണെങ്കിലും ദേശരാഷ്ട്രമൊക്കെയാണെങ്കിലും.
അതുകൊണ്ട് തന്നെ ഐ.പി.സി. 377-ന്റെ വിധിയില്‍ അവര്‍ക്ക് കിട്ടിയ ഒരു സൗകര്യം നിലവിലെ വിധിയില്‍ ഉണ്ടായിരുന്നില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടുത്തിയും അത് മനസ്സിലാക്കാമെന്ന് തോന്നുന്നു. ഐ.പി.സി. 377-ന്റെ സമയത്ത് കേന്ദ്രസര്‍ക്കാര്‍ അന്ന് ഭയങ്കര കണ്‍സര്‍വേറ്റീവായി ബി.ജെ.പി. അധികാരത്തിലിരിക്കുന്ന സമയത്ത് ആ വിധിയെ കുറിച്ച് അവര്‍ മൗനം പാലിക്കുകയാണ് ചെയ്തത്. അതിനോട് വലിയ എതിര്‍പ്പൊന്നും പ്രകടിപ്പിക്കുകയുണ്ടായില്ല. മോഹന്‍ ഭാഗവതിനെ പോലെയുള്ള ആര്‍.എസ്.എസ്. നേതാക്കള്‍ ഹോമോസെക്ഷ്വാലിറ്റിയെ കുറിച്ചും എല്‍.ജി.ബി.ടി.ക്യൂ. പ്ലസ് കമ്മ്യൂണിറ്റിയെ കുറിച്ചും വളരെ അനുകൂലമായ നിലപാട് കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ പ്രകടമാക്കുന്നുണ്ട്്.
അതേസമയം വിവാഹതുല്യതയെ കുറിച്ചുള്ള ചര്‍ച്ച വരുന്ന സമയത്ത് കേന്ദ്രസര്‍ക്കാര്‍ വലിയ തോതിലുള്ള എതിര്‍പ്പ് സുപ്രീംകോടതിയെ അറിയിക്കുന്നുമുണ്ട്. അതിന്റെ യുക്തിയും ഇത് തന്നെയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. നിലവില്‍ നമ്മള്‍ ജീവിക്കുന്ന കുടുംബം കേന്ദ്രീകരിച്ചിട്ടുള്ള, ആണ്‍-പെണ്‍ ലൈംഗികത കേന്ദ്രീകരിച്ചിട്ടുള്ള സിസ്റ്റത്തിനെ ചോദ്യം ചെയ്യുക എന്ന് പറയുന്നത് എളുപ്പമല്ല എന്നുള്ളത് തന്നെ. പിന്നെ സുപ്രീം കോടതിയില്‍ നടക്കുന്ന പത്തു-നാല്‍പ്പത് മണിക്കൂറിലധികം നീണ്ടു നിന്ന ആദ്യ ഹിയറിങ്ങുകള്‍ അതിന്റെ ഭാഗമായി ഇപ്പോള്‍ വന്ന അഞ്ച് വ്യത്യസ്ത വിധി, വളരെ ചരിത്രപരമായ ഒരു നീക്കമെന്നതിലുപരി കഴിഞ്ഞ കുറച്ചധികം കാലങ്ങളായി ഇന്ത്യയില്‍ നീണ്ടു നിന്ന പോരാട്ടങ്ങളുടെ ഒരേട് എന്ന രീതിയിലാണ് ഞാന്‍ മനസ്സിലാക്കുന്നത്.
കോടതിയുടെ നിരീക്ഷണങ്ങള്‍ പ്രധാനമായും സ്പെഷ്യല്‍ മാര്യേജ് ആക്ടില്‍ വിവാഹത്തെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം, ജീവശാസ്ത്രപരമായി സ്ത്രീ, ജീവശാസ്ത്രപരമായുള്ള പുരുഷന്‍ എന്നിവര്‍ തമ്മിലുള്ള ചേര്‍ച്ച എന്ന തരത്തിലുള്ള വിവാഹത്തിന്റെ സാമ്പ്രദായിക രീതിയെ ചോദ്യം ചെയ്യുക, അതിനു പകരം വ്യക്തി എന്ന തരത്തില്‍ ലിംഗനിഷ്പക്ഷമായ പദാവലികള്‍ ഉപയോഗിക്കുക തുടങ്ങിയ ഹര്‍ജിയിലെ ആവശ്യങ്ങളെ മുന്‍നിര്‍ത്തിയുള്ള വിശദമായ ചര്‍ച്ചകളൊക്കെ ഉണ്ടാകുന്നുണ്ടെല്ലോ.
ആ സന്ദര്‍ഭത്തില്‍ ജീവശാസ്ത്രപരമായ സെക്സ് എന്ത്, ജെന്‍ഡര്‍ എന്ത്, ജെന്‍ഡറിന്റെ വ്യത്യാസങ്ങളെന്ത്, ആ രീതിയില്‍ ചര്‍ച്ചകളുണ്ടായി. മുന്‍കാലങ്ങളിലുണ്ടായ അവ്യക്തതകള്‍, അതായത് ട്രാന്‍സ് ആയിട്ടുള്ള വ്യക്തികള്‍ തമ്മിലുള്ള വിവാഹം ഏത് രീതിയിലാണ്, അതിനു നിയമസാധുതയുണ്ടോ എന്ന ചോദ്യങ്ങള്‍ക്ക് വ്യക്തത വരുത്താനും മുന്‍പത്തെ വിചാരണയിലൊക്കെ സ്പെഷ്യല്‍ മാര്യേജ് ആക്ടിനകത്തുള്ള പ്രശ്നങ്ങളെ ചോദ്യം ചെയ്യുന്ന രീതിയിലേക്കൊക്കെ വിധിയിലെ നിരീക്ഷണങ്ങള്‍ മാറുന്നുണ്ട്.
ഈ അഞ്ചംഗ ബെഞ്ചിലുണ്ടായിരുന്നവരുടെ പല നിരീക്ഷണങ്ങളും ആ രീതിയില്‍ കുറേക്കൂടി പ്രാധാന്യമുള്ളതാണ്. ധാരാളം വൈരുദ്ധ്യങ്ങളുണ്ടെങ്കില്‍ പോലും കോടതിയ്ക്കകത്ത് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ ഉണ്ടാവുക എന്നത്, അതായത് സെക്സിനെ കുറിച്ച്, ജെന്‍ഡറിനെ കുറിച്ച്, സെക്ഷ്വാലിറ്റിയെ കുറിച്ച്, നമ്മള്‍ ഇത്രകാലം ശീലിച്ച സാമ്പ്രാദായികമായ ധാരണകളെ കുറിച്ച്. അതായത് ഇത് വരേണ്യവര്‍ഗത്തെ മാത്രം ബാധിക്കുന്ന കണ്‍സെപ്റ്റാണെന്നതിനെ ചോദ്യം ചെയ്യുന്നു. വിവാഹം എല്ലാ കാലത്തും സ്റ്റാറ്റിക്കായി നില്‍ക്കുന്നതല്ല എന്ന അഭിപ്രായങ്ങള്‍ വരുന്നു. ആ രീതിയില്‍ ഒരുപാട് ഡയലോഗുകള്‍ ഉണ്ടാക്കിയ ഒരു ചര്‍ച്ച എന്ന രീതിയിലാണ് ഞാനതിനെ കാണുന്നത്. ഇത് ഭയങ്കര വലിയ ഒരു നഷ്ടമായി ഞാന്‍ കണക്കാക്കുന്നില്ല. അനുകൂലമായ വിധി ഉറപ്പാണ് എന്ന ശുഭാപ്തി വിശ്വാസത്തിലല്ലായിരുന്നു ഞാന്‍. അതുകൊണ്ട് തന്നെ നമ്മുടെ മുന്നേറ്റത്തിന്റെ വലിയ പരാജയമായൊന്നും ഇതിനെ അടയാളപ്പെടുത്തേണ്ടതില്ല. കാരണം നിയമപരമായ അവകാശങ്ങള്‍ എന്നു പറയുന്നത് എല്ലാ കാലത്തും നിലനില്‍ക്കുന്നതല്ലയെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അത് ഓരോ രാഷ്ട്രീയ കക്ഷികള്‍ക്കനുസരിച്ചും അട്ടിമറിക്കപ്പെടാം.

ഇപ്പോഴത്തെ അഞ്ചംഗ ബെഞ്ചിന്റെ വിധി അതിലും കൂടുതല്‍ അംഗങ്ങളുള്ള ഒരു ബെഞ്ചിനെ വെച്ച് അട്ടിമറിക്കപ്പെടാനൊക്കെ സാധിക്കും. അങ്ങനെയൊരു സാഹചര്യം കൂടി ഇന്ത്യയിലുണ്ടെല്ലോ. അതിനാല്‍ തന്നെ നിയമപരമായ വിജയങ്ങള്‍ ശ്വാശതമാണെന്ന് ഞാന്‍ കരുതുന്നില്ല. അത്തരത്തിലാണ് നിലവിലെ വിധിയേയും ഞാന്‍ നോക്കിക്കാണുന്നത്. നമുക്കിനിയും തിരശ്ചീനമായ സംവരണം സംബന്ധിച്ച ചര്‍ച്ചകളുള്‍പ്പടെ ഒരുപാട് പോരാട്ടങ്ങള്‍ മുന്നില്‍ കിടക്കുന്നുണ്ട്. അങ്ങനെ നോക്കുമ്പോള്‍ വലിയൊരു തോല്‍വിയാണ് സംഭവിച്ചത്, അപ്രതീക്ഷിതമായ ഒരു നീക്കമാണ് സുപ്രീം കോടതിയുടെ ഭാഗത്തു നിന്നുണ്ടായത് എന്നൊന്നും എനിക്ക് തോന്നുന്നില്ല. സുപ്രീം കോടതി സെലക്ടീവായ ക്വിയര്‍ വിഷയങ്ങളില്‍ നിലപാടെടുത്തിണ്ടുണ്ടെങ്കിലും അതേപോലെ കൗണ്ടര്‍ സ്വഭാവമുള്ള നിലപാടുകളെടുത്തിട്ടുണ്ട്. വിവാഹത്തെ പറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെയാണ് ഗ്രേസ് ബാനുവിനെ പോലെയുള്ള ട്രാന്‍സ് ആക്ടിവിസ്റ്റുകള്‍ തിരശ്ചീനമായ സംവരണം വേണ്ടിയുള്ള ആവശ്യവുമായി സുപ്രീം കോടതിയെ സമീപിക്കുന്നത്. അതിനോട് മുഖം തിരിക്കുന്ന നിലപാടാണ് കോടതിയെടുത്തത്. അതുപോലെ ബാബ്റി മസ്ജിദ് വിധിയാണെങ്കിലും, പ്രോഗ്രസീവ് എന്ന് വിളിക്കാവുന്ന സ്വഭാവത്തിലുള്ള വിധികളല്ല സുപ്രീം കോടതി എപ്പോഴും പുറത്തുവിടുന്നത്.
Content Highlights: same sex marriage, supreme court, parliament, bjp government, lgbtq, tgransgenders, queer, same sex
Published: 21 Oct 2023, 10:30 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented