ഉപ്പുതറ : ഇടുക്കി വന്യജീവി സങ്കേതത്തിലെ പുന്നപാറ ഉന്നതിയിൽ പട്ടികവർഗ വകുപ്പ് നിർമിച്ച സാമൂഹ്യ പഠനമുറി വർഷങ്ങൾ കഴിഞ്ഞിട്ടും തുറന്നില്ല. 2018-19ൽ 25 ലക്ഷം രൂപ (കോർപ്പസ് ഫണ്ട്) ചിലവഴിച്ച് പട്ടികവർഗ വകുപ്പാണ് വനംവകുപ്പ് വിട്ടുനൽകിയ സ്ഥലത്ത് കെട്ടിടം നിർമിച്ചത്.

To advertise here,

സംസ്ഥാന നിർമിതി കേന്ദ്രമാണ് കെട്ടിടം പണിതത്. പരിസരമാകെ കാട്ടുമൂടി ഇഴജന്തുക്കളുടെ താവളമായി. വാതിലുകൾ ഇല്ലാത്തതിനാൽ മഴവെള്ളം വീണ് ജനൽ കമ്പികളെല്ലാം തുരുമ്പെടുത്ത് നശിക്കുന്നു.

കെട്ടിടത്തിലേക്ക് കയറാൻ പടവുകളുമില്ല. പുന്നപാറ ഉന്നതിയിലെ ആദിവാസികൾക്ക് ഒത്തുകൂടാൻ മറ്റുസൗകര്യങ്ങൾ ഒന്നുമില്ല. സർക്കാർ അനുവദിക്കുന്ന സൗജന്യ അരി, ഉത്സവക്കിറ്റ് തുടങ്ങിയവ വിതരണം ചെയ്യുന്നത് ഏതെങ്കിലും വീട്ടിലോ, പെരുവഴിയിലോ ആണ്.

ഇത്തരം സംരംഭങ്ങൾക്ക് ഉൾപ്പെടെ പ്രയോജനപ്പെടുത്താൻ കെട്ടിടം വിനിയോഗിക്കണമെന്ന ആവശ്യം പലതവണ ഊരുകൂട്ടത്തിൽ ഉയർന്നെങ്കിലും നടപടിയില്ല.

 

പഠനമുറി തുറക്കാൻ നടപടി ആവശ്യപ്പെട്ട് പട്ടികവർഗ ഡയറക്ടർക്ക് ഒരുവർഷംമുൻപ് കത്ത് എഴുതിയെങ്കിലും ഇതുവരെ അനുമതി കിട്ടിയില്ലെന്ന് ജില്ല പ്രോജക്ട് ഓഫീസർ അറിയിച്ചു.

ഉടൻ പരിസരം വൃത്തിയാക്കുമെന്നും കെട്ടിടത്തിൽ പ്രവേശിക്കാൻ പടവുകൾ നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു അനുമതികിട്ടുന്നമുറയ്ക്ക് സാമൂഹ്യ പഠനമുറി തുറക്കുമെന്നും പ്രോജക്ട് ഓഫീസർ അറിയിച്ചു.

ഉന്നതിയിലെ ആദിവാസികൾക്ക് പ്രയോജനപ്പെടുന്ന ഏതെങ്കിലും പദ്ധതിക്ക് അടിയന്തരമായി കെട്ടിടം തുറന്നുകൊടുക്കണമെന്ന് പുന്നപറ ഊരുമൂപ്പൻ കെ.ആർ. സാബു ആവശ്യപ്പെട്ടു. ഇനിയെങ്കിലും അധികൃതർ കണ്ണ് തുറക്കുമോ. അതോണ് ചോദ്യം?