പത്തനംതിട്ട : റോഡ് നവീകരണത്തിന്റെ ഭാഗമായി വൈദ്യുതിപോസ്റ്റ് സ്ഥാപിച്ചത് ഓടയ്ക്കുള്ളിൽ. പത്തനംതിട്ട നഗരത്തിൽ കണ്ണങ്കര സബ് ജയിലിനോട് ചേർന്നാണ് ഈ കാഴ്ച. ഞായറാഴ്ചയാണ് പുതിയ പോസ്റ്റ് ഓടയ്ക്കുള്ളിലേക്ക് ഇറക്കിസ്ഥാപിച്ചത്. പത്തനംതിട്ട സെൻട്രൽ ജങ്ഷൻ മുതൽ കുമ്പഴവരെയുള്ള ഭാഗത്തെ റോഡ് നവീകരണം നടക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്നത്. പഴയ പോസ്റ്റ് റോഡിനോട് ചേർന്നായിരുന്നതിനാൽ ഇത് മാറ്റേണ്ടിവരും. എന്നാൽ, അനുയോജ്യമായ മറ്റ് സ്ഥലം കിട്ടാത്തതിനാൽ പുതിയ പോസ്റ്റ് ഓടയ്ക്കുള്ളിലാണ് ഉറപ്പിച്ചിരിക്കുന്നത്.

To advertise here,

ഓടയുടെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന നിർമാണരീതിക്കെതിരേ വ്യാപാരികളുടെ ഭാഗത്തുനിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്. നഗരത്തിലെ അശാസ്ത്രീയമായ ഓടനിർമാണരീതി കാരണം ചെറിയ മഴപെയ്താൽ തന്നെ സമീപത്തെ കടയ്ക്കുള്ളിലേക്ക് വെള്ളം കയറുന്ന സ്ഥിതിയാണ്. ഓടയ്ക്കുള്ളിൽ പോസ്റ്റ് സ്ഥാപിച്ചതിലൂടെ മലിനജലത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ട് അഴുക്കും മാലിന്യങ്ങളും അടിഞ്ഞുകൂടും. ഇവ കെട്ടിക്കിടന്ന് ദുർഗന്ധം വ്യാപിക്കാനും വെള്ളം കവിഞ്ഞൊഴുകി സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലേക്ക് പ്രവേശിക്കാനും സാധ്യതയുണ്ട്. ഇത് വ്യാപാരികൾക്കും കാൽനടയാത്രക്കാർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കും. നഗരത്തിൽ മുൻപ് പലപ്പോഴും ഓടയിലെ ഒഴുക്ക് തടസ്സപ്പെട്ട് മലിനജലം പുറത്തേക്കെത്തിയിരുന്നു.