വാഗമൺ : പൂട്ടിക്കിടക്കുന്ന വാഗമൺ കോട്ടമല എം.എം.ജെ. തേയില പ്ലാന്റേഷനിലെ 30, 44 എന്നീ ഡിവിഷനുകളിലെ കാട്ടിൽനിന്ന് ലോഡ് കണക്കിന് ഈറ്റ വെട്ടിക്കടത്തുന്നു.

To advertise here,

ഭൂമിതർക്കവുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നിലനിൽക്കെ, അധികൃതരുടെയും രാഷ്ട്രീയനേതാക്കളുടെയും ഒത്താശയോടെയാണ് ഈ കടുംവെട്ട്.

എസ്റ്റേറ്റിലെ വസ്തുവകകളിൽ യാതൊരു ഇടപാടും പാടില്ലെന്ന് കോടതിവിധിയുണ്ട്.

മുമ്പ് ഫാക്ടറിയും യന്ത്രങ്ങളും പൊളിച്ചുവിൽക്കുകയും തടി വെട്ടിക്കടത്തുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ ഇടുക്കി കളക്ടറുടെ ഇടപെടലിൽ തടിവെട്ട് നിർത്തിവെച്ചു. അതിനുശേഷമാണ് ഈറ്റവെട്ടലും കടത്തും ആരംഭിച്ചത്. ഈറ്റ കടത്തുന്നത് കണ്ടില്ലെന്നാണ് പോലീസും റവന്യൂ അധികൃതരും പറയുന്നത്.

പ്രതിസന്ധിയെത്തുടർന്ന് 2013-14 കാലത്താണ് എസ്റ്റേറ്റ് പൂട്ടിയത്. രാജഭരണകാലത്ത് കുത്തകപ്പാട്ടത്തിന് നൽകിയ ഈ ഭൂമി സർക്കാറിന്റേതാണെന്നും ഇത് വീണ്ടെടുക്കണമെന്നും രാജമാണിക്യം കമ്മീഷൻ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.

ഈ കേസ് നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. വനംവകുപ്പിന് പോലും ഇവിടെ മരംവെട്ടാൻ അനുമതി നൽകാനാകില്ല.

എസ്റ്റേറ്റ് പൂട്ടിയതോടെ ഇരുന്നൂറിലധികം തൊഴിലാളികൾ വഴിയാധാരമായി. പലരും പൊട്ടിപ്പൊളിഞ്ഞ ലയങ്ങളിലാണ് താമസിക്കുന്നത്. ഏറെനാളത്തെ പ്രതിഷേധങ്ങൾക്കൊടുവിൽ കുറച്ചുപേർക്ക് ആനുകൂല്യം ലഭിച്ചെങ്കിലും 107 തൊഴിലാളികൾക്ക് ഇപ്പോഴും ഗ്രാറ്റുവിറ്റിയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാനുണ്ട്.

ആനുകൂല്യങ്ങൾ കിട്ടാതെ പലരും മരിച്ചു. തൊഴിലാളികൾക്ക് ആനുകൂല്യം നൽകാനെന്ന വ്യാജേനയാണ് ഫാക്ടറി പൊളിച്ചുവിറ്റതെങ്കിലും തങ്ങൾക്ക് നയാപൈസ ലഭിച്ചില്ലെന്ന് തൊഴിലാളികൾ പറയുന്നു. ഫാക്ടറിയും മറ്റും പൊളിച്ചുവിറ്റതോടെ പൂർണമായും ആശങ്കയിലായിരിക്കുകയാണ് ഇവിടെയുള്ള തൊഴിലാളികൾ.