കോതമംഗലം : മാർത്തോമ്മാ ചെറിയപള്ളിയിലെ കന്നി 20 പെരുന്നാൾ ഗ്രീൻ പ്രോട്ടക്കോൾ പ്രകാരം നടത്തുന്നതിന് പെരുന്നാൾ മുന്നൊരുക്കമായി ഷിബു തെക്കുംപുറം എം.എൽ.എ. ചെറിയപള്ളിയിൽ വിളിച്ചുചേർത്ത വിവിധ വകുപ്പുകളുടെ ഏകോപനയോഗത്തിൽ തീരുമാനിച്ചു. ഹരിതമാനദണ്ഡം പാലിച്ച് വിശ്വാസികൾക്ക് സൗകര്യപ്രദമായ നിലയിൽ പെരുന്നാളിന്റെ ആദ്യവസാന കാര്യങ്ങളിൽ പങ്കാളികളാകുന്നതിന് സഹായകരമാകുന്ന നിലയിൽ വിവിധ വകുപ്പുകൾ സഹകരിച്ച് പ്രവർത്തിക്കണമെന്ന് എം.എൽ.എ. ആവശ്യപ്പെട്ടു.

To advertise here,

പെരുന്നാളിനോടനുബന്ധിച്ച് കോതമംഗലം മേഖല സംസ്ഥാന സർക്കാർ ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിച്ച് പെരുന്നാൾ സുഗമമായി നടത്തുന്നതിന് പള്ളിയിലെ പെരുന്നാൾ കമ്മിറ്റി കൺവീനറായ കോതമംഗലം തഹസിൽദാരുടെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തനസജ്ജമാക്കുന്നതിന് എം.എൽ.എ. നിർദേശിച്ചു.

ഹരിത പ്രോട്ടക്കോൾ കർശനമായി നടപ്പാക്കുമെന്നും 70 ഓളം ക്യാമറകളും സ്ട്രീറ്റ് ലൈറ്റുകളും നഗരത്തിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ളതായും ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായും നഗരസഭാ ചെയർപേഴ്‌സൺ ഭാനുമതി രാജു യോഗത്തെ അറിയിച്ചു.

നഗരത്തിലെ ട്രാഫിക് സംവിധാനത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കുമായി ആവശ്യത്തിന് പോലീസുകാരെ നിയോഗിക്കുമെന്നും മൂവാറ്റുപുഴ ഡിവൈ.എസ്.പി. കെ.ആർ. മനോജ് അറിയിച്ചു. ആംബുലൻസ് സൗകര്യം ഉൾപ്പെടെ മൂന്ന് മെഡിക്കൽ ടീമിനെ സജ്ജമാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വന്യമൃഗശല്യമുള്ള മേഖലയിൽ തീർഥാടകരുടെ സുരക്ഷയ്ക്കായി വനം, ആർ.ആർ.ടി. സേവനം ഏർപ്പെടുത്തും. തീർഥാടകർക്കായി കെ.എസ്.ആർ.ടി.സി. അധിക സർവീസ് നടത്തും.

കോതമംഗലം പ്രദേശത്തെ പൊതുമരാമത്ത് റോഡുകളും റോഡുകളോട് ചേർന്നുള്ള െഡ്രയ്‌നേജും കുറ്റമറ്റ നിലയിലാണെന്ന് ഉറപ്പുവരുത്തും. പ്രദേശത്ത് തടസ്സംവരാത്ത രീതിയിൽ പവർ സപ്ലൈ, കുടിവെള്ള വിതരണം എന്നിവ ലഭ്യമാക്കണമെന്ന് കെ.എസ്.ഇ.ബി., വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരോട് യോഗം നിർദേശിച്ചു.

ചെറിയപള്ളി വികാരി ഫാ. സാജു ജോർജ് കുരിക്കപ്പിള്ളിൽ, മുനിസിപ്പൽ ചെയർപേഴ്‌സൺ ഭാനുമതി രാജു, തഹസിൽദാർ കെ.എ. സതീശൻ, ഡിവൈ.എസ്.പി. കെ.ആർ. മനോജ്, കോതമംഗലം സി.ഐ. പി.ജെ. കുര്യാക്കോസ്, ട്രസ്റ്റിമാരായ ബേബി പാറേക്കര, ബിനോയ് മണ്ണഞ്ചേരി, വർക്കിങ്‌ കമ്മിറ്റി അംഗങ്ങളായ ബേബി ആഞ്ഞിലിവേലി, സലിം ചെറിയാൻ, എബി ചേലാട്ട്, ഡോ. റോയി മാലിയിൽ എന്നിവർ പങ്കെടുത്തു.