ഉപ്പുതറ പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് നഷ്ടമായി
ഉപ്പുതറ : പീരുമേട് മണ്ഡലത്തിൽ എൽ.ഡി.എഫിന് വീണ്ടും തിരിച്ചടി. ഉപ്പുതറ പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് നഷ്ടമായി. വ്യാഴാഴ്ച അവിശ്വാസ പ്രമേയം പാസായതോടെയാണ് 10 വർഷത്തെ തുടർഭരണത്തിനുശേഷം എൽ.ഡി.എഫ് പുറത്തായത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്നതിനെത്തുടർന്ന്, ഒരു സ്വതന്ത്ര അംഗത്തിന് വൈസ് പ്രസിഡന്റ് പദം നൽകിയാണ് എൽ.ഡി.എഫ് ഭരണം പിടിച്ചത്. എന്നാൽ, പ്രസിഡന്റും വൈസ് പ്രസിഡന്റും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസം അവിശ്വാസ പ്രമേയത്തിലേക്ക് നയിക്കുകയും ഒടുവിൽ ഭരണം നഷ്ടപ്പെടുകയുമായിരുന്നു.
വെട്ടിലായി ബി.ജെ.പി.
ഭരണം നഷ്ടപ്പെട്ടത് എൽ.ഡി.എഫിനാണെങ്കിലും വെട്ടിലായത് ബി.ജെ.പി.യാണ്. പാർട്ടി വിപ്പ് ലംഘിച്ച് കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ബി.ജെ.പി. അംഗം പിന്തുണച്ചത് പാർട്ടിയിൽ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. ഇതിനുപിന്നിൽ ചില പാർട്ടി നേതാക്കളുടെ ഒത്തുകളിയുണ്ടെന്നും നേതൃത്വം സംശയിക്കുന്നു. ഒന്നാം വാർഡിൽനിന്ന് ചെറിയ ഭൂരിപക്ഷത്തിൽ വിജയിച്ച ഏക ബി.ജെ.പി. അംഗത്തിനെതിരേ അച്ചടക്ക നടപടി സ്വീകരിച്ചാൽ അംഗത്വം നഷ്ടപ്പെടും. ഇത് പിന്നീട് ഉപതിരഞ്ഞെടുപ്പിലേക്ക് നയിച്ചാൽ വാർഡ് നിലനിർത്താനാകുമോ എന്ന ആശങ്കയും നേതൃത്വത്തെ വലയ്ക്കുന്നു.
കോൺഗ്രസിനും ആശ്വാസമില്ല
എൽ.ഡി.എഫ്. ഭരണം അവസാനിപ്പിക്കാൻ കഴിഞ്ഞെങ്കിലും കോൺഗ്രസിനും കാര്യങ്ങൾ എളുപ്പമല്ല. എൽ.ഡി.എഫിനൊപ്പം ചേർന്ന് വൈസ് പ്രസിഡന്റായി അധികാരം പങ്കിട്ട രമണി രൂപേഷിന് പ്രസിഡന്റ് പദവി നൽകേണ്ടി വരുമെന്നതാണ് കോൺഗ്രസിന് മുന്നിലുള്ള വെല്ലുവിളി. കൂടാതെ, വൈസ് പ്രസിഡന്റ് സ്ഥാനം ഘടകകക്ഷിയായ ആർ.എസ്.പി.ക്കും നൽകേണ്ടി വരും. കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായിരിക്കെ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് സ്വതന്ത്രയായി മത്സരിച്ച് വിജയിച്ചയാളാണ് രമണി രൂപേഷ്. അതിനാൽ, ‘പത്ത് വർഷത്തെ എൽ.ഡി.എഫ്. ഭരണം അവസാനിപ്പിച്ചു’ എന്ന് ആശ്വസിക്കാനല്ലാതെ വലിയ സന്തോഷങ്ങളൊന്നും കോൺഗ്രസിനുമില്ല.
പഞ്ചായത്തംഗത്തെ ബി.ജെ.പി. സസ്പെൻഡ് ചെയ്തു
ഉപ്പുതറ : അവിശ്വാസ പ്രമേയ ചർച്ചയിൽ പാർട്ടി വിപ്പ് ലംഘിച്ച് യു.ഡി.എഫിനെ പിന്തുണച്ച ഉപ്പുതറ പഞ്ചായത്തംഗം നിഷ പ്രദീപിനെ ബി.ജെ.പി. പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തു. ബി.ജെ.പി. ഇടുക്കി ജില്ലാ പ്രസിഡന്റ് വി.സി. വർഗീസാണ് നടപടി സ്വീകരിച്ചത്.
എൽ.ഡി.എഫ്. ഭരണസമിതിക്കെതിരേ യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസപ്രമേയം വ്യാഴാഴ്ച ചർച്ചയ്ക്കെടുത്തപ്പോൾ യോഗത്തിൽനിന്ന് വിട്ടുനിൽക്കാനായിരുന്നു ബി.ജെ.പി. ജില്ലാ നേതൃത്വം നൽകിയ വിപ്പ്. എന്നാൽ, ഇത് ലംഘിച്ച് നിഷ പ്രദീപ് യോഗത്തിൽ പങ്കെടുക്കുകയും യു.ഡി.എഫ്. പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുകയുമായിരുന്നു.
Published: 23 Oct 2026, 03:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented