പീരുമേട് : കുടുംബ വഴക്കിനെ തുടർന്നുണ്ടായ ഇരട്ട കൊലപാതകത്തിന് പോലീസിന്റെ അനാസ്ഥയും കാരണമായെന്ന് നാട്ടുകാർ. പ്രിൻസിൽനിന്ന് ജീവന് ഭീഷണിയും മർദനവും സ്ഥിരമായി ഉണ്ടാകുന്നത് പ്രിയങ്ക പീരുമേട് പോലീസ് സ്റ്റേഷനിൽ പലതവണ അറിയിച്ചിരുന്നു. അവസാനമായി പതിനഞ്ചാം തീയതിയും പ്രിയങ്ക പരാതി നൽകി. ഇതേത്തുടർന്ന് ഇരുവരെയും പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. ചർച്ചകൾക്കൊടുവിൽ പ്രിൻസിന് താക്കീത് നൽകി പോലീസ് വിട്ടയച്ചു. ഗൗരവത്തോടെ പോലീസ് പരാതിയിൽ ഇടപെട്ടില്ലെന്നും മദ്യപിച്ച് സ്ഥിരമായി നാട്ടിലും വീട്ടിലും പ്രശ്നങ്ങൾ ഉണ്ടാക്കുന്ന പ്രിൻസിന്റെ പശ്ചാത്തലം കണക്കിലെടുക്കാതെ കേസെടുക്കാൻ പോലും പോലീസ് തയ്യാറാകാതെയിരുന്നതാണ് നാട്ടുകാരിൽ പ്രതിഷേധമുയർത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള കുടുംബ വഴക്കുകളിൽ ഒത്തുതീർപ്പ് ചർച്ചകളാണ് ആദ്യം നടത്തുകയെന്നും തുടർന്ന് കൗൺസിലിങ് നൽകുന്നതാണ് പതിവെന്നും പോലീസ് പറഞ്ഞു.

To advertise here,

ഇരട്ട കൊലപാതക കേസിൽ പ്രതി പ്രിൻസിനെ തെളിവെടുപ്പിനു എത്തിച്ചപ്പോൾ സംഘർഷ ഭരിതമായി. പ്രിൻസിന് നേരെ പാഞ്ഞെത്തിയ നാട്ടുകാർ പ്രതിയെ ആക്രമിക്കാൻ ശ്രമിച്ചതും അസഭ്യ വാക്കുകൾ ഉയർത്തി പ്രതിഷേധിച്ചതുമാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചത്. തെളിവെടുപ്പിന് പ്രതിയുമായി പോലീസ് എത്തുന്നതറിഞ്ഞ് നിരവധി പേരാണ് സ്ഥലത്ത് എത്തിയത്. കൂടുതൽ ആളുകൾ എത്തുമെന്ന് മനസ്സിലാക്കിയ പോലിസ്‌ പ്രതിക്ക് കൂടുതൽ സംരക്ഷണമൊരുക്കിയിരുന്നു. പോലീസ് വലയം തീർത്താണ് പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചത്. കൃത്യത്തിന് ഉപയോഗിച്ച കത്തി ഇയാളെ പിടികൂടിയ മുറിയിൽ നിന്നും കണ്ടെത്തി. ഇയാൾ ഉപയോഗിച്ചിരുന്ന ചെരുപ്പും തുണികളും പോലീസ് ശേഖരിച്ചു. തെളിവെടുപ്പിനുശേഷം മടങ്ങിയപ്പോഴും ജനം അക്രമാസക്തരായി

കൊലയ്ക്ക് കാരണം സംശയം

ഇരട്ട കൊലപാതകത്തിന് കാരണയായത് പ്രിൻസിന് ഭാര്യയിൽ തോന്നിയ സംശയമെന്ന് പോലീസ്. ദീർഘനാളായുളള സംശയം കടുത്ത പകയ്ക്ക് വഴിവെക്കുകയായിരുന്നു. ഇത് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചെന്നുമാണ് പ്രിൻസ് നൽകുന്ന ആദ്യമൊഴികൾ. വിദേശത്ത് ജോലി ചെയ്തുവരുകയായിരുന്ന പ്രിയങ്ക മൂന്ന് മാസങ്ങൾക്ക് മുമ്പാണ് നാട്ടിൽ തിരികെ എത്തിയത്. തുടർന്ന് പാമ്പനാറിൽ സ്വകാര്യ വ്യാപാര സ്ഥാപനത്തിൽ ജീവനക്കാരിയായി. ബുധനാഴ്ച വൈകീട്ട് ജോലി കഴിഞ്ഞു വീട്ടിലേക്കുമടങ്ങി എത്തിയ പ്രിയങ്കയെ ആക്രമിക്കണമെന്ന ഉദ്ദേശത്തോടെ ആയുധവുമായി ഇവർ താമസിക്കുന്ന ലയത്തിനുസമീപം പ്രിൻസ് കാത്തുനിന്നു. മുന്നിലെത്തിയ പ്രിയങ്കയുടെ കഴുത്തിൽ കുത്തുകയും വെട്ടുകയും ചെയ്തു.

ഇത് കണ്ട് ഓടിയത്തിയ പ്രിയങ്കയുടെ മാതാവ് നേശത്തിനേയും പിന്നാലെയെതിയ ഭാര്യാ പിതാവ് ഇസ്രവേലിനേയും വെട്ടി പരിക്കേൽപ്പിച്ചു. കൃത്യത്തിനുശേഷം ഇയാൾ ലയമുറിയിൽ കയറി. ആളുകൾ ഓടി കൂടിയതിനാൽ ഇയാൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല.