തൊടുപുഴ : അമരംകാവ് ക്ഷേത്രം മോഷണക്കേസിലെ പ്രതികളെ പിടികൂടുമ്പോൾ ലഭിച്ചത് പോലീസുപോലും ഞെട്ടിയ വിവരങ്ങൾ. സംസ്ഥാനത്ത് ഇതാദ്യാമാകാം ഓൺലൈൻ ടാക്സിയുടെ മറവിൽ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണം നടക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം പറഞ്ഞു.
ഞെട്ടിച്ച മോഷണം
മൂന്നുമാസം മുൻപാണ് അമരംകാവിൽ സംഘം മോഷണം നടത്തിയത്. വെള്ളിയാഴ്ച പുലർച്ചെ പിന്നെയും വന്ന് വലിയ മോഷണം നടത്തി.
ഇതിനിടെ സി.സി.ടി.വി.കളിൽ പതിഞ്ഞ ഓൺലൈൻ ടാക്സിയുടെ ദൃശ്യമാണ് മോഷ്ടാക്കളെ കുടുക്കിയത്.
പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികൾ വലിയ പ്രതിഷേധത്തിന് തയ്യാറെടുക്കുകയായിരുന്നു. അതിനിടയിൽ പ്രതികൾ കുടുങ്ങിയത് പോലീസിന് ആശ്വാസമായി.
മേയ് 31-ന് അർധരാത്രിക്കും ജൂൺ ഒന്നിന് പുലർച്ചയ്ക്കുമിടയിൽ ക്ഷേത്രത്തിലെ വൈദ്യുതി ഫ്യൂസ് ഊരിമാറ്റിയ ശേഷമാണ് സംഘം അകത്തുകടന്നത്. തുടർന്ന് സി.സി.ടി.വി. ക്യാമറകൾ തല്ലിത്തകർത്ത് ഡി.വി.ആർ. കടത്തിക്കൊണ്ടുപോയുമായിരുന്നു മോഷണം. മൂന്ന് ഭണ്ഡാരക്കുറ്റികളുടെ താഴുതകർത്ത് ഏകദേശം 15,000 രൂപ കവർന്നു.
പഞ്ചമൂർത്തി തറയ്ക്ക് സമീപത്തേക്ക് കൊണ്ടുവന്ന വഞ്ചികളിൽ രണ്ടെണ്ണത്തിന്റെയും പൂട്ട് പൊളിച്ച നിലയിലായിരുന്നു.
വിഗ്രഹം തള്ളിത്താഴെയിട്ട നിലയിലായിരുന്നു.
ഇതിനുശേഷം സെപ്റ്റംബർ മൂന്നിന് ഇതേ ക്ഷേത്രത്തിൽ വീണ്ടും മോഷണം നടന്നു. ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന 60-ഓളം നിലവിളക്കുകൾ, രണ്ട് ഉരുളികൾ, രണ്ട് തൂക്കുവിളക്കുകൾ എന്നിവയുൾപ്പെടെ ഏകദേശം 70,000 രൂപ വിലമതിക്കുന്ന സാധനങ്ങൾ കവർന്നു.
കൂടാതെ എഴുപതോളം വിളക്കുകളും ഭണ്ഡാരക്കുറ്റികളും തകർത്തതായും പോലീസ് കണ്ടെത്തി.
ഇത്രയുമൊക്കെയായിട്ടും പ്രതികളെ പിടിക്കാൻ പോലീസിനാകാത്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. വിശ്വാസികൾ പ്രതിഷേധം നടത്തി. മന്ത്രിമാർക്കുൾപ്പെടെ നിവേദനം നൽകിയിരുന്നു.
തുടർച്ചയായ മോഷണങ്ങളെത്തുടർന്ന് എ.ഡി.ജി.പി.യുടെ ഇടപെടലോടെ ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീമിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു.
ഷാഡോ ടീമിനെ നിയോഗിക്കുകയും നൈറ്റ് പട്രോളിങ് ശക്തമാക്കുകയും ചെയ്തു.
സംശയിക്കരുതല്ലോ...
ഉൾഗ്രാമങ്ങളിലെ ആരാധനലയങ്ങളിൽവരെ പ്രതികൾ മോഷണം നടത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഓൺലൈൻ ടാക്‌സിയായി ഓടുകയാണെന്ന തരത്തിൽ ഓരോ സ്ഥലങ്ങളിലേക്കും സഞ്ചരിക്കും.
തുടർന്ന് പ്രദേശത്തെ ആരാധനാലയങ്ങളിൽ കയറി വാതിൽ തകർത്ത് അകത്തുപ്രവേശിച്ച് പണവും ക്ഷേത്രത്തിലെ മറ്റ് വസ്തുക്കളും മോഷ്ടിക്കും. ഉബൈദാണ് ഓൺലൈൻ ടാക്‌സി ഓടിക്കുന്നത്.
അമീറും ഉബൈദും ഒളിവിലുള്ള സുമീറും ചേർന്നാണ് മോഷണം. കൃത്യത്തിനുശേഷം തമ്മനം സ്വദേശി അനസ് എന്ന് വിളിക്കുന്ന റസാഖിന് സാധനം വിൽക്കും.
അനസിന്റെ കടയിൽനിന്നാണ് പോലീസ് സംഘം മോഷണവസ്തുക്കൾ കണ്ടെത്തിയത്.
Published: 07 Sept 2026, 12:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented