ദുരന്തഭീഷണിയിൽ ചേറ്റുകുഴി-കമ്പംമെട്ട് റോഡ്‌

To advertise here,

ചേറ്റുകുഴി : ചേറ്റുകുഴി-കമ്പംമെട്ട് റോഡിൽ മാർ ഇവാനിയോസ് ബഥനി പബ്ലിക് സ്കൂളിന് മുൻപിലായി രൂപപ്പെട്ട വലിയ കുഴികൾ യാത്രക്കാർക്കും വാഹനങ്ങൾക്കും അപകടഭീഷണി ഉയർത്തുന്നു.

റോഡിന്റെ പ്രധാനഭാഗത്തുതന്നെ കുഴികൾ രൂപപ്പെട്ടതോടെ വാഹനങ്ങൾ അപകടകരമായ രീതിയിൽ വെട്ടിച്ചുമാറ്റിയാണ് കടന്നുപോകുന്നത്.

സ്കൂളിന് സമീപമായതിനാൽ വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ നിരവധിപേർ നിരന്തരം സഞ്ചരിക്കുന്ന റോഡാണിത്.

കുഴികൾ ഒഴിവാക്കുന്നതിനിടെ വാഹനങ്ങൾ പെട്ടെന്ന് ദിശമാറ്റുന്നതും എതിർദിശയിൽനിന്നെത്തുന്ന വാഹനങ്ങളുടെ പാതയിലേക്ക് കയറുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു.

വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കാനും കാൽനടയാത്രക്കാർക്ക് വാഹനങ്ങൾ തട്ടാനുമുള്ള സാധ്യതയും നിലനിൽക്കുന്നു. ഇവിടെ വാഹനാപകടങ്ങൾ പതിവാകുന്നതായും പ്രദേശവാസികൾ പറയുന്നു. മഴക്കാലത്ത് കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നത് അവയുടെ ആഴം തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയുണ്ടാക്കുന്നതായും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.

സ്കൂൾ വിദ്യാർഥികളുടെ സുരക്ഷയ്ക്കും ഭീഷണിയായിരിക്കുന്ന റോഡിലെ കുഴികൾ അടിയന്തരമായി നികത്തി അപകടസാധ്യത ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.