തൊടുപുഴ: കേരളത്തിലെ ഒരേയൊരു ഗോത്രവർഗപഞ്ചായത്തുള്ള ജില്ല. 140-ലേറെ ഉന്നതികൾ. ആദിവാസിരാജാവുള്ള ഭൂമി. ഇടുക്കിയുടെ ചരിത്രത്തിൽ ഗോത്രപാരമ്പര്യം അത്രയേറെ ഇഴുകിച്ചേർന്നുകിടക്കുകയാണ്. എന്നാൽ, മണ്ണിന്റെ അവകാശികളുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ്? അവരുടെ ജീവിതനിലവാരം എത്രത്തോളം മെച്ചപ്പെട്ടിട്ടുണ്ട്? മുൻകാലങ്ങളെ അപേക്ഷിച്ച് മാറ്റമുണ്ടായിട്ടില്ലെന്ന് പറയാൻ കഴിയില്ല. മുഴുപ്പട്ടിണി മാറി. വിദ്യാഭ്യാസം കിട്ടിത്തുടങ്ങി. എങ്കിലും ഗോത്രസമൂഹത്തിന്റെ പല പ്രശ്നങ്ങളും ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു.

To advertise here,

പോഷകാഹാരമില്ലാതെ

മുഴുപ്പട്ടിണി ഇല്ലെങ്കിലും, ഭക്ഷണകാര്യത്തിൽ വള്ളക്കടവ് മേഖലയിലെ മലമ്പണ്ടാരവിഭാഗക്കാർ വെല്ലുവിളികൾ നേരിടുന്നുണ്ട്. ഈയടുത്താണ്, ഈ വിഭാഗത്തിൽപ്പെട്ട ഒരു ബാലന് പോഷകാഹാരക്കുറവ് കണ്ടെത്തിയത്. പ്രശ്നം പരിഹരിക്കാൻ കുമളി പഞ്ചായത്ത് സമൂഹ അടുക്കള തുടങ്ങിയിട്ടുണ്ട്.

അധികൃതരുടെ അശ്രദ്ധയ്ക്കൊപ്പം, മലമ്പണ്ടാരസമൂഹത്തിന്റെ ജീവിതരീതിയും ഇതിനൊരു കാരണമാണ്. ഇവർ വോട്ടുചെയ്യാൻ തുടങ്ങിയതുപോലും ഏതാനും വർഷം മുൻപാണ്. മാതൃഭൂമിയുടെ റിപ്പോർട്ടിനെത്തുടർന്നാണ് ഇവരെ വോട്ടർപ്പട്ടികയിൽ ചേർത്തത്. സമൂഹത്തെ ബോധവത്കരിച്ച് മുന്നോട്ട്‌ കൊണ്ടുവരണം. അതിന് ശക്തമായ നടപടിയുണ്ടാകണം.

വഴി വെട്ടാത്തതെന്താ...?

ആദിവാസി ഉന്നതികളുടെ വികസനം ഇപ്പോഴും മുരടിച്ചുനിൽക്കുന്നതിന് പ്രധാന കാരണം നല്ല വഴി വെട്ടാത്തതുതന്നെയാണ്. വഴിയുണ്ടെങ്കിലും, ഗതാഗതസൗകര്യം എത്താത്ത ജനസഞ്ചയങ്ങൾ വേറെ. മറയൂർ, വട്ടവട, കാന്തല്ലൂർ പഞ്ചായത്തുകൾ ഉൾപ്പെട്ട അഞ്ചുനാട് മേഖലയിൽ 50 ഉന്നതിയുണ്ട്. മിക്ക ഉന്നതികളിലും വഴിപ്രശ്നമുണ്ട്. കാന്തല്ലൂരിലെ മാങ്ങാപ്പാറ, പാളപ്പെട്ടി, മറയൂരിലെ വെള്ളക്കല്ല്, മുളകാംപെട്ടി, വട്ടവടയിലെ സാമിയാർ അള, വത്സപ്പെട്ടി, ഗൂഡല്ലാർ, മേലേ വത്സപ്പെട്ടി തുടങ്ങിയവ ഉദാഹരണം.

പാളപ്പെട്ടിയിലെത്താൻ കോവിൽക്കടവ് ടൗണിൽനിന്ന് 10 കിലോമീറ്റർ മല കയറണം. നാല് കിലോമീറ്റർമാത്രമാണ് റോഡുള്ളത്. പിന്നെ കാട്ടിലൂടെയുള്ള ദുർഘടപാതയാണ്. ഫോർവീൽ ജീപ്പുപോലും എത്തില്ല. ലോറേഞ്ചിലെ ഉപ്പുകുന്ന് പ്രദേശത്തുള്ള കുടികളിലും കോഴിപ്പള്ളിയിലും ഗതാഗതപ്രശ്നമുണ്ട്. അടിമാലി പഞ്ചായത്തിൽ 28 ഉന്നതിയുണ്ട്. മിക്കയിടത്തും

വഴിപ്രശ്നംകാരണം വലിയ ബുദ്ധിമുട്ടാണ് ഗോത്രജനത അനുഭവിക്കുന്നത്. പലചരക്കുസാധനങ്ങൾ ഉന്നതികളിലേക്ക് എത്തിക്കാൻപോലും പെടാപ്പാട് പെടേണ്ട അവസ്ഥ. ഒരു വീട് കെട്ടണമെങ്കിൽ നിർമാണസാമഗ്രികൾ എത്തിക്കാൻ പറ്റണമല്ലോ. ഒരുലോഡ് കട്ട എത്തിക്കണമെങ്കിൽത്തന്നെ ഭീമമായ ചെലവ്. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻപോലും പറ്റില്ല. അങ്ങനെ ജീവൻ അപകടത്തിലായ എത്രയോ ആളുകൾ. കുട്ടികൾ സ്കൂളിൽ പോകാനും ബുദ്ധിമുട്ടുകയാണ്.

വന്യമൃഗശല്യം

മിക്ക ഉന്നതികളിലും വന്യജീവിയാക്രമണം രൂക്ഷമാണ്. അഞ്ചുനാട്ടിലെ ഗോത്രവർഗജനതയുടെ പ്രധാന ഉപജീവനമാർഗം കൃഷിയാണ്. കാട്ടാനകളും കാട്ടുപന്നികളും മറ്റുമൃഗങ്ങളും കാടിറങ്ങിയെത്തി, മുളപോലും ബാക്കിവെയ്ക്കാതെ നശിപ്പിക്കുന്നു. ഇത് ആദിവാസിക്കർഷകരെ കടക്കെണിയിലാക്കുകയാണ്. ഗോത്രജനതയുടെ ജീവനും വന്യമൃഗങ്ങൾ ഭീഷണിയാണ്. ലോറേഞ്ച് മേഖലകളിലെ കുടികളിൽപ്പോലും കാട്ടുമൃഗശല്യമുണ്ട്. മാങ്ങാപ്പറപോലെയുള്ള കുടികൾ വലിയ കുടിവെള്ളക്ഷാമവും നേരിടുന്നുണ്ട്.

വിദ്യാഭ്യാസം

വിദ്യാഭ്യാസരംഗത്ത് കാര്യമായ മാറ്റങ്ങൾതന്നെയുണ്ട്. ഉന്നതിയിലെ മിക്ക കുട്ടികളും സ്കൂളിലെത്തുന്നുണ്ട്. ഉന്നതപഠനത്തിന് പോകുന്നവരുടെ എണ്ണവും കൂടി. എന്നാൽ, ഇപ്പോഴും വെല്ലുവിളികൾ നിലനിൽക്കുന്നു. ദുർഘടപാതകളാണ് പ്രധാന വെല്ലുവിളി. വിദൂര ഉന്നതികളിൽനിന്ന് കുട്ടികളെ സ്കൂളിലെത്തിക്കുന്നതിന് ഗോത്രസാരഥി പദ്ധതിയുണ്ട്. എന്നാൽ, അതീവ ദുർഘടപാതയുള്ള ഉന്നതികളിലേക്ക് വാഹനം എങ്ങനെയെത്തും. മാങ്ങാപ്പാറയിൽ അപ്രകാരം കുട്ടികളുടെ പഠനം മുടങ്ങിയകാര്യം മാതൃഭൂമി റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് സർക്കാർ ഇടപെട്ട് പ്രശ്നപരിഹാരമുണ്ടാക്കിയിരുന്നു. എന്നാൽ, മിക്ക കുടികളിലും ഈ പ്രശ്നമുണ്ട്.

ഉന്നതികളിലെ കുട്ടികൾ പലരും ഇപ്പോൾ ട്രൈബൽ ഹോസ്റ്റലുകളിലും എം.ആർ.എസുകളിലും നിന്നാണ് പഠിക്കുന്നത്. എന്നാൽ, തീരെ ​െകാച്ചുകുട്ടികൾക്ക് അച്ഛനമ്മമാരെ പിരിഞ്ഞുനിൽക്കാൻ മടിയാണ്. മിക്ക ഉന്നതികളിലെയും ഏകാധ്യാപകവിദ്യാലയങ്ങളും ഏതാനും വർഷം മുൻപ്‌ പൂട്ടി. അതിനാൽത്തന്നെ ലോവർ പ്രൈമറി വിദ്യാഭ്യാസമാണ് ഏറ്റവും വലിയ വെല്ലുവിളി.

തലചായ്ക്കാൻ ഇടം

ലൈഫ് പോലെയുള്ള ഭവനപദ്ധതികളിൽ ആദിവാസിസമുദായത്തിന് മുൻഗണനയുണ്ട്. എന്നാൽ, അനുകൂലമായ ഈ സാഹചര്യം ഇവർക്ക് ഗുണംചെയ്യുന്നുണ്ടോ? ഇല്ലെന്ന് പറയേണ്ടിവരും. അഞ്ചുനാട്ടിലും അടിമാലിക്ക് സമീപമുള്ള കുറത്തിക്കുടിയിലുമൊക്കെ പണിതീരാതെകിടക്കുന്ന വിവിധ പദ്ധതിവീടുകൾ കാണാം. ഉദ്യോഗസ്ഥരും കോൺട്രാക്ടർമാരും തമ്മിലുള്ള ഒത്തുകളിയിൽ പറ്റിക്കപ്പെട്ട പാവപ്പെട്ട ആദിവാസികളുടെ വീടുകളാണ് അവ.

വനാവകാശരേഖയ്ക്ക് പകരം പട്ടയം നൽകണമെന്നും വലിയൊരു ശതമാനം ഗോത്രജനത ആവശ്യപ്പെടുന്നുണ്ട്.

മുതുവാൻ, ഹിൽപുലയ, ഊരാളി, ഉള്ളാടൻ തുടങ്ങിയ സമുദായങ്ങളും ഈ പാതയിലാണ്. മലമ്പണ്ടാരസമുദായമാണ് ഏറെ ശ്രദ്ധവേണ്ട ഒന്ന്. പിന്നാക്കം നിൽക്കുന്ന ജനവിഭാഗത്തെ മുന്നോട്ട്‌ കൊണ്ടുവരാനുള്ള പദ്ധതികൾ വേണം.

നല്ല മാതൃകമന്നാക്കുടി

:പെരിയാർ കടുവാസങ്കേതത്തിലെ മന്നാക്കുടി വികസനകാര്യത്തിൽ നല്ലൊരു മാതൃകയാണ്.

വനംവകുപ്പിന്റെ സഹായത്തോടെ ഇവിടത്തുകാർ കൃഷിചെയ്യുന്ന ജൈവകുരുമുളക് കപ്പൽകയറിപ്പോകുന്നത് ജർമനിയിലേക്കാണ്. കർഷകർക്ക് നല്ല വരുമാനം നേടിക്കൊടുക്കുന്നുണ്ട്. മറയൂർ-കാന്തല്ലൂർ മേഖലകളിലെ കർഷകരുടെ വിളകൾ വിൽക്കുന്നതിനായി വനംവകുപ്പ് സജ്ജമാക്കിയ ചില്ല ലേലവിപണിയും നല്ല മാതൃകയാണ്.

കോഴിമല ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും വിദ്യാഭ്യാസമുന്നേറ്റമുണ്ട്. എന്നാൽ, കൃത്യമായ വിദ്യാഭ്യാസം നേടി ഉയർന്നുവന്ന സമൂഹം മലയരയർതന്നെയാണ്. ഇതിൽ അവരുടെ സമുദായനേതാക്കൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്.