തൂക്കുപാലം തിളങ്ങണം-2

To advertise here,

ഉദ്ഘാടനം കഴിഞ്ഞിട്ടും മാർക്കറ്റ് തുറക്കുന്നില്ല

നെടുങ്കണ്ടം : ജില്ലയിലെ തന്നെ ഏറ്റവും വലിയ ചന്തയായിരുന്നു ആയിരുന്ന തൂക്കുപാലം മാർക്കറ്റ് കഴിഞ്ഞ അഞ്ചുവർഷമായി പ്രവർത്തന രഹിതമായിരുന്നു. തിരഞ്ഞെടുപ്പ് മുൻനിർത്തി ധൃതിപിടിച്ച് മാസങ്ങൾക്ക് മുമ്പ് ഉദ്ഘാടനം നടത്തിയെങ്കിലും ഹൈറേഞ്ചിന്റെ കുടിയേറ്റ കാലത്തോളം പഴക്കംചെന്ന ഈ മാർക്കറ്റിൽ ഇന്നും ഒരു അടിസ്ഥാന സൗകര്യങ്ങളുമില്ലാതെയാണ് വ്യാപാരികൾ കച്ചവടം നടത്തുന്നത്. ഇവിടുത്തെ കെട്ടിടങ്ങൾ കാലപ്പഴക്കംമൂലം നാശത്തിന്റെ വക്കിൽ എത്തിയതോടെയാണ് ആധുനിക മാർക്കറ്റ് സമുച്ചയം നിർമിക്കാൻ തീരുമാനിച്ചത്.

നിർമാണത്തിന്റെ ആദ്യഘട്ടമായി സെല്ലാർ ഫ്ളോറിങ് പൊതുമാർക്കറ്റ്, മീറ്റ് ഫിഷ് സ്റ്റാളുകൾ, ഗ്രൗണ്ട് ഫ്ളോറിൽ ഷോപ്പിങ് കോംപ്ലക്‌സ് എന്നിവ ഉൾപ്പെടുന്ന 8000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമാണം പൂർത്തീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഉദ്ഘാടനവും നടത്തിയത്. എന്നാൽ, തുറന്നുകൊടുത്തില്ല.

എന്നാൽ, ഇപ്പോഴും പടുത വലിച്ചുകെട്ടിയ ചെളിനിറഞ്ഞ അനാരോഗ്യകരമായ സാഹചര്യത്തിലാണ് കച്ചവടം നടക്കുന്നത്. നാട്ടുകാർക്ക് ചെളിയിൽ പുതഞ്ഞുവേണം സാധനങ്ങൾ വാങ്ങാനും. അടിയന്തരമായി മാർക്കറ്റ് സമുച്ചയം തുറന്നുനൽകുവാൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെയും കച്ചവടക്കാരുടെയും ആവശ്യം.

‘മുട്ട’രുത്, പെട്ടുപോകും

തൂക്കുപാലത്ത് എത്തുന്നവർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ മതിയായ ഒരു ശൗചാലയം പോലുമില്ല. കരുണാപുരം, നെടുങ്കണ്ടം, പാമ്പാടുംപാറ പഞ്ചായത്തുകൾ ടൗണിന്റെ വിവിധ ഇടങ്ങളിൽ ശൗചാലയങ്ങൾ നിർമിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം പ്രവർത്തനരഹിതമാണ്.

ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് തൂക്കുപാലം ടൗണിനെ ആശ്രയിക്കുന്നത്. പ്രത്യേകിച്ച് ജില്ലയിലെ തന്നെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ രാമക്കൽമേട്ടിലേക്ക് എത്തുന്ന സഞ്ചാരികൾ തൂക്കുപാലം ടൗണിൽ എത്തിയ ശേഷമാണ് വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പോകുന്നത്.

മണിക്കൂറുകളോളം യാത്രചെയ്ത് എത്തുന്ന സഞ്ചാരികൾക്ക് ഒന്ന് ശൗചാലത്തിൽ പോകാനുള്ള സൗകര്യം പോലും ഒരുക്കിയിട്ടില്ല. മാർക്കറ്റിനോട് ചോർന്ന് നിർമിച്ചിട്ടുള്ള വഴിയിടം വഴിയോര വിശ്രമ കേന്ദ്രവും ശൗചാലയവും അടഞ്ഞുതന്നെ കിടക്കുകയാണ്. വിശ്രമിക്കാനും വസ്ത്രം മാറാനുമുള്ള മുറികളും വഴിയിടം സമുച്ചയത്തിൽ ഉണ്ട്. പ്രധാനപാതയിൽനിന്ന് മാറി തൂക്കുപാലം മാർക്കറ്റിനുള്ളിലാണ് സമുച്ചയം എന്നതും ഒരു പോരായ്മയാണ്. നാട്ടുകാർക്കും വിനോദസഞ്ചരികൾക്കും ഒരുപോലെ ഉപകാരപ്പെടേണ്ട പദ്ധതി എത്രയുംവേഗം തുറന്നു പ്രവർത്തിക്കാനുള്ള നടപടികൾ ഉണ്ടാവണം.

ആരോഗ്യരംഗം വെന്റിലേറ്ററിൽ

തൂക്കുപാലത്തെ ജനസംഖ്യയിൽ 90 ശതമാനവും സാധാരണക്കാരും കാർഷകരും കർഷക തൊഴിലാളികളുമാണ്. ഇവിടെ മതിയായ ചികിത്സാ സൗകര്യങ്ങളില്ല എന്ന മുറവിളിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അഞ്ചിലധികം സ്വകാര്യ ആശുപത്രികൾ ടൗണിലും പരിസരത്തും ഉണ്ടെങ്കിലും സർക്കാർ ആശുപത്രികൾ അടുത്തെങ്ങുമില്ല.

ഉള്ളതാകട്ടെ മുണ്ടിയെരുമയിൽ സ്ഥിതിചെയ്യുന്ന കെ.പി. കോളനി കുടുംബാരോഗ്യകേന്ദ്രവും പാമ്പാടുംപാറ പ്രാഥമികാരോഗ്യകേന്ദ്രവും നെടുങ്കണ്ടം താലൂക്ക് ആശുപത്രി എന്നിവയാണ്. മുമ്പ് 1956-ൽ പ്രവർത്തനം തുടങ്ങിയത് മുതൽ കിടത്തി ചികിത്സ ഉണ്ടായിരുന്ന കെ.പി. കോളനി കുടുംബാരോഗ്യ കേന്ദ്രത്തിൽ 1991-മുതൽ കിടത്തി ചികിത്സ നിലച്ചു. ജില്ലാ ആശുപത്രിയായും ഉയർത്തിയ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും ചികിത്സാ സൗകര്യങ്ങൾ അപര്യാപ്തമാണ്. അടിയന്തര ചികിത്സയ്ക്കായി തമിഴ്‌നാട്ടിലെ തേനി മെഡിക്കൽ കോളേജിനെയും കോട്ടയം മെഡിക്കൽ കോളേജിനെയും ആശ്രയിക്കേണ്ട ദുരവസ്ഥയിലാണ് തൂക്കുപാലംകാർ.