മാനസികാരോഗ്യ പ്രശ്നത്തിലൂടെ കടന്നുപോകുന്നതിനേക്കുറിച്ച് നേരത്തേ തുറന്നുപറഞ്ഞിട്ടുള്ളയാളാണ് ഗായകൻ ഹണി സിങ്. ബൈപോളാർ ‍ഡിസോർഡർ സ്ഥിരീകരിച്ചതിനേക്കുറിച്ചും കാലങ്ങളായി ലഹരിയുൾപ്പെടെ ഉള്ളവയിൽ അ‌ടിമപ്പെട്ടതിനേക്കുറിച്ചും ഹണി സിങ് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ രോഗാവസ്ഥ മൂലം പൊതുയിടത്തിൽ നിന്ന് വർഷങ്ങളോളം താൻ വിട്ടുനിന്നതിനേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഹണി സിങ്.

To advertise here,

എബി ടാക്സ് പോഡ്‌കാസ്റ്റിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവെച്ചത്. ഷാരൂഖ് ഖാനുമൊത്തുള്ള അന്താരാഷ്ട്ര ടൂറും സംഗീത റിയാലിറ്റി ഷോയും ഉൾപ്പെടെയുള്ള തിരക്കുകൾക്കിടയിലാണ് തൻ്റെ മാനസികാരോഗ്യ പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് ഗായകൻ പറയുന്നു. മരിക്കാൻ പോവുകയാണെന്ന ചിന്തകൾ വന്നുകൊണ്ടേയിരിക്കുകയായിരുന്നു. അന്ന് ചിക്കാഗോയിലാണ്. റിഹേഴ്സലിന് പോലും തനിക്ക് പോകാനായില്ല. എന്താണ് കാര്യമെന്ന് ചോദിച്ച് ഷാരൂഖ് വിളിച്ചപ്പോൾ കുഴപ്പമില്ലെന്നും സ്റ്റേജിൽ കാണാമെന്നുമാണ് താൻ മറുപടി പറഞ്ഞതെന്ന് ഹണി സിങ് പറയുന്നു.

തനിക്ക് എന്തെങ്കിലും സംഭവിക്കുമെന്ന് വിശ്വസിച്ച് പരിപാടി ഒഴിവാക്കാൻ ശ്രമിക്കുന്ന അത്രയും ഭയം വർധിക്കുകയുണ്ടായെന്നും ഹണി സിങ് പറയുന്നു. സ്റ്റേജിൽ വെച്ച് മരിക്കുമെന്നും എങ്ങനെ ഇത് ഒഴിവാക്കാമെന്നും ചിന്തിച്ചു. പിന്നീട് സഹോദരിയെ വിളിക്കുകയും തനിക്ക് എന്തോ സംഭവിക്കുന്നുണ്ടെന്ന് പറയുകയും ചെയ്തുവെന്നും അദ്ദേഹം പറയുന്നു. ഷോ ചെയ്യുന്നത് നിർത്തരുതെന്ന് സഹോദരി പറഞ്ഞു. എന്നാൽ രണ്ട് പാട്ടുകൾ പാടിയ ശേഷം താൻ പാതിവഴിയിൽ ഇറങ്ങി. അതിനുശേഷം ഏഴ് വർഷത്തോളം വീട്ടിൽ അടച്ചിരുന്നുവെന്നും ആ അവസ്ഥയിൽ തന്നെ ആരാധകർ കാണരുതെന്ന് ഉള്ളതിനാൽ സ്വയം പൂട്ടിയിട്ടുവെന്നും ഹണി സിങ് പറയുന്നു. കുട്ടിക്കാലത്തെ സുഹൃത്തുക്കളെ പോലും ആ സമയത്ത് കണ്ടില്ല. ഫോൺ കോളുകളോ, ടി.വി.യോ, ഇന്റർനെറ്റോ ഇല്ലാതെ കഴിച്ചുകൂട്ടിയ സമയമാണ് അതെന്നും അദ്ദേഹം പറയുന്നു.

സ്വന്തം വീട്ടുകാരോടുപോലും അകന്നുകഴിയുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. മൂന്ന് വർഷത്തോളം എൻ്റെ കിടപ്പുമുറിയിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല. കുളിക്കുമ്പോൾ പോലും ബാത്ത്റൂം ഡോർ തുറന്നിടുമായിരുന്നു, കാരണം മരിക്കുമോ എന്ന് ഭയമായിരുന്നു. ബൈപോളാർ ഡിസോർഡർ യഥാർഥമല്ലാത്ത വിനാശകരമായ ചിന്തകളിലേക്ക് നിങ്ങളെ കൊണ്ടുപോകും, പക്ഷെ അവ യഥാർത്ഥത്തിൽ സംഭവിക്കുന്നതായി നിങ്ങളെ തോന്നിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു.

2018 ലും 2019 ലും താൻ മരിച്ചുപോയി എന്ന് സ്വയം വിശ്വസിച്ചിരുന്നുവെന്നും ഹണി സിങ് പറയുന്നു. മരിച്ചുപോയെന്നും സ്വർഗ്ഗത്തിനും നരകത്തിനും ഇടയിൽ എവിടെയോ കുടുങ്ങിപ്പോയെന്നും വിചാരിച്ച് അവിടെ ഇരുന്നു. അമ്മ ഭക്ഷണം തരുമ്പോൾ, അതായിരുന്നു അവസാനത്തെ ഭക്ഷണം എന്ന് കരുതി.

ചികിത്സാകാലത്തേക്കുറിച്ചും ഹണി സിങ് പങ്കുവെക്കുന്നുണ്ട്. ഏഴ് വർഷത്തോളം ഒരേ മരുന്ന് കഴിച്ചു, എന്നിട്ടും ഞാൻ സുഖപ്പെട്ടില്ല. പക്ഷെ ഒടുവിൽ എൻ്റെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ തീരുമാനിച്ചപ്പോൾ, ഞാൻ എൻ്റെ ഡോക്ടറെയും മാറ്റി. അദ്ദേഹം ചില മരുന്നുകൾ മാറ്റി, പുതിയവ അവതരിപ്പിച്ചു. നാല് ആഴ്ചകൾക്കുള്ളിൽ ഞാൻ സുഖപ്പെടാൻ തുടങ്ങി. വെറും നാല് ആഴ്ചകൾക്കുള്ളിൽ ഞാൻ ആളുകളെ കാണാനും ജീവിതത്തെ വീണ്ടും അഭിമുഖീകരിക്കാനും തുടങ്ങി."- ഹണി സിങ് പറയുന്നു.

ലഹരി ഉപയോഗം നിർത്തിയതിന് ശേഷവും അതിൻ്റെ സ്വാധീനം തന്റെ ശരീരത്തിൽ‌ നീണ്ടുനിന്നതായി ഹണി സിങ് പറഞ്ഞു. 2014 ൽ ലഹരി ഉപയോഗം നിർത്തിയതിന് ശേഷവും, ആരോഗ്യം വീണ്ടെടുക്കാൻ ഏഴ് മുതൽ എട്ട് വർഷമെടുത്തു. അത് തൻ്റെ ജീവിതത്തിലെ വളരെ കഠിനമായ ഘട്ടമായിരുന്നുവെന്നും ഒടുവിൽ അതിജീവിച്ചുവെന്നും ഹണി സിംഗ് പറയുന്നു.

2012-ൽ ദേസി കലാകാർ എന്ന പാട്ട് പുറത്തിറങ്ങിയതിനു പിന്നാലെയാണ് ബൈപോളാർ ഡിസോർഡർ സ്ഥിരീകരിക്കുന്നതെന്ന് ഹണി സിങ് നേരത്തേ പറഞ്ഞിട്ടുണ്ട്. ലഹരി വസ്തുക്കളിലും താൻ അടിമയായിരുന്നു. 2017-ൽ ലഹരിയുടെ ഉപയോഗം പാടെ നിർത്താനും ഡോക്ടർമാർക്കും തെറാപ്പിസ്റ്റുകൾക്കുമൊപ്പം ചേർന്ന് ജീവിതത്തിലേക്ക് തിരികെവരാനും ശ്രമിച്ചു. മദ്യത്തിലും മയക്കുമരുന്നിലും മുങ്ങിയിരുന്ന സമയമായിരുന്നു അതെന്നാണ് ഹണി സിങ് പറഞ്ഞത്. സംഗീതലോകത്തുനിന്നും അതോടെ പിൻവാങ്ങിയ താൻ വീണ്ടും തിരികെയെത്തുന്നത് 2023-ലാണെന്നും ഹണി സിങ് പറഞ്ഞിട്ടുണ്ട്.

ബൈപോളാർ ഡിസോർഡ‍ർ

ബൈപോളാറുള്ള വ്യക്തികൾക്ക് പൊതുവെ മാനിയ (ഉന്മാദരോഗാവസ്ഥ), ഡിപ്രഷൻ (വിഷാദരോഗം) എന്നീ രണ്ട് അവസ്ഥകളാണുണ്ടാവുക. ഉന്മാദരോഗാവസ്ഥയുടെ സമയത്ത് വ്യക്തിക്ക് അത്യധികമായ സന്തോഷവും വളരെ എനർജിയുമാണുണ്ടാവുക. ഇത് ആഴ്ചകൾ നീണ്ടുനിൽക്കാം. നിർത്താതെയുള്ള സംസാരം, അനാവശ്യ കാര്യങ്ങൾക്കായി പണം ചെലവാക്കൽ, ഒരേ സമയത്ത് കൂടുതൽ കാര്യങ്ങൾ ചെയ്യുന്നത് പോലുള്ള പ്രവൃത്തികൾ തുടങ്ങി വളരെ ആക്ടീവായിരിക്കും ഈസമയത്ത്. എന്തിനേറെ രാത്രി ഉറക്കം പോലും നഷ്ടപ്പെടുന്ന തരത്തിലാവും ഇവരുടെ മാനസിക ഊർജം. നോർമലായി ഇരിക്കുന്ന സമയത്ത് സംസാരിക്കാനും തുറന്നു പറയാനും മടിക്കുന്ന പല കാര്യങ്ങളെപ്പറ്റിയും ഇവർ വാചാലരാകും. ചിലർക്ക് മാനിയ ഘട്ടം വളരെ ദേഷ്യം വരുന്നതാണ്. അത്യധികം ദേഷ്യത്തോടെ ചുറ്റുമുള്ളവരോട് പെരുമാറുന്നതും കാണാം.

ഇതിനു നേരെമറിച്ചാണ് വിഷാദാവസ്ഥ അല്ലെങ്കിൽ ലോ ഫെയ്സ്. എന്തിനാണ് സങ്കടപ്പെടുന്നതെന്ന് പോലും ഇവർക്ക് മനസിലാകണമെന്നില്ല. ഈ ഘട്ടവും മാസങ്ങളോ അല്ലെങ്കിൽ ആഴ്ചകളോ നീണ്ടു നിൽക്കാം. കാരണമില്ലാതെ എപ്പോഴും കരയുന്നതും ഇതിന്റെ ഭാഗമാണ്. പണ്ട് ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്നതും സന്തോഷം കണ്ടെത്തിയിരുന്നതുമായ കാര്യങ്ങൾ പഴയത് പോലെ ആസ്വദിക്കാൻ തോന്നുകയില്ല. വളരെ പെട്ടെന്ന് ക്ഷീണിച്ച് എപ്പോഴും ഉറങ്ങണമെന്ന ചിന്ത മടിയെന്ന കുഴിയിൽ തള്ളിയിടും. അല്ലെങ്കിൽ ഉറക്കം ഇല്ലാത്ത അവസ്ഥയുമുണ്ടാകാം. ദൈനംദിന പ്രവൃത്തികളിൽ പോലും ശ്രദ്ധ ചെലുത്താതെ ആത്മവിശ്വാസം നഷ്ടപ്പെട്ട് ആത്മഹത്യാചിന്ത വരെയുണ്ടാകാം.