ന്റെ അഞ്ചുവയസ്സുകാരൻ അനന്തരവൻ അഭി കഴിഞ്ഞയാഴ്ച എനിക്കൊപ്പമുണ്ടായിരുന്നു. കിന്റർഗാർട്ടനിലെ യു.കെ.ജി. വിദ്യാർഥി. രാവിലെ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനുള്ള അവന്റെ സന്തോഷത്തോടെയുള്ള പോക്കു കണ്ടപ്പോൾ വല്ലാത്ത അദ്ഭുതമാണ് തോന്നിയത്. സ്കൂളും പഠനവുമെല്ലാം ഒരൊറ്റവർഷം കൊണ്ട് മാറിമറിഞ്ഞെങ്കിലും അധ്യാപകരെയും കൂട്ടുകാരെയും കാണാൻ കിട്ടുന്ന ആ സമയത്തെ അവൻ കാത്തിരിക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷവും. എന്നാൽ, ഇപ്പോഴും കോവിഡ് മഹാമാരിയുടെ ഗൗരവവും അത് സൃഷ്ടിച്ചെടുത്ത പുതിയ ലോകക്രമവുമെന്തെന്ന് ചില രക്ഷിതാക്കളും അധ്യാപകരും മനസ്സിലാക്കിയിട്ടില്ലെന്നതിനെക്കുറിച്ചുള്ള പൊരിഞ്ഞ ചർച്ചകളിൽ ഞാനും അഭിയുടെ അമ്മയും മുഴുകിയിരിക്കേ ഒറ്റദിവസം അഭിയുടെ ഓൺലൈൻ ക്ലാസ് കണ്ടിരുന്നാൽ എനിക്കുണ്ടാകാൻ പോകുന്ന ഞെട്ടലിനെക്കുറിച്ച് അവളൊരു സൂചന തന്നു.

ഈ ഭാരം അവരെങ്ങനെ താങ്ങും

എന്റെ മകന്റെ ഓൺലൈൻ ക്ലാസുകളിൽ ഒരിക്കൽപ്പോലും ഞാൻ ഇടപെടുകയോ അവന്റെ മുറിയിലേക്ക് പാളിനോക്കുകയോ ചെയ്തിട്ടില്ല. സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാനായെന്ന് വിശ്വാസം വന്ന അന്നുമുതൽ (ഏതാണ്ട് മൂന്നുകൊല്ലം മുമ്പ്‌), താൻ ആവശ്യപ്പെടാത്തപക്ഷം അവന്റെ കാര്യങ്ങൾ മാതാപിതാക്കളുടെ സഹായം വേണ്ടായെന്ന ഉറച്ച തീരുമാനം എന്റെ പതിനഞ്ചുകാരനായ പുത്രനെടുത്തിരുന്നു. എന്തായാലും അഭിയുടെ ആവേശം കണ്ടതോടെ അവന്റെ ഓൺലൈൻ ക്ലാസൊന്നു കാണാൻ തോന്നി. അനുവാദം ചോദിച്ച് കൂടെയിരുന്നു. അധ്യാപകരോടും കൂട്ടുകാരോടും അവൻ സംസാരിക്കുന്നതും നിറഞ്ഞു ചിരിക്കുന്നതും ആശ്ചര്യത്തോടെ കണ്ടുനിന്നു. ഒരു ചെറിയ ആമുഖത്തിനുശേഷം അധ്യാപിക പാഠത്തിലേക്കു കടന്നു. ഇംഗ്ലീഷിൽ ‘എ’, ‘ആൻ’ എന്നീ ആർട്ടിക്കിളുകൾ എങ്ങനെ ഉപയോഗിക്കണമെന്നും വാക്കിന്റെ ആദ്യത്തെ അക്ഷരത്തിന്റെ ഉച്ചാരണവുമായി അതെങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളതുമായിരുന്നു അന്നത്തെ ക്ലാസ്! കെ.ജി.-2 ക്ലാസാണോ ഹയർ സെക്കൻഡറിയാണോ, ഹൈസ്കൂൾ ക്ലാസാണോ ഞാൻ കണ്ടുനിൽക്കുന്നത് എന്നൊരു സംശയം പെട്ടെന്ന് ഉള്ളിലൂടെ പാഞ്ഞു. ആ ഞെട്ടലിൽനിന്ന് പുറത്തുവരുന്നതിനുമുന്നേ അഭിയുടെ വർക്ക്ബുക്ക് അവന്റെ അമ്മ എനിക്കുനേരെ നീട്ടിയിട്ട് അതൊന്നു തുറന്നുനോക്കാൻ പറഞ്ഞു. വീണ്ടും ഞെട്ടൽ. നമ്മുടെ രാജ്യത്തെ സ്വകാര്യ സ്കൂളുകളിലെ ഒരു കെ.ജി. വിദ്യാർഥിക്കുള്ള അക്കാദമിക സമ്മർദമെത്രയെന്നതിന്റെ ഉത്തമോദാഹരണമായിരുന്നു അവന്റെ വർക്ക് ബുക്ക് (ഹൈസ്കൂൾ ക്ലാസിലെ സ്ഥിതിയും വ്യത്യസ്തമല്ല). ആർഗ്യൂ, കണ്ടിന്യൂ, ബാർബിക്യൂ പോലെയുള്ള വാക്കുകളെല്ലാം പഠിക്കുകയും എഴുതുകയും അവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുകയും ഒക്കെ വേണം ആ അഞ്ചുവയസ്സുകാരൻ.

അക്കാദമിക സമ്മർദമല്ല, വേണ്ടത് സാമൂഹിക നൈപുണി

സമപ്രായക്കാരോടൊപ്പം ചേർന്ന് അവനവന്റെ കഴിവിനനുസരിച്ച് ഭാഷാപരമായ അടിസ്ഥാനവും സ്വയംപര്യാപ്തതയും സാമൂഹികമായ കഴിവുകളും നേടിയെടുക്കേണ്ട മൂന്നുമുതൽ ആറുവയസ്സുവരെയുള്ള പ്രായത്തിലാണ് കുട്ടികൾ കിന്റർഗാർട്ടനിലെത്തുന്നത്. പ്രീ-സ്കൂളിൽ വളർത്തിയെടുക്കേണ്ട കഴിവുകളുടെ പട്ടികയിലാണ് ഏറ്റവും പ്രാധാന്യം കുറഞ്ഞതെന്നാണ് പ്രീ-അക്കാദമിക് വിദ്യാഭ്യാസത്തെ 2000-ത്തിൽ യുനെസ്കോ പ്രസിദ്ധീകരിച്ച ഏർളി ചൈൽഡ്ഹുഡ് എജ്യുക്കേഷൻ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുള്ളത്. ഇനി മറ്റൊരു ബന്ധുവിനെക്കുറിച്ചു പറയാം. ബിരുദാനന്ത ബിരുദ വിദ്യാർഥിയായ അവൾ എനിക്കൊപ്പമാണ് താമസിച്ചു പഠിക്കുന്നത്. അഭി ഇന്നു പഠിക്കുന്ന ഈ വാക്കുകൾ നീ എന്നാണ് പഠിച്ചതെന്നോർമയുണ്ടോയെന്ന് അവളോടു ചോദിച്ചുനോക്കി. ഒരു കൗതുകം. ‘രണ്ടിലോ മൂന്നിലോ പഠിക്കുമ്പോഴെന്നാണ് ഓർമ’ എന്നായിരുന്നു അവളുടെ ഉത്തരം.

ഇക്കാലംകൊണ്ട്, കുട്ടികളുടെ സാമൂഹിക-അതിജീവന നൈപുണിയോടുള്ള ഈ അവഗണന എങ്ങനെ, എന്നുമുതൽ തുടങ്ങി? ഇത്രയും ചെറുപ്പത്തിൽത്തന്നെ കുട്ടികളിൽ അക്കാദമിക സമ്മർദത്തിന്റെ അമിതഭാരം അടിച്ചേൽപ്പിക്കാൻ തുടങ്ങിയതെന്തുകൊണ്ടാണ്. പ്രായത്തിനനുസരിച്ചുള്ള ശേഷിക്കുമപ്പുറം, അക്കാദമികരംഗത്ത് മുന്നേറാൻ സ്കൂൾ മാനേജ്മെന്റിനൊപ്പം ചേർന്ന് മാതാപിതാക്കളും കുട്ടികളിൽ സമ്മർദം ചെലുത്തുന്നതിനെക്കുറിച്ചായി പിന്നീട് ഞങ്ങളുടെ ചർച്ച. നഴ്സറി സ്കൂളും പ്രാഥമിക സ്കൂൾ വിദ്യാഭ്യാസവും ഒരു കുട്ടിയുടെ ജീവിതത്തിന്റെ അടിത്തറ പാകുന്ന വർഷങ്ങളാണെന്ന ബോധ്യമുണ്ടാകണം. അവൻ കടന്നുപോകുന്ന അനുഭവങ്ങൾ, സ്വയം കാര്യങ്ങൾ ചെയ്യാനുള്ള സാഹചര്യങ്ങൾ, അനുഭവങ്ങളിൽനിന്നും നേടിയെടുക്കുന്ന പാഠങ്ങൾ, ഒരു കുട്ടിയിൽ അറിവും ഉത്തരവാദിത്വവും ഊട്ടിയുറപ്പിക്കുന്നത്‌ മേൽപ്പറഞ്ഞ ഘടകങ്ങളാണ്. ഇവിടെയാണ് കേരളത്തിലെ അങ്കണവാടിസംവിധാനം പ്രത്യേക പരാമർശവും പ്രശംസയുമർഹിക്കുന്നത്. പ്രകൃതിയെ, പരിസ്ഥിതിയെ അറിഞ്ഞുകൊണ്ടുള്ള അവരുടെ പഠനരീതിയിലൂടെ കുട്ടിക്ക് അവന്റെ അല്ലെങ്കിൽ അവളുടെ ചുറ്റുപാടിനെക്കുറിച്ചും നാം ജീവിക്കുന്ന ആവാസരീതിയെക്കുറിച്ചുമുള്ള ബോധ്യമുണ്ടാകുന്നു. സഹാനുഭൂതിയുടെയും കരുണയുടെയും ആദ്യപാഠം കുഞ്ഞുങ്ങളിൽ പകരാൻ അങ്കണവാടികൾ സഹായിക്കുന്നതിങ്ങനെയാണ്.

മാറേണ്ടതുണ്ട് രക്ഷിതാക്കൾ

കുട്ടികൾക്ക് എഴുതാനും വായിക്കാനും ഒരുപാട് ഗൃഹപാഠം നൽകണമെന്ന് അധ്യാപകർക്കുമേൽ സമ്മർദം ചെലുത്തുന്നതും അക്കാദമിക തലത്തിൽ കുട്ടികളെ മുന്നിലെത്തിക്കാനുള്ള അനാരോഗ്യകരമായ മത്സരത്തിനു തുടക്കമിടുന്നതും രക്ഷിതാക്കൾ തന്നെയാണ്. ആ സമ്മർദം അങ്ങനെത്തന്നെ കുട്ടികളിലേക്ക് കൈമാറപ്പെടുന്നു. അയൽവീട്ടിലുള്ള കുട്ടിയെക്കാൾ കൂടുതൽ മാർക്ക് എന്റെ കുട്ടിക്കാണെന്ന് പറയുമ്പോഴാണ് ഇന്നത്തെ രക്ഷിതാക്കൾക്ക് ഏറ്റവും സംതൃപ്തിയുണ്ടാകുന്നത്. അതിനായി ഏതറ്റംവരെ പോകാനും അവർ തയ്യാറാണ്. കാണാപ്പാഠം പഠിച്ചും ട്യൂഷൻ ക്ലാസുകൾ മാറിമാറിപ്പോയും ഏറ്റവും കൂടിയ മാർക്ക് വാങ്ങിയേ പറ്റൂവെന്ന സമ്മർദം കുഞ്ഞുങ്ങളുടെ തലയിൽകെട്ടിവെക്കുന്നു. അക്കാദമിക സമ്മർദം ഇങ്ങനെയേറി വരുമ്പോൾ ബാധിക്കപ്പെടുന്നത് അവരുടെ ആശയപരമായ വികാസത്തെയാണ്.

മാതാപിതാക്കളുടെ ഒരിക്കലും തീരാത്ത ആവശ്യങ്ങളും നിർബന്ധങ്ങളും അധ്യാപകരിൽനിന്നുള്ള സമ്മർദവും കാരണം ഓർമിച്ചുവെക്കാനുള്ളതൊന്നും ഇന്നത്തെ പഠനരീതിയിൽ നിന്നവർക്ക് കിട്ടുന്നതേയില്ല. പണമെന്ന ഒറ്റ ലക്ഷ്യത്തിലൂന്നിയാണ് ഈ സംവിധാനങ്ങളുടെ മുഴുവൻ പോക്ക്. അറിവിനോ നൈപുണീവികസനത്തിനോ ഒരു സ്ഥാനവുമില്ല.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കുട്ടികളിലെ വിഷാദരോഗത്തെയും ആത്മഹത്യാപ്രവണതയിലും മേൽസൂചിപ്പിച്ച കാരണങ്ങൾ പ്രധാന പങ്കുവഹിക്കുന്നുവെന്ന് അവയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പരിശോധിച്ചാൽ മനസ്സിലാകും. ഒരു കുട്ടി തന്നെക്കുറിച്ചു ചിന്തിച്ചു തുടങ്ങുന്നതിനുമുമ്പേതന്നെ, അക്കാദമികമായി മുന്നേറാനുള്ള സമ്മർദം അവരുടെ തലയ്ക്കുമേൽ കെട്ടിത്തൂക്കിയിട്ടുണ്ടാകും.

അച്ഛന്റെയും അമ്മയുടെയും സ്വപ്നംമുതൽ കൂട്ടുകാരെക്കാൾ കൂടുതൽ മാർക്കു വാങ്ങണമെന്ന ശാഠ്യംവരെ കാരണങ്ങളായി നിരത്തപ്പെടും. അനാരോഗ്യകരമായ മത്സരത്തിന്റെ ആധാരശില നാട്ടപ്പെടുന്നത് ഇവിടെ വെച്ചാണ്.

പ്രോത്സാഹിപ്പിക്കപ്പെടേണ്ടവർ

അവരുടെ സ്വപ്നം, താത്പര്യം, കഴിവ്, എല്ലാത്തിലുമുപരി ആശയപരമായ കുട്ടിയുടെ ശേഷി തുടങ്ങിയതെല്ലാം അവഗണിക്കപ്പെടുകയും നിഷേധിക്കപ്പെടുകയും ചെയ്യും. വ്യക്തിയുടെ സാമൂഹിക-മാനസിക-വൈകാരികാരോഗ്യം വലിയ പ്രാധാന്യമർഹിക്കുന്നുണ്ടെന്ന് ഈ കോവിഡ് കാലത്തുപോലും നാം അംഗീകരിക്കാൻ തയ്യാറായിട്ടില്ല. ജീവിതത്തിന്റെ തുടക്കത്തിൽത്തന്നെ നിർഭാഗ്യവശാൽ നമ്മുടെ കുട്ടികൾക്കു പഠിക്കേണ്ടിവരുന്നത് ഈ വൃത്തികെട്ട മത്സരമാണ്. അതിൽനിന്നു മാറിനടക്കാനുള്ള ബോധം നമുക്കുണ്ടാകാൻ ഇനിയുമൊരു ദുരന്തമുണ്ടാകാതിരിക്കട്ടേയെന്ന് പ്രത്യാശിക്കാം. എന്നാൽ, ഇതിൽനിന്നെല്ലാം വ്യത്യസ്തമായി, സ്നേഹവും കരുതലും മാർഗനിർദേശവും നൽകി കുഞ്ഞുങ്ങളെ ചേർത്തുപിടിച്ചു നയിക്കുന്ന ഏതാനും സ്കൂളുകളും മാതാപിതാക്കളും അധ്യാപകരും ഇപ്പോഴും ബാക്കിയുണ്ട്. പഠനത്തിന്റെയും നൈപുണീവികസനത്തിന്റെയും മാസ്മരികതയാൽ കുഞ്ഞുങ്ങളെ വളർത്തിയെടുക്കാനും അവരിൽ ആശയങ്ങൾ നിറയ്ക്കാനും ഈ അപൂർവവംശത്തെ നാം പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരിക്കണം.

(സാമൂഹികവൈകാരിക പഠനമേഖലയിൽ പ്രവർത്തിക്കുന്ന Zocio എന്ന സംഘടനയുടെ സ്ഥാപകയാണ്‌ ലേഖിക) 

Content Highlights: Helping Children Deal with Stress