ന്യൂഡൽഹി: ചൈന, അമേരിക്ക തുടങ്ങിയ ലോകത്തെ പലരാജ്യങ്ങളിലും കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ ഇന്ത്യയിലും ജാ​ഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർ‌ക്കാരുകൾ ഇതുസംബന്ധിച്ച മുൻകരുതലുകളെക്കുറിച്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു. നിലവിൽ കോവിഡ് കേസുകളിൽ അധികം വർധനവില്ലെന്നും എങ്കിലും ഏതുസാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നുമാണ് സർക്കാർ വ്യക്തമാക്കിയത്. എന്നാൽ ഈ സാഹചര്യത്തിൽ രോ​ഗം സംബന്ധിച്ച വ്യാജസന്ദേശങ്ങൾ കൈമാറുന്നവരുമുണ്ട്. അത്തരത്തിലൊരു വൈറൽ സന്ദേശത്തിന് വ്യക്തത വരുത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. 

To advertise here,

ഒമിക്രോൺ വകഭേദമായ XBB അഞ്ചുമടങ്ങ് വ്യാപനശേഷിയുള്ളതും മരണനിരക്ക് കൂട്ടുന്നതും ഡെൽറ്റയേക്കാൾ അപകടകാരിയാണ് എന്നതുമായിരുന്നു വൈറലായ സന്ദേശം. മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് ഈ വകഭേദത്തിന്റെ ലക്ഷണങ്ങൾ കടുത്തതായിരിക്കും എന്നും പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാൽ‌ ഈ വാട്സാപ് സന്ദേശം തെറ്റാണെന്നും ജനങ്ങൾ വിശ്വസിക്കരുതെന്നും വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര ആരോ​ഗ്യ വകുപ്പ്. 

വൈറലാകുന്ന സന്ദേശത്തിന്റെ ഫോട്ടോസഹിതമാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ സന്ദേശം ചില വാട്സാപ്പ് ​ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ടെന്നും വ്യാജമാണെന്നുമാണ് ട്വീറ്റ് ചെയ്തത്.

XBB വകഭേദത്തെക്കുറിച്ച്

ലോകാരോ​ഗ്യസംഘടനയുടെ റിപ്പോർട്ട് പ്രകാരം BA.2.10.1 , BA.2.75 എന്നീ വകഭേദങ്ങൾ പുനഃസംയോജിച്ചുണ്ടായ വകഭേദമാണിത്. മറ്റെല്ലാ ഒമിക്രോൺ വകഭേദങ്ങൾക്കും സമാനമായ ലക്ഷണങ്ങളാണ് ഇതിലും കാണപ്പെടുന്നത്. പനി, ചുമ, ജലദോഷം, ശരീരവേദന തുടങ്ങിയവയാണ് പ്രകടമായി കാണപ്പെടുന്ന ലക്ഷണങ്ങൾ.