കഴിഞ്ഞദിവസമാണ് കർണാടക സർക്കാർ കൃത്രിമനിറങ്ങള്‍ ചേര്‍ത്ത പഞ്ഞിമിഠായിയും ഗോബി മഞ്ചൂരിയനും സംസ്ഥാനത്ത് നിരോധിച്ച വാർത്ത പുറത്തുവിട്ടത്. ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന കൃത്രിമ നിറങ്ങളായ റൊഡാമിന്‍-ബി, ടാര്‍ട്രാസിന്‍ പോലെയുള്ളവ ചേര്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക ആരോഗ്യ മന്ത്രാലയം വില്‍പന നിരോധിച്ചത്. ആരോഗ്യമന്ത്രാലയം നടത്തിയ പരിശോധനയില്‍ പഞ്ഞിമിഠായിയിലും ഗോബി മഞ്ചൂരിയനിലും 107-ഓളം കൃത്രിമ നിറങ്ങള്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തു. 

To advertise here,

ആരെങ്കിലും ഈ ഭക്ഷ്യവസ്തുക്കള്‍ വില്‍പന നടത്തിയാല്‍ ഏഴു വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും റസ്റ്ററന്റുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പ്രകൃതിദത്തമായ വെള്ള പഞ്ഞിമിഠായി വില്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തമിഴ്‌നാടും   പുതുച്ചേരിയും പഞ്ഞിമിഠായി നിരോധിച്ചിരുന്നു. അര്‍ബുദത്തിന് കാരണമാകുന്ന, വസ്ത്രങ്ങള്‍ക്ക് നിറം നല്‍കാന്‍ ഉപയോഗിക്കുന്ന റൊഡാമിന്‍-ബിയാണ് പഞ്ഞിമിഠായിക്ക് നിറം നല്‍കാന്‍ ഉപയോഗിക്കുന്നതെന്ന് ഗിണ്ടിയിലെ സര്‍ക്കാര്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതിനേത്തുടർന്നാണിത്. ഈ സാഹചര്യത്തിൽ റൊഡാമിൻ-ബി എന്ന അപകടകാരിയായ വസ്തുവിനേക്കുറിച്ച് കൂടുതൽ പരിശോധിക്കാം. 

എന്താണ് റൊഡാമിൻ-ബി?

പിങ്ക്, ചുവപ്പ് തുടങ്ങിയ നിറം നൽകുന്ന പദാർഥമാണ് റൊഡാമിൻ-ബി. പൊടിരൂപത്തിലുള്ള ഇതിന് പച്ചനിറമാണെങ്കിലും വെള്ളവുമായി കൂടിച്ചേരുമ്പോൾ പിങ്ക്, മഞ്ഞ, നീലകലർന്ന ചുവപ്പ് തുടങ്ങിയ നിറങ്ങളിലും പ്രകടമാകും. അപകടകാരിയായ ഇത് മനുഷ്യശരീരത്തെ മാത്രമല്ല മൃ​ഗങ്ങളേയും സസ്യങ്ങളേയുമൊക്കെ ഹാനികരമായി ബാധിക്കും. പട്ട്, ജൂട്ട്, ലെതർ, കോട്ടൺ, കമ്പിളി തുടങ്ങിയവയ്ക്ക് നിറം നൽകാൻ ഉപയോ​ഗിക്കാറുണ്ട്. സൗന്ദര്യവർധക മേഖലയിലും റൊഡാമിൻ-ബി ഉപയോ​ഗിച്ചുവരുന്നുണ്ട്. 

ശരീരത്തിന് ദോഷകരമാണ് റൊഡാമിൻ-ബി എന്നു കണ്ടെത്തിയതിനേത്തുടർന്നാണ് ഭക്ഷ്യമേഖലയിൽ ഇവയുടെ ഉപയോ​ഗത്തിന് വിലക്ക് വന്നത്. റൊഡാമിൻ-ബി ശരീരത്തിൽ പ്രവേശിച്ചാൽ കോശങ്ങൾക്കും കലകൾക്കും കേടുപാടുകൾ വരുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. പ്രത്യേകിച്ച് തലച്ചോറിനെ സുഷുമ്നാ നാഡിയുമായി ബന്ധിപ്പിക്കുന്ന ഭാ​ഗത്തെ കോശങ്ങൾക്കാണ് കൂടുതൽ നാശമുണ്ടാകുന്നത്. 

ദീർഘനാളായി ഭക്ഷ്യവസ്തുക്കളിൽ ഇവ ഉപയോ​ഗിക്കുന്നത് കരളിന്റെ പ്രവർത്തനം തകരാറിലാകാനും അർബുദത്തിനും കാരണമാകുമെന്ന് യു.എസ്. നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ വ്യക്തമാക്കുന്നുണ്ട്. ചെറിയ കാലത്തിനുള്ളിൽ ഇവ കൂടുതലായി ഉപയോ​ഗിക്കുന്നത് കൂടുതൽ ​ഗുരുതരമായ ആരോ​ഗ്യ പ്രത്യാഘാതങ്ങൾക്കും ഇടയാക്കും. ചർമം, കണ്ണ്, ശ്വാസകോശം തുടങ്ങിയവയ്ക്കും ഇവയുടെ ഉപയോ​ഗം തകരാറുണ്ടാക്കും. 

പഞ്ഞിമിഠായിക്കും ​ഗോപി മഞ്ചൂരിയനും പുറമേ ചിലയിനം മധുരപലഹാരങ്ങൾ, മുളകുപൊടി, കറിപൗഡറുകൾ, സോസുകൾ, മധുരക്കിഴങ്ങ് തുടങ്ങിയവയിലൊക്കെ റൊഡാമിൻ-ബിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണപദാർഥങ്ങൾക്ക് ചുവപ്പ്, പിങ്ക് തുടങ്ങിയ നിറങ്ങൾ നൽകുന്നു എന്നതുകൊണ്ടാണ് പലയിടങ്ങളിലും ഇതുപയോ​ഗിച്ചുവന്നത്. 2006-ലെ ഭക്ഷ്യ സുരക്ഷാ നിയമം റൊഡാമിന്റെ ഉപയോഗം വിലക്കുന്നുണ്ട്. നിയമപ്രകാരം ഭക്ഷ്യവസ്തുക്കളില്‍ റൊഡാമിന്‍ ബി ചേര്‍ക്കുന്നതും പാക്ക് ചെയ്യുന്നതും ഇറക്കുമതി ചെയ്യുന്നതും വില്‍ക്കുന്നതും ശിക്ഷാര്‍ഹമാണ്.