പുതുച്ചേരിയിൽ പഞ്ഞിമിഠായിയുടെ വിൽപന നിരോധിച്ചു. പഞ്ഞിമിഠായി നിർമാണത്തിൽ വിഷകരമായ രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന ഭക്ഷ്യസുരക്ഷാവകുപ്പിന്റെ കണ്ടെത്തലിന് തൊട്ടുപിന്നാലെയാണ് പുതിയ നടപടി. വീഡിയോയിലൂടെ പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറായ തമിളിസൈ സൗന്ദരരാജനാണ് ഇക്കാര്യം അറിയിച്ചത്.
തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഗവർണർ പഞ്ഞിമിഠായി നിരോധനത്തേക്കുറിച്ച് പങ്കുവെച്ചത്. ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന കെമിക്കലുകൾ അടങ്ങിയിട്ടുള്ളതിനാലാണ് നിരോധനമെന്നും ഗവർണർ അറിയിച്ചു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ പഞ്ഞിമിഠായിയിൽ റോഡമൈൻ-ബി എന്ന ടോക്സിക്ക് കെമിക്കലിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു,
പഞ്ഞിമിഠായി വിൽക്കുന്ന കടകളിലെല്ലാം പരിശോധന നടത്താനും തീരുമാനമായി. ടോക്സിക് കെമിക്കലിന്റെ സാന്നിധ്യം കണ്ടെത്തിയാൽ കടകൾ പൂട്ടണമെന്നും നിർദേശമുണ്ട്. നിറങ്ങൾ അമിതമായ അളവിൽ ചേർത്ത ഭക്ഷ്യവസ്തുക്കൾ കുട്ടികൾക്ക് ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ജനങ്ങൾ ബോധവാന്മാരാകണമെന്നും ഗവർണർ പറഞ്ഞു.
കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്ന പഞ്ഞിമിഠായി അവർക്ക് വാങ്ങിക്കൊടുക്കാതിരിക്കൂ എന്നും ഗവർണർ വീഡിയോക്ക് ക്യാപ്ഷനായി നൽകിയിട്ടുണ്ട്.
അതേസമയം ഭക്ഷ്യസുരക്ഷാവകുപ്പ് നിർദേശിക്കുന്ന പ്രകാരം ഗുണമേന്മയോടെ നിർമിക്കുകയും ഗുണനിലവാര സർട്ടിഫിക്കറ്റ് വാങ്ങുകയും ചെയ്യുന്നവർക്ക് പഞ്ഞിമിഠായി വിൽക്കാൻ അനുമതിയുണ്ടെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കെമിക്കൽ ഡൈയാണ് റോഡാമൈൻ ബി. തീപ്പെട്ടിക്കമ്പുകളിലും പച്ചക്കറികളിലും മറ്റും നിറം കൂട്ടുന്നതിനായി ഇത് ഉപയോഗിക്കാറുണ്ട്. ദീർഘനാളായുള്ള ഇവയുടെ ഉപയോഗം കരളിന്റെ ആരോഗ്യം നശിക്കാനും കാൻസറുൾപ്പെടെയുള്ളവയ്ക്കും കാരണമാകും.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ഏജൻസി (എഫ്.എസ്. എസ്.എ.ഐ.) അംഗീകരിച്ച അംഗീകൃത കൃത്രിമചേരുവകൾ മാത്രമേ ഉപയോഗിക്കാവൂ എന്നും സർക്കാർ നിർദേശമുണ്ട്.
Content Highlights: no more cotton candy in puducherry government banned it for this reason
Published: 12 Feb 2024, 09:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented