ഭക്ഷണത്തിന് രുചികൂട്ടുന്നതിൽ എണ്ണയ്ക്ക് വലിയ പങ്കാണുള്ളത്. അതേസമയം എണ്ണയുടെ ഉപയോ​ഗം അമിതമാകുന്നത് പല ആരോ​ഗ്യപ്രശ്നങ്ങളുമുണ്ടാക്കും. ഒരിക്കൽ ഉപയോ​ഗിച്ച എണ്ണ വീണ്ടും ഉപയോ​ഗിക്കുന്ന ശീലമുള്ളവരുണ്ട്. വറുക്കാനും മറ്റും ഉപയോ​ഗിച്ച എണ്ണ ഒഴിവാക്കാൻ മടിച്ച് വീണ്ടും മറ്റു കറികൾ തയ്യാറാക്കാൻ ഉപയോ​ഗിക്കുന്നവർ. എന്നാൽ ഡീപ് ഫ്രൈ ചെയ്യാൻ ഉപയോ​ഗിച്ച ഇത്തരത്തിലുള്ള എണ്ണ പുനരുപയോ​ഗിക്കുന്നതിന്റെ ആരോ​ഗ്യപ്രശ്നത്തേക്കുറിച്ചാണ് പുതിയൊരു പഠനത്തിൽ പങ്കുവെക്കുന്നത്. ഇത് നാഡീസംബന്ധമായ തകരാറുകളും മസ്തിഷ്കക്ഷതവും ഉണ്ടാക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. 

To advertise here,

വറുക്കാനും പൊരിക്കാനുമൊക്കെ ഉപയോ​ഗിച്ച എണ്ണ വീണ്ടും ഉപയോ​ഗിക്കുന്നത് കേന്ദ്രനാഡീവ്യവസ്ഥയുടെ പ്രവർത്തനം താറുമാറാക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. അമേരിക്കൻ സൊസൈറ്റി ഫോർ ബയോകെമിസ്ട്രി& മോളിക്യൂളാർ ബയോളജിയുടെ വാർഷിക സമ്മേളനത്തിൽ പഠനത്തിന്റെ സംക്ഷിക്തരൂപം അവതരിപ്പിച്ചിട്ടുണ്ട്. ബയോളജിക്കൽ കെമിസ്ട്രി ജേർണലിലാണ് പഠനം പ്രസിദ്ധീകരിക്കുക. തമിഴ്നാട് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ.കതിരേശൻ ഷൺമു​ഖത്തിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. 

ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളിലും തെരുവോര ഭക്ഷണങ്ങളിലും പല വീട്ടകങ്ങളിലുമൊക്കെ ഡീപ് ഫ്രൈ ചെയ്യുന്ന രീതിയും അതേ എണ്ണതന്നെ പുനരുപയോ​ഗിക്കുന്ന രീതിയും കാണാറുണ്ട്. ഇത്തരത്തിലുള്ള ഭക്ഷണരീതി പിന്തുടരുന്നത് ഹൃദയസംബന്ധമായ തകരാറുകൾക്കും ചിലയിനം കാൻസറുകൾക്കും കാരണമാകുമെന്ന് പലപഠനങ്ങളും തെളിയിച്ചിട്ടുണ്ട്. അത് സാധൂകരിക്കുന്നതാണ് പുതിയ പഠനവും.

പുനരുപയോ​ഗിച്ച എണ്ണകൾ കൊണ്ടുള്ള ആഹാരക്രമം നൽകിയ എലികളെ ആധാരമാക്കിയാണ് പഠനം നടത്തിയത്. ഇവയിൽ സാധാരണ ഡയറ്റ് ശീലിച്ച എലികളെ അപേക്ഷിച്ച് ഇവയിൽ കേന്ദ്രനാഡീവ്യവസ്ഥയുടെ പ്രവർത്തനം തകരാറിലാകുന്നുവെന്ന് ​ഗവേഷകർ കണ്ടെത്തി. 

പെൺ എലികളെ പല വിഭാ​ഗങ്ങളായി തിരിച്ചാണ് പഠനം നടത്തിയത്. ഇതിൽ സാധാരണ ഡയറ്റ് കൊടുത്ത വിഭാ​ഗം, ചൂടാക്കാത്ത സൺഫ്ലവർ ഓയിൽ ഉപയോ​ഗിക്കുന്ന വിഭാ​ഗം, വീണ്ടും ചൂടാക്കിയ എള്ളെണ്ണ ഉപയോ​ഗിച്ച വിഭാ​ഗം, വീണ്ടുംചൂടാക്കിയ സൺഫ്ലവർ ഓയിൽ ഉപയോ​ഗിച്ച വിഭാ​ഗം എന്നിങ്ങനെയാണ് തിരിച്ചത്. തുടർന്നാണ് വീണ്ടും ചൂടാക്കി ഉപയോ​ഗിച്ച എണ്ണയുള്ള ഡയറ്റ് ശീലമാക്കിയവരിൽ കരളിലെ കോശങ്ങളിൽ വീക്കവും സമ്മർദവും കണ്ടെത്തിയത്. 

മാത്രമല്ല മലാശയത്തിലും തകരാറുകൾ കണ്ടെത്തി. ഇത്തരം ഡയറ്റുകൾ കോളസ്ട്രോൾ, ട്രൈ​ഗ്ലിസറൈ‍ഡുകൾ, എ.എസ്.ടി. ,എ.എൽ.ടി. തുടങ്ങിയവയുടെ നില വർധിപ്പിക്കുന്നുണ്ടെന്നും കരളിനും മലാശയത്തിനും പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നും ​ഗവേഷകർ കണ്ടെത്തി. പുനരുപയോ​ഗിച്ച എണ്ണ ഡയറ്റിൽ ഉൾപ്പെടുത്തിയ എലികളിൽ മറ്റുള്ളവയെ സംബന്ധിച്ച് മസ്തിഷ്കത്തിന്റെ ആരോ​ഗ്യവും കുറഞ്ഞുവന്നുവെന്ന് ​ഗവേഷകർ പറയുന്നു. 

ഉയർന്ന അളവിൽ എണ്ണ വീണ്ടും വീണ്ടും ചൂടാക്കുകവഴി അവയിലെ സ്വാഭാവിക കെമിക്കൽ ഘടനയിൽ മാറ്റമുണ്ടാവുകയും ​ഗുണകരമായ ആന്റിഓക്സിഡന്റുകൾ കുറച്ച് ട്രാൻസ്ഫാറ്റുകൾ പോലുള്ള ഉപദ്രവകാരികളായ ഘടകങ്ങൾ കൂടുകയും ചെയ്യും. എണ്ണ ചൂടാക്കുംതോറും അവയിലെ ആരോ​ഗ്യവശങ്ങൾ ഇല്ലാതാവുകയും ഓരോതവണയും ഹാനികരമാകുന്ന ഘടകങ്ങൾ രൂപപ്പെടുകയും ചെയ്യുമെന്നും ​ഗവേഷകർ പറയുന്നു.