ലണ്ടൻ: മനുഷ്യജീവിതകാലത്ത് തലച്ചോർ അഞ്ചു വ്യത്യസ്തദശകളിലൂടെ കടന്നുപോകുമെന്ന് കണ്ടെത്തിയിരിക്കുന്നു ശാസ്ത്രജ്ഞർ. ഒൻപത്, 32, 66, 83 വയസ്സുകളാണ് മസ്തിഷ്കത്തിന്റെ മാറ്റത്തിന്റെ ദശയിലെ നിർണായകപ്രായങ്ങൾ. തലച്ചോറിന്റെ കൗമാരം 32 വയസ്സുവരെ നീളുമെന്നും ബ്രിട്ടനിലെ കേംബ്രിജ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം പറയുന്നു.

To advertise here,

90 വരെ പ്രായത്തിലുള്ള നാലായിരത്തോളം പേരുടെ തലച്ചോർ സ്കാൻചെയ്ത് പഠിച്ചതിൽനിന്നാണ് ഗവേഷകർക്ക് ഈ അറിവുകിട്ടിയത്.

ജീവിതയാത്രയിൽ ആർജിക്കുന്ന പുത്തൻ അറിവുകളോടും അനുഭവങ്ങളോടും പ്രതികരിച്ച് മസ്തിഷ്കത്തിന് പതിവായി മാറ്റമുണ്ടാകുന്നു എന്ന് മുൻപേ കണ്ടെത്തിയുണ്ട്. എന്നാൽ, ജനനം മുതൽ മരണംവരെ ഒരൊഴുക്കിലുണ്ടാകുന്ന മാറ്റമല്ല അതെന്നും അതിന് കൃത്യമായ അഞ്ചുഘട്ടങ്ങളുണ്ടെന്നുമാണ് പുതിയ തിരിച്ചറിവ്.

ആ ഘട്ടങ്ങളെ ശാസ്ത്രജ്ഞർ ഇങ്ങനെ തിരിച്ചിരിക്കുന്നു:

* ബാല്യം - ജനനം മുതൽ ഒൻപതുവയസ്സുവരെ

* കൗമാരം - ഒൻപതു മുതൽ 32 വരെ

* യൗവനം - 32 മുതൽ 66 വരെ

* വാർധക്യത്തിന്റെ ആദ്യഘട്ടം - 66 മുതൽ 83 വരെ

* വാർധക്യത്തിന്റെ അന്ത്യഘട്ടം - 83 മുതൽ അങ്ങോട്ട്

ചിലരിൽ ഈ ഘട്ടങ്ങൾ ഇപ്പറഞ്ഞതിലും നേരത്തേയാകാം, ചിലരിൽ താമസിച്ചും. എന്നാൽ, ഈ ഘട്ടങ്ങൾക്കിടയിലാണ് മാറ്റം വ്യക്തമായി പ്രകടമാകുന്നത് എന്നതാണ് ഗവേഷകരെ അതിശയിപ്പിച്ചത്.

ക്ഷമതയേറുന്ന കൗമാരം; മികവു കുറയുന്ന യൗവനം

ലണ്ടൻ: മസ്തിഷ്കത്തിന് വലുപ്പം വെക്കുന്ന ‘ബാല്യം’, തലച്ചോറിന്റെ ക്ഷമതയിലുള്ള മികവ് കുറയുന്ന ‘യൗവനം’. മനുഷ്യന്റെ സ്വാഭാവിക വളർച്ചയിൽനിന്ന് ഏറെ വിഭിന്നമാണ് മനുഷ്യജീവിതകാലത്ത് തലച്ചോറിനുണ്ടാകുന്ന മാറ്റങ്ങൾ. ബ്രിട്ടനിലെ കേംബ്രിജ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലെ കണ്ടെത്തലിന്റെ ചുരുക്കം ഇങ്ങനെ:.

* ബാല്യം ( ജനനം മുതൽ ഒൻപതുവയസ്സുവരെ)

: തലച്ചോറിനു വലുപ്പം വെക്കുന്നതും ജീവിതത്തിന്റെ തുടക്കത്തിൽ വളരെയധികമായി രൂപംകൊണ്ട സിനാപ്സസ് എന്നു വിളിക്കുന്ന മസ്തിഷ്കകോശങ്ങൾ നേർത്തുവരുന്നതും ഇക്കാലത്താണ്. ഈ ഘട്ടത്തിൽ തലച്ചോറിന്റെ കാര്യക്ഷമത കുറവായിരിക്കും. പ്രത്യേകലക്ഷ്യമില്ലാതെ പാർക്കിൽ തുള്ളിക്കളിച്ചുനടക്കുന്ന ഒരു കുട്ടിയെപ്പോലെയായിരിക്കും തലച്ചോറിന്റെ പ്രവർത്തനം.

* കൗമാരം (ഒൻപതു മുതൽ 32 വരെ): തലച്ചോറിൽ കാര്യമായ മാറ്റംവരുന്ന ഘട്ടം. മാനസികാരോഗ്യപ്രശ്നങ്ങൾ ആരംഭിക്കാൻ ഏറ്റവും സാധ്യതയുള്ള ഘട്ടവുമിതാണ്. തലച്ചോറിലെ ന്യൂറോൺശൃംഖലകൾ കൂടുതൽ ക്ഷമതയാർജിക്കുന്ന ഏകഘട്ടമാണിത്. ഒമ്പതുമുതൽ 32 വയസ്സുവരെയുള്ള കാലത്ത് തലച്ചോർ ഈ കൗമാരത്തിൽത്തന്നെ നിലകൊള്ളുമെന്ന് ഗവേഷകരിൽ ഒരാളായ ഡോ. അലെക്സാ മൗസ്‌ലി ‘ബിബിസി’യോടു പറഞ്ഞു.

* യൗവനം (32 മുതൽ 66 വരെ) : ഈ ഘട്ടത്തിൽ കൗമാരത്തിലേതിനെക്കാൾ സാവധാനമാണ് തലച്ചോറിന്റെ മാറ്റം. തലച്ചോറിന്റെ ക്ഷമതയിലുള്ള മികവ് കുറഞ്ഞുതുടങ്ങുന്ന ഘട്ടമാണിത്. വ്യക്തിയുടെ ബുദ്ധിശക്തിയും വ്യക്തിത്വവുമനുസരിച്ച് ഈ മാറ്റവും വ്യത്യാസപ്പെട്ടിരിക്കും.

* വാർധക്യത്തിന്റെ ആദ്യഘട്ടം (66 മുതൽ 83 വരെ): 66-ാം വയസ്സിൽ തലച്ചോർ ക്ഷീണിച്ചുതുടങ്ങുമെങ്കിലും മാറ്റം പെട്ടെന്നുണ്ടാകില്ല. അതിലെ ന്യൂറോൺബന്ധങ്ങളിൽ പടിപടിയായി മാറ്റങ്ങളുണ്ടാകുകയാണ് ചെയ്യുക. സ്മൃതിനാശം, രക്താതിസമ്മർദം തുടങ്ങിയവ തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഘട്ടവും ഇതാണ്.

* വാർധക്യത്തിന്റെ അന്ത്യഘട്ടം ( 83 മുതൽ അങ്ങോട്ട്) : വാർധക്യത്തിന്റെ ആദ്യഘട്ടത്തിലേതിനു സമാനമായ മാറ്റങ്ങൾതന്നെയാണ് ഈ ഘട്ടത്തിലുമെങ്കിലും അത് കൂടുതൽ പ്രകടമായിരിക്കും.

മാനസികവെല്ലുവിളികൾ, സ്മൃതിനാശം എന്നിവയെക്കുറിച്ച് മനസ്സിലാക്കാൻ ‘നേച്ചർ കമ്യൂണിക്കേഷൻസ്’ ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു. സ്ത്രീകളുടെയും പുരുഷൻമാരുടെയും മസ്തിഷ്കം വെവ്വേറെ പഠിച്ചിട്ടില്ല എന്ന ന്യൂനത ഈ പഠനത്തിനുണ്ട്. അതിനാൽത്തന്നെ ആർത്തവവിരാമം മസ്തിഷ്കത്തെ എങ്ങനെ ബാധിക്കും എന്നത് അജ്ഞാതമാണ്.