മലപ്പുറം: വള്ളിക്കുന്ന്, ചേലേമ്പ്ര, കുഴിമണ്ണ, പള്ളിക്കൽ എന്നീ പഞ്ചായത്തുകളിലുണ്ടായ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയെത്തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ജില്ലയിൽ ഈ വർഷം 1,420 സ്ഥിരീകരിച്ച വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകളും, 5,360 സംശയാസ്പദമായ വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയെത്തുടർന്ന് 11 മരണം സ്ഥിരീകരിച്ചു. വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയെത്തുടർന്ന് സംശയാസ്പദമായ ഏഴു മരണവും റിപ്പോർട്ട് ചെയ്തു.
ജൂണിൽ 154 സ്ഥിരീകരിച്ച വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകളും 1607 സംശയാസ്പദമായ വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ഏറ്റവുംകൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് അത്താണിക്കൽ (245), കുഴിമണ്ണ (91), മൂന്നിയൂർ (85), ചേലേമ്പ്ര (53), കൊണ്ടോട്ടി (51), തിരൂരങ്ങാടി (48), പരപ്പനങ്ങാടി (48), നന്നമ്പ്ര (30) എന്നിവിടങ്ങളിലാണ്.
ഈ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങളുടെയും ഇതരവകുപ്പുകളുടെയും സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ പ്രദേശത്തെ കിണറുകൾ മൂന്നു ദിവസത്തിലൊരിക്കൽ ക്ലോറിനേറ്റ് ചെയ്ത് വെള്ളം ശുചീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യപ്രവർത്തകരും ആശാവർക്കർമാരും വീടുകൾകയറി ബോധവത്കരണം നടത്തുന്നുണ്ട്. പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മൈക്ക് പ്രചാരണവുമുണ്ട്.
ആരോഗ്യ സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
വെൽകം ഡ്രിങ്ക് വേണ്ടേ വേണ്ടാ
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ജില്ലാ സർവെയിലൻസ് ഓഫീസറും ഡെപ്യൂട്ടി ഡി.എം.ഒ.യുമായ ഡോ. സി. ഷുബിൻ പറയുന്നു. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല, ഇത് വലിയ അപകടകാരിയാണ്. ഏതെല്ലാം വെള്ളമാണ് ഉപയോഗിക്കുന്നതെന്ന് പറയാനാവില്ല. ഈ സമ്പ്രദായം മഴക്കാലത്തെങ്കിലും നിർത്തണം. പുറത്തുനിന്ന് വെള്ളം കുടിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. പാനീയങ്ങളിലുപയോഗിക്കുന്ന ഐസിൽനിന്നും രോഗം പകരാം. ഐസും ഇത്തരം വെള്ളംകൊണ്ടുതന്നെയാണ് ഉണ്ടാക്കുന്നത്.
അപകടമേഖല, കൊണ്ടോട്ടി മുതൽ മലപ്പുറം വരെ..
ഏറ്റവുംകൂടുതൽ മഞ്ഞപ്പിത്തക്കേസുകളുള്ളത് കൊണ്ടോട്ടി മുതൽ മലപ്പുറം നഗരസഭാതിർത്തിവരെയുള്ള പ്രദേശങ്ങളിലാണ്. ജലസ്രോതസ്സുകൾ നേരത്തേത്തന്നെ മലിനമായതിനാൽ നിരന്തരം രോഗം റിപ്പോർട്ട് ചെയ്യുന്ന പ്രദേശമാണിത്. വയലുകൾ കൂടുതലുള്ള മേഖലയായതിനാൽ വെള്ളത്തിലൂടെയുള്ള വ്യാപനത്തിന് സാധ്യതയേറും. ഇവിടങ്ങളിലെ ജലസാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടെന്ന് ജില്ലാ സർവെയിലൻസ് ഓഫീസറും ഡെപ്യൂട്ടി ഡി.എം.ഒ.യുമായ ഡോ. സി. ഷുബിൻ പറഞ്ഞു. തോന്നയ്ക്കലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലെ ലാബിലേക്കാണ് അയച്ചിട്ടുള്ളത്.
എങ്ങനെയൊക്കെ പകരും ?
മഞ്ഞപ്പിത്തത്തിന് മുഴകൾ, പിത്താശയക്കല്ല്, മലേറിയ തുടങ്ങി പല കാരണങ്ങളുണ്ടെങ്കിലും ജലം മലിനമാവുന്നതിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് ആണ് പ്രധാന രോഗകാരി. രോഗികളുടെ മലത്തിലൂടെ പുറത്തുവരുന്ന വൈറസ് നേരിട്ടോ, വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ മറ്റൊരാളുടെ അകത്തെത്തുമ്പോഴാണ് രോഗം ഉണ്ടാവുന്നത്. ഏറ്റവുമധികം മലിനമാകാൻ സാധ്യതയുള്ളത് വെള്ളംതന്നെ. അതുവഴി ഭക്ഷണവും മലിനമാവും. രോഗികൾ ഉപയോഗിച്ച സാധനങ്ങൾ ഉപയോഗിക്കുകവഴിയും പകരാം. ജില്ലയിൽ കൂടുതലും രോഗവ്യാപനമുണ്ടാകുന്നത് വിരുന്നുകൾ, കടകളിലെ ഭക്ഷണം എന്നിവ വഴിയാണ്.
കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം മതി
നന്നായി തിളപ്പിച്ച വെള്ളംമാത്രം കുടിക്കുകയാണ് മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കാനുള്ള ഏകമാർഗ്ഗം. പുറത്തുനിന്ന് വെള്ളം കുടിക്കാതിരിക്കുകയാണ് ബുദ്ധി. വർഷകാലത്ത് എല്ലാ ജലസ്രോതസ്സുകളും മലിനമാവാനിടയുണ്ട്. 60 ഡിഗ്രി ചൂടിൽ ഒരു മിനിറ്റ് തിളച്ചാൽത്തന്നെ വൈറസുകൾ നശിക്കും. അതിനുശേഷം ആറ്റി ഉപയോഗിക്കാം.
ലക്ഷണങ്ങൾ
ചെറിയ പനിയാണ് തുടക്കം. നല്ല ക്ഷീണം കാണും. തലവേദനയും മനംപിരട്ടലും ഛർദ്ദിയുമുണ്ടാവും. മൂത്രത്തിനും മലത്തിനും നിറവ്യത്യാസമുണ്ടാവാം. അഞ്ചുദിവസം കഴിഞ്ഞാലേ ശരീരത്തിൽ മഞ്ഞനിറം കാണൂ. അപ്പോൾ മാത്രമേ ഇത് മഞ്ഞപ്പിത്തമാണെന്ന് ആളുകൾ തിരിച്ചറിയൂ. പിത്തരസ നിർമാണത്തിന്റേയും വിതരണത്തിന്റേയും തകരാറുമൂലമാണ് ഈ മഞ്ഞനിറം വരുന്നത്.
കൂടുതലും ഹെപ്പറ്റൈറ്റിസ് എ
ഹെപ്പറ്റൈറ്റിസ് എ,ബി.,സി.,ഡി. തുടങ്ങി മഞ്ഞപ്പിത്തകാരണമായ വൈറസുകൾ പലതരമുണ്ട്. വളരെ സാധാരണമായി കാണുന്ന ടൈപ്പ് ത്രീ ഹെപ്പറ്റൈറ്റിസ് എ വൈറസ് ആണ് ജില്ലയിലും കൂടുതൽ കാണുന്നത്. ചേളാരിയിൽനിന്നുള്ള രോഗവ്യാപനത്തിന്റെ കാരണവും ഇതുതന്നെയായിരുന്നു. സാധാരണ കാണുന്ന രോഗമായതുകൊണ്ട് ആളുകൾക്ക് ജാഗ്രത കുറവാണ്. രോഗാവസ്ഥയിലും വിരുന്നുപോക്കും കൂട്ടായ്മകളും എല്ലാം ഉണ്ടാകും.
Content Highlights: viral hepatitis spread in malappuram
Published: 02 Jul 2024, 12:33 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented