ഓരോ വർഷവും പത്തു ലക്ഷത്തിലധികം പേർ ഹെപ്പറ്റൈറ്റിസ് ബാധ മൂലം മരണപ്പെടുന്നു. ഓരോ 30 സെക്കൻഡിലും ലോകത്ത് ഒരാൾ ഈ രോഗം മൂലം മരണത്തിന് കീഴടങ്ങുന്നു. 'One Life, One Liver' എന്ന മുദ്രാവാക്യവുമായാണ് ലോകാരോഗ്യ സംഘടന ഹെപ്പറ്റൈറ്റിസിനെ പ്രതിരോധിക്കാൻ ആഹ്വാനം ചെയ്യുന്നത്.
കരളിനുണ്ടാകുന്ന നീർക്കെട്ടാണ് ഹെപ്പറ്റൈറ്റിസ്. ഹെപ്പറ്റൈറ്റിസ് എ, ബി, സി എന്നിവ വളരെ സാധാരണമാണിപ്പോൾ. ലോകാരോഗ്യ സംഘടന (WHO) എല്ലാ വർഷവും ജൂലായ് 28-ന് ലോക കരൾവീക്ക ദിനം ആചരിക്കുന്നു. ലോക കരൾവീക്ക ദിനാചരണം ഹെപ്പറ്റൈറ്റിസ് പോലുള്ള കരൾ രോഗങ്ങളെക്കുറിച്ച് അവബോധം വർധിപ്പിക്കുന്നതിനുള്ള അവസരമാണ്.
ഹെപ്പറ്റൈറ്റിസ് എ-യും ഇ-യും മലിനജലത്തിലൂടെയോ ഭക്ഷണത്തിലൂടെയോ പകരുന്നതാണ്. സാധാരണഗതിയിൽ പനിയും ക്ഷീണവുമൊക്കെയായി വരുന്ന രോഗം മൂന്നോ നാലോ ആഴ്ച കൊണ്ട് വൈറസ് ബാധ ഒഴിഞ്ഞുപോകാറുണ്ട്. എന്നാൽ, ഒരു ശതമാനത്തിൽ താഴെയുള്ള രോഗികൾക്ക് ഇതേ രോഗം കൊണ്ട് കരൾമാറ്റ ശസ്ത്രക്രിയ വരെ ആവശ്യമാവുന്ന തരത്തിൽ ഗുരുതരാവസ്ഥയിലേക്ക് എത്താനും സാധ്യതയുണ്ട്.
ഹെപ്പറ്റൈറ്റിസിന് ഫലപ്രദമായ രോഗനിർണയ ടെസ്റ്റുകൾ ഇന്ന് ലഭ്യമാണ്. ഈ രോഗങ്ങൾക്കെതിരേ സുരക്ഷിതവും ഫലപ്രദവുമായ മരുന്നുകളും ലഭ്യമാണ്. വാക്‌സിനേഷൻ വഴി ഹെപ്പറ്റൈറ്റിസ് തടയാവുന്നതാണ്. അണുബാധ തടയുന്നതിന് ഹെപ്പറ്റൈറ്റിസ് വാക്‌സിൻ 98 മുതൽ 100% വരെ ഫലപ്രദമാണ്. എ-ക്ക് വാക്‌സിനേഷൻ ലഭ്യമാണ്. ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ ഗൗരവമേറിയതും വിട്ടുമാറാത്തതുമായ അണുബാധയ്ക്ക് കാരണമാകുന്നു. ശിശുക്കൾ ജനിച്ച് 24 മണിക്കൂറിനുള്ളിൽ വാക്‌സിൻ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന (WHO) ശുപാർശ ചെയ്യുന്നു.
പനിയോ ക്ഷീണമോ സന്ധിവേദനയോ ആയി തുടങ്ങുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് ബാധ മൂന്നോ നാലോ ആഴ്ചകൊണ്ട് അതിന്റെ പ്രയാസങ്ങൾ മാറുകയും പിന്നീട് ആറു മാസം വരെ കാലയളവിനുള്ളിൽ പൂർണമായും വൈറസ് ശരീരത്തിൽനിന്ന് പോവുകയുമാണ് പതിവ്. അങ്ങനെ പോകാത്ത അവസ്ഥയാണ് ക്രോണിക് ഹെപ്പറ്റൈറ്റിസ്. കുട്ടികളിൽ ഇതിനുള്ള സാധ്യത 50% വരെയാണ്. നവജാത ശിശുക്കളുടെ കാര്യത്തിലും ഇത് കൂടുതൽ ഗൗരവമായി കാണേണ്ടതാണ്.
വൈറസ് ശരീരത്തിൽ ഉറങ്ങിക്കിടക്കുകയോ കാലക്രമേണ ആക്ടീവ് ആയി കരളിന് നീർക്കെട്ടുണ്ടാക്കുകയോ ചെയ്യും. ഇത്തരത്തിൽ തുടരുമ്പോൾ ലിവർ കാൻസറായും ലിവർ ഫെയ്‌ലിയറിലേക്കും എത്തിയേക്കാം.
ഹെപ്പറ്റൈറ്റിസ് എ
ഹെപ്പറ്റൈറ്റിസ് എ വൈറസ് (HAV) കാരണം ഉണ്ടാകുന്ന രോഗാവസ്ഥയാണ് ഹെപ്പറ്റൈറ്റിസ് എ. HAV പലപ്പോഴും മലിനമായ ഭക്ഷണം അല്ലെങ്കിൽ വെള്ളം കഴിക്കുന്നതിലൂടെ പകരുന്നു. ഹെപ്പറ്റൈറ്റിസ് എ സാധാരണയായി താരതമ്യേന അപകടം കുറഞ്ഞതും സ്വയം ഭേദമാകുന്നതുമാണ്. എന്നിരുന്നാലും, ചിലപ്പോൾ ഹെപ്പറ്റൈറ്റിസ് എ ഗുരുതരമായ അസുഖത്തിന് കാരണമാകും.
ഹെപ്പറ്റൈറ്റിസ് ബി
ഹെപ്പറ്റൈറ്റിസ് ബി വൈറസ് (HBV) കാരണം ഉണ്ടാകുന്ന ഹെപ്പറ്റൈറ്റിസ് ബി പലപ്പോഴും രക്തം കൈമാറുന്നതിലൂടെ, ലൈംഗിക ബന്ധം, അമ്മയിൽനിന്ന് കുഞ്ഞിലേക്ക് എന്നിങ്ങനെയുള്ള മാർഗങ്ങളിലൂടെ പകരുന്നു. ഗുരുതരമായ രോഗാവസ്ഥയാണിത്. പലപ്പോഴും ലിവർ ഫെയ്‌ലിയറിനോ അല്ലെങ്കിൽ കരൾ കാൻസറിനോ കാരണവുമായേക്കാം.
ഹെപ്പറ്റൈറ്റിസ് സി
ഹെപ്പറ്റൈറ്റിസ് സി വൈറസ് (HCV) പലപ്പോഴും രക്തകൈമാറ്റം, ലൈംഗിക ബന്ധം എന്നീ കാരണങ്ങൾ കൊണ്ട് പകരാം. ഹെപ്പറ്റൈറ്റിസ് സിയും ഒരു ഗുരുതരമായ അസുഖമാണ്.
ഹെപ്പറ്റൈറ്റിസ് ഡി
ഹെപ്പറ്റൈറ്റിസ് ഡി വൈറസ് (HDV) ഹെപ്പറ്റൈറ്റിസ് ബി വൈറസുമായി ബന്ധപ്പെട്ടിരിക്കുന്നു. HDV പലപ്പോഴും രക്തം, ലൈംഗികബന്ധം എന്നിവയിലൂടെ പകരുന്നു. ഹെപ്പറ്റൈറ്റിസ് ഡി ഒരു ഗുരുതരമായ അസുഖമാണ്, ചിലപ്പോൾ കരളിന്റെ പ്രവർത്തനം തകരാറിലാവുക അല്ലെങ്കിൽ കരൾ കാൻസർ എന്നിവയ്ക്ക് കാരണമാകും.
ഹെപ്പറ്റൈറ്റിസ് ഇ
ഹെപ്പറ്റൈറ്റിസ് ഇ വൈറസ് (HEV) കാരണം ഹെപ്പറ്റൈറ്റിസ് ഇ ഉണ്ടാകുന്നു. HEV പലപ്പോഴും മലിനമായ ഭക്ഷണത്തിലുള്ള വെള്ളം കഴിക്കുന്നതിലൂടെ പകരുന്നു. ഹെപ്പറ്റൈറ്റിസ് ഇ സാധാരണയായി ലഘുവായതും സ്വയം ഭേദമാകുന്നതുമാണ്. എന്നിരുന്നാലും, ചിലപ്പോൾ ഹെപ്പറ്റൈറ്റിസ് ഇ ഗുരുതരമായ അസുഖത്തിന് കാരണമാകും.
ഹെപ്പറ്റൈറ്റിസിന്റെ ലക്ഷണങ്ങൾ
ശരീരത്തിൽ അടങ്ങിയിരിക്കുന്ന ദോഷകരമായ വസ്തുക്കളെ കരൾ നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനാൽ ഓക്കാനം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ ഹെപ്പറ്റൈറ്റിസിൽ സാധാരണമാണ്. പനി, ക്ഷീണം തുടങ്ങിയ പോലുള്ള ലക്ഷണങ്ങളും കാണാം. മഞ്ഞപ്പിത്തമാണെങ്കിൽ ചർമത്തിന്റെയോ കണ്ണുകളുടെയോ മഞ്ഞനിറമാകുന്നത് അക്യൂട്ട് ഹെപ്പറ്റൈറ്റിസിന്റെ ലക്ഷണമാണ്.
ഹെപ്പറ്റൈറ്റിസ് പരിശോധന
ഹെപ്പറ്റൈറ്റിസ് പരിശോധിക്കാൻ സാധാരണയായി ആന്റി-എച്ച്‌സിവി, എച്ച്ബിഎസ്എജി രക്തപരിശോധനകളാണ് ഉപയോഗിക്കുന്നത്.
ഇമേജിങ് ടെസ്റ്റുകൾ
ഹെപ്പറ്റൈറ്റിസ് മൂലമുണ്ടാകുന്ന കരൾ തകരാറുകൾ കണ്ടെത്താൻ അൾട്രാസൗണ്ട് ടെസ്റ്റ് അല്ലെങ്കിൽ സിടി സ്‌കാൻ ഉപയോഗിക്കാം.
കരൾ ബയോപ്‌സി
കരൾ കോശങ്ങളുടെ സാമ്പിൾ എടുത്ത് മൈക്രോസ്‌കോപ്പിന് കീഴിൽ പരിശോധിച്ച് കരൾ തകരാറിന്റെ അളവ് നിർണയിക്കുകയാണ് പതിവ്.
ചികിത്സാ സാധ്യതകൾ
കരൾ തകരാറിന്റെ തരം, വ്യാപ്തി, രോഗിയുടെ മൊത്തത്തിലുള്ള ആരോഗ്യം എന്നിവയെ അടിസ്ഥാനമാക്കി ഹെപ്പറ്റൈറ്റിസ് ചികിത്സയും വ്യത്യസ്തമാകും. ശരീരത്തിൽ വൈറസിന്റെ പ്രവർത്തനം കുറയ്ക്കുകയും കരൾ തകരാറിലാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുക എന്നതാണ് ചികിത്സയുടെ ആത്യന്തിക ലക്ഷ്യം.
ആന്റിവൈറൽ മരുന്നുകൾ
വൈറസിന്റെ വ്യാപനം മന്ദഗതിയിലാക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്ന വിവിധ തരം ആന്റിവൈറൽ മരുന്നുകൾ ലഭ്യമാണ്.
ജീവിതശൈലി മാറ്റങ്ങൾ
ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമമുറകളും നിലനിർത്തുക, മദ്യവും മറ്റ് ദോഷകരമായ വസ്തുക്കളും ഒഴിവാക്കുക, ആവശ്യത്തിന് വിശ്രമം നേടുക തുടങ്ങിയ ജീവിതശൈലീ പരിഷ്‌ക്കരണങ്ങളാണ് ഡോക്ടർമാർ സാധാരണയായി ശുപാർശ ചെയ്യാറുള്ളത്.
കരൾ മാറ്റിവയ്ക്കൽ
ഹെപ്പറ്റൈറ്റിസ് മൂലം കരൾ തകരാറിലായാൽ കരൾ മാറ്റിവയ്ക്കൽ മാത്രമാണ് ഏക പോംവഴി.
പ്രതിരോധവും വാക്‌സിനേഷനും
ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നത് ഹെപ്പറ്റൈറ്റിസ് സാധ്യത കുറയ്ക്കാൻ സഹായിക്കും. സൂചികൾ പങ്കിടൽ അല്ലെങ്കിൽ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് പോലുള്ള ഉയർന്ന അപകടസാധ്യതയുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കുന്നതും വൈറസ് പിടിപെടുന്നതിൽനിന്ന് സംരക്ഷിക്കും.
വാക്‌സിനേഷൻ
ഹെപ്പറ്റൈറ്റിസ് എ, ബി എന്നിവയിൽനിന്ന് സംരക്ഷിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് വാക്‌സിനേഷൻ. വാക്‌സിനേഷൻ ആവശ്യമുണ്ടോ എന്ന് അറിയാൻ ഡോക്ടർമാരുമായി സംസാരിക്കുക.
ശരിയായ ശുചിത്വം
കൈകൾ നന്നായി കഴുകുക, വൃത്തിഹീനമായ ഭക്ഷണം, വെള്ളം, പാചക സാഹചര്യങ്ങൾ എന്നിവ ഒഴിവാക്കുക എന്നിവയും ഹെപ്പറ്റൈറ്റിസ് വൈറസ് പിടിപെടുന്നത് തടയാൻ സഹായിക്കും.
ഹെപ്പറ്റൈറ്റിസിനൊപ്പം ജീവിക്കുക
ഹെപ്പറ്റൈറ്റിസ്, പ്രത്യേകിച്ച് ക്രോണിക് ഹെപ്പറ്റൈറ്റിസ് ഉള്ള ജീവിതം വളരെയധികം വെല്ലുവിളികൾ നിറഞ്ഞതാണ്. എങ്കിലും, പൊസിറ്റീവ് മാനസികാവസ്ഥ നിലനിർത്തുക, സജീവമായി കാര്യങ്ങൾ ചെയ്യുക, ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക എന്നിവ ഈ അവസ്ഥയെ നിയന്ത്രിക്കാനും വൈകാരികവും ശാരീരികവുമായ ക്ഷേമം നിലനിർത്താനും സഹായിക്കും.
മാനസികാരോഗ്യം ശ്രദ്ധിക്കുക
രോഗം വിട്ടുമാറാത്ത അവസ്ഥയിൽ ജീവിക്കുന്നത് മൂലം മാനസികമായി തളർന്നേക്കാം, അതിനാൽ മാനസികാരോഗ്യം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ധ്യാനം, കൗൺസിലിംഗ്, സമാന അനുഭവങ്ങളുള്ള ആളുകളുമായി ബന്ധപ്പെടൽ എന്നിവ മാനസിക ക്ഷേമത്തിൽ ഹെപ്പറ്റൈറ്റിസ് ഉണ്ടാക്കുന്ന ആഘാതം നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കും
(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിൽ സെന്റർ ഫോർ ഗാസ്‌ട്രോ സയൻസസ് വിഭാഗം കൺസൽട്ടന്റ് ആണ് ലേഖകൻ.)
Content Highlights: world hepatitis day types symptoms and causes of hepatitis
Published: 28 Jul 2023, 12:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented