കാളികാവ്: വണ്ടൂരിലെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച 66 പേർക്ക് മഞ്ഞപ്പിത്തം. സെപ്‌റ്റംബർ ഒന്നിനും 18-നും ഇടയിൽ ഭക്ഷണം കഴിച്ചവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

To advertise here,

രോഗബാധിതരിൽ കാളികാവ് സ്വദേശിയായ ഒരാൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വണ്ടൂർ–മഞ്ചേരി റോഡിൽ അടുത്തിടെ പ്രവർത്തനം തുടങ്ങിയ ഹോട്ടലിൽനിന്നാണ് രോഗബാധയുണ്ടായതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. സംഭവത്തെത്തുടർന്ന് ആരോഗ്യവകുപ്പ് ഹോട്ടൽ അടപ്പിച്ചു.

വണ്ടൂർ, കാളികാവ്, പോരൂർ, തിരുവാലി പഞ്ചായത്തുകളിൽനിന്നുള്ളവർക്കാണ് രോഗം ബാധിച്ചത്. ഇതിൽ വണ്ടൂർ പഞ്ചായത്തിലാണ് കൂടുതൽപേർക്ക് രോഗബാധയുണ്ടായത്. പഞ്ചായത്തുതല കണക്കുപ്രകാരം വണ്ടൂരിൽ 40 പേർക്കും പോരൂരിൽ 10 പേർക്കും തിരുവാലിയിൽ 11 പേർക്കും കാളികാവിൽ അഞ്ചുപേർക്കുമാണ് മഞ്ഞപ്പിത്തം ബാധിച്ചത്.

മഞ്ഞപ്പിത്തം റിപ്പോർട്ട്ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങളും ഭക്ഷണം കൈകാര്യംചെയ്യുന്ന സ്ഥാപനങ്ങളും ശുചിത്വകാര്യങ്ങളിൽ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. വിനോദ് അറിയിച്ചു. രോഗബാധിതപ്രദേശങ്ങളിൽ ജില്ലാ ആരോഗ്യവകുപ്പിന്റെയും പ്രാദേശിക ആരോഗ്യപ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

രോഗബാധിതർ ഭക്ഷണം പാചകംചെയ്യുന്നതും വിളമ്പുന്നതും ഒഴിവാക്കണം. വിരുന്നുകളിലും സത്‌കാരങ്ങളിലും മറ്റു പൊതുചടങ്ങുകളിലും പങ്കെടുക്കുന്നതും ഒഴിവാക്കണം. രോഗബാധിതർ ഉപയോഗിക്കുന്ന ശൗചാലയം, ബക്കറ്റ്, മഗ്, ഭക്ഷണപാത്രങ്ങൾ എന്നിവ മറ്റുള്ളവർ പങ്കിട്ട് ഉപയോഗിക്കരുത്. രോഗബാധിതരും അവരുമായി സമ്പർക്കത്തിലുള്ളവരും വ്യക്തിശുചിത്വത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. ചികിത്സയിലുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ കൃത്യമായി കഴിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം. തിളപ്പിച്ച വെള്ളം തണുപ്പിക്കാൻ പച്ചവെള്ളം ചേർക്കരുത്. പൈപ്പിലെ വെള്ളം തിളപ്പിക്കാതെ കുട്ടികൾ കുടിക്കുന്നില്ലെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണം. ശൗചാലയം ഉപയോഗിച്ചശേഷവും ഭക്ഷണം കഴിക്കുന്നതിനുമുൻപും സോപ്പുപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം.

പനി, ശരീരവേദന, ഓക്കാനം, ഛർദി, വിശപ്പില്ലായ്‌മ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. സ്വയംചികിത്സ പൂർണമായി ഒഴിവാക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.