അമേരിക്കയിലെ ഡയറി ഫാമുകളിൽ H5N1 പക്ഷിപ്പനി വ്യാപിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വിദഗ്ധർ. 2024 മാർച്ച് മുതൽ തുടങ്ങിയ വ്യാപനം ആയിരത്തോളം കന്നുകാലികളിൽ പടരുകയും എഴുപത് മനുഷ്യരിൽ സ്ഥിരീകരിക്കുകയും ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സസ്തനികളിൽ പക്ഷിപ്പനി വൈറസിന്റെ തുടർച്ചയായ സാന്നിധ്യം ജനിതകവ്യതിയാന സാധ്യത വർധിപ്പിക്കുകയും അത് പിന്നീട് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന രീതിയിലെത്തിക്കുമെന്നും ഗ്ലോബൽ വൈറസ് നെറ്റ്‌വർക്ക്(ജിവിഎൻ) മുന്നറിയിപ്പ് നൽകുന്നുണ്ട്. നിരീക്ഷണം ശക്തമാക്കുകയും ടെസ്റ്റുകൾ വിപുലപ്പെടുത്തുകയും വാക്സിനേഷൻ വ്യാപകമാക്കുകയും ചെയ്ത് രോഗവ്യാപന സാധ്യതയ്ക്ക് തടയിടണമെന്നും ജിവിഎൻ വ്യക്തമാക്കുന്നു.
വൈറസിന് അടുത്തിടെയുണ്ടായ ജനിതക വ്യതിയാനങ്ങൾക്കൊപ്പം മൃഗങ്ങളേയും മനുഷ്യരേയും ബാധിക്കാനുള്ള കഴിവും ആശങ്കപ്പെടുത്തുന്നതാണെന്നും നിരീക്ഷണം ശക്തമാക്കി അടിയന്തര പ്രതിരോധ നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്നും ജിവിഎൻ ചീഫ് മെഡിക്കൽ ഓഫീസറായ സ്റ്റെൻ എച്ച്. വെർമണ്ട് പറഞ്ഞു. രോഗം ബാധിച്ച മൃഗങ്ങളുമായി അടുത്ത സമ്പർക്കത്തിലേർപ്പെട്ടവരിൽ മുൻകരുതൽ നടപടികൾ കൈക്കൊള്ളേണ്ടതിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന് സിഡിസി(Centers for Disease Control and Prevention) യും വ്യക്തമാക്കുന്നു. അമേരിക്കയിലെ അമ്പത് സംസ്ഥാനങ്ങളിലും രോഗവ്യാപനമുണ്ടെന്നാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്.
അടുത്തൊരു മഹാമാരി പൊട്ടിപ്പുറപ്പെടുക അമേരിക്കയിൽ നിന്നാവാമെന്ന് അടുത്തിടെ ആരോഗ്യവിദഗ്ധർ പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എച്ച്5എൻ1 അഥവാ പക്ഷിപ്പനിക്ക് ജനിതകവ്യതിയാനം സംഭവിക്കുന്നത് തുടരുമെന്നും അമേരിക്കയിലുടനീളം പടരുമെന്നും ഇത് ഭാവിയിൽ മറ്റൊരു മഹാമാരിക്ക് കാരണമായേക്കാമെന്നുമാണ് സ്പെയിനിൽ നിന്നുള്ള ലാ വാംഗ്വാർഡിയ എന്ന ദിനപത്രത്തിൽ പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നത്.
വന്യമൃഗങ്ങളിൽനിന്ന് വീട്ടിൽ വളർത്തുന്ന മൃഗങ്ങളിലേക്ക് വൈറസ് പകരാനുള്ള സാധ്യത വർധിക്കുകയും ഇതുവഴി മനുഷ്യരിൽ രോഗവ്യാപനമുണ്ടാവുകയും ചെയ്യുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നല്‍കിയത്. അമേരിക്കയിലെ പക്ഷിപ്പനി വ്യാപനം ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ്രോസ് അഥനോം ഗെബ്രിയേസുസും പറഞ്ഞിരുന്നു.
പക്ഷിപ്പനിയെ മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത കുറയ്ക്കുന്നത് വൈറസിന്റെ സ്വഭാവം ഉൾപ്പെടെയുള്ള ഘടകങ്ങളാണ്. എന്നാൽ അമേരിക്കയിലെ പശുക്കൾക്കിടയിൽ വ്യാപിക്കുന്ന പക്ഷിപ്പനിക്ക് ഒരു ജനിതകവ്യതിയാനം കൂടി സംഭവിച്ചാൽ എളുപ്പത്തിൽ മനുഷ്യരിലേക്ക് പടരുമെന്ന് സയൻസ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നുണ്ട്. പക്ഷിപ്പനി അപകടകരമായി വ്യാപിക്കുന്ന രീതിയിൽ അടുത്തെത്തിയിരിക്കുന്നുവെന്ന് ഗ്ലാസ്ഗോ സർവകലാശാലയിലെ വൈറലോളജിസ്റ്റായ എഡ് ഹച്ചിൻസണും പറഞ്ഞു.
പക്ഷിപ്പനിയുടെ വാഹകർ പക്ഷികൾ മാത്രമല്ലെന്നും പൂച്ചകളിലൂടെയും എളുപ്പം രോഗം മനുഷ്യരിലേക്ക് പടരുമെന്നും അടുത്തിടെ ടെയ്ലർ ആന്റ് ഫ്രാൻസിസ് എന്ന കമ്പനിക്ക് കീഴിൽ പ്രസിദ്ധീകരിച്ച ജേണലിൽ പറയുന്നു. പൂച്ചകളിൽ പക്ഷിപ്പനി വൈറസ് ബാധിക്കുകയും ശേഷം അവയ്ക്ക് വകഭേദം സംഭവിച്ച് സ്ഥിരമായി ഇടപഴകുന്ന മനുഷ്യരിലേക്ക് പകരുകയും ചെയ്യുമെന്നാണ് ഗവേഷകർ കണ്ടെത്തിയത്. നിലവില്‍ പൂച്ചകള്‍ വഴി എച്ച്5എന്‍1 മനുഷ്യരിലേക്ക് പകര്‍ന്നതിന് തെളിവുകളില്ല. എങ്കിലും ഇതില്‍ അടിയന്തിര നിരീക്ഷണം ആവശ്യമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
എന്താണ് പക്ഷിപ്പനി ?
പക്ഷികളിൽ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിന് ഇടയാക്കുന്ന പകർച്ചവ്യാധിയാണ് ഏവിയൻ ഇൻഫ്ലുവൻസ (പക്ഷിപ്പനി) എന്നറിയപ്പെടുന്ന എച്ച് 5 എൻ 1. ഇത് ഒരു തരം ഇൻഫ്ളൂവൻസ വൈറസാണ്. പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് വൈറസ് പകരുന്നത് അവയുടെ സ്രവങ്ങൾ വഴിയാണ്. രോഗാണു സാന്നിധ്യമുള്ള പക്ഷിക്കൂട്, തീറ്റ, തൂവലുകൾ എന്നിവ വഴിയും വേഗം പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് രോഗം പകരും. രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷികൾ എന്നിവ വഴിയാണ് രോഗാണുക്കൾ മനുഷ്യരിലേക്കെത്തുന്നത്. പക്ഷികളിൽനിന്നു മനുഷ്യരിലേക്ക് ഇത് ചില സാഹചര്യങ്ങളിൽ പകരാറുണ്ട്. എന്നാൽ, മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് പകരാൻ സാധ്യത കുറവാണ്. രോഗം ബാധിച്ച മനുഷ്യരിൽ മരണനിരക്ക് 60 ശതമാനത്തോളമാണ്.
Content Highlights: H5N1 Bird Flu Outbreak in US: Concerns Rise
Published: 29 Apr 2025, 05:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented