ചെന്നൈ: പക്ഷിപ്പനി പടർന്നുപിടിക്കുന്നതും അത് മനുഷ്യരിലേക്കു പകരുന്നതും തടയുന്നതിന് ജാഗ്രതപുലർത്തണമെന്ന് തമിഴ്‌നാട് പൊതുജനാരോഗ്യ വകുപ്പും മൃഗസംരക്ഷണവകുപ്പും ജനങ്ങൾക്ക് നിർദേശം നൽകി. ചെന്നൈയിലും പരിസരങ്ങളിലും ചത്തുവീണ കാക്കകളിൽ പക്ഷിപ്പനിക്കു കാരണമായ എച്ച്5എൻ1 വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.
കാക്കകളിൽ കണ്ടെത്തിയ പക്ഷിപ്പനി മനുഷ്യരിലേക്കു പകരാനുള്ള സാധ്യത വളരെ കുറവാണെങ്കിലും പനി, ജലദോഷം, ചുമ, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങൾ കാണുന്നവർ എത്രയും പെട്ടെന്ന് ചികിത്സതേടണമെന്നും പൊതുജനാരോഗ്യവകുപ്പ് വ്യക്തമാക്കി. ചത്തുകിടക്കുന്ന പക്ഷികളെ തൊടരുത്. ചത്ത പക്ഷികളെ എടുത്തുമാറ്റേണ്ടിവന്നാൽ ഗ്ലൗസ് ഉപയോഗിക്കണം. കൈകൊണ്ട് തൊടേണ്ടിവന്നാൽ സോപ്പുപയോഗിച്ച് കൈ കഴുകണം. പക്ഷിയെ തൊട്ട കൈകൊണ്ട് മുഖത്തോ മറ്റു ശരീരഭാഗങ്ങളിലോ സ്പർശിക്കരുത്.
കാക്കയോ കാട്ടുപക്ഷികളോ വളർത്തുപക്ഷികളോ കൂട്ടത്തോടെ ചാകുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ മൃഗസംരക്ഷണവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ചത്ത പക്ഷികളെ തുറസ്സായ സ്ഥലത്തുവെച്ച് പോസ്റ്റ്‌മോർട്ടം നടത്തരുത്. അതിനായുള്ള പ്രത്യേക ലബോറട്ടറികളിലെത്തിച്ചശേഷമായിരിക്കണം പരിശോധന. ജഡം കത്തിച്ചുകളയുകയോ ആഴത്തിൽ കുഴിച്ചിടുകയോ ചെയ്യണം. വളർത്തുപക്ഷികളുള്ള സ്ഥലങ്ങളിലേക്ക് പുറമേനിന്നുള്ളവരുടെ പ്രവേശനം നിയന്ത്രിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഏതാനുമാഴ്ചകൾക്കിടെ അഡയാർ, ഗാന്ധി നഗർ, പള്ളിക്കരണൈ, വെലാച്ചേരി, തിരുവാൺമിയൂർ പ്രദേശങ്ങളിലും ഇ.സി.ആർ., ഒ.എം.ആർ പാതയോരങ്ങളിലുമായി 1500-ഓളം കാക്കകളാണ് ചത്തുവീണത്. ഭോപാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസി(എൻ.ഐ.എച്ച്.എസ്.എ.ഡി.)ൽ പരിശോധിച്ചപ്പോഴാണ് ജഡങ്ങളിൽ എച്ച്5എൻ1 വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.
സാധാരണഗതിയിൽ പക്ഷികളിൽ മാത്രം രോഗമുണ്ടാക്കുന്നവയാണ് ഈ വൈറസുകൾ. എന്നാൽ, പക്ഷികളിൽനിന്ന് മനുഷ്യരിലേക്ക് പകരാനും, രോഗമുണ്ടാക്കാനുമുള്ള ശേഷി വൈറസുകൾക്കുണ്ട്. പക്ഷികളെ വളർത്തുന്നവർക്കും ഇറച്ചി സംസ്‌കരണ കേന്ദ്രങ്ങളിൽ ജോലിചെയ്യുന്നവർക്കുമാണ് രോഗബാധയേൽക്കാൻ സാധ്യത കൂടുതലുള്ളത്. എന്നാൽ, കൊറോണ വൈറസ് പോലെയോ, നിപ്പ പോലെയോ മനുഷ്യരിലേക്ക് അതിവേഗത്തിൽ പടർന്നുപിടിക്കുന്ന രോഗമല്ല ഇത്.
Content Highlights: The Tamil Nadu Public Health Department and Animal Husbandry Department have issued safety guidelines following the detection of H5N1 avian influenza in crows found dead in and around Chennai.
Published: 07 Feb 2026, 03:44 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented