ലോകം വീണ്ടും നിർണായകമായ ഒരു വഴിത്തിരിവിലാണ്. കോവിഡ് പത്തൊമ്പതിന്റെ കഠിന പാഠങ്ങൾക്കുശേഷം, അടുത്ത മഹാമാരിയെ നേരിടാൻ എങ്ങനെ ഒരുങ്ങണം എന്ന ചോദ്യത്തിന് ഉത്തരമുണ്ടാക്കാൻ രാജ്യങ്ങൾ ഒന്നിച്ചുകൂടിയിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ രൂപംകൊള്ളുന്ന 'മഹാമാരി കരാർ' അതിന്റെ ഭാഗമാണ്. അതിന്റെ ഹൃദയമാണ് രോഗാണു സാംപിളുകൾ ലഭ്യമാക്കുകയും പ്രയോജനങ്ങൾ പങ്കുവെക്കുകയും ചെയ്യുക ('Pathogen Access and Benefit Sharing, PABS) എന്ന ആശയം.
ഒരു രാജ്യത്ത് പുതിയൊരു വൈറസോ മാരക രോഗാണുവോ കണ്ടെത്തിയാൽ, ആ രാജ്യം അതിന്റെ സാംപിളുകൾ ലോകവുമായി പങ്കുവെക്കണം. അങ്ങനെ ശാസ്ത്രജ്ഞർക്ക് വേഗത്തിൽ വാക്സിനുകളും മരുന്നുകളും വികസിപ്പിക്കാൻ കഴിയും. കോവിഡ് 19 കാലത്ത് പല വികസനോന്മുഖ രാജ്യങ്ങളും വൈറസ് വിവരങ്ങൾ എല്ലാവർക്കും പങ്കുവെച്ചു. വാക്സിൻ എത്തിയപ്പോൾ സമ്പന്നരാജ്യങ്ങൾ ആദ്യം അത് സ്വന്തമാക്കി, ദരിദ്രരാജ്യങ്ങൾ കാത്തുനിൽക്കേണ്ടി വന്നു. ചിലയിടങ്ങളിൽ ആരോഗ്യപ്രവർത്തകർക്ക് പോലും വാക്സിൻ ലഭിച്ചില്ല. ഈ അനീതി വീണ്ടും ആവർത്തിക്കാതിരിക്കാൻ വേണ്ടിയാണ് പിഎബിഎസ് സംവിധാനം കൊണ്ടുവരുന്നത്.
ജനീവയിലെ ലോകാരോഗ്യസംഘടനയുടെ ആസ്ഥാനത്ത് ഇതു സംബന്ധിച്ച ചർച്ചകളുടെ രണ്ടാം ഘട്ടം നടക്കുകയാണ്. നൂറ്റമ്പതിലധികം രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന ചർച്ചകളിൽ ഇതെഴുതുംവരെ ഒരു വിഷയത്തിൽ പോലും കാര്യമായ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. മേയ് ഒന്നുവരെ ചർച്ചകൾ തുടരും. ഇതിന്റെ ഫലം ജീവിച്ചിരിക്കുന്ന തലമുറയെ മാത്രമല്ല, ഭാവിതലമുറകളുടെ ആരോഗ്യസുരക്ഷയെയും നീതിയെയും നിർണയിക്കും. ഇപ്പോൾ ജനീവയിൽ നടക്കുന്ന ചർച്ചകളിലെ വലിയ പ്രശ്നം പങ്കുവെക്കൽ ഉണ്ടാകുമോ എന്നതല്ല, നീതിയുക്തമായ പങ്കുവെക്കൽ ഉണ്ടാകുമോ എന്നതാണ്.
യൂറോപ്യൻ യൂണിയൻ സമവായത്തിനായി 'ബ്ലെൻഡഡ് മോഡൽ' എന്ന നിർദ്ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. കേൾക്കുമ്പോൾ സദുദ്ദേശ്യപരമായി തോന്നാമെങ്കിലും അങ്ങനെയല്ല. ഈ മാതൃക പങ്കാളിത്തത്തിന് രണ്ട് വഴികൾ മുന്നോട്ടുവെക്കുന്നു: 1. നിയമപരമായ നിബന്ധനകളോടെ പ്രയോജനം പങ്കുവെക്കൽ, 2. നിബന്ധനകളൊന്നുമില്ലാതെ പങ്കുവെക്കൽ. ഈ ഇളവുകൾ കമ്പനികൾക്കും രാജ്യങ്ങൾക്കും നിബന്ധനകളില്ലാതെ രോഗാണു വിവരങ്ങൾ ഉപയോഗിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാക്കാം. രോഗാണു വിവരങ്ങൾ പങ്കുവെച്ച രാജ്യത്തിന് അതുപയോഗിച്ചുണ്ടാക്കിയ മരുന്നുകളും വാക്സിനുകളും ലഭിക്കണം, അത് അവരുടെ അവകാശമാണ്. പുതിയ നിർദ്ദേശം ആ അവകാശത്തെ ദുർബലമാക്കുന്നു.
ചില ഡേറ്റാബേസുകളിൽ വൈറസ് വിവരങ്ങൾ രഹസ്യമായി ഉപയോഗിക്കാൻ അനുവദിക്കുന്നത് മറ്റൊരു ആശങ്കയാണ്. ഇത് ശാസ്ത്രത്തിനും സുരക്ഷയ്ക്കും ഭീഷണിയാണ്. ആരാണ് ഉപയോഗിക്കുന്നത് എന്ന് അറിയാതെ, എങ്ങനെ ഉത്തരവാദിത്തം ഉറപ്പാക്കും? ഓരോ രാജ്യത്തിനും ഇഷ്ടമുള്ള രീതിയിൽ വ്യത്യസ്ത നിബന്ധനകൾ തിരഞ്ഞെടുക്കാം എന്നതും ഈ മോഡലിന്റെ പ്രശ്നമാണ്. ഇത് ആശയക്കുഴപ്പവും അനിയന്ത്രിതാവസ്ഥയും സൃഷ്ടിക്കും, ഏകീകൃതമായ ആഗോളസംവിധാനം എന്ന ലക്ഷ്യം തന്നെ നഷ്ടമാവും.
ജിനീവയിൽ നടക്കുന്ന ഇതു സംബന്ധിച്ച ചർച്ചകളിൽ സിവിൽ സൊസൈറ്റി ശക്തമായ ഇടപെടുന്നുണ്ട്. എയ്ഡ്സ് ഹെൽത്ത്കെയർ ഫൗണ്ടേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ സമത്വത്തിനായി ശക്തമായി നിലകൊള്ളുകയാണ്. വികസ്വരരാജ്യങ്ങളിലെ അംബാസഡർമാരുമായും നയതന്ത്ര പ്രതിനിധികളുമായും അടുത്ത് പ്രവർത്തിച്ച് കത്തുകളും അഭ്യർത്ഥനകളും വെബിനാറുകളും വഴി സമ്മർദ്ദം വർദ്ധിപ്പിക്കുന്നു. ഇതേ സമയം, മെഡിസിൻസ് സാൻ ഫ്രോണ്ടിയർസ് പോലുള്ള സംഘടനകളും വ്യക്തമായ മുന്നറിയിപ്പ് നൽകുന്നു: രോഗാണു സാംപിളുകൾ ലഭ്യമാക്കുന്നതും പ്രയോജനങ്ങൾ പങ്കുവെക്കുന്നതും വേർതിരിക്കരുത്. എബോള പോലുള്ള രോഗങ്ങളിലെ മുൻ അനുഭവങ്ങൾ കാണിക്കുന്നത് വിവരങ്ങൾ നൽകിയ രാജ്യങ്ങൾക്ക് പിന്നീട് മരുന്നുകൾ ലഭിക്കാൻ പോലും ബുദ്ധിമുട്ടുണ്ടായെന്ന്.
ഇപ്പോൾ നടക്കുന്ന ചർച്ചകളുടെ കേന്ദ്രബിന്ദു ഇതാണ്: 'വൈറസ് എല്ലാവരെയും ബാധിക്കുന്നതാണെങ്കിൽ, ചികിത്സ ചിലർക്കു മാത്രം മതിയോ?' യൂറോപ്യൻ യൂണിയൻ ഉൾപ്പെടുന്ന വികസിതരാജ്യങ്ങൾ പലപ്പോഴും ബൗദ്ധികസ്വത്തവകാശം, നിക്ഷേപസുരക്ഷ എന്നിവയെ മുൻനിർത്തി
സമത്വപരമായ വ്യവസ്ഥകൾക്ക് എതിർപ്പ് പ്രകടിപ്പിക്കുന്നതായി കാണുന്നു. വലിയ ഫാർമസ്യൂട്ടിക്കൽ, ഡയഗ്നോസ്റ്റിക് കമ്പനികളുടെ സ്വാധീനം ഈ നിലപാടിനെ ശക്തിപ്പെടുത്തുന്നു. എന്നാൽ ഈ നിലപാടിനെ ലോകമെമ്പാടുമുള്ള പൊതുജനാരോഗ്യ സംഘടനകൾ വെല്ലുവിളിച്ചു കൊണ്ടിരിക്കുന്നു. എയ്ഡ്സ് ഹെൽത്ത്കെയർ ഫൗണ്ടേഷൻ (അമ്പതിലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വലിയ എച്ച്.ഐ.വി സേവന എൻജിഒ) പോലുള്ള സംഘടനകൾ സമത്വം ഉറപ്പാക്കുന്ന ശക്തമായ നിയമവ്യവസ്ഥകൾക്കായി മുന്നിൽ നിൽക്കുകയാണ്.
പ്രയോജനങ്ങളുടെ പങ്കുവെക്കൽ നിയമപരമായി നിർബന്ധിതമാകുമോ, അതോ അത് സ്വമേധയാ ചെയ്യേണ്ട ഒരു വാഗ്ദാനമായി മാത്രം തുടരുമോ? ഔഷധ നിർമ്മാണകമ്പനികൾക്ക് തുല്യമായ വിതരണം ഉറപ്പാക്കേണ്ട ബാധ്യത ഉണ്ടാകുമോ? വികസനോന്മുഖ രാജ്യങ്ങൾക്ക് സമയബന്ധിതമായും ചെലവുകുറഞ്ഞ രീതിയിലും ഈ ഉൽപ്പന്നങ്ങൾ ലഭിക്കുമോ? ഈ ചോദ്യങ്ങൾക്ക് ശക്തമായ ഉത്തരങ്ങൾ ലഭിക്കാത്ത പക്ഷം പഴയ പ്രശ്നങ്ങൾ പുതിയ പേരിൽ ആവർത്തിച്ചേക്കാം. അത് പങ്കുവെക്കലിന്റെ പേരിലെ ഏകപക്ഷീയമായ സ്രോതസ്സെടുപ്പായി മാറാം.
സമത്വം ഇവിടെ ഒരു ഐച്ഛികമായി കാണാൻ പാടില്ല. അത് ഒരു അടിസ്ഥാനതത്വമായിരിക്കണം. വാക്സിനുകളും മരുന്നുകളും വിപണിയിലെ സാധനങ്ങളായി മാത്രം കാണുന്ന സമീപനം മാറ്റേണ്ട സമയം എത്തിയിരിക്കുകയാണ്. അവയെ ആഗോള പൊതുസമ്പത്തായി കാണേണ്ടതാണ്. അതിനായി സാങ്കേതിക വിദ്യയുടെ കൈമാറ്റം, പ്രാദേശിക നിർമ്മാണശേഷിയുടെ വർധന, ചെലവുകുറഞ്ഞ ഉൽപ്പാദനം എന്നിവ അനിവാര്യമാണ്. കോവിഡ് 19 കാലത്ത് ഇന്ത്യയുടെ വാക്സിൻ ഉൽപ്പാദനവും വിതരണവും ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രതീക്ഷയായി മാറിയിരുന്നു. എന്നാൽ, ആ അനുഭവം നമ്മെ പഠിപ്പിക്കുന്നത്, ആഗോള സംവിധാനങ്ങൾ നീതിയുക്തമല്ലെങ്കിൽ ദേശീയശേഷി മാത്രം മതിയാകില്ല എന്നതാണ്.
ജനീവയിൽ നടക്കുന്ന ചർച്ചകൾ ഒരു കരാർ ഒപ്പിടുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ഭാവിയിൽ ആരാണ് ജീവിക്കുക, ആരാണ് ചികിത്സ ലഭിക്കാതെ പോകുക എന്നതിനെ ഇവ നിർണ്ണയിക്കും. ഒരു കാര്യം വ്യക്തമാണ്: സമത്വം ഒരു തിരഞ്ഞെടുപ്പല്ല, നിർബന്ധമായ കാര്യമാണ്. രോഗാണുസാംപിൾ പങ്കുവെക്കുന്ന രാജ്യങ്ങൾക്ക് നിയമപരമായ പ്രയോജനങ്ങൾ ലഭിക്കുമെന്ന് ഉറപ്പു വേണം. വാഗ്ദാനങ്ങൾ മാത്രം പോര, ഉത്തരവാദിത്വവും സുതാര്യതയും വേണം.
അടുത്ത മാസം ലോകാരോഗ്യസമ്മേളനത്തിൽ ഈ കരാറിന്റെ അന്തിമരൂപം ചർച്ച ചെയ്യുമ്പോൾ ഉയരേണ്ട ശക്തമായ സന്ദേശം ഇതാണ്: 'സമത്വമില്ലെങ്കിൽ കരാറില്ല.' കാരണം, 'ഒരാളും സുരക്ഷിതരല്ല, എല്ലാവരും സുരക്ഷിതരാകുന്നതുവരെ' എന്നതാണ്.
(ന്യൂഡൽഹിയിൽ ഇന്ത്യ കെയർസ് AHF എയ്ഡ്സ് ഹെൽത്ത്കെയർ ഫൗണ്ടേഷൻ കൺട്രി പ്രോഗ്രാം ഡയറക്ടറാണ് ലേഖകൻ.)
Published: 30 Apr 2026, 08:31 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented