ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ഐഡ്രോപ്സിനെതിരേ അമേരിക്ക രംഗത്ത്. തമിഴ്നാട് ആസ്ഥാനമായുള്ള ഗ്ലോബൽ ഫാർമ ഹെൽത്ത്കെയർ ഉദ്പാദിപ്പിക്കുന്ന കണ്ണിലൊഴിക്കുന്ന മരുന്നിൽ, മരുന്നുകളെ  പ്രതിരോധിക്കുന്ന pseudomonas aeruginosa എന്ന  ബാക്ടീരിയയുടെ അപകടകരമായ സാന്നിധ്യം കണ്ടെത്തിയെന്നാണ് അമേരിക്കൻ ആരോഗ്യ വകുപ്പ് ആശങ്ക പ്രകടിപ്പിച്ചത്. ഈ ബാക്ടീരിയ സ്ഥിരമായ കാഴ്ചനഷ്ടത്തിന് കാരണമാകുമെന്നുമാണ് അമേരിക്കൻ ആരോഗ്യവകുപ്പിന് കീഴിലുള്ള സിഡിസി (Centres for Disease Control and Prevention ) റിപ്പോർട്ട് നൽകിയത്. മരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് മൂന്നു പേർ മരിക്കുകയും എട്ടുപേർക്ക് കാഴ്ച നഷ്ടമാവുകയും ചെയ്തുവെന്ന സിഡിസിയുടെ റിപ്പോർട്ടിനെ തുടർന്ന് കമ്പനി ആർട്ടിഫിഷ്യൽ ടിയേഴ്സ് എന്ന മരുന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ തിരിച്ചുവിളിപ്പിച്ചിരുന്നു. ഇതിനുശേഷമാണ് മരുന്നിൽ അപകടകരമായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ റിപ്പോർട്ട് പുറത്തുവന്നത്. ഗുണനിലവാരമില്ലാത്ത ഇത്തരം മരുന്നുകൾ ഉപയോ​ഗിക്കുന്നത് അന്ധതയും മരണവും അണുബാധയും വിളിച്ചുവരുത്താമെന്ന് യു.എസ് ഡ്ര​ഗ് അഡ്മിനിസ്ട്രേഷൻ അന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. 

To advertise here,

ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഉത്‌പാദിപ്പിച്ച പതിനെട്ട് ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ലൈസൻസ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.) ഇയ്യിടെ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗ്ലോബൽ ഫാർമയുടെ മരുന്നിനെതിരേ ഗുരുതരമായ ആരോപണം ഉയർന്നത്. അമേരിക്കയിൽ നേരത്തേ ഈ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും നിലവിലുള്ള ആന്റിബയോട്ടിക്കുകൾ വച്ച് ഈ ബാക്ടീരിയയെ ചെറുക്കുന്നത് പ്രയാസകരമാണെന്നുമാണ് ആരോ​ഗ്യപ്രവർത്തകർ പറയുന്നത്. 

pseudomonas aeruginosa എന്ന ഈ ബാക്റ്റീരിയ രക്തത്തിലും ശ്വാസകോശത്തിലും മുറിവുകളിലും അണുബാധയ്ക്ക് കാരണമാകാം. അടുത്തിടെയായി ആന്റിബയോട്ടിക് ഇവയ്ക്കെതിരെ ഫലപ്രദമാകാത്തതും വെല്ലുവിളി ഉയർത്തുന്നുണ്ട്. ഗ്ലോബൽ ഫാർമ ഹെൽത്ത്കെയറിന്റെ ഐഡ്രോപ്സ് ഉപയോ​ഗിച്ച് അസ്വസ്ഥത നേരിടുന്നവർ ഒട്ടും വൈകാതെ മതിയായ ചികിത്സ തേടണമെന്നും സിഡിസി നിർദേശിച്ചിരുന്നു. 

ഇന്ത്യൻ നിർമിത മരുന്നുകൾ കഴിച്ച് വിവിധ രാജ്യങ്ങളിൽ മരണവും ​ഗുരുതരരോ​ഗങ്ങളും ഉണ്ടായതായി അടുത്തിടെ നിരവധി  റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡി.സി.ജി.ഐ വ്യാപകമായ പരിശോധന നടത്തി പതിനെട്ട് കമ്പനികളുടെ ലൈസൻസ് റദ്ദാക്കുകയും 26 കമ്പനികൾക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തത്. 

കഴിഞ്ഞ മാസമാണ് ​ഗുജറാത്ത് ആസ്ഥാനമായുള്ള സൈഡസ് ലൈഫ്സയൻസസ് എന്ന കമ്പനി പുറത്തിറക്കിയ സന്ധിവാതത്തിന്റെ ചികിത്സയ്ക്കുള്ള 55,000ത്തോളം ബോട്ടിൽ മരുന്നുകൾ അമേരിക്കൻ വിപണിയിൽ നിന്നു തിരിച്ചുവിളിച്ചത്. ​ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്. 

ഗാംബിയയിലും ഉസ്‌ബെക്കിസ്താനിലും നിരവധി കുട്ടികളുടെ മരണത്തിന് കാരണമായ ചുമയ്ക്കുള്ള സിറപ്പുകളും ഇന്ത്യയിൽ നിർമിച്ചതായിരുന്നു. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയോൺ ബയോടെക് നിർമിച്ച ചുമമരുന്ന് കുടിച്ച് ഉസ്ബെക്കിസ്താനിൽ 18 കുട്ടികൾ മരിച്ചതിനു പിന്നാലെ പ്രസ്തുത കമ്പനിയുടെ ലൈസൻസ് റദ്ദാക്കിയിരുന്നു. ഹരിയാണയിലെ മെയ്ഡൻ ഫാർമ കയറ്റുമതി ചെയ്ത മരുന്നു കഴിച്ച് ഗാംബിയയിൽ 66 കുട്ടികളാണ് വൃക്കത്തകരാറിനെത്തുടർന്ന് മരിച്ചത്.