അടുത്തൊരു മഹാമാരി പൊട്ടിപ്പുറപ്പെടുക അമേരിക്കയിൽ നിന്നായേക്കാമെന്ന് വിദ്​ഗധർ. സ്പെയിനിൽ നിന്നുള്ള ലാ വാം​ഗ്വാർഡിയ എന്ന ദിനപത്രത്തിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുള്ളത്. എച്ച്5എൻ1 അഥവാ പക്ഷിപ്പനിക്ക് ജനിതകവ്യതിയാനം സംഭവിക്കുന്നത് തുടരുമെന്നും അമേരിക്കയിലുടനീളം പടരുമെന്നും ഇത് ഭാവിയിൽ മറ്റൊരു മഹാമാരിക്ക് കാരണമായേക്കാമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. 

To advertise here,

വന്യമൃ​ഗങ്ങളിൽ നിന്ന് വീട്ടിൽ വളർത്തുന്ന മൃ​ഗങ്ങളിലേക്ക് വൈറസ് പകരാനുള്ള സാധ്യത വർധിക്കുകയും ഇതുവഴി മനുഷ്യരിൽ രോ​ഗവ്യാപനമുണ്ടാവുകയും ചെയ്യുമെന്നാണ് വിദ​ഗ്ധർ മുന്നറിയിപ്പ് നല്‍കുന്നത്‌. അമേരിക്കയിലെ പക്ഷിപ്പനി വ്യാപനം ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോ​ഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ്രോസ് അഥനോം ​ഗെബ്രിയേസുസ് പറഞ്ഞു. രോ​ഗവ്യാപനം സംബന്ധിച്ച് രാജ്യങ്ങളെല്ലാം നിരീക്ഷണം ശക്തമാക്കണമെന്നും ടെഡ്രോസ് അഥനോ ​ഗെബ്രിയേസുസ് പറഞ്ഞു. 

ഈ വർഷംമാത്രം അമേരിക്കയിൽ 58പേർക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇതിൽ രണ്ടുപേർക്ക് മൃ​ഗസമ്പർക്കം ഇല്ലാതിരുന്നുവെന്നും സെന്റർ ഫോർ ഡിസീസ് കൺട്രോൾ& പ്രിവൻഷൻ വ്യക്തമാക്കി. രോ​ഗമുണ്ടായിട്ടും തിരിച്ചറിയപ്പെടാതെ പോകുന്നവരുമുണ്ടാകാം എന്നതും ആശങ്കപ്പെടുത്തുന്നുണ്ട്. പക്ഷിപ്പനി അടുത്തെത്തിയെന്നും ഏതുസമയവും പുതിയൊരു മഹാമാരിക്ക് കാരണമായേക്കാമെന്നും അമേരിക്കയിൽ നിന്നുള്ള സാംക്രമികരോ​ഗ വിദ​ഗ്ധനായ മെ​ഗ് ഷേഫർ പറഞ്ഞു. 

പക്ഷിപ്പനിയെ മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത കുറയ്ക്കുന്നത് വൈറസിന്റെ സ്വഭാവം ഉൾപ്പെടെയുള്ള ഘടകങ്ങളാണ്. എന്നാൽ അമേരിക്കയിലെ പശുക്കൾക്കിടയിൽ വ്യാപിക്കുന്ന പക്ഷിപ്പനിക്ക് ഒരു ജനിതകവ്യതിയാനം കൂടി സംഭവിച്ചാൽ എളുപ്പത്തിൽ മനുഷ്യരിലേക്ക് പടരുമെന്ന് സയൻസ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. പക്ഷിപ്പനി അപകടകരമായി വ്യാപിക്കുന്ന രീതിയിൽ അടുത്തെത്തിയിരിക്കുന്നുവെന്ന് ​ഗ്ലാസ്​ഗോ സർവകലാശാലയിലെ വൈറലോളജിസ്റ്റായ എഡ് ഹച്ചിൻസൺ പറഞ്ഞു. 

പക്ഷിപ്പനിയുടെ വാഹകർ പക്ഷികൾ മാത്രമല്ലെന്നും പൂച്ചകളിലൂടെയും എളുപ്പം രോ​ഗം മനുഷ്യരിലേക്ക് പടരുമെന്നും കഴിഞ്ഞദിവസം ടെയ്ലർ ആന്റ് ഫ്രാന്ഡസിസ് എന്ന കമ്പനിക്ക് കീഴിൽ പ്രസിദ്ധീകരിച്ച ജേണലിൽ പറയുന്നു. പൂച്ചകളിൽ പക്ഷിപ്പനി വൈറസ് ബാധിക്കുകയും ശേഷം അവയ്ക്ക് വകഭേദം സംഭവിച്ച് സ്ഥിരമായി ഇടപഴകുന്ന മനുഷ്യരിലേക്ക് പകരുകയും ചെയ്യുമെന്നാണ് ​​ഗവേഷകർ കണ്ടെത്തിയത്. നിലവില്‍ പൂച്ചകള്‍ വഴി എച്ച്5എന്‍1 മനുഷ്യരിലേക്ക് പകര്‍ന്നതിന് തെളിവുകളില്ല. എങ്കിലും ഇതില്‍ അടിയന്തിര നിരീക്ഷണം ആവശ്യമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 

എന്താണ് പക്ഷിപ്പനി ?

പക്ഷികളിൽ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിന് ഇടയാക്കുന്ന പകർച്ചവ്യാധിയാണ് ഏവിയൻ ഇൻഫ്ലുവൻസ (പക്ഷിപ്പനി) എന്നറിയപ്പെടുന്ന എച്ച് 5 എൻ 1. ഇത് ഒരു തരം ഇൻഫ്ളൂവൻസ വൈറസാണ്. പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് വൈറസ് പകരുന്നത് അവയുടെ സ്രവങ്ങൾ വഴിയാണ്. രോഗാണു സാന്നിധ്യമുള്ള പക്ഷിക്കൂട്, തീറ്റ, തൂവലുകൾ എന്നിവ വഴിയും വേഗം പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് രോഗം പകരും. രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷികൾ എന്നിവ വഴിയാണ് രോഗാണുക്കൾ മനുഷ്യരിലേക്കെത്തുന്നത്. പക്ഷികളിൽ നിന്നും മനുഷ്യരിലേക്ക് ഇത് ചില സാഹചര്യങ്ങളിൽ പകരാറുണ്ട്. എന്നാൽ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരാൻ സാധ്യത കുറവാണ്. രോഗം ബാധിച്ച മനുഷ്യരിൽ മരണനിരക്ക് 60 ശതമാനത്തോളമാണ്.