എം.വി. ഹോൺഡിയസ് കപ്പലിലെ ഹാന്റാ വൈറസ് വ്യാപന വാർത്തയ്ക്ക് പിന്നാലെ ആരോഗ്യമേഖലയെ ആശങ്കയിലാഴ്ത്തി കരീബിയൻ കപ്പലിലെ നോറോ വൈറസ് വ്യാപനം. ഫ്ലോറിഡയിൽനിന്നു പുറപ്പെട്ട കപ്പലിലെ യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ നൂറോളം പേർക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഛർദി, വയറിളക്കം, ഓക്കാനം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളാണ് യാത്രക്കാരിൽ പ്രകടമായത്. തുടർന്നു നടത്തിയ പരിശോധനയിലാണ് നോറോ വൈറസ് ആണ് രോഗവ്യാപനത്തിനു പിന്നിലെന്നു മനസ്സിലായത്. മിക്കവരും ദിവസങ്ങൾക്കുള്ളിൽ തന്നെ സുഖംപ്രാപിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
കപ്പലിൽ ശുചിത്വമാർഗങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. അടച്ചിട്ടയിടത്ത്- നിരവധി പേർ വസിക്കുന്ന കപ്പൽ പോലുള്ളയിടങ്ങളിൽ നോറോ വൈറസ് വേഗത്തിൽ വ്യാപിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
നോറോ വൈറസ്
ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന വൈറസുകളാണ് ഇവ. ആമാശയം, കുടൽ എന്നിവയുടെ ആവരണത്തിന് വീക്കം വരുത്തുക, കടുത്ത ഛർദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരെ കാര്യമായി ബാധിക്കില്ലെങ്കിലും കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരിൽ രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട്.
വൈറസ് ബാധിതർ ഡോക്ടറുടെ നിർദേശാനുസരണം വീട്ടിലിൽ വിശ്രമിക്കണം. ഒ.ആർ.എസ്. ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ കുടിക്കുക. ആവശ്യമെങ്കിൽ ചികിത്സ ലഭ്യമാക്കണം. രോഗം മാറി രണ്ട് ദിവസങ്ങൾ വരെ വൈറസ് പടരാൻ സാധ്യതയുള്ളതിനാൽ രണ്ട് ദിവസം കഴിഞ്ഞ് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ.
ലക്ഷണങ്ങൾ
വയറിളക്കം, വയറുവേദന, ഛർദ്ദി, മനംമറിച്ചിൽ, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ഛർദ്ദി, വയറിളക്കം എന്നിവ നിർജലീകരണത്തിന് കാരണമാകും.
പകരുന്നത്
വളരെ പെട്ടെന്ന് പകരാൻ സാധ്യതയുള്ളവയാണ് നോറോ വൈറസുകൾ. പ്രധാനമായും മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പകരുന്നത്. രോഗികളുമായി നേരിട്ടുള്ള സമ്പർക്കം, വിസർജ്യം, ഛർദ്ദിൽ എന്നിവയും വൈറസ് പടരാൻ കാരണമാകുന്നു.
പ്രതിരോധ മാർഗങ്ങൾ
- പരിസര, വ്യക്തിശുചിത്വം പാലിക്കുക
- മൃഗങ്ങളുമായി ഇടപഴകുന്നവർ പ്രത്യേകം ശ്രദ്ധിക്കണം
- കുടിവെള്ള സ്രോതസ്സുകൾ, കിണർ, വെള്ളം ശേഖരിച്ചുവെച്ചിരിക്കുന്ന ടാങ്കുകൾ തുടങ്ങിയവ ക്ലോറിനേറ്റ് ചെയ്യുക.
- ഗാർഹിക ആവശ്യങ്ങൾക്ക് ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക.
- തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ ഉപയോഗിക്കുക.
- പഴകിതും തുറന്നുവെച്ചതുമായ ഭക്ഷണപദാർഥങ്ങൾ ഉപയോഗിക്കാതിരിക്കുക.
- രോഗലക്ഷണങ്ങൾ ഉള്ളവർ ഭക്ഷണം പാകം ചെയ്യുന്നതും പങ്കുവെക്കുന്നതും ഒഴിവാക്കുക
Content Highlights: Norovirus Outbreak on Caribbean Cruise: Symptoms, Risks, and Prevention
Published: 11 May 2026, 02:46 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented