വളരെ ശ്രദ്ധയോടെ നാം പരിപാലിക്കേണ്ട അവയവമാണ് നമ്മുടെ കണ്ണുകൾ. എന്നാൽ, നിർഭാഗ്യവശാൽ കണ്ണിന് താഴെയുള്ള ഭാഗം പലപ്പോഴും ആളുകൾ ശ്രദ്ധിക്കാറില്ല. കണ്ണിന് താഴെയുള്ള കറുപ്പിന് പുറമെ, ആ ഭാഗത്തെ ബാധിക്കുന്ന മറ്റൊരു പ്രശ്നമാണ് അവിടെയുണ്ടാകുന്ന തടിപ്പ്. ഇപ്പോഴിതാ, പ്രായം കൂടുന്തോറും കണ്ണുകളിലെ തടിപ്പ് കൂടാൻ സാധ്യതയുണ്ടെന്ന് പറയുകയാണ് ഡോ. ചിരഞ്ജീവ് ഛബ്ര. മറ്റ് ആരോഗ്യപ്രശ്നങ്ങളും ഇതിന് കാരണമായേക്കാമെന്നും അദ്ദേഹം എച്ച്ടി ലൈഫ്‌സ്റ്റൈലിനോട് പറഞ്ഞു.
ലിംഫാറ്റിക് ഡ്രെയിനേജ് പ്രശ്നം, അലർജികൾ, ഉയർന്ന അളവിൽ ഉപ്പ് കഴിക്കുന്നത് എന്നീ കാരണങ്ങളാൽ കണ്ണിന് താഴെയുള്ള നേർത്ത കോശങ്ങളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതാണ് കണ്ണിന് താഴെ തടിപ്പുണ്ടാക്കുന്നതെന്നാണ് ഡോക്ടർ പറയുന്നത്. ഇവിടെയും ഭക്ഷണക്രമം ഒരു അപകട ഘടകമാണെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. പ്രായം കൂടുന്തോറും കണ്ണുകളിലെ തടിപ്പ് കൂടാൻ സാധ്യതയുണ്ട്. കണ്ണുകൾക്ക് ചുറ്റുമുള്ള പേശികളും ലിഗമെന്റുകളും പ്രായമാകുന്നതിന് അനുസരിച്ച് ദുർബലമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണിനടയിലെ തടിപ്പ് എങ്ങിനെ മാറ്റാം?
കണ്ണുകളിലെ തടിപ്പിന് താത്ക്കാലിക ആശ്വാസം ലഭിക്കാൻ കോൾഡ് കംപ്രസ്സ്, തണുപ്പിച്ച സ്പൂണുകൾ, അല്ലെങ്കിൽ ഐ മാസ്കുകൾ എന്നിവ ഫലപ്രദമാണ്. കാരണം, അവ വികസിച്ച രക്തക്കുഴലുകളെ ചുരുക്കുകയും, കണ്ണിന് ചുറ്റുമുള്ള വീക്കം കുറച്ച് പെട്ടെന്ന് ആശ്വാസം നൽകുകയും ചെയ്യുന്നു. ഇവ പരീക്ഷിച്ചിട്ടും തടിപ്പ് മാറുന്നില്ലെങ്കിൽ കഫീൻ, പെപ്റ്റൈഡ്, ഹയാലുറോണിക് ആസിഡ് എന്നിവ അടങ്ങിയ ഐ ക്രീമുകൾ ഉപയോഗിക്കാം.
കറുപ്പ് വരുന്നത് പരിഹരിക്കാം
വൈറ്റമിൻ സി, കോജിക് ആസിഡ്, അല്ലെങ്കിൽ ട്രാനെക്സാമിക് ആസിഡ് അടങ്ങിയ ക്രീമുകൾ ഉപയോഗിച്ച് കണ്ണിനടിയിലെ കറുപ്പ് ഒരു പരിധിവരെ നിയന്ത്രിക്കാനാകുമെന്നാണ് ഡോക്ടർ പറയുന്നത്. ഇവ പിഗ്മന്റേഷൻ കുറച്ച് കണ്ണിന് താഴെയുള്ള ഭാഗത്തെ നിറം ക്രമേണ വർധിപ്പിക്കുന്നു. ഈ ക്രീമുകൾക്കൊപ്പം ഒരു ബ്രോഡ്-സ്പെക്ട്രം സൺസ്ക്രീനും ഉപയോഗിക്കണം.
നന്നായി ഉറങ്ങുകയും ഇത്തരം ക്രീമുകൾ സ്ഥിരമായി ഉപയോഗിക്കുകയും ചെയ്തിട്ടും കണ്ണിനടിയിലെ കറുപ്പ് മാറുന്നില്ലെങ്കിൽ വിദഗ്ധ ചികിത്സ ആവശ്യമാണ്. അണ്ടർ-ഐ മെസോതെറാപ്പി, പിആർപി, ലേസർ ചികിത്സകൾ, അല്ലെങ്കിൽ ഫില്ലറുകൾ പോലുള്ളവ കൂടുതൽ ഫലപ്രദവും ദീർഘകാലം നിലനിൽക്കുന്നതുമായ ഫലങ്ങൾ നൽകിയേക്കുമെന്നും അദ്ദേഹം പറയുന്നു.
Content Highlights: Understanding and Treating Under-Eye Dark Circles and Puffiness: Expert Advice
Published: 28 Aug 2025, 08:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented